മുനമ്പം വഖഫ് ഭൂമി പ്രശ്നം; വേണ്ടത് നീതിയുക്തമായ പരിഹാരം

പത്രാധിപർ

2024 നവംബർ 16, 1446 ജു. ഊലാ 14

വക്വ‌്‌ഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാൻ 2007ൽ വിഎസ് അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എം. എ. നിസാർ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

ഗുജറാത്തുകാരനായ അബ്ദുൽ സത്താർ സേട്ട് കൊച്ചിയിൽ എത്തുന്ന 1902ലാണ് മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം തുടങ്ങുന്നത്. തിരുവിതാംകൂർ മഹാരാജാവ് 406 ഏക്കർ ഭൂമി കൃഷി ആവശ്യത്തിനായി സേട്ടിന് പാട്ടത്തിന് കൊടുത്തു. 1948 ആയപ്പോഴേക്കും സത്താർ സേട്ടിന്റെ പിൻഗാമിയായ സിദ്ദീഖ് സേട്ടിന്റെ പേരിൽ ആ ഭൂമി രാജാവ് തീറാധാരം ചെയ്തു നൽകി. കേരളപ്പിറവക്ക് മുൻപാണ് ഇതൊക്കെ സംഭവിക്കുന്നത്.

മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 1948 ഓഗസ്റ്റ് 12ന് തുടക്കം കുറിച്ച കോഴിക്കോട്ടെ ഫറൂഖ് കോളേജിന് മുനമ്പത്തെ ഭൂമി സിദ്ദീഖ് സേട്ട് വക്വ‌്‌ഫ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് ഒരു വസ്തു അങ്ങനെത്തന്നെ നിലനിർത്തിക്കൊണ്ട് അതിന്റെ വരുമാനവും അതുകൊണ്ടുള്ള ഗുണവും എന്തെങ്കിലും ഒരു പ്രത്യേക നന്മക്ക് വേണ്ടി, അല്ലെങ്കിൽ പൊതുനന്മകൾക്ക് വേണ്ടി നിശ്ചയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് വക്വ‌്‌ഫിന്റെ താൽപര്യം.

ഇവിടുത്തെ ലക്ഷ്യം ഫറൂഖ് കോളേജിന്റെ വിദ്യാഭ്യാസ പുരോഗതിയായിരുന്നു. 1950 നവംബർ 1ന് എടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കോളേജിന് ഈ ഭൂമി ആവശ്യമല്ലാതെ വരുന്ന ഘട്ടത്തിൽ സിദ്ദീഖ് സേട്ടിനോ അദ്ദേഹത്തിന്റെ അവകാശികൾക്കോ ഭൂമി തിരിച്ച് നൽകണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം. വെല്ലുവിളികൾ നിറഞ്ഞ കോളേജിന്റെ മുന്നോട്ടുള്ള പോക്കിൽ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ടോ എന്തോ ഫറൂഖ് കോളേജ് മാനേജ്മെന്റ് എറണാ കുളം ജില്ലയിലുള്ള മുനമ്പത്തെ ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല എന്നും ഫറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എംവി പോളും അഡ്വ. മൈക്കിളും ആയിരുന്നു ഭൂമി നോക്കിനടത്തിയിരുന്നത് എന്നും അവർക്ക് ഫറൂഖ് കോളേജ് പവർ ഓഫ് അറ്റോണി നൽകിയെന്നും അതുവെച്ച് അവർ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി കൈമാറ്റം ചെയ്തുവെന്നുമാണ് പറയപ്പെടുന്നത്.

23 സ്ഥലങ്ങളിലായി 600 ഏക്കർ വക്വ‌്‌ഫ് സ്വത്തുകൾ അന്യാധീനപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു നിസാർ കമ്മീഷന്റെ കണ്ടെത്തൽ. അതിൽ ഏറ്റവും കൂടുതൽ കയ്യേറ്റം നടന്നതായി കണ്ടെത്തിയത് മുനമ്പത്താണ്. 407 ഏക്കറിൽ 188 ഏക്കർ വിൽപന നടത്തിയതായാണ് കണ്ടെത്തൽ. 22 ഏക്കർ കടലെടുത്തു. 196 ഏക്കർ ബാക്കി കിടപ്പുണ്ടെന്നും പറയുന്നു. ഈ റിപ്പോർട്ട് 2010ൽ അംഗീകരിച്ച സർക്കാർ തുടർനടപടികൾക്ക് നിർദേശം നൽകി.

വക്വ‌്‌ഫ് സംരക്ഷണ സമിതിയെന്ന കൂട്ടായ്മയാണ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹർജിയുടെ അടിസ്ഥാനത്തിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് ഹൈക്കോടതി 2016ൽ സർക്കാരിന് നിർദേശം നൽകി. മനുഷ്യവകാശ പ്രശ്നമെന്ന നിലയിൽ മുനമ്പത്തുകാർക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നൽകിയെങ്കിലും വക്വ‌്‌ഫ് സംരക്ഷണ സമിതിക്കാരുടെ ഹർജിയിൽ സർക്കാർ തീരുമാനത്തിന് കോടതി സ്റ്റേ നൽകി.

വർഗീയതയും ഭിന്നിപ്പും സമൂഹത്തിലുണ്ടാക്കി മുതലെടുപ്പു നടത്താനുള്ള ശ്രമം ഈ വിഷയത്തിലും സജീവമായി നടക്കുന്നുണ്ട്. അതിന് വളം വെച്ചുകൊടുക്കാതിരിക്കാൻ പൊതുസമൂഹം ശ്രദ്ധിക്കണം. ഉത്തരവാദപ്പെട്ടവർ നീതിയുക്തമായ പരിഹാരം കാണാൻ അമാന്തം കാണിച്ചുകൂടാ.