നിങ്ങൾ കൂടെക്കൂടികളാകരുത്

പത്രാധിപർ

2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കർമനിരതനായിരിക്കാൻ സത്യവിശ്വാസം (ഈമാൻ) മനഷ്യനു കരുത്തേകും.

അല്ലാഹുവിന്റെ തീരുമാനങ്ങൾക്കപ്പുറം ഈ ലോകത്ത് യാതൊനും സംഭവിക്കുകയില്ല. അതിനാൽ അവന്റെ വിധിയെ- അത് നമുക്ക് ഇഷ്ടകരമായതാണെങ്കിലും അനിഷ്ടകരമായതാണെങ്കിലും - പരീക്ഷണമായിക്കണ്ട് സ്വീകരിക്കാൻ നമുക്കാവണം. അല്ലാഹുവിന്റെ വിധിയുടെ വീഥിയിലൂടെ ക്ഷമയോടെ, സഹനത്തോടെ, അർപ്പണബോധത്തോടെ ദൈവികനിയമങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നവരായി ജീവിക്കുവാൻ കഴിയാത്തവൻ വിശ്വാസി എന്ന് സ്വയം അഭിമാനിക്കുന്നത് അർഥശൂന്യമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന പിഴച്ച മൂല്യങ്ങളോടും ദുഷിച്ച ആചാരങ്ങളോടും രാജിയാകാതെ നന്മ കൽപിക്കുവാനും തിന്മ വിരോധിക്കുവാനുമുള്ള ആർജവം പകർന്നുതരുന്നത് ഈമാനാണ്. സ്വന്തത്തോടും മറ്റുള്ളവരോടും ചെയ്യുന്ന നന്മയും ഗുണകാംക്ഷയുമാണത്. ആ വഴിയിലുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. ആ മാർഗത്തിൽ കാണുവാൻ കഴിയുക പൂക്കൾ വിതറിയ പരവതാനിയല്ല; കല്ലും മുള്ളും വിതറിയ കരിമ്പടങ്ങളായിക്കും. എതിർപ്പിന്റെ, പരിഹാസങ്ങളുടെ കൂരമ്പുകൾ പാഞ്ഞുവന്നേക്കാം. ഇരുട്ടിന്റെ മിത്രങ്ങൾക്കെങ്ങനെ വെളിച്ചത്തെ സ്‌നേഹിക്കുവാൻ കഴിയും? അവരോടു നാമെന്തു പറയണമെന്ന് ക്വുർആൻ പറഞ്ഞുതരുന്നുണ്ട്:

“പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുകതന്നെയാകുന്നു. എന്നാൽ വഴിയെ നിങ്ങൾ അറിയും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആർക്കാണെന്ന്’’ (39:39-40).

ഈമാനിലൂടെ ആത്മബോധം നേടി, സർവസ്വവും അല്ലാഹുവിന് സമർപ്പിച്ച മനുഷ്യനേ ഇങ്ങനെ പ്രഖ്യാപിക്കുവാൻ സാധിക്കുകയുള്ളൂ. അവന്റെ മുമ്പിലുള്ളത് സ്രഷ്ടാവ് കാണിച്ചുകൊടുത്ത പാതയാണ്. അതുകൊണ്ടുതന്നെ ആരെക്കണ്ടാലും കൂടെക്കൂടിയാവാൻ അവനെക്കിട്ടില്ല. പ്രവാചകന്റെ താക്കീത് ആ വിഷയത്തിലുണ്ട്: “നിങ്ങൾ കൂടെക്കൂടികളാകരുത്. ആളുകൾ നല്ലകാര്യം ചെയ്യുമ്പോൾ ഞാനും നല്ല കാര്യം ചെയ്യും; അവർ ദുഷ്പ്രവൃത്തി ചെയ്യുമ്പോൾ ഞാനും ദുഷ്പ്രവൃത്തി ചെയ്യും എന്ന നിലപാടെടുക്കരുത്. ജനങ്ങൾ നന്മചെയ്യുമ്പോൾ മാത്രം അവരോടു സഹകരിക്കുക, തിന്മചെയ്യുമ്പോൾ അവരിൽനിന്ന് അകന്നുമാറുക’’ (തിർമിദി).

മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന ശിർക്കൻ വിശ്വാസങ്ങളെയും മൂഢധാരണകളെയും മതം പഠിപ്പിക്കാത്ത ആചാരങ്ങളെയും തള്ളിപ്പറയാനും സമൂഹത്തെ ബോധവത്കരിക്കാനും ആത്മശക്തി വേണം. കറകളഞ്ഞ ഈമാനുള്ളവർക്കേ അതുണ്ടാകൂ. അല്ലാത്തവർ അശക്തരാവും. പ്രാപ്തിയില്ലാത്തവർ എവിടെയും ഏതുകാലത്തും നാട്ടുനടപ്പുകൾക്കും ശീലാനുഷ്ഠാനങ്ങൾക്കും അടിമകളായിരിക്കും. തെറ്റായാലും ശരിയായാലും സമൂഹത്തിൽ നിലവിലുള്ള പരമ്പരാഗത വിശ്വാസങ്ങളോടും സമ്പ്രദായങ്ങളോടുമായിരിക്കും അവർക്ക് താൽപര്യം. ഒരു മനുഷ്യനെ പടച്ചോൻ എന്നോ ലോകത്തെ നിയന്ത്രിക്കുന്നവൻ എന്നോ മറ്റോ ആരെങ്കിലും വിശേഷിപ്പിക്കുമ്പോഴേക്കും അത് അപ്പടി വിശ്വസിച്ച് തന്റെ വിശ്വാസത്തെ കളഞ്ഞുകുളിക്കാൻ അല്ലാഹുവിനെ മനസ്സിലാക്കിയ ഒരു വിശ്വാസിക്ക് കഴിയില്ല.

ആത്മബോധത്തിന്റെ കരുത്തിൽ സത്യവിശ്വാസി ആരുടെ മുമ്പിലും ചങ്കുറപ്പോടെ നിവർന്നുനിൽക്കുന്നവനായിരിക്കണം. ആർക്കും അവനെ സത്യമാർഗത്തിൽനിന്ന് വ്യതിചലിപ്പിക്കാനാവില്ല. അല്ലാഹുവിന്റെ കാവൽ ഉള്ളതിനാൽ അവൻ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല.