ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കും കാലം!

പത്രാധിപർ

2024 നവംബർ 23, 1446 ജു. ഊലാ 21

അക്രമം കാട്ടുന്ന ഭ്രാന്തന്മാരെ ചങ്ങലക്കിടാം. എന്നാൽ ചങ്ങലക്കുതന്നെ ഭ്രാന്തു പിടിച്ചാലോ? രാജ്യം ഭരിക്കുന്ന ഭരണാധികാരികളും നിയമപാലകരും നീതിപീഠവും ഉന്നതോദ്യോഗസ്ഥരുമെല്ലാം ഏതെങ്കിലും മതത്തിന്റെ പക്ഷം ചേർന്ന് അവരുടെ സ്വന്തക്കാരായി വർത്തിക്കുകയും മറ്റുള്ളവരെ ശത്രുപ ക്ഷക്കാരായി കാണുകയും അവർക്ക് നീതി നിഷേധിക്കുകയും അവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുവാനൊരുങ്ങിയാൽ എന്തായിരിക്കും നാടിന്റെ അവസ്ഥ? അങ്ങനെയൊരവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർഥിക്കാം.

എന്നാൽ അത്തരം ദുരവസ്ഥയിലേക്ക് നമ്മുടെ രാജ്യം പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വർഷങ്ങളായി പുറത്തുവരുന്ന ഒട്ടേറെ സംഭവവികാസങ്ങൾ തെളിവാണ്. ജനങ്ങളെ ജാതിയും മതവും ഭാഷയും പറഞ്ഞ് ഭിന്നിപ്പിച്ചും തങ്ങളുടെ നിലനിൽപിനുതന്നെ ചിലർ ഭീഷണിയാണെന്നു പറഞ്ഞ് ഒന്നിച്ചു കഴിയുന്നവരെ ശത്രുക്കളാക്കി മാറ്റിയും ഭരണം ഉറപ്പിക്കുന്നവർ ഭ്രാന്തുപിടിച്ച ചങ്ങലകളാണെന്നതിൽ സംശയമില്ല.

ജനാധിപത്യ ഇന്ത്യയിലെ ഉന്നത ഉദ്യോഗം വഹിക്കുന്നവരാണ് ഐഎഎസ്, ഐപിഎസ് ഡിഗ്രി കരസ്ഥമാക്കിയവർ. ഭരണ സിരാകേന്ദ്രങ്ങളിലെ കുഞ്ചികസ്ഥാനം വഹിക്കുന്നവരാണവർ. വർഗീയ ചിന്താഗതിക്കാരായി അവർ മാറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് മാരകമായിരിക്കും. ജോലിയിൽനിന്നും വിരമിച്ച ശേഷം ഇത്തരം ചില വമ്പന്മാർ തങ്ങളുടെ തിനിനിറം കാണിച്ചതായി നമുക്കറിയാം. എന്നാൽ കേരളത്തിൽ ഇത്തരം ചിന്താഗതിക്കാരായ ഉന്നതർ ജോലിചെയ്യുന്നതായി ബോധ്യപ്പെടുത്തുന്നതാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മതാടിസ്ഥാനത്തിൽ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവം.

മതാടിസ്ഥാനത്തിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്‌സ്ആപ് ഗ്രൂപ്പ് സൃഷ്ടിക്കുകയും പിടിക്കപ്പെടുമെന്നായപ്പോൾ തെളിവ് നശിപ്പിക്കുകയും ചെയ്തത് വ്യവസായ ഡയറക്ടറായ കെ. ഗോപാലകൃഷ്ണനാണ്. അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തെങ്കിലും വാട്‌സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയ ആരുടെയെങ്കിലും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്ന വിചിത്ര നിലപാടിലാണ് പൊലീസ്. സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ വർഗീയ ചേരിതിരിവും ഭിന്നതയും അനൈക്യവും ഉണ്ടാക്കാനും ഐക്യം തകർക്കാനും ഉദ്ദേശിച്ചാണ് ഗോപാലകൃഷ്ണൻ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയതെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

സർവിസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ‘ഹിന്ദു മല്ലു ഓഫിസേഴ്‌സ്’ ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇത് വിവാദമായതോടെ അത് ഡിലീറ്റ് ചെയ്ത് തൊട്ടടുത്ത ദിവസം മുസ്‌ലിം മതവിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ‘മല്ലു മുസ്‌ലിം ഓഫിസേ ഴ്‌സ്’ എന്ന മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി ഡിലീറ്റ് ചെയ്തു. ഫോൺ ഹാക്ക് ചെയ്ത് തന്റെ ഫോണിലെ നമ്പ റുകൾ 11 വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് ഗൂഗിളും മെറ്റയും ഇന്റർനെറ്റ് സേവന ദാതാവും നൽകിയ റിപ്പോർട്ട്. ഹാക്കിങ് നടന്നിട്ടില്ലെന്ന ഫോറൻസിക് പരിശോധന ഫലവും പൊലീസിന് ലഭിച്ചി ട്ടുണ്ട്. ഗൗരവമേറിയ സംഭവമായിട്ടും ഗോപാലകൃഷ്ണൻ നാല് ദിവസം കഴിഞ്ഞാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഫോണുകൾ ഫോർമാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയത്. ഇതെല്ലാം അവഗണിച്ചാണ് കേസെടുക്കാതെ ഗോപാലകൃഷ്ണന് സർക്കാർ സംരക്ഷ ണമൊരുക്കുന്നത്.

ഹാക്കിങ് നടന്നിട്ടില്ലെന്ന് ഉറപ്പിച്ചെങ്കിലും, പരിശോധനയ്ക്കായി കൈമാറുന്നതിനു മുമ്പ് ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയതിൽ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാനാവില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമോപദേശം ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് കേസെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നത്.