ഉള്ളതിൽ തൃപ്തിയടയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ

പത്രാധിപർ

2024 ജൂലായ് 27, 1446 മുഹർറം 21

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബുബ്‌നു ഉമൈർ(റ). ദൈവമാർഗത്തിൽ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവിൽ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവിൽ താമസമാക്കേണ്ടിവന്നു! മരണശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതിയാൻ മാത്രം വലിപ്പമുള്ള തുണിയില്ലാത്തതിനാൽ കാലിന്റെ ഭാഗത്ത് പുല്ല് വച്ചുകെട്ടേണ്ടിവന്നു എന്ന് ചരിത്രം.

പ്രവാചകാനുചരന്മാരിൽ അധികപേരും ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളായിരുന്നു. ദാരിദ്ര്യത്തിലും പരീക്ഷണങ്ങളിലും അടിപതറാതെ ജീവിച്ച് അവർ ലോകത്തിന് മാതൃക കാണിച്ചു.

അല്ലലും അലട്ടലുമില്ലാതെ, തിന്നും കുടിച്ചും രസിച്ചും ജീവിതം കഴിച്ചുകൂട്ടുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. പ്രയാസങ്ങൾ, രോഗങ്ങൾ, പരീക്ഷണങ്ങൾ, ദാരിദ്ര്യം... ഇവയെല്ലാം മനുഷ്യൻ വെറുക്കുന്നു.

ഐഹികവിഭവ ലഭ്യതയുടെ ആധിക്യം മനുഷ്യനെ ദൈവനിഷേധത്തിലേക്കും അധാർമിക പ്രവർത്തനങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ടെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ സർവവിധ ഭൗതിക സുഖൈശ്വര്യങ്ങളുമുള്ള കാലഘട്ടത്തെക്കാൾ ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇക്കാലമാണ് നല്ലത് എന്ന് പ്രവാചകൻﷺ പറഞ്ഞതായി കാണാം.:

“എനിക്കുശേഷം നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാൻ ഭയാനകമായി കാണുന്ന ഒരു സംഗതിയത്രെ ഐഹികാഡംബരങ്ങളും അലങ്കാരങ്ങളും നിങ്ങൾക്ക് തുറന്നുകിട്ടുന്നത്’’ (ബുഖാരി, മുസ്‌ലിം).

ആഡംബരപൂർണമായ ജീവി തം ദൈവചിന്തയില്ലാത്ത ഒരവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കും. ആഗ്രഹിക്കുന്നതെന്തും ലഭ്യമാകുന്ന അവസ്ഥയുണ്ടായാൽ കൂടുതൽ കൂടുതൽ വെട്ടിപ്പിടിക്കുവാനുള്ള ത്വരയും വർധിക്കും. അനുവദനീയം, നിഷിദ്ധം, ധാർമികം, അധാർമികം, സത്യം, അസത്യം, നീതി, അനീതി തുടങ്ങിയ ചിന്തകളൊന്നും അവനെ അലട്ടുകയില്ല. എങ്ങനെയെങ്കിലും കൂടുതൽ സമ്പാദിക്കുക, ആസ്വദിക്കുക എന്ന ചിന്തയേ അവനുണ്ടാകൂ.

ഐഹിക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തയുണ്ടാവുക എന്നതാണ് ഇതിന് പരിഹാരം. ഐഹികജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് വിശുദ്ധ ക്വുർആൻ പറയുന്നു:

“നിങ്ങൾ ഗ്രഹിക്കണം; ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും ധനത്തിലും സന്താനങ്ങളിലും പരസ്പരം അഭിമാനംകൊള്ളലും പെരുമനടിക്കലും മാത്രമാകുന്നു. ഒരു മഴപോലെ. അതുവഴി തഴച്ചു വളരുന്ന സസ്യലതാതികൾ കർഷകരെ ആശ്ചര്യപ്പെടുത്തുന്നു. പിന്നീടത് വാടുന്നു. അപ്പോഴത് മഞ്ഞ നിറമായിമാറുന്നതു കാണാം. പിന്നീടത് വൈക്കോലായി നുറുങ്ങിപ്പോകുന്നു. പരലോകത്ത് കഠിനശിക്ഷയും അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനവുമുണ്ട്. ഇഹലോകജിവിതം കബളിപ്പിക്കുന്ന ചരക്കു മാത്രമാകുന്നു’’ (57:20).

ഭൗതിക സുഖത്തിനുവേണ്ടി മാത്രം ആഗ്രഹിക്കുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു: “...ചില മനുഷ്യരുണ്ട്; ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് ഇഹത്തിൽ (നന്മ)തരേണമേ എന്നായിരിക്കും അവർ പറയുക. അവർക്ക് പരലോകത്ത് ഒരു വിഹിതവുമില്ല...’’ (2:200).

ഉള്ളതിൽ തൃപ്തിയടുവാനും നന്ദി കാണിക്കുവാനുമാണ് സ്രഷ്ടാവ് ആവശ്യപ്പെടുന്നത്. അങ്ങനെയുള്ളവർക്ക് അവൻ വർധനവുനൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു:

“നിങ്ങൾ നന്ദി കാട്ടിയാൽ ഞാൻ നിങ്ങൾക്ക് വർധിപ്പിച്ചുതരും. നന്ദികേട് കാട്ടിയാലോ എന്റെ ശിക്ഷ കഠിനമാണ്’’ (14:7).