ആത്മാർഥതയുടെ ആത്മാവില്ലാത്ത കർമങ്ങൾ നിഷ്ഫലം
പത്രാധിപർ
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

മതങ്ങളും അവയുടെ വിശ്വാസാചാരങ്ങളും കർമാനുഷ്ഠാനങ്ങളുമെല്ലാം ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്, മതത്തെയും മതചിഹ്നങ്ങളെയും ചൂഷണോപാധികളായി സ്വീകരിക്കുവാനും തങ്ങളുടെ അധാർമിക പ്രവർത്തനങ്ങൾ മറയ്ക്കപ്പെടുന്ന മുഖംമൂടിയായി അവയെ കൊണ്ടുനടക്കാനും എമ്പാടും ആളുകളുള്ള കാലം. ഇത്തരത്തിൽ, ആത്മാർഥതയുടെ കണികപോലുമില്ലാത്ത വിശ്വാസങ്ങൾകൊണ്ടും ആചാരാനുഷ്ഠാനങ്ങൾകൊണ്ടും ഭൗതികമായ നേട്ടങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഒരു യഥാർഥ സത്യവിശ്വാസി അവന്റെ വിശ്വാസമനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുന്നതും ആരാധനാകർമങ്ങൾ ചെയ്യുന്നതുമൊന്നും ഐഹികവിഭവങ്ങളെ കാമിച്ചുകൊണ്ടും മോഹിച്ചുകൊണ്ടുമായിരിക്കില്ല. ആകുവാൻ പാടില്ല. കാരണം, ഐഹികജീവിതത്തിന്റെ നിസ്സാരതയും നശ്വരതയും അല്ലാഹുവും അവന്റെ ദൂതനും മനസ്സിലാക്കിത്തന്നിട്ടുണ്ട്. വിശുദ്ധ ക്വുർആൻ പറയുന്നു:
“എന്നാൽ ആര് അതിരുകവിയുകയും ഇഹലോകജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം’’ (79:37-39). “സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാൽ നിലനിൽക്കുന്ന സൽകർമങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നൽകുന്നതും’’(16:46).
നബിﷺ പറഞ്ഞു: “പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതത്തിന്റെ ഉദാഹരണം, നിങ്ങളി ലൊരാൾ സമുദ്രത്തിൽ കൈവിരൽ മുക്കുന്നതുപോലെയാണ്. അതെന്താണ് തിരിച്ചുകൊണ്ടുവരുന്നതെന്ന് അവൻ നോക്കട്ടെ’’ (മുസ്‌ലിം, ഇബ്‌നുമാജ).
ഈ യാഥാർഥ്യം ഉൾകൊണ്ടുകൊണ്ടുള്ള വിശ്വാസവും തദടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും കാപട്യരഹിതമായിരിക്കും. ഐഹികജീവിത വിഭവസമാഹരണത്തിനായി വിശ്വാസത്തെയും സൽകർ മങ്ങളെയും ഉപയോഗിക്കാൻ അവർക്കു കഴിയില്ല. അങ്ങനെയായിരിക്കണം വിശ്വാസി എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ജനങ്ങളെ വഞ്ചിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സ്രഷ്ടാവിനെ വഞ്ചിക്കാൻ ആർക്കും
“നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിന്റെ പേരിൽ നിങ്ങളോട് കണക്ക് ചോദിക്കുകതന്നെ ചെയ്യും...’’ (2:264).
ഒരാൾ യഥാർഥ സത്യവിശ്വാസിയായിത്തീരുന്നത് അവന്റെ വിശ്വാസം ആത്മാർഥമായതാകുമ്പോഴാണ്; അവന്റെ സൽകർമങ്ങൾ കാപട്യത്തിന്റെ കലർപ്പിലാത്തതും ഉദ്ദേശ്യശുദ്ധിയുള്ളതുമാകുമ്പോഴാണ്. നബിﷺ പറഞ്ഞു: “നിശ്ചയമായും കർമങ്ങളെല്ലാം (സ്വീകരിക്കപ്പെടുന്നത്) അവയുടെ ഉദ്ദേശ്യമനുസരിച്ചാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചതാണ് ലഭിക്കുക’ (ബുഖാരി, മുസ്‌ലിം).
ആരാധനകൾ വെറും പുറം പൂച്ചായിക്കൂടെന്നും തികച്ചും ആത്മാർഥമായിരിക്കണമെന്നും
ഇസ്‌ലാം അനുശാസിക്കുന്നു: “പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാൽ കൽപിക്കപ്പെട്ടിട്ടുള്ളത്’’(39:11). ഇക്കാര്യം വിസ്മരിച്ചുകൊണ്ട് ഭൗതിക താൽപര്യങ്ങൾക്കുവേണ്ടി മതത്തെയും സൽകർമങ്ങളെയും ഉപയോഗപ്പെടുത്തുന്നവർക്ക് അല്ലാഹു താക്കീത് നൽകുന്നു: “എന്നാൽ തങ്ങളുടെ നമസ്‌കാരത്തിൽ ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കുവാൻവേണ്ടി പ്രവർത്തിക്കുന്നവരും പരോപകാര വസ്തുക്കൾ മുടക്കുന്നവരുമായ നമസ്‌കാരക്കാർക്കാകുന്നു നാശം’’ (107:47).
ഓരോ സത്യവിശ്വാസിയും വിശിഷ്യാ പ്രബോധകനും ജാഗ്രതപുലർത്തേണ്ട കാര്യമാണിത്. നമ്മൾ ചെയ്യുന്ന സൽകർമങ്ങൾ നമുക്ക് നേടിത്തരുന്നത് ശീക്ഷയാണെങ്കിൽ അതിനെക്കാൾ വലിയ ദൗർഭാഗ്യം മറ്റെന്താണുള്ളത്?
