യുക്തിവാദികളും സദാചാരവും
പത്രാധിപർ
2024 ജൂലായ് 13, 1446 മുഹർറം 07

“മതനിയമങ്ങളിൽ മാത്രമല്ല മനുഷ്യനിർമിത ഭൗതികനിയമങ്ങളിലും സദാചാരവിരുദ്ധ പ്രവർത്തനങ്ങൾ തടയുവാൻ നിയമങ്ങളുണ്ട്’’ എന്ന് യുക്തിവാദികൾ പറയാറുണ്ട്. അവനവനു തോന്നുന്നതെന്തോ അതെല്ലാമാണ് യുക്തിവാദിയുടെ സദാചാരം. യുക്തിവാദി നേതാവായിരുന്ന എം.സി. ജോസഫ് പറഞ്ഞു: “സദാചാരബോധത്തിനടിസ്ഥാനം ബുദ്ധിശക്തിയുടെയും യുക്തിബോധത്തിന്റെയും സ്വതന്ത്ര പ്രവർത്തനമാണ്’’.
യുക്തിബോധത്തിൽ നിന്ന് ഉടലെടുക്കുന്നതെല്ലാം സദാചാരമാണെന്ന യുക്തിവാദികളുടെ ആശയം സമൂഹം ഉൾക്കൊണ്ടാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? ‘മനുഷ്യർ ഒന്നാവുമോ?’ തമ്മിൽ തല്ലിമരിക്കുമോ? അമ്മയെ തല്ലുന്നവനും മക്കളെ കൊല്ലുന്നവനും തന്റെ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണതു ചെയ്തതെന്നും അത് യുക്തിവാദ സദാചാരമാണെന്നും പറയാമല്ലോ!
ഒരു യുക്തിവാദിക്ക് സദാചാരമെന്നു തോന്നുന്നത് മറ്റൊരു യുക്തിവാദിക്ക് സദാചാരവിരുദ്ധമായി തോന്നാനും സാധ്യതയില്ലേ? സദാചാരം കാത്തുസൂക്ഷിച്ചാൽ ‘തിന്നുക, കുടിക്കുക, രമിക്കുക’ എന്ന ഭൗതികവാദ മുദ്രാവാക്യം വെള്ളത്തിലലിയില്ലേ?
സദാചാരത്തിന്റെ ആവശ്യകത യുക്തിവാദികൽ അംഗീകരിക്കുന്നുവെങ്കിലും മതം പഠിപ്പിക്കുന്ന സദാചാരത്തോട് അവർക്ക് പുച്ഛമാണ്. എന്നാൽ മതം പഠിപ്പിക്കുന്ന സദാചാരമൂല്യങ്ങളിൽ ചിലതെങ്കിലും അവർക്ക പിന്തുടരേണ്ടിവരികയും ചെയ്യുന്നുണ്ട്. വ്യവസ്ഥാരഹിതമായ യുക്തിവാദ സദാചാരത്തെക്കാൾ നിർമാണാത്മകമായ ദൗത്യം നിർവഹിക്കാൻ കഴിയുക മതം നിർബന്ധമായി കൽപിക്കുന്ന സദാചാരത്തിനല്ലേ? ജനങ്ങളെ കുത്തഴിഞ്ഞ ജീവിതത്തിലേക്കു നയിക്കുന്ന, അരാജകത്വം സമ്മാനിക്കുന്ന ഒന്നായിരിക്കും യുക്തിവാദസദാചാരമെങ്കിൽ മതം പഠിപ്പിക്കുന്ന സദാചാരം ഉൽകൃഷ്ട വ്യക്തികളെയും ഉത്തമസമൂഹത്തെയും സുഭദ്രമായ രാഷ്ട്രത്തെയും വാർത്തെടുക്കുന്നതാണ്.
ദൈവവിശ്വാസത്തിന്റെ പ്രേരണയും പിൻബലവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സദാചാരത്തെ ശക്തമാക്കുന്നത്. മനുഷ്യന്റെ പ്രവർത്തനങ്ങളെ ശക്തമായി സ്വാധീനിക്കുന്ന ചില ഘടകങ്ങളില്ലെങ്കിൽ എത്ര സുന്ദരമായ തത്ത്വശാസ്ത്രമായിരുന്നാലും മനുഷ്യർക്ക് പെട്ടെന്ന് സ്വീകരിക്കാൻ സാധിച്ചുവെന്നുവരില്ല. ഇസ്‌ലാമിക സദാചാരം സ്വർഗപ്രാപ്തിയോടൊപ്പം സാമൂഹ്യ സുരക്ഷിതത്വം, വ്യക്തിവികാസം, മനുഷ്യപുരോഗതി തുടങ്ങിയ ബഹുവിധ ലക്ഷ്യങ്ങളും കരഗതമാക്കുന്നതാണ്. യുക്തിവാദികളുടെ യുക്തിരഹിതമായ സദാചാര സങ്കൽപത്തിനു വെല്ലുവിളിയായി നിലകൊള്ളുന്നത് ഇസ്‌ലാം മാത്രമാണ്. സദാചാരത്തെക്കുറിച്ചുള്ള യുക്തിവാദ വീക്ഷണവും ഇസ്‌ലാമികവീക്ഷണവും പരിശോധനാവിധേയമാക്കിയാൽ ഇക്കാര്യം വ്യക്തമാകും.
സമൂഹത്തിന്റെ നിരീക്ഷണത്തിനു മുന്നിൽ കൃത്രിമവും വികലവുമായ സദാചാരം പാലിക്കാൻ ആവശ്യപ്പെടുന്ന യുക്തിവാദ സദാചാരത്തിനു പകരം സദാസമയവും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തിയെ ഓർത്തുകൊണ്ട് സമൂഹത്തിന്റെ ദൃഷ്ടികളിൽ നിന്ന് അകന്നു നിൽക്കുന്ന അവസ്ഥയിൽ പോലും സദാചാരനിഷ്ഠ പുലർത്തുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വ്യക്തിക്കും സമൂഹത്തിനും ഇതുകൊണ്ട് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. മനുഷ്യർ ഒന്നാവാനും നന്നാവാനും ഈ ശാശ്വതമൂല്യങ്ങൾ മുറുകെ പിടിച്ചാൽ മതി.
മനുഷ്യർ നന്നാകുവാനും ഒന്നാകുവാനുമുള്ള മാർഗം മനുഷ്യരുടെ സ്രഷ്ടാവു തന്നെ അറിയിച്ചുതന്നിട്ടുണ്ട്. അതാണ് ഇസ്‌ലാമിന്റെ സത്യസരണി. ഏകദൈവമല്ലാതെ മറ്റാരും ആരാധിക്കപ്പെടരുത് എന്ന് ഇസ്‌ലാം നിർദേശിക്കുന്നു. അത് സകലവിധ സങ്കുചിത ചിന്തകളിൽനിന്നും മനുഷ്യരെ മുക്തരാക്കുന്നു. ഏകനായ ദൈവത്തിന്റെ കണ്ണിൽ എല്ലാ മനുഷ്യരും സമന്മാരാണെന്നും തങ്ങൾ ഒരു മാതാപിതാക്കളുടെ സന്തതിപരമ്പരയിൽ പെട്ടവരാണെന്നുമുള്ള ബോധത്തെക്കാൾ മനുഷ്യരെ ഒന്നിപ്പിക്കുന്ന മറ്റെന്താണുള്ളത്? “ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്’’ (ക്വുർആൻ/2:21).
