ആഗ്രഹിച്ചാൽ പോരാ; അധ്വാനിക്കണം

പത്രാധിപർ

2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

തത്ത്വചിന്തകനായ സോക്രട്ടീസിന്റെയടുക്കൽ ഒരുദിവസം ഒരു യുവാവ് സംശയനിവാരണത്തിനായി ചെന്നു. അയാൾ ചോദിച്ചു: “ഗുരോ! ലക്ഷ്യത്തിലെത്തണമെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ എത്രത്തോളം വലുതായിരിക്കണം?’’

“താങ്കൾ നാളെ രാവിലെ പുഴക്കരയിലേക്ക് വരിക. ഞാനത് വിശദീകരിക്കാം.’’അൽപനേരം ആലോചിച്ചതിനുശേഷം സോക്രട്ടീസ് പറഞ്ഞു.

പിറ്റേദിവസം സോക്രട്ടീസ് പറഞ്ഞ സമയത്തുതന്നെ യുവാവ് പുഴക്കരയിലെത്തി. യുവാവ് എത്തുമ്പോൾ സോക്രട്ടീസ് കുളിക്കുകയായിരുന്നു. അദ്ദേഹം യുവാവിനെ തന്റെ അരികിലേക്കു വിളിച്ചു. എന്നിട്ട് അൽപ നേരം പുഴയിൽ മുങ്ങിക്കിടക്കുവാൻ ആവശ്യപ്പെട്ടു. യുവാവ് പുഴയിൽ മുങ്ങാനായി കുനിഞ്ഞതും സോക്രട്ടീസ് യുവാവിനെ വെളളത്തിൽ താഴ്ത്തിവച്ചതും ഒരുമിച്ചായിരുന്നു. ആ പ്രവൃത്തി തികച്ചും

അപ്രതീക്ഷിതമായതിനാൽ യുവാ

വിന് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. യുവാവ് വെളളത്തിൽ കിടന്ന് കൈയും കാലുമിട്ടടിച്ചു. ആ കെണിയിൽനിന്നും രക്ഷപ്പെടാൻ അയാൾ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുനോക്കി. പക്ഷേ, രക്ഷപ്പെടാൻ സാധിക്കുന്നില്ല. ഒടുവിൽ അയാൾ തന്റെ സർവശക്തിയും സംഭരിച്ച് ഒറ്റക്കുടച്ചിൽ. സോക്രട്ടീസിന്റെ പിടി അയാളുടെ ദേഹത്തുനിന്നും വഴുതി മാറി. അയാൾ കരയിലെത്തി. സംഭവിച്ചതിന്റെ ഞെട്ടലിൽനിന്ന് മുക്തമാകാത്ത അയാൾ സോക്രട്ടീസിന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി. വെളളം കുടിച്ച് പരവശനായിരിക്കുന്ന യുവാവിനോട് അദ്ദേഹം ചോദിച്ചു:

“വെളളത്തിനടിയിലായിരുന്ന പ്പോൾ നിനക്കെന്തുതോന്നി?’’

“പ്രാണവായു ലഭിക്കണമെന്നു തോന്നി.’’

“അത് വെറും ആഗ്രഹമായിരുന്നോ അതോ ലക്ഷ്യമായിരുന്നോ?’’

“അതില്ലെങ്കിൽ മരിച്ചുപോകുമെന്നു തോന്നി. എന്തു പ്രയാസം സഹിച്ചും അതു നേടിയെടുക്കുവാൻ തയ്യാറായി.’’ യുവാവിന്റെ മറുപടി പെട്ടെന്നായിരുന്നു.

സോക്രട്ടീസ് ചിരിച്ചുകൊണ്ടു പറഞ്ഞു: “അതെ, നിനക്കിപ്പോൾ നിന്റെ സംശയത്തിനുത്തരം ലഭിച്ചുവെന്നു തോന്നുന്നു.’’

ചെറിയ ആഗ്രഹങ്ങൾകൊണ്ട് നമുക്ക് ഒരിക്കലും വലിയ നേട്ടങ്ങൾ നേടിയെടുക്കുവാൻ സാധിക്കില്ല. ആഗ്രഹങ്ങൾ ശക്തമായിരിക്കണം. അതിനനുസരിച്ച് കഠിനമായി പ്രയത്‌നിക്കുകയും വേണം. ഡോക്ടറാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥി പഠനത്തിൽ മികവുപുലർത്തിയേ തീരൂ. ബിസിനസ് രംഗമായാലും കാർഷിക രംഗമായാലും മറ്റേതു മേഖലയായാലും ശരി കഠിനമായ പ്രവർത്തനവും പ്രാർഥനയും ആവശ്യമാണ്.

ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം പരലോകവിജയമാണ്. അതിനെക്കാൾ വലിയ നേട്ടവും വിജയവും വേറെയില്ല.

“വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്; തീർച്ച. അതത്രെ വലിയ വിജയം’’ (ക്വുർആൻ 85:11).

ഈ വിജയത്തിനുള്ള ആഗ്രഹം അതിശക്തമായിരിക്കണം. അതിനായി പഠിപ്പിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുകയും വേണം. അല്ലാഹു പറയുന്നു: “ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിന്നുവേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും’’ (ക്വുർആൻ 17:19).