കരാർ പാലനത്തിൻ്റെ അനിവാര്യത
പത്രാധിപർ
2024 സെപ്തംബർ 07, 1446 റ. അവ്വൽ 04

ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിൽ വ്യത്യസ്തമായ കരാറുകളിൽ ഏർപ്പെടേണ്ട സാഹചര്യമുണ്ടാകും. വലിയ വലിയ കരാറുകളൊന്നും നടത്താറില്ലെങ്കിലും നാമൊക്കെ പലപ്പോഴും പലർക്കും വാക്കുകൊടുക്കാറുണ്ട്. ഇന്ന കാര്യം ചെയ്തുതരാമെന്നും മറ്റും ഉറപ്പുനൽകാറുണ്ട്. ഇതൊക്കെയും പാലിക്കാനുള്ളതാണ്. മനഃപൂർവം, അകാരണമായി കരാറുകൾ ലംഘിക്കുവാൻ പാടില്ല എന്നാണ് ഇസ്‌ലാമിക അധ്യാപനം.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവർ അല്ലാഹുവോടും റസൂലിനോടും മറ്റു മനുഷ്യരോടുംകരാർ ചെയ്യുന്നവരാണ്. ഈ കരാറുകളെല്ലാം കൃത്യമായി നിറവേറ്റുന്നവനാണ് സ്വർഗാവകാശി.
അല്ലാഹുവോടും റസൂലിനോടും ജനങ്ങളോടുമുള്ള കരാറുകൾ ലംഘിക്കുന്നവരാണിന്നധികവും എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ശഹാദത്ത് കലിമയിലൂടെ ചെയ്ത കരാർ ലംഘിച്ചുകൊണ്ടാണല്ലോ സഹായതേട്ടമെന്ന പേരിൽ പലരും സൃഷ്ടികളോട് പ്രാർഥിക്കുന്നത്! അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന പ്രഖ്യാപനത്തിന്റെ ലംഘനമാണ് പ്രാർഥനകളും നേർച്ചകളും ആരാധനയുടെ മറ്റിനങ്ങളുമെല്ലാം സൃഷ്ടികൾക്കു സമർപ്പിക്കുന്നത്.
അല്ലാഹുവോടുള്ള കരാർ ലംഘിക്കുന്നവർക്കുള്ള അല്ലാഹുവിന്റെ താക്കീത് കാണുക: “അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വിൽക്കുന്നവരാരോ അവർക്ക് പരലോകത്തിൽ യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേർക്ക് (കാരുണ്യപൂർവം) നോക്കുകയോ ചെയ്യുന്നതല്ല. അവൻ അവർക്ക് വിശുദ്ധി നൽകുന്നതുമല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്’’(ആലുഇംറാൻ 77).
ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗം മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നതാണ്. അതോടെ ഒരാൾ നബി(സ്വ)യുടെ ജീവിതചര്യ പിന്തുടരുവാൻ ബാധ്യസ്ഥ നായിത്തീരുന്നു. അപ്പോൾ നബിചര്യക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവൻ കരാർലംഘനം തന്നെയാണ് നടത്തുന്നത്. മൗലിദും ഹദ്ദാദും കുത്ത്‌റാത്തീബും അടക്കമുള്ള പുതുനിർമിതികളെല്ലാം ചെയ്യുന്നവർ ശഹാദത്ത് കലിമക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവരാണ്.
അല്ലാഹു പറയുന്നു: “അപ്പോൾ നിനക്ക് നിന്റെ രക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാൾ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാൻമാർ മാത്രമെ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ. അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവർ. കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കൽപിച്ചത് (ബന്ധങ്ങൾ) കൂട്ടിയിണക്കുകയും തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവർ’’(റഅദ് 19:21).
പലിശ വാങ്ങിയും വ്യഭിചരിച്ചും മദ്യപിച്ചും പിശാചിന്റെ മിത്രമായി നടക്കുന്നവർ, എക്കൗണ്ടിൽ കാശില്ലെങ്കിലും ചെക്കുകൾ എഴുതിക്കൊടുത്ത് കബളിപ്പിക്കുന്നവർ, കച്ചവടരംഗത്തെ കരാർ ലംഘിക്കുന്നവർ, കടം വാങ്ങിയ ശേഷം നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചുകൊടുക്കാതെ മുങ്ങിനടക്കുന്നവർ, വിശ്വസിച്ചേൽപിച്ച വസ്തുക്കളിൽ വിശ്വാസവഞ്ചന കാണിക്കുന്നവർ...ഇങ്ങനെയുള്ളവർ മുസ്‌ലിംകൾക്കിടയിലുണ്ടെന്നത് നിഷേധിക്കാവുന്നതല്ല. എല്ലാവർക്കും കരാർലംഘനത്തിന്റെ അപകടം എന്തെന്ന് ബോധ്യമാകുന്ന ഒരു ലോകം വരാനുണ്ട്.
കരാർലംഘനത്തെ കപടവിശ്വാസിയുടെ സ്വഭാവമായാണ് അല്ലാഹുവും റസൂലും പരിചയപ്പെടുത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. സ്വർഗാവകാശിയാകാൻ ആഗ്രഹിക്കുന്നവൻ ചതിയനും കരാറുകൾ ലംഘിക്കുന്നവനുമാകാൻ പാടില്ല.
