നാളെ എന്തു സംഭവിക്കും?

പത്രാധിപർ

2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

ഭാവിയെപ്പറ്റി ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്. നല്ലൊരു ജോലി ലഭിക്കുമോ, വിവാഹം എന്നു നടക്കും, തന്റെ ആശകളെല്ലാം സഫലമാകുമോ, ദീർഘായുസ്സുണ്ടാകുേമാ, വല്ല വിപത്തും നേരിടേണ്ടിവരുമോ... ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉള്ളിൽ വെച്ചുകൊണ്ടു നടക്കുന്നവനാണ് മനുഷ്യൻ. അതിന്റെയെല്ലാം ഉത്തരമറിയാൻ അടങ്ങാത്ത കൊതി അവനുണ്ടായിരിക്കും. അതുകൊണ്ടുതന്നെ അതെല്ലാം പ്രവചിക്കുന്നവരുണ്ടെന്നു കേൾക്കുമ്പോൾ അവരുടെയടുക്കലേക്ക് അവൻ ഓടിച്ചെല്ലുന്നു!

ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെല്ലാം മനുഷ്യൻ കുതിച്ചുയരുമ്പാഴും അന്ധവിശ്വാസത്തിന്റെ രംഗത്തും വലിയ വളർച്ചയാണ് കാണിക്കുന്നത് എന്ന കാര്യം ലജ്ജാവഹമാണ്. സമ്പത്തുണ്ടാകാൻ ഞാൻ ജപിച്ച് നൽകുന്ന മാന്ത്രിക ഏലസ്സ് കെട്ടിയാൽ മതി, അതിന്റെ കാശ് ഗൂഗിൾ പേ ചെയ്ത് വിലാസം അയച്ചുതന്നാലുടൻ ഏലസ്സ് അയച്ചുതരും എന്ന പരസ്യം കാണുമ്പോഴേക്കും അതിൽ ചാടിവീഴുകയാണ് പലരും. ആ ഏലസ്സ് കെട്ടിയാൽ സമ്പത്തുണ്ടാകുമെങ്കിൽ അയാൾക്ക് അതു വിറ്റ് കാശുണ്ടാക്കാൻ ബുദ്ധിമുട്ടണോ, അതങ്ങ് കെട്ടിയാൽ പോരേ എന്നു ചിന്തിക്കുവാനും തട്ടിപ്പു തിരിച്ചറിയാനും ‘പ്രബുദ്ധരായ’ മലയാളികൾക്ക് കഴിയുന്നില്ല! എത്രയെത്ര സ്ത്രീ-പുരുഷന്മാരാണ് ഈ വഴിയിൽ പണവും ആത്മാഭിമാനവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്!

ജ്യോത്സ്യനോ, കൈനോട്ടക്കാരനോ, മുഖലക്ഷണം പറയുന്നവനോ, ആൾദൈവം ചമഞ്ഞു നടക്കുന്നവനോ...ഇങ്ങനെയുള്ള ആരുമാവട്ടെ അവരുടെ വായിൽനിന്നും തന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനം കേൾക്കാൻ പലരും അത്യാർത്തി കാണിക്കുന്നു. സന്തോഷകരമായ പ്രവചനങ്ങൾ കേൾക്കുമ്പോൾ അവൻ സംതൃപ്തനാകുന്നു. നിശ്ചിത ഫീസിനെക്കാൾ വലിയ തുക നൽകി പ്രവചനക്കാരെ പ്രീതിപ്പെടുത്താൻ അവൻ തയാറാവുന്നു. അൽപം മോശമാണ് ഭാവി എന്ന നിലയ്ക്കാണ് പ്രവചനമെങ്കിലോ? അതിന് പരിഹാരക്രിയകൾ ചെയ്യണം! ഒരുപാട് ചെലവുവരും. സാരമില്ല. ദോഷം നീങ്ങിക്കിട്ടേണ്ടേ? പണച്ചെലവു കരുതി ഒന്നും ചെയ്യാതിരുന്നാൽ മുടിഞ്ഞുപോകില്ലേ! അവിടെയും മെച്ചം ഭാവി ച്രവചിച്ചവന്്.

ഇങ്ങനെ ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും മോഹങ്ങളുമായി പണവും ജീവിതവും തുലയ്ക്കുന്ന ഇയ്യാംപാറ്റകൾ നമുക്കു ചുറ്റും എമ്പാടുമുണ്ട്. നല്ല മുഹൂർത്തം കാണാത്തതിനാൽ പല കാര്യങ്ങളും നീട്ടിനീട്ടിക്കൊണ്ടുപോകുന്നു; അല്ലെങ്കിൽ മുടങ്ങുന്നു. ശകുനം നോക്കാതെ ഒരു നല്ല കാര്യവും ചെയ്യില്ല. ഒരു കറുത്ത പൂച്ച വിലങ്ങുചാടിയാൽ യാത്ര തുടർന്നുകൂടാ! കുറ്റിച്ചൂളാൻ എന്ന പക്ഷിക്ക് ശബ്ദമുണ്ടാക്കിക്കൂടാ! ഒക്കെയും അപശകുനം! ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും അബദ്ധധാരണകളൂം വെച്ചുപുലർത്തുന്നതിൽ ജാതി-മത വ്യത്യാസമില്ല.

എന്നാൽ ഇതെല്ലാം ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങൾക്ക് വിരുദ്ധമാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് സ്രഷ്ടാവാണ്. ഓരോജീവിയുടെയും ഭാഗധേയം നിർണയിക്കുന്നത് അവനാണ്. അതിൽ നക്ഷത്രങ്ങൾക്കോ ഗ്രഹങ്ങൾക്കോ യാതൊരു പങ്കുമില്ല. അദൃശ്യകാര്യങ്ങൾ അറിയുന്നവൻ അവനാണ്. അതുകൊണ്ടുതന്നെ ഭാവി പ്രവചിക്കുന്നവരെ സമീപിക്കൽ ഇസ്‌ലാം വിലക്കി. ഒരു മുസ്‌ലിം അത്തരക്കാരെ സമീപിച്ച് അവരുടെ പ്രവചനത്തെ സത്യപ്പെടുത്തിയാൽ അവന്റെ നാൽപതുദിവസത്തെ നമസ്‌കാരം അല്ലാഹു സ്വീകരിക്കില്ല എന്നാണ് നബിവചനം. മ‌െറ്റാരു റിപ്പോർട്ടിൽ അവൻ വിശുദ്ധ ക്വൂർആനിൽ അവിശ്വസിച്ചവനാണ് എന്നാണുള്ളത്.

മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളെലാം ൈദവവിധിക്കനുസൃതമായാണ് നടക്കുന്നത്. അവന്റെ വിധിയിൽനിന്ന് ഒളിച്ചോടാൻ ആർക്കും കഴിയില്ല. അവൻ വിധിച്ചത് അതിന്റെ സമയത്ത് സംഭവിക്കും. കർമം ചെയ്യലാണ് മനുഷ്യന്റെ കർത്തവ്യം. ഫലം നൽകുന്നത് സ്രഷ്ടാവാണ്. ഈ വിശ്വാസം ഉദ്ദിഷ്ടകാര്യം നടക്കുമ്പോൾ മനുഷ്യനെ അഹങ്കാരിയല്ലാതാക്കുന്നു. ഉദ്ദിഷ്ടഫലം ലഭിക്കാതിരുന്നാൽ നിരാശനാകാതെ ദൈവവിധിയെന്നു കരുതി സമാധാനമടയുന്നവനാക്കി അവനെ മാറ്റുകയും െചയ്യുന്നു.