പഠിക്കുന്നതെന്തിന്?
പത്രാധിപർ
2024 മെയ് 25, 1445 ദുൽഖഅദ് 17

ഒരു പുതിയ അധ്യയനവർഷത്തിനു തുടക്കം കുറിക്കുകയായി. ജാതി-മത വ്യത്യാസമില്ലാതെ, സമ്പന്നരെന്നോ സാധാരണക്കാരെന്നോ വേർതിരിവില്ലാതെ എല്ലാ രക്ഷിതാക്കളുമിന്ന് തങ്ങളുടെ മക്കളുടെ പഠനകാര്യത്തിലും ഭാവിയിലും അതീവ തൽപരരാണ്. ഉപരിപഠനത്തിന് സീറ്റുകിട്ടാനുള്ള ശ്രമങ്ങൾ തകൃതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കെ.ജി വിദ്യാർഥികൾക്ക് പോലും പതിനായിരങ്ങൾ ഡൊണേഷൻ നൽകി അഡ്മിഷൻ തരപ്പെടുത്തുന്നു പലരും.
ഇതെല്ലാം എന്തിന് എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരമെന്താണ്? മക്കളുടെ നല്ല ഭാവിക്ക്! നല്ല ഭാവികൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഉയർന്ന ശമ്പളം ലഭിക്കുന്ന നല്ല ജോലി! അതിനപ്പുറം വല്ലതും? എന്റെ കുട്ടി നല്ല ഒരു മനുഷ്യനാകണം. സ്‌നേഹം, ദയ, കാരുണ്യം, വിട്ടുവീഴ്ച, സാഹോദര്യം, പരോപകാര മനഃസ്ഥിതി... തുടങ്ങിയ മാനുഷികഗുണങ്ങളെല്ലാം ഒത്തുചേർന്ന നല്ല ഒരു വ്യക്തിയായി എന്റെ കുട്ടി മാറണം. ഈയൊരു ചിന്തയിൽ മക്കളെ വളർത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന എത്ര രക്ഷിതാക്കളുണ്ട്?
ഈ ഗുണങ്ങളൊക്കെ ലഭിക്കുന്ന രൂപത്തിലാണോ നമ്മുടെ മക്കൾക്ക് ലഭിക്കുന്ന ഭൗതിക വിദ്യാഭ്യാസം? അങ്ങനെയുള്ളവരായി ഭാവിയുടെ വാഗ്ദാനമാകുന്ന വിദ്യാർഥികൾ വളരണം എന്ന ചിന്ത ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമുണ്ടോ? ‘കാട്ടാളനെ മനുഷ്യനാക്കുക’ എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ഏതോ മഹാൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അരങ്ങേറുന്ന ചില കാഴ്ചകൾ കാണുമ്പോൾ ‘മനുഷ്യനെ കാട്ടാളനാക്കുക’ എന്നതാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് തോന്നിപ്പോകും പലപ്പോഴും!
വർഷംതോറും അനേകം എഞ്ചിനീയർമാരും ഡോക്ടർമാരും ഐ.ടി വിദഗ്ധരുമൊക്കെ പഠനം കഴിഞ്ഞ് രംഗത്തിറങ്ങുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയും നേടി ആയിരങ്ങൾ പുറത്തിറങ്ങുന്നു. കണക്കും സയിൻസും ചരിത്രവും സാമ്പത്തികശാസ്ത്രവും ഭൂമിശാസ്ത്രവുമൊക്കെ അരച്ചുകലക്കി കുടിക്കുന്നവർക്ക് മാനുഷികമൂല്യങ്ങളുടെ ഒരു ശകലം പോലും തങ്ങളുടെ പഠനകാലത്ത് കിട്ടുന്നില്ല എങ്കിൽ ഈ എന്തിനീ വിദ്യാഭ്യാസം?
ചില ക്യാമ്പസുകളിൽനിന്ന് പുറത്തുവരുന്ന ചീഞ്ഞുനാറുന്നതും ഞെട്ടിക്കുന്നതുമായ വാർത്തകൾ വിദ്യാർഥി സമൂഹത്തിന്റെ കുത്തഴിഞ്ഞ പോക്കിനെയും അതിനെതിരെ കണ്ണടയ്ക്കുന്ന അധികൃതരെയുംസൂചിപ്പിക്കുന്നതാണ്. റാഗിംഗ് എന്ന ഓമനപ്പേരിൽ, അനുജനെപ്പോലെ കാണേണ്ട ജൂനിയർ വിദ്യാർഥികളെ മൃഗീയമായി പീഡിപ്പിക്കാനും ജീവഹാനി വരുത്താനും വരെ തയ്യാറാകുന്ന വിദ്യാർഥികൾ നൽകുന്ന സൂചനയെന്താണ്?
പല കോളേജ് ക്യാമ്പസുകളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും താവളമാണിന്ന്. ലൈംഗിക ആഭാസങ്ങളിലും അവർ പിന്നിലല്ല. പ്രണയദിനം ആഘോഷമാക്കി മാറ്റാനും നല്ല പ്രണയികൾക്ക് സമ്മാനം നൽകാനുംവരെ തയ്യാറായി സർക്കുലേഷൻ വർധിപ്പിക്കാൻ നോക്കുന്ന പത്ര മാധ്യമങ്ങൾ ഇവരുടെ ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കത്തിയും വടിവാളും ഹോസ്റ്റൽ മുറിയിൽ സൂക്ഷിച്ചുവെക്കാനും എതിർപാർട്ടിക്കാരനെ ‘ആവശ്യം’ വരുമ്പോൾ കൊത്തിനുറുക്കാനുമുള്ള ‘രാഷ്ട്രീയസാക്ഷരത’ അവർക്ക് ലഭിച്ചിട്ടുണ്ട്. സമരമെന്ന പേരിൽ എന്ത് ആഭാസവും കാണിക്കാനും സ്ഥാപനവും പൊതുമുതലുകളും നിർഭയം നശിപ്പിക്കാനുമുള്ള ലൈസൻസ് വിദ്യാർഥികൾക്ക് സ്വന്തം! ഇങ്ങനെയൊക്കെ കലാലയ ജീവിതം കഴിച്ചുകൂട്ടിയാൽ പരീക്ഷയിൽ ജയിക്കുമോ? പ്രശ്‌നമില്ല. കീശയിൽ കാശുണ്ടെങ്കിൽ ജയിക്കാനും സർട്ടിഫിക്കറ്റ് ലഭിക്കാനുമാണോ പണി! മാറണം, മാറ്റണം. പൂച്ചയ്ക്കാരു മണികെട്ടും എന്നതാണ് ചോദ്യം.
