മാധവ്ഗാഡ്ഗിലും കസ്തൂരിരംഗനും പിന്നെ പശ്ചിമഘട്ടവും
പത്രാധിപർ
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

പശ്ചിമഘട്ടം മലനിരകളും മാധവ്ഗാഡ്ഗിലും കസ്തൂരിരംഗനുമൊക്കെ വയനാട് ദുരന്തശേഷം വലിയ ചർച്ചാവിഷയമായിത്തീർന്നിരിക്കുകയാണ്.
ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ മേഖലകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തര സംരക്ഷണ ഇടപെടലുകൾ ആവശ്യമുള്ളതുമായ 34 കേന്ദ്രങ്ങളെ ഐക്യരാഷ്ട്ര സംഘടന നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ വിശദമായ പഠനത്തിന് നിശ്ചയിച്ച ഒന്നാണ് നമ്മുടെ പശ്ചിമഘട്ടം. ലോകത്ത് അതീവ പ്രാധാന്യമുള്ള എട്ട് ജൈവ വൈവിധ്യമേഖലയിലും ഏറ്റവും പ്രധാനപ്പെട്ടതാണ് പശ്ചിമഘട്ടം. അടുത്തകാലത്ത് ലോകപൈതൃകപദവിയും ഇതിന് ലഭിച്ചു. ഇന്ത്യൻ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്നായ 40 കോടി മനുഷ്യരുടെ ജീവിതത്തിന്റെ അടിത്തറ പണിതിരിക്കുന്നത് പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയുടെ ജലവിഭവശേഷിയെ നിയന്ത്രിക്കുന്ന ഏറ്റവും വലിയഘടകം പശ്ചിമഘട്ടമാണ്.
ബ്രിട്ടീഷുകാരുടെ വരവോടെ ആരംഭിച്ച യന്ത്രവത്കൃത കൃഷി, പ്ലാന്റേഷനുകൾ, രാസവളകീടനാശിനി പ്രയോഗങ്ങൾ, വൻതോതിലുള്ള വനനശീകരണം, വലിയ അണക്കെട്ടുകളുടെ നിർമിതി, വൈദ്യുതി പദ്ധതികളുടെ ആവിർഭാവം, ടാർറോഡുകളുടെയും മോട്ടോർ വാഹനങ്ങളുടെയും കടന്നുവരവ്, കാട്ടിനകത്തെ കന്നുകാലി വളർത്തൽ സെറ്റിൽമെന്റ് കോളനികൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഫോറസ്റ്റ് ബംഗ്ലാവുകൾ, വനത്തിനകത്തെ വനം വകുപ്പ് ഓഫീസുകൾ, കാട്ടിനകത്തെ ആരാധനാലയ ങ്ങളിലേക്കുള്ള ജനപ്രവാഹം, വിനോദസഞ്ചാരികളുടെ അനിയന്ത്രിതവും അധാർമികവുമായ കടന്നുവരവ്, പ്ലാസ്റ്റിക്കിന്റെയും മദ്യത്തിന്റെയും സാർവത്രികമായ ഉപയോഗം ഇവയൊക്കെ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികമായ നിലനിൽപിനെ അപകടപ്പെടുത്തിയിട്ടുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.
പശ്ചിമ ഘട്ടത്തിൽ സംഭവിക്കുന്ന ഏത് പാരിസ്ഥിതിക തകർച്ചയുടെയും ആദ്യത്തെ ഇരകൾ അവിടെ താമസിക്കുന്ന ജനങ്ങൾ തന്നെയായിരിക്കുമല്ലോ.
കേരളം മുതൽ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക അവസ്ഥകളെ പഠിച്ച് അതിന്റെ സംരക്ഷണത്തിനാവശ്യമായ നിർ
ദേശങ്ങൾ സമർപ്പിക്കാൻ യു.പി. എ സർക്കാരാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിനെ അധ്യക്ഷനാക്കി പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി രൂപീകരിച്ചത്. 2011ൽ 13 ശാസ്ത്രജ്ഞർ അടങ്ങിയ ഗാഡ്ഗിൽ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പൊതുസ്ഥലം സ്വകാര്യസ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാർഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും നിർദേശിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മുമ്പ് പാരിസ്ഥിതിക പഠനങ്ങൾ നടത്തണമെന്നും കെട്ടിടങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കപ്പെടണമെന്നും നിർമാണരംഗങ്ങളിൽ പുതിയ രീതികളും ചട്ടങ്ങളും നടപ്പാക്കണമെന്നും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
പശ്ചിമ ഘട്ടത്തിന്റെ 64 ശതമാനവും പരിസ്ഥിതിലോലമെന്നു കണ്ടെത്തിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികമാണെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് 2012 ആഗസ്റ്റിൽ മുൻ ഐ.എസ്.ആർ.ഒ. ചെയർമാനായ ഡോ.കെ.കസ്തൂരിരംഗൻ അധ്യക്ഷനായ മറ്റൊരു കമ്മീഷനെ യു.പി. എ സർക്കാർ നിയോഗിച്ചത്. ഗാഡ്ഗിൽ കമ്മിറ്റിയുടെ കർശനമായ നിർദേശങ്ങൾ ഒഴിവാക്കി കസ്തൂരിരംഗൻ പശ്ചിമ ഘട്ടത്തിലെ 37 ശതമാനം പ്രദേശങ്ങളെ മാത്രം പരിസ്ഥിതി ലോല പ്രദേശങ്ങളായി നിജപ്പെടുത്തി. വിനാശകരമായ പ്രവർത്തനങ്ങൾക്ക് എതിരായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടും എന്നതിനാൽ ഈ റിപ്പോർട്ടും കേരളത്തിലെ പശ്ചിമഘട്ട ജില്ലകളിലെ കുടിയേറ്റ രാഷ്ട്രീയക്കാരെ തൃപ്തിപ്പെടുത്തിയില്ല. ബിസിനസ് താൽപര്യക്കാരുടെ താളത്തിനൊത്തുള്ള തുള്ളൽ ഭരണകൂടം തുടരുകതന്നെയാണെങ്കിൽ അതിന്റെ പ്രത്യാഘാതം കേരളത്തിനു താങ്ങാൻ കഴിയണമെന്നില്ല.
