അധികാരം അടിച്ചമർത്താനുള്ളതല്ല

പത്രാധിപർ

2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

ഭരണകൂടഭീകരത ലോകത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ ഭരണകൂടങ്ങളും അല്ലാത്തവയും അതിൽനിന്ന് മുക്തമല്ല. എന്നാൽ ഭരണകൂടഭീകരത മറയ്ക്കപ്പെടുകയും അതിനെതിരെയുള്ള ശബ്ദങ്ങൾ ഭീകരതയായി ചിത്രീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. യഥാർഥത്തിൽ വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന ഭീകരപ്രവർത്തനങ്ങളെക്കാൾ ഭരണകൂടഭീകരതകൾ മൂലമാണ് കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നത്.

‘ഭീകരവാദം’ (ടെററിസം) എന്ന പദത്തിന്റെ അർഥംതന്നെ; ഒന്നാമതായി ‘ഭീഷണിയിലൂടെയുള്ള ഭരണം’ എന്നതാണ്. 1789-94ലെ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ അധികാരത്തിലിരുന്ന പാർട്ടി നടത്തിയതുപോലുള്ള ഭരണമാണ് ഇതിന് ഉദാഹരണമായി എടുത്തു കാട്ടാറുള്ളത്. രണ്ടാമതായി, ആർക്കെതിരെയാണോ ഉപയോഗിക്കുന്നത്, അവരിൽ ഭീതിജനിപ്പിക്കാനുള്ള ആക്രമണ നയമാണ് ഭീകരവാദം എന്നും നിർവചിക്കപ്പെട്ടിരിക്കുന്നു.

ഭരണാധികാരികൾ പക്ഷഭേദം കാണിക്കാത്തവരും സത്യത്തിനും നീതിക്കും വിലകൽപിക്കുന്നവരുമായിരിക്കണം. ദാവൂദ് നബി(അ) യുടെ ഉദാഹരണത്തിലൂടെ ലോകത്തിലെ ഭരണാധികാരികളെ ഇക്കാര്യം വിശുദ്ധ ക്വുർആൻ അറിയിക്കുന്നുണ്ട്:

“(അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരി ക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം നീ വിധികൽപിക്കുക. തന്നിഷ്ടത്തെ നീ പിന്തുടർന്നുപോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്കുതന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്’’(38:26).

കുറ്റകൃത്യങ്ങളുടെ ലോകത്ത് നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വർത്തമാനകാല ഇന്ത്യയിൽ കടുത്ത അക്രമം പ്രവർത്തിച്ചവരും വർഗീയ കലാപമുണ്ടാക്കുന്ന പ്രസംഗം നടത്തിയവരുമായ ‘ചിലർ’ നിയമനടപടികൾക്ക് വിധേയമാകാതിരിക്കുകയും ‘മറ്റു ചിലർ’ നിസ്സാരമായ കുറ്റങ്ങളുടെ പേരിലോ കുറ്റമൊന്നും ചെയ്യാതെയോ തുറുങ്കിലടക്കപ്പെടുകയും ചെയ്യുന്നത് പുതുമയില്ലാത്ത വാർത്തയായി മാറിയിരിക്കുന്നു!

ഫലസ്തീൻ ജനത പിറന്ന മണ്ണിൽ ജീവിക്കുവാൻ വേണ്ടിയുള്ള സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ അതിനെ ഭീകരപ്രവർത്തനമായും അധിനിവേശക്കാരും വംശഹത്യ നടത്തുന്നവരുമായ ഇസ്രയേലുകാരെ സമാധാനത്തിന്റെ വെള്ളരി പ്രാവുകളായും വിശേഷിപ്പിക്കുന്ന അനീതിയും നാം കണ്ടുകൊണ്ടിരിക്കുന്നു.

“ഉന്നതർ മോഷ്ടിച്ചാൽ വെറുതെ വിടുകയും ദുർബലർ മോഷ്ടിച്ചാൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുൻഗാമികൾക്കിടയിൽ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം, മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കിൽ ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും’’ എന്ന, മുഹമ്മദ് നബിﷺയുടെ അത്യുജ്വലമായ പ്രഖ്യാപനം ലോകചരിത്രത്തിൽ അതുല്യമാണ്; ആധുനിക ലോകത്തെ ഭരണാധികാരികൾക്ക് ചിന്തിക്കുകപോലും അസാധ്യമായ പ്രഖ്യാപനം.

സ്വജനപക്ഷപാതത്തിന്റെ പി ടിയിലമർന്നവരാണ് ഇന്നത്തെ മിക്ക ഭരണാധികാരികളും. ഇസ്‌ലാം അത് അംഗീകരിക്കുന്നില്ല. വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിരുന്നാലും ശരി...’’(4:135).