പ്രമാണങ്ങളെ പിൻപറ്റുന്നവരാണ് വിശ്വാസികൾ

പത്രാധിപർ

2024 ജൂൺ 01, 1445 ദുൽഖഅദ് 24

ഏതൊരു ആരാധനയും അല്ലാഹുവിങ്കൽ സ്വീകാര്യമാകണമെങ്കിൽ അന്യൂനമായ വിശ്വാസവും ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയും അനിവാര്യമാണ്. ഖേദകരമെന്നു പറയട്ടെ; ഇന്ന് പലരും ഹജ്ജിന് പോകാൻ സമയമായാൽ ആദ്യം ചെയ്യുന്നത് വിവിധ ജാറങ്ങൾ സന്ദർശിച്ച് ക്വബ്‌റാളികളോട് പ്രാർഥിക്കുകയും അവരുടെ അനുഗ്രഹങ്ങൾ തേടുകയുമാണ്. അല്ലാഹുവിന്റെ ഭവനത്തിലേക്കുള്ള യാത്ര സുരക്ഷിതവും സഫലവുമായിത്തീരാൻ അവന്റെ സൃഷ്ടികളോട് പ്രാർഥിക്കുന്നതിലെ വിരോധാഭാസത്തെക്കുറിച്ച് ചിന്തിക്കുക. ക്വുർആനിന്റെ അധ്യാപനങ്ങൾക്കും ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങൾക്കും എതിരായ ഈ പ്രവർത്തനം ചെയ്തുകൊണ്ട് ഹജ്ജ്‌ യാത്ര തുടങ്ങിയാൽ ലഭിക്കുക ന ഷ്ടമോ നേട്ടമോ? അല്ലാഹു പറഞ്ഞു:

“പള്ളികൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാർഥിക്കരുത്’’ (72:18). “(നബിയേ,) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല’’(72:20).

“നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്’’(2:186).

ഹജ്ജിന്റെ കർമങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണവ നിർവഹിക്കേണ്ടതെന്നും മനസ്സിലാക്കേണ്ടത് ക്വുർആനിൽനിന്നും നബിചര്യയിൽനിന്നുമാണ്. ദൗർഭാഗ്യവശാൽ നിരവധിയാളുകൾ ഇതിനായി അവലംബിക്കുന്നത് ചില ‘മനാസിക്’ ഗ്രന്ഥങ്ങളാണ്. അവയിലാകട്ടെ ക്വുർആനിലോ ഹദീസിലോ ഇല്ലാത്ത, ആരോ എഴുതിയുണ്ടാക്കിയ പ്രാർഥനകളായിരിക്കും കൂടുതൽ. ഈ പ്രാർഥനകൾ മനഃപാഠമാക്കിയോ പുസ്തകം നോക്കിയോ ഉരുവിട്ടാലേ ഹജ്ജ് സ്വീകാര്യമാകൂ എന്ന് തെറ്റായി മനസ്സിലാക്കിയവരാണ് നമ്മുടെ നാട്ടിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ നല്ലൊരു ശതമാനവും.

ഹജ്ജിലെ സുപ്രധാനമായ ഒരു കർമമാണ് അറഫയിലെ നിറുത്തം. നബിﷺ സൂര്യൻ അസ്തമിക്കുന്നതുവരെ അവിടെ നിൽക്കുകയും അസ്തമയശേഷം അവിടെനിന്ന് മഗ്‌രിബ് നമസ്‌കരിക്കാതെ പുറപ്പെടുകയും മുസ്ദലിഫയിൽ ചെന്നിട്ട് മഗ്‌രിബും ഇശാഉം ഒന്നിച്ച് നമസ്‌കരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ പലരും ഇതിനെതിരായി പ്രവർത്തിക്കാറുണ്ട്. അറഫയിൽ മഗ്‌രിബ് നമസ്‌കരിക്കുന്നതും മഗ്‌രിബിന് മുമ്പ് അവിടെനിന്ന് പുറപ്പെടുന്നതും നബിചര്യക്ക് വിരുദ്ധമാണ്. ഹജ്ജിലെ ബലികർമം നബിﷺ നിർവഹിച്ചിരുന്നത് ദുൽഹിജ്ജ പത്തിനായിരുന്നു. അതിനുമുമ്പ് നബിﷺയോ സ്വഹാബിമാരോ ബലിയറുത്തിട്ടില്ല. പക്ഷേ, സ്വകാര്യ ഹജ്ജ്ഗ്രൂപ്പുകളെ നയിക്കുന്ന ചില പുരോഹിതന്മാർ പത്തിനു മുമ്പായി ബലിയറുക്കാൻ പ്രേരിപ്പിക്കാറുണ്ട്; അങ്ങനെ പലരും ബലിയറുക്കാറുമുണ്ട്.

ജംറകളിൽ കടലമണിയുടെ വലുപ്പത്തിലുള്ള കല്ലുകൊണ്ട് എറിയലാണ് നബിചര്യ. എന്നാൽ പലരും വലിയ കല്ലുകൾകൊണ്ടും ചെരിപ്പുകൊണ്ടും വരെ എറിഞ്ഞ് നബിചര്യക്ക് എതിരു പ്രവർത്തിക്കുന്നത് കാണാം. മസ്ജിദുൽ ഹറാമിൽ വെച്ചുള്ള ഒരു നമസ്‌കാരത്തിന് ഒരു ലക്ഷം നമസ്‌കാരത്തിന്റെ പുണ്യം ലഭിക്കുമെന്നിരിക്കെ അവിടെയുള്ള നമസ്‌കാരത്തിനും ത്വവാഫിനും പ്രാർഥനക്കും ക്വുർആൻ പാരായണത്തിനുമുള്ള അവസരം നഷ്ടപ്പെടുത്തി ഗുഹകളും യുദ്ധം നടന്ന സ്ഥലങ്ങളും കാണാനും ജിദ്ദയിൽ ചുറ്റിയടിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനുമായി സമയം ധാരാളം ചെലവഴിക്കുന്നവരുണ്ട്. അല്ലാഹു നൽകുന്ന അളവറ്റ പ്രതിഫലം ആഗ്രഹിച്ച് പരിശുദ്ധ നാട്ടിലെത്തിയവർ അത് നേടിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാൽ അത് നികത്താനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും; തീർച്ച.