അഹ്‌ലൻ യാ റമദാൻ!
പത്രാധിപർ
2024 മാർച്ച് 09, 1445 ശഅ്ബാൻ 28

‘എത്ര വേഗമാണ് റമദാൻ വീണ്ടും വന്നെത്തിയത്’ എന്ന് പലരും പറയുന്നത് കേൾക്കാം. വാസ്തവത്തിൽ റമദാൻ അത്ര വേഗത്തിലൊന്നും വന്നിട്ടില്ല. പതിനൊന്നു മാസം കഴിഞ്ഞുതന്നെയാണ് റമദാൻ ആഗതമായിരിക്കുന്നത്. ഇനിയും റമദാൻ പോകും, വരും. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. നാം പോയാലാണ് തിരിച്ചുവരാതിരിക്കുക. നമ്മുടെ മടക്കമില്ലാത്ത യാത്രയ്ക്ക് മുമ്പായി, സ്വർഗകവാടങ്ങൾ തുറന്നു കിട്ടാനുള്ള സുവർണാവസരവുമായിട്ടാണ് റമദാൻ കടന്നുവന്നിരിക്കുന്നത്! അതിനെ എത്രകണ്ട് നാം പരിഗണിക്കുന്നു എന്നതാണ് പ്രധാനം.
അത്താഴം, നോമ്പ് നോൽക്കൽ, നോമ്പുതുറക്കൽ, നോമ്പുതുറപ്പിക്കൽ, ക്വുർആൻ പാരായണം, തറാവീഹ് നമസ്‌കാരം, ദാനധർമങ്ങൾ...ഇങ്ങനെ ഒട്ടേറെ കാര്യങ്ങളിലൂടെ വിശ്വാസികൾ സ്രഷ്ടാവിന്റെ തൃപ്തിനേടുവാൻ പരിശ്രമിക്കുന്ന മാസമാണ് റമദാൻ.
സ്വന്തം ശരീരംകൊണ്ട് അല്ലാഹുവിന്റെ തൃപ്തി നേടുന്ന ആരാധനയാണ് നോമ്പനുഷ്ഠിക്കലെങ്കിൽ സമ്പത്തുകൊണ്ട് സമൂഹത്തിലെ അഗതികൾക്ക് താങ്ങായി മാറുന്ന ആരാധനയാണ് നിർബന്ധമായ സകാത്തും ഐച്ഛികമായ ദാനധർമങ്ങളും നൽകൽ. റമദാൻ മാസത്തിലെ സൽകർമങ്ങൾക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം ലഭിക്കുമെന്നതിനാൽ സത്യവിശ്വാസികൾ ഈ മാസത്തിൽ കയ്യയച്ച് ദാനം ചെയ്യാറുണ്ട്; ചെയ്യേണ്ടതുണ്ട്.
പുണ്യങ്ങളുടെ പൂക്കാലമായി റമദാനിനെ നിശ്ചയിച്ചതും അതിൽ നിർബന്ധ നോമ്പെന്ന ആരാധനാകർമം അനുശാസിച്ചതും സ്രഷ്ടാവായ അല്ലാഹുവാണ്. അതിന്റെ നിയമങ്ങളും നിർദേശങ്ങളുമെല്ലാം അല്ലാഹുവിൽനിന്നുള്ളതാണ്.
അല്ലാഹു പറയുന്നു: “ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നതി ന്റെ പേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്)’’ (ക്വുർആൻ 2:185).
ഇസ്‌ലാം അനുശാസിക്കുന്ന വ്രതാനുഷ്ഠാനത്തെ അടുത്തറിയുന്ന ഏതൊരാൾക്കും അതിന്റെ ഭൗതികവും ആത്മീയവുമായ നേട്ടങ്ങൾ ബോധ്യപ്പെടുന്നതാണ്. നോമ്പിലൂടെ വിശ്വാസിക്ക് നേടാനാവുന്ന ആത്മീയോൽക്കർഷവും സ്രഷ്ടാവിന്റെ പ്രീതിയും പ്രതിഫലവും ഒരു വശത്ത് നിൽക്കുമ്പോൾ ദേഹേച്ഛകളെ നിയന്ത്രിക്കുവാനുള്ള പരിശീലനം നേടുന്നതിലും പാവങ്ങളുടെ പട്ടിണിയും വിശപ്പിന്റെ വേദനയും അനുഭവിച്ചറിയുന്നതിലൂടെ സഹാനുഭൂതിയുടെ മനസ്സ് രൂപപ്പെടുത്തുന്നതിലും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ആരോഗ്യപരമായ ഉണർവും വിശുദ്ധിയും സമ്മാനിക്കുന്നതിലും നോമ്പ് വലിയ പങ്കുവഹിക്കുന്നുണ്ട്.
തന്റെ നന്മയ്ക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്ന തന്റെ രക്ഷിതാവിന്റെ നിയമമാണ് നോമ്പെന്ന് മനസ്സിലാക്കുന്ന ഒരു വിശ്വാസി അതിന്റെ ഓരോ നിയമവും പൂർണമനസ്സോടെ സ്വീകരിക്കുന്നവനായിരിക്കും. അതിന്റെ വിശദാംശങ്ങൾ അല്ലാഹു നിയോഗിച്ചയച്ച പ്രവാചകന്റെ അധ്യാപനങ്ങളിൽനിന്നാണ് അറിയേണ്ടതും പകർത്തേണ്ടതും എന്ന കാര്യം വിസ്മരിക്കരുത്.

