വാദി പ്രതിയാകുന്നത് സൂക്ഷിക്കുക

പത്രാധിപർ

2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

മധുരപലഹാര കടയിലേക്ക് സ്ഥിരമായി വെണ്ണ കൊടുത്തിരുന്നത് ഒരു ഗ്രാമീണ കർഷകനാണ്. കടയുടമക്ക് ഒരു ദിവസം വെണ്ണയുടെ തൂക്കത്തിൽ സംശയം തോന്നി. വെറുതെ ഉള്ളിൽ സംശയം വെക്കേണ്ടതില്ലല്ലോ എന്ന് കരുതി വെണ്ണ ത്രാസിലിട്ടു തൂക്കിനോക്കി. ഒരു റാത്തലിൽ അൽപം കുറവ്. ഇത്രയും കാലം ഗ്രാമീണൻ തന്നെ പറ്റിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയ വ്യാപാരിക്ക് ദേഷ്യംവന്നു. അദ്ദേഹം കർഷകനെതിരെ ന്യായാധിപന്റെയടുക്കൽ പരാതി നൽകി.

ന്യായാധിപൻ കർഷകനെ വിളിച്ചുവരുത്തി ചോദിച്ചു: “നിങ്ങളാണോ ഇദ്ദേഹത്തിന് ദിവസവും വെണ്ണ കൊടുക്കുന്നത്?’’

“അതെ’’ കർഷകൻ സമ്മതിച്ചു.

“എത്ര തൂക്കം വെണ്ണയാണ് കൊടുക്കുന്നത്?’’ ന്യായാധിപൻ ചോദ്യം തുടർന്നു.

“ഒരു റാത്തൽ’’ കർഷകൻ പറഞ്ഞു.

“ഒരു റാത്തൽ നിങ്ങൾ എങ്ങനെയാണ് കണക്കാക്കുന്നത്?’’ ന്യായാധിപൻ ചോദിച്ചു.

“ത്രാസിൽ തൂക്കി നോക്കിയിട്ട്’’ കർഷകൻ അറിയിച്ചു.

“ത്രാസിൽ ഒരു റാത്തൽ തൂക്കം കണക്കാക്കാൻ നിങ്ങൾ ഏതു കട്ടിയാണ് ഉപയോഗിക്കുന്നത്?’’ ന്യായാധിപൻ അവസാനമായി ചോദിച്ചു.

കർഷകൻ പറഞ്ഞു: “ഞാൻ ദിവസവും ഈ വ്യാപാരിയുടെ കടയിൽനിന്ന് ഒരു റാത്തൽ റൊട്ടി വാങ്ങാറുണ്ട്. ആ റൊട്ടി ത്രാസിന്റെ ഒരു തട്ടിൽ വെച്ച് അത്രയും തൂക്കം വെണ്ണ മറുതട്ടിൽ വെച്ചാണ് തൂക്കം കണക്കാക്കുന്നത്.’’

ന്യായാധിപൻ ശിപായിമാരെ അയച്ച് കർഷകന്റെ ത്രാസും വ്യാപാരിയുടെ ത്രാസും വ്യാപാരി വിറ്റ റൊട്ടിയും വരുത്തി പരിശോധിച്ചു. കർഷകൻ പറഞ്ഞത് ശരിയായിരുന്നു. വാദി പ്രതിയായി. വ്യാപാരിക്ക് അർഹിക്കുന്ന ശിക്ഷ ന്യായാധിപൻ വിധിച്ചു. കർഷകനെ പറ്റിക്കുകയായിരിന്നു വ്യാപാരി. താൻ കൊടുക്കുന്നതേ തനിക്ക് കിട്ടൂ എന്ന് അയാൾ മനസ്സിലാക്കിയില്ല.

എന്നെ എല്ലാവരും സ്‌നേഹിക്കണം. എന്നോട് എല്ലാവരും ദയയും അനുകമ്പയും കാണിക്കണം. എന്റെ അവിവേകത്തിന് എനിക്ക് മാപ്പു നൽകണം. എന്റെ വിഷമസന്ധികളിൽ എനിക്ക് സാന്ത്വനം ലഭിക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ എനിക്ക് സഹായം ലഭിക്കണം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരിൽനിന്നും എനിക്ക് യാതൊരു ഉപദ്രവവും ഉണ്ടാകരുത്. ഇങ്ങനെ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല.

എന്നാൽ, തിരിച്ച് മറ്റുള്ളവർ തന്നിൽനിന്ന് ആഗ്രഹിക്കുന്നതും ഇതെല്ലാമാണെന്നറിയുകയും അ തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർ വളരെ വിരളമാണ്. സ്വാർഥതയുടെ പര്യായമായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. എല്ലാ നന്മകളും തനിക്ക് സ്വന്തമാക്കണം. മറ്റുള്ളവരുടെ കാര്യം എന്തുമാകട്ടെ എന്നാണ് അവന്റെ ചിന്ത.

നബിﷺ പറഞ്ഞു: “വല്ലവനും നരകാഗ്‌നിയിൽനിന്നും വിദൂരമാകുവാനും സ്വർഗത്തിൽ പ്രവേശിക്കപ്പെടുവാനും മരണം അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ച നിലയ്ക്ക് സംഭവിക്കുവാനും ആഗ്രഹിക്കുന്നുെവങ്കിൽ ജനങ്ങൾ തന്നോട് എങ്ങനെ സമീപിക്കുവാൻ ആഗ്രഹിക്കുന്നുവോ അതുപോലെ അവൻ ജനങ്ങളോട് സമീപിക്കട്ടെ’’ (ബുഖാരി).

മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ചും ആരെയും സഹായിക്കാതെയും സ്വാർഥമതികളായി ജീവിക്കുന്നവർ ഈ പ്രവാചക വചനം ഓർക്കുക. സ്വർഗപ്രവേശം സാധ്യമാകണമെങ്കിൽ അന്യരിൽനിന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതെന്തോ അത് അവർക്കും നൽകുവാൻ തയ്യാറാവുക, അഥവാ പരസ്പര സഹായ സഹകരണത്തോടെ ജീവിക്കുക.