കൗമാരക്കാരും ആത്മഹത്യയും
പത്രാധിപർ
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

വളരെയധികം പ്രാധാന്യമർഹിക്കുന്നതും സങ്കീർണമായതുമായ കാലഘട്ടമാണ് കൗമാരം. ശാരീരി കവും മാനസികവുമായി കുട്ടികളിൽ വളരെയധികം മാറ്റങ്ങളും വികാസങ്ങളും പ്രാപിക്കുന്ന ഈ പ്രായത്തിൽ മാതാപിതാക്കൾ വളരെയധികം ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. ചിന്തകൾക്ക് അതിരിടാൻ കഴിയാത്ത ഈ പ്രായത്തിൽ പലപ്പോഴും പല എടുത്തുചാട്ടങ്ങളും സംഭവിക്കുന്നു. കൗമാരത്തിലേക്കു കടക്കുവാൻ തുടങ്ങുന്നതു മുതൽ കുട്ടികൾക്ക് അവരെപ്പറ്റി പല ധാരണകളുമുണ്ടാകാം. രക്ഷിതാക്കൾ ഇതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
ഇന്ന് കൗമാരപ്രായക്കാർക്കിടയിൽ വർധിച്ചുവരുന്ന വലിയൊരു പ്രശ്‌നമാണ് ആത്മഹത്യാ പ്രവണത. അമിതമായ നിരാശയോ വലിയ പ്രശ്നങ്ങളോ മുതൽ ചെറിയ കാരണങ്ങൾ പോലും ഇത്തരം കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു. അതിനാൽ മാതാപിതാക്കളുടെ കൃത്യമായ ശ്രദ്ധയും പരിചരണവും ഇത്തരം കുട്ടികൾക്കു ലഭിക്കേണ്ടതുണ്ട്. പരീക്ഷയിൽ പ്രതിക്ഷിച്ചതുപോലെ മാർക്ക് ലഭിക്കാതിരുന്നാൽ, രക്ഷിതാക്കൾ വഴക്കുപറഞ്ഞാൽ, സ്‌കൂളിൽനിന്നുള്ള വിനോദ യാത്രക്ക് കാശു കൊടുക്കാതിരുന്നാൽ, മൊബൈൽ ഫോൺ ചോദിക്കുമ്പോൾ കൊടുക്കാതിരുന്നാൽ...ഇങ്ങനെ ഏതൊരു കാര്യത്തിന്റെ പേരിലും കൗമാരക്കാർ ആത്മഹത്യ ചെയ്യുവാൻ തയ്യാറാകുന്നു!
മക്കളെ ഏറ്റവും നല്ല രീതിയിൽ വളർത്തണമെന്നാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. മാതാപിതാക്കളിൽനിന്ന് സ്‌നേഹവും കരുതലും പരിചരണവും സുരക്ഷയും തണലും ലഭിക്കും എന്ന തോന്നൽ ചെറുപ്പം മുതലേ കുട്ടികളിൽ വളർത്തിയെടുക്കണം. ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത് വളരെയധികം ആവശ്യമാണ്. പലപ്പോഴും ഒറ്റപ്പെടലാണ് കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നത്. അതിനാൽ ചെറുപ്പം മുതലേ എന്തുംതുറന്നു പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കും മക്കൾക്കുമിടയിലുണ്ടാകണം.
സ്‌കൂളിലോ വീട്ടിലോ ഉണ്ടാകുന്ന എന്തെങ്കിലും പ്രത്യേക സംഭവങ്ങളോ അപമാനമോ സൗഹൃദ ത്തിലുണ്ടാകുന്ന പ്രശ്നങ്ങളോ ഒക്കെ കുട്ടികളിൽ മാനസിക സമ്മർദം വർധിപ്പിക്കാം. എന്നാൽ ദൃഢമായ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഊഷ്മളമായ ഇടപെടലുകളും ഒരു പരിധിവരെ ഇത്തരം സമ്മർദം കുറയ്ക്കുവാൻ സഹായകമാണ്.
ഒറ്റപ്പെടുമോ എന്ന ഭയം കാരണം ചിലപ്പോൾ കുട്ടികൾ ഇത്തരം അവസ്ഥകൾ തുറന്നു പറയാതിരിക്കാം. അതുകൊണ്ടുതന്നെ അവർക്കു കാര്യങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കാൻ സ്‌കൂൾ കൗൺസിലർമാരും ടീച്ചർമാരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിക്ക് സമ്മർദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിയുന്നതും ഒഴിവാക്കിക്കൊടുക്കാൻ ശ്രദ്ധിക്കുക, കഴിയാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതോടൊപ്പം വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ശ്രമിക്കണം.
ഏതൊരു ഘട്ടത്തിലും ആത്മഹത്യ എന്നത് ചിന്തയിൽ പോലും വരാൻ പാടില്ലെന്നും ഇസ്‌ലാം ആത്മഹത്യയെ വിലക്കുന്നുവെന്നും അത് നരകത്തിലെത്തിക്കുന്ന പാപമാണെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ആത്മഹത്യ ഒരിക്കലും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല എന്ന ബോധം നമ്മുടെ മക്കളിൽ ഉണ്ടാക്കിയെടുക്കണം. അവരില്ലാത്ത ലോകത്തെക്കാൾ എത്രയോ മനോഹരമാണ് അവരുള്ള ലോകം എന്ന് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുക!
