ധർമനിഷ്ഠ കൈവെടിയാതെ ജീവിക്കുക
പത്രാധിപർ
2024 മാർച്ച് 16, 1445 റമദാൻ 06

ഇസ്‌ലാം ധാർമിക, സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായ മതമാണ്. ഉത്തമമായ എല്ലാ സ്വഭാവഗുണങ്ങളും അത് പഠിപ്പിക്കുന്നു. ഇസ്‌ലാം മാനവികമായ എല്ലാ ഗുണങ്ങളെയും ഉൾക്കൊള്ളുന്നു. അമാനവികമായ എല്ലാ ദുർഗുണങ്ങളെയും നിരാകരിക്കുന്നു. മനുഷ്യാവകാശങ്ങളെ അത് മാനിക്കുന്നു. നീതി പാലിക്കുവാനും അക്രമത്തിന്റെ പാത വെടിയുവാനും കൽപിക്കുന്നു.
നാം ജീവിക്കുന്ന സമൂഹത്തിൽ നിരവധി തിന്മകളും അധർമങ്ങളും കണ്ടുവരുന്നു. ദൈവത്തിനുമാത്രം അവകാശപ്പെട്ട ആരാധനകൾ ദൈവേതരർക്ക് അർപ്പിക്കപ്പെടുന്നു. അഴിമതി, അക്രമം, സ്വജനപക്ഷപാതം, ചൂഷണം, പിടിച്ചുപറി, മദ്യപാനം, വ്യഭിചാരം... തുടങ്ങി ദൈവവും ദൈവദൂതനും വിലക്കിയ പലതും ഇവിടെ അരങ്ങുതകർക്കുന്നതായി നാം കാണുന്നു. ഇവയൊക്കെ അക്രമവും അധർമവുമാണെന്നറിഞ്ഞിട്ടും അവയ്‌ക്കെതിരെ പ്രതികരിക്കാതിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഞാൻ അതിലൊന്നിലും പങ്കു ചേരുന്നില്ലല്ലോ എന്ന ചിന്തയാണ്.
നമ്മെയും നേരിട്ട് ബാധിക്കാത്ത തെറ്റ്, ചെയ്യുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കുമെന്ന് നാം കണക്കു കൂട്ടുന്നു. എന്നാൽ വസ്തുത അങ്ങനെയല്ല. അല്ലാഹു പറയുന്നു: “ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളിൽനിന്നുള്ള അക്രമികൾക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക’’ (ക്വുർആൻ 8:25).
വിശ്വാസം ഒരുവഴിക്കും ജീവിതം മറ്റൊരു വഴിക്കും എന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. മറിച്ച് സത്യവിശ്വാസത്തിന്റെ സ്വാഭാവിക ഉൽപന്നമായ ധാർമികതയുടെ പാതയിലൂടെയാണ് ജീവിതം നയിക്കേണ്ടത്.
പ്രാർഥനയും സ്വഭാവ നൈർമല്യവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: “താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. ഭൂമിയിൽ നന്മ വരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർഥിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമകാരികൾക്ക് സമീപസ്ഥമാകുന്നു’’ (ക്വുർആൻ 7:55,56).
വിശ്വാസ ഭംഗത്തിന്റെയും അധാർമികതയുടെയും വിവിധ വശങ്ങൾ പ്രതിപാദിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “അന്യായമായി നിങ്ങൾ അന്യോന്യം സ്വത്തുക്കൾ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽനിന്ന് വല്ലതും അധാർമികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങള തുമായി വിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്’’ (2:188).
“വിശ്വസിച്ചേൽപിക്കപ്പെട്ട സ്വത്തുക്കൾ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്നും ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പുകൽപിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പുകൽ പിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവൻ നിങ്ങൾക്ക് നൽകുന്നത്...’’ (4:58).
കച്ചവടരംഗത്ത് പാലിക്കേണ്ട ധാർമികതയെക്കുറിച്ച് അല്ലാഹു ഉണർത്തുന്നു: “നിങ്ങൾ അളവു പൂർത്തി യാക്കികൊടുക്കുക. നിങ്ങൾ (ജനങ്ങൾക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്. കൃത്രിമമില്ലാത്ത തുലാസുകൊണ്ട് നിങ്ങൾ തൂക്കുക. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്’’ (26:181-183).
ഇത്തരത്തിൽ ജീവിതത്തിൽ പാലിക്കേണ്ടതായ ഒരുപാട് ഉദാത്ത മൂല്യങ്ങൾ ഇസ്‌ലാം അനുശാസി ക്കുന്നുണ്ട്. അതെല്ലാം പ്രാവർത്തികമാക്കിക്കൊണ്ട് റമദാനിലെ നോമ്പിന്റെ സമ്പൂർണമായ പ്രതിഫലം നേടിയെടുക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്.

