‘അധികാരപീഠങ്ങൾ’

പത്രാധിപർ

2024 മെയ് 04, 1445 ശവ്വാൽ 25

ഏതൊരു ചടങ്ങിനും ഒരു മന്ത്രിയുടെ സാന്നിധ്യം വേണമെന്നത് നമ്മുടെ നാടിന്റെ ദുരവസ്ഥയാണ്. മന്ത്രി വന്നാലേ പബ്ലിസിറ്റി കിട്ടുകയുള്ളൂ എന്നതുതന്നെ കാരണം. ഒരു പരിപാടി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രതിനിധികൾ വരണമെങ്കിൽതന്നെ മന്ത്രിയുടെ സാന്നിധ്യം വേണം. മന്ത്രിയുണ്ടെന്നതിനാൽ റിപ്പോർട്ട് ചെയ്യാൻ വരുന്ന മാധ്യമപ്രതിനിധികൾ മന്ത്രി വരുന്നില്ലെന്നറിഞ്ഞാൽ അപ്പോൾത്തന്നെ സ്ഥലംവിടും. അതുകൊണ്ട് സമ്മേളനവിവരം രണ്ടു വരിയെങ്കിലും അച്ചടിച്ചു വരണമെങ്കിൽ മന്ത്രിയുടെ സാന്നിധ്യം അവശ്യഘടകമായി മാറിയിരിക്കുന്നു. സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യാൻ സാഹിത്യമെന്തന്നറിയാത്ത മന്ത്രിയെ ക്ഷണിക്കും. പണ്ഡിത സമ്മേളനത്തിന് നാലാം ക്ലാസുവരെ പഠിച്ച മന്ത്രിയായാലും കുഴപ്പമില്ല. ചില മന്ത്രിമാരാകട്ടെ എല്ലാ പരിപാടികളും ഏൽക്കും. വന്നെത്തുന്നതോ പലപ്പോഴും മണിക്കൂറുകൾ താമസിച്ചായിരിക്കും. ചിലപ്പോൾ വന്നില്ലെന്നും വരും. ജനം മണിക്കൂറുകളോളം മന്ത്രിയെ കാത്തിരിക്കും.

ഇത്തരം ദുരവസ്ഥകൾക്കെതിരിൽ ശക്തമായി തൂലിക ചലിപ്പിച്ച കവിയായിരുന്നു ചെമ്മനം ചാക്കോ. വിമർശനഹാസ്യം കുറിക്കുകൊള്ളുന്ന രീതിയിൽ പ്രയോഗിച്ച, സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പൊതുവിഷയങ്ങളിലും ദുർഭരണത്തിനെതിരിലും ഭയലേശമന്യെ രചന നിർവഹിച്ച കവി.

കവിയും ഈ രാജ്യത്തെ ഒരു പ്രജയാണ്. പ്രജ എന്ന നിലയിൽ ഏതെങ്കിലും ഒരു മന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ കവി സെക്രട്ടറിയേറ്റിലെത്തുന്നു. അപ്പോഴുണ്ടാകുന്ന ദുരനുഭവമാണ് അദ്ദേഹത്തിന്റെ ‘അധികാരപീഠങ്ങൾ’ എന്ന കവിതയിലെ ഭാവന.

ആദ്യം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തന്നെ കിട്ടുമോ എന്ന് നോക്കി. ചേംബറിൽ മുഖ്യമന്ത്രി എത്തിയിട്ടില്ല. ക്ലോക്ക് രാവിലെ പതിനൊന്നിന്റെ സംഗീതം പാടി രസിക്കുന്നു. മുഖ്യമന്ത്രി വടക്കെങ്ങോ ഒരു മാമോദീസച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. മുഖ്യമന്ത്രി ഇല്ലെങ്കിൽ റവന്യൂമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിച്ചപ്പോൾ അദ്ദേഹവും സ്ഥലത്തില്ല. പാർട്ടിയുടെ പ്ലീനത്തിനു പോയിരിക്കുകയാണ്. കാളച്ചന്തയുടെ ഉദ്ഘാടനത്തിനു പോയിരിക്കുന്നതിനാൽ ആരോഗ്യമന്ത്രിയെയും കാണാൻ പറ്റിയില്ല. ധനമന്ത്രിയും വനംമന്ത്രിയും രണ്ടറ്റത്തുനിന്നും പിടിച്ച് ഒരു വടംവലി ഉദ്ഘാടനം ചെയ്യാൻ പോയിരിക്കുകയാണ്. കളിയുടെ മന്ത്രി പ്രിവ്യൂ കാണാൻ പോയിരിക്കുന്നു എന്ന കാര്യം രഹസ്യമാണ്. സ്വയം തൊഴിൽ നൽകുന്ന യുവമേള ഉദ്ഘാടനം ചെയ്യാൻ ഭക്ഷ്യമന്ത്രി പോയിരിക്കുന്നു. കൃഷി മന്ത്രിയെപ്പറ്റിപ്പറയേണ്ട; കാരണം അദ്ദേഹം കസേരയിൽ ഇരുന്നല്ലല്ലോ കൃഷി ചെയ്യേണ്ടത്. മരാമത്തുമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സ്ഥലത്തില്ല. തൊഴിൽമന്ത്രി സ്വന്തം നാട്ടിൽ പോയിരിക്കുകയാണ്. അങ്ങനെ കവിക്ക് ഒരു മന്ത്രിയെയും കാണാൻ കഴിഞ്ഞില്ല. കവി എന്ത് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രിയെ ക്ഷണിക്കാൻ വന്നതെന്ന് വ്യക്തമാക്കുന്ന വരികളിലൂടെയാണ്, ഭരണം നടത്തേണ്ടവർ അതിനു സമയം കണ്ടെത്താതെ സകലവിധ ഉദ്ഘാടനങ്ങൾക്കുമായി ഊരുചുറ്റുന്നതിലെ ബാലിശത വ്യക്തമാക്കുന്നത്. അത് ഇപ്രകാരം വായിക്കാം:

‘ഏഴെട്ടു തച്ചു നൽകി, താൻ
കോഴിക്കൂടൊന്നു തീർത്തതും
ആരെക്കൊണ്ടിനി ഞാനൊന്ന-
തുദ്ഘാടിക്കും ജനങ്ങളേ?’

പുസ്തകം കാണുന്നതേ അലർജിയായി കരുതുന്ന ഒരു മരാമത്ത് വകുപ്പു മന്ത്രി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്ത് നല്ലൊരു രാഷ്ട്രീയ പ്രസംഗം നടത്തി. അവസാനം സാഹിത്യകാരന്മാർക്ക് ഒരു ഉപദേശം; ഗ്രന്ഥം രചിക്കുമ്പോൾ രാജ്യതാൽപര്യം മറന്നുപോകരുത്. മന്ത്രിയുടെ ഉപദേശത്തിന് കവി ഇങ്ങനെ മറുപടി നൽകുന്നു:

“പൂജ്യനാം സചിവന്റെ
ചൊല്ലു ഞാൻ മാനിക്കുന്നു;
രാജ്യകാര്യങ്ങൾ നോക്കും
മാതൃകാ മാന്യർകൂടി
രാജ്യതാത്പര്യം തെല്ലും
മറക്കാതിരുന്നെങ്കിൽ!
സന്തതം പ്രലോഭന-
ലോലരായൂർ ചുറ്റാതെ
സ്വന്ത കർത്തവ്യം ചെയ്യാൻ
ശ്രദ്ധവച്ചിരുന്നെങ്കിൽ...’’