സൃഷ്ടികളോട് കരുണ കാണിക്കുന്നവനാണ് സത്യവിശ്വാസി

പത്രാധിപർ

2024 നവംബർ 09, 1446 ജു. ഊലാ 07

കരുണ കാണിക്കുക എന്നത് ഇസ്‌ലാമികമായ മര്യാദയാണ്. ദയ, അനുകമ്പ, കരുണ, സ്‌നേഹം...ഇതൊക്കെ മാനുഷികമായ ഗുണങ്ങളിൽ പെട്ടതാണ്. ഒരു മുസ്‌ലിമിൽ നിർബന്ധമായും ഈ ഗുണഗണങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്.

പലവിധത്തിലും കരുണ കാണിക്കുവാൻ നമുക്ക് കഴിയും. കടംകൊണ്ട് വലയുന്ന ഒരാളെ അതിൽനിന്നു കരകയറാൻ സഹായിക്കൽ, കടംവാങ്ങിയവന് തിരിച്ചുനൽകാൻ അവധി നീട്ടിക്കൊടുക്കൽ, ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കൽ...ഇങ്ങനെ കരുണയുടെ ഒട്ടനേകം വഴികളുണ്ട്.

‘ഭൂമിയിലുള്ളവരോട് നിങ്ങൾ കാരുണ്യം കാണിക്കുക’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഇത് പൊതുവായി പറഞ്ഞതിനാൽ ഇതിൽ എല്ലായിനം സൃഷ്ടികളും പെടും. നല്ലവരോടും അധർമകാരികളോടും കന്നുകാലികളോടും വന്യജീവികളോടും പക്ഷികളോടുമൊക്കെ കരുണകാണിക്കൽ ഇതിൽ പെടും എന്ന് പണ്ഡിതൻമാർ വിശദീകരിച്ചതായി കാണാം.

ജരീർ ഇബ്‌നു അബ്ദുല്ല(റ) നിവേദനം; നബിﷺ പറഞ്ഞു: “ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കില്ല’’ (മുസ്‌ലിം).

‘അർറ്വഹ്‌മാൻ’ (പരമകാരുണികൻ), ‘അർറ്വഹീം’ (കരുണാനിധി) എന്നിങ്ങനെ അല്ലാഹു സ്വയം വിശേഷിപ്പിച്ചു എന്നതുതന്നെ അതിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.

‘അർറ്വഹ്‌മാൻ’ എന്നതിന്റെ വിവക്ഷ എല്ലാവർക്കും പൊതുവായി കാരുണ്യം ചെയ്യുന്നവർ എന്നാണ്. ‘അർറ്വഹീം’ എന്നതിന്റെ വിവക്ഷയാകട്ടെ, പരലോകത്ത് വിശ്വാസികളോട് പ്രത്യേകമായി കാരുണ്യം കാണിക്കുന്നവൻ എന്നുമാണ്. അല്ലാഹു പറയുന്നു:

“...അവൻ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു’’ (ക്വുർആൻ 33:43).

“അതുകൊണ്ട് ആർ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവൻ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേർവഴിയിലൂടെ അവൻ നയിക്കുന്നതുമാണ്’’ (ക്വുർആൻ 4:175).

പ്രായമായവരോടും ചെറിയവരോടുമെല്ലാം കാരുണ്യം കാണിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടുള്ള കാരുണ്യം അവരോട് അനുകമ്പ കാണിക്കലും ലോലമായ പെരുമാറ്റവുമാണ്. മുതിർന്നവരോടുള്ള കാരുണ്യം അവരോട് ആദരവ് കാണിക്കേണ്ട രൂപത്തിൽ കാണിക്കുക എന്നതാണ്.

നബിﷺ പറഞ്ഞു: “നമ്മിലെ ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും വലിയവരോടുള്ള കടമ തിരിച്ചറിയാത്തവനും നമ്മിൽപെട്ടവനല്ല’’ (മുസ്‌ലിം).

പ്രായമായ മാതാപിതാക്കളാണെങ്കിൽ ബാധ്യത ഒന്നുകൂടി വർധികുന്നു. അവർക്കു കാരുണ്യം ലഭിക്കുവാൻ വേണ്ടി പ്രാർഥിക്കണമെന്ന് അല്ലാഹു പ്രത്യേകമായി ഉണർത്തിയതു കാണാം: “...എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീകരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക’’ (ക്വുർആൻ 17:24).

മാതാപിതാക്കൾ മക്കളോടും തൊഴിലുടമ തൊഴിലാളികളോടും ഭരണാധികാരികൾ ഭരണീയരോടും എന്നിങ്ങനെ പദവിയിൽ മുകളിലുള്ളവർ താഴെയുള്ളവരോട് കരുണ കാണിക്കുമ്പോൾ അത് കുടുംബത്തിലും സമൂഹത്തിലും നാട്ടിലും വലിയ മാറ്റമുണ്ടാക്കും. ദുർബലർ, സ്ത്രീകൾ, വയോവൃദ്ധർ, അംഗപരിമിതർ, അനാഥർ, വിധവകൾ തുടങ്ങി എല്ലാവരോടും അവരുടെ പ്രയാസങ്ങളിൽ താങ്ങായി നിൽക്കൽ കരുണയാണ്.