ഇതാണ് ഇസ്‌ലാം
പത്രാധിപർ
2024 മാർച്ച് 02, 1445 ശഅ്ബാൻ 21

ഇസ്‌ലാം വിമർശകർ, എവിടെയെങ്കിലും നടന്ന ഭീകരാക്രമണം എടുത്തുകാട്ടിയോ ക്വുർആനിലെ ചില സൂക്തങ്ങൾ സന്ദർഭത്തിൽനിന്നും അടർത്തിയെടുത്തോ ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചോ ഒക്കെ സമർഥിക്കാൻ ശ്രമിക്കാറുള്ളത് ഇസ്‌ലാം മനഷ്യത്വത്തിനെതിരായ മതമാണ്, ക്രൂരതയുടെ ദർശനമാണ് എന്നൊക്കെയാണ്. വിമർശകരിൽനിന്നു മാത്രം ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കുന്നവർ അത് സത്യമാണെന്ന് ധരിക്കുകയും ചെയ്യും. ഇസ്‌ലാമിനെ ശരിയായ സ്രോതസ്സിൽനിന്നു മനസ്സിലാക്കാൻ ശ്രമിച്ചാൽ ബോധ്യമാകും; അത് മനുഷ്യജീവിതത്തിന്റെ സർവതല സ്പർശിയായ സന്ദേശമാണ് നൽകുന്നതെന്ന്, അത് ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണെന്ന്.
മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുതകുന്ന കാര്യങ്ങളല്ലാതെ നാശത്തിനുള്ള ഒന്നും ഇസ്‌ലാമിലില്ല എന്നതാണ് വസ്തുത. മനുഷ്യജീവിതത്തിന്റെ നിലനിൽപിന് എല്ലാ മേഖലകളിലും ചില നിയമങ്ങൾ വേണം. രാഷ്ട്രീയ സാമ്പത്തിക ഘടന വേണം. വിവാഹ ബന്ധവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വേണം. ഭക്ഷണ, വസ്ത്ര കാര്യങ്ങളിൽ ചിട്ടകൾ വേണം... ഇത്തരം കാര്യങ്ങളെല്ലാം ഇസ്‌ലാമിൽ ഉണ്ടെന്നു മാത്രമല്ല, കുറ്റമറ്റതും പ്രായോഗികവുമായ രീതിയിൽ അത് ഇസ്‌ലാമിലേ നിലനിൽക്കുന്നുള്ളൂ. മനുഷ്യമനസ്സിന്റെ സംസ്‌കരണത്തിനും ഇസ്‌ലാം അതീവ പ്രാധാന്യം നൽകുന്നുണ്ട്.
ഈ പ്രപഞ്ചം വ്യർഥമായി സൃഷ്ടിക്കപ്പെട്ടതല്ലെന്നും സർവശക്തനായ സ്രഷ്ടാവിന്റെ നിയന്ത്രണത്തിൻ കീഴിലാണ് അത് അനുനിമിഷവും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും ഒാടിയൊളിക്കാനോ സ്വയം രക്ഷപ്പെടാനോ അസാധ്യമായൊരു പിടുത്തത്തിലാണ് മനുഷ്യന്റെ ഓരോ നിമിഷവും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വർത്തമാനകാലത്തുള്ള ജീവിതം വരുംകാലത്തേക്കുള്ള തയ്യാറെടുപ്പിനുള്ള വേദിയാണ്. ഇവിടെ ചെയ്യുന്ന നല്ലതും ചീത്തയുമായ ഓരോ കാര്യത്തിനും മരണാനന്തരം പ്രതിഫലം അനുഭവിക്കേണ്ടിവരുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. മരണാനന്തര ജീവിതത്തിൽ രക്ഷ ലഭിക്കാനുള്ള കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും അവിടെ ശിക്ഷ ലഭിക്കുന്ന കാര്യങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള കൽപനയും ഇസ്‌ലാം നൽകുന്നു.
മനുഷ്യന്റെ നന്മ-തിന്മകൾ രേഖപ്പെടുത്തി വെക്കപ്പെടുന്നുണ്ടെന്നും പരലോകത്തുവെച്ച് അതിന്റെ റിക്കാർഡ് നൽകപ്പെടുമെന്നും ഇസ്‌ലാം പറഞ്ഞുതരുന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള സകല പാപങ്ങളിൽനിന്നും അകന്നു നിൽക്കുവാനും സ്രഷ്ടാവിനെ മാത്രം ആരാധിച്ചു ജീവിക്കുവാനും ഈ വിശ്വാസം സത്യവിശ്വാസിയെ പ്രേരിപ്പിക്കുന്നു. സ്വർഗവും നരകവുമുണ്ടെന്നും സ്വർഗം അതീവ സുഖസമൃദ്ധവും നരകം അത്യധികം ദുരിതപൂർണവുമാണെന്നും സത്യവിശ്വാസവും സൽകർമങ്ങളുമുള്ളവർക്ക് സ്വർഗവും അല്ലാത്തവർക്ക് നരകവും ലഭ്യമാണെന്നും യാതൊരുവിധ ശുപാർശകളോ ശക്തിപ്രകടനങ്ങളോ പ്രലോഭനങ്ങളോ പ്രകോപനങ്ങളോ വാചകക്കസർത്തുകളോ കപടവാദങ്ങളോകൊണ്ട് സ്രഷ്ടാവിന്റെ ശിക്ഷയിൽനിന്ന് രക്ഷ ലഭിക്കില്ലെന്നുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നു.
ഈ വിശ്വാസം നേരിട്ട് മനുഷ്യനെ സ്രഷ്ടാവുമായി ബന്ധപ്പെടുത്തുന്നു. തന്റെ ജീവിതത്തെ നന്മകൾക്കായി വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്നു. മനുഷ്യനെ പിടിച്ചുകുലുക്കാൻ പര്യാപ്തമാണ് ഈ വിശ്വാസം. സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിശ്വസ്തരും ഉത്തവാദിത്ത ബോധമുള്ളവരുമായ ആളുകളെ വാർത്തെടുക്കുവാൻ ഈ ദർശനത്തിനു കഴിവുണ്ട്.
സ്രഷ്ടാവിന്റെ മുമ്പിൽ ചെറു തും വലുതുമായ ഓരോ കാര്യത്തിനും കണക്ക് പറയേണ്ടിവരുമെന്ന ബോധമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. വർത്തമാന കാലത്തിലെ മുഴുവൻ വ്യവസ്ഥകൾക്കും ഏറിവന്നാൽ പോലീസെന്നു പറഞ്ഞ് ഭീഷണിപ്പെടുത്താനേ കഴിയൂ. നീതിപീഠത്തിന് മുമ്പിലെത്തിയാൽതന്നെ പ്രാപ്തനായൊരു വക്കീലിന് യഥേഷ്ടം ഫീസുകൊടുക്കാനുണ്ടെങ്കിൽ എതു കേസിലും അനുകൂലമായ വിധി സമ്പാദിക്കുവാൻ അത്ര പ്രയാസമൊന്നും ഇവിടെയില്ല.

