നവോത്ഥാനത്തിന്റെ കാറ്റും യാഥാസ്ഥിതികരുടെ അവകാശവാദങ്ങളും

പത്രാധിപർ

2024 മെയ് 18, 1445 ദുൽഖഅദ് 10

മുസ്‌ലിം കൈരളി കൈവരിച്ച സകല നേട്ടങ്ങളും മാറ്റങ്ങളും തങ്ങളുടെ പരിശ്രമ ഫലമാണെന്നു പറഞ്ഞ് നവോത്ഥാനത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാൻ ചിലരൊക്കെ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരാണോ സകല രംഗങ്ങളിൽ നിന്നും മുസ്‌ലിം സമുദായത്തെ പുറകോട്ടു വലിക്കാൻ ഒരു കാലത്ത് നേതൃത്വം വഹിച്ചത് അവർതന്നെയാണ് മുന്നേറ്റങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ വെമ്പൽകൊള്ളുന്നത് എന്നതാണ് ഏറെ രസകരം!

പച്ചമലയാളം സംസാരിക്കുന്നതുതന്നെ ശരിയല്ലെന്നു പറഞ്ഞിരുന്നവർ ‘ദ്വാദശ മഹാമഹ’ങ്ങളും ‘നവോത്ഥാന’ സമ്മേളനങ്ങളും നടത്തുന്നു! ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നു പറഞ്ഞിരുന്നവർ ‘പ്രൊഫ്‌സമ്മിറ്റ്’ നടത്തുന്നു, ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങൾ നടത്തുന്നു. വനിതകൾ അക്ഷരം പഠിക്കുന്നത് മക്‌റൂഹാണെന്ന് പ്രമേയം പാസ്സാക്കിയവർ വനിതകൾക്കായി പുസ്തകങ്ങളിറക്കുന്നു. വനിത കോളേജുകൾ നടത്തുന്നു. രോഗം വന്നാൽ ചികിത്സിക്കാതെ മന്ത്രങ്ങളിലും തന്ത്രങ്ങളിലും മാലകളിലും നൂലുകളിലും തങ്ങന്മാരിലും മുസ്‌ല്യാക്കളിലും ജാറങ്ങളിലും അഭയം കണ്ടിരുന്നവർ ഇന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ നടത്തുന്നു!

വ്യക്തമായ ഏകദൈവാദർശവും അതിന്റെയടിസ്ഥാനത്തിലുള്ള സാമൂഹ്യ-സാംസ്‌കാരിക നിലപാടുകളും അവലംബിച്ചാൽ ഏതു കാലത്തും ഇസ്‌ലാമിന്റെ അനുയായികൾക്ക് അതിന്റെ വ്യതിരിക്ത മൗലികതയിലേക്ക് തിരിച്ചുപോകുവാൻ കഴിയും. അതുകൊണ്ടുതന്നെ അടിസ്ഥാന പ്രമാണങ്ങളിലെ അഴിച്ചുപണി മുസ്‌ലിംകൾക്ക് ആവശ്യമായിവരുന്നില്ല. പ്രമാണങ്ങളെ നവീകരിക്കുകയോ മാറ്റിത്തിരുത്തുകയോ അല്ല; പ്രമാണങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ് മുസ്‌ലിംകൾക്കിടയിലെ ജീർണതകൾക്കുള്ള പരിഹാരം എന്നർഥം.

മലയാളഭാഷയിൽ ക്വുർആൻ പഠിക്കുന്നതും അതിന് പരിഭാഷയെഴുതുന്നതും മതവിരുദ്ധമെന്ന് പ്രഖ്യാപിച്ച പണ്ഡിതന്മാർ ജീവിച്ച നാടാണിത്. ഇതിന്റെ ഫലമായി വിശുദ്ധക്വുർആൻ വീടിന്റെ തട്ടിൻപുറത്തും പള്ളികളിലെ അലമാരകളിലും സൂക്ഷിക്കപ്പെടുന്ന; കത്തപ്പുരകളിലും ജാറങ്ങളിലും മാത്രം പാരായണം ചെയ്യപ്പെടുന്ന ഒരു നിർജീവ ഗ്രന്ഥമായി മാറ്റിവെക്കപ്പെട്ടു. ക്വുർആൻ പരിഭാഷ ചെയ്യുന്നതും അച്ചടിച്ചോ എഴുതിയോ ക്വുർആൻ വാക്യങ്ങളുടെ ആശയം വിതരണം ചെയ്യുന്നതും മതനിഷിദ്ധമായി പുരോഹിതന്മാർ പരിചയപ്പെടുത്തി. പാതിരാപ്രസംഗങ്ങളിലെ തുടക്കവും ഒടുക്കവും കൊഴുപ്പിക്കാനുള്ള സൗന്ദര്യ വാക്യങ്ങളായി ഉദ്ധരിക്കപ്പെട്ട ക്വുർആൻ വാക്യങ്ങളുടെ പോലും ശരിയായ അർഥവും താൽപര്യവും മുസ്‌ലിം ജനസാമാന്യത്തിന് പകർന്നു നൽകുവാൻ പുരോഹിതർ തടസ്സം നിന്നു.

കേരളത്തിലെ സലഫികൾ അവയെ നഖശിഖാന്തം എതിർത്തു തോൽപിച്ചു എന്നതാണ് ചരിത്രം. വിശുദ്ധ ക്വുർആനിന്റെ അനന്യപ്രഭാവത്തിലേക്ക് മുസ്‌ലിം സമൂഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി കടന്നുപോയ മഹാരഥന്മാരായ സലഫി പണ്ഡിതന്മാർ ദീർഘവീക്ഷണമുള്ളവരായിരുന്നു. അവർ നിസ്വാർഥരായിരുന്നു. ഗുണകാംക്ഷാനിർഭരമായ മനസ്സുള്ളവരായിരുന്നു. ആ ശ്രമങ്ങൾ അതേപോലെ ഇന്നും ഭംഗിയായി ചെയ്തുെകാണ്ടിരിക്കുന്ന; അതിന്റെ പേരിൽ ത്യാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനവധി പണ്ഡിതന്മാരും പ്രവർത്തകരും കേരളത്തിലുണ്ട്; വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ എന്ന കൂട്ടായ്മയുടെ കീഴിൽ.