ഒരു ഭീകരരാഷ്ട്രത്തി‌െ‌ൻറ അവസാനമില്ലാത്ത ചോരക്കൊതി

പത്രാധിപർ

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

ഇസ്‌റാഈൽ എന്ന ഭീകര രാഷ്ട്രം ഫലസ്തീൻ എന്ന രാജ്യത്തെയും അവിടെയുള്ള ജനങ്ങളെയും മുഴുവൻ നാഗരികതകളെയും ചുട്ടുചാമ്പലാക്കുന്ന പുതിയ യുദ്ധമുഖം തുറന്നിട്ട് ഒരു വർഷം തികയാറായി. ഇസ്‌റാഈലി‌െ‌ൻറ അതിക്രൂരമായ ഉപരോധത്തിലും നിരന്തരമായ ആക്രമണങ്ങളിലും ശ്വാസംമുട്ടി കഴിയുകയായിരുന്ന ഗസ്സയിലെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമായിരുന്നു ഇസ്‌റാഈലിനെ അക്രമിച്ച ‘ഓപ്പറേഷൻ അൽഅക്വ്‌സ ഫ്‌ളഡ്.’ ഫലസ്തീനികളെ-വിശേഷിച്ച് കുട്ടികളെ-ഒറ്റയായോ കൂട്ടത്തോടെയോ വെടിവച്ചിടുകയും അവരുടെ മരണപ്പിടച്ചിൽ കണ്ട് നിർവൃതിയടയുകയും ചെയ്യുക എന്നത് ഇസ്രായേൽ പട്ടാളത്തി‌െ‌ൻറ ദിനചര്യയിൽ പെട്ടതായിരുന്നു.

പതിറ്റാണ്ടുകളായി നിരന്തരമായി ആക്രമണങ്ങൾ നേരിടുന്ന ഒരു ജനത ഒരു ദിവസം തിരിച്ചടിച്ചപ്പോൾ അതിനെ ഭീകരതയായി ചിത്രീകരിക്കാനും ഇസ്രായേലിന് തിരിച്ചടിക്കാൻ അവകാശമുണ്ടെന്നു പ്രഖ്യാപിക്കാനും അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും മുന്നോട്ടുവന്നു. ഇസ്‌റാഈലിന് തിരിച്ചടിക്കാൻ അവകാശമുണ്ടെന്നു പറയുന്നവർ ഫലസ്തിനികൾക്ക് അതിനുള്ള സ്വാതന്ത്ര്യം വകവച്ചുകൊടുക്കുന്നില്ല! ഫലസ്തീനികളോടുള്ള ഇസ്‌റാഈലി‌െ‌ൻറ ഏതു കൊടുംക്രൂരതയും അനിവാര്യമായ പ്രതികരണവും ഫലസ്തീനി കുട്ടികൾ ഇസ്‌റാഈൽ പട്ടാളക്കാരുടെ നേരെ കല്ലെറിഞ്ഞാൽ പോലും അത് മാപ്പർഹിക്കാത്ത ഭീകരപ്രവർത്തനവുമാണ്; അമേരിക്കപോലുള്ള രാഷ്ട്രങ്ങൾക്കും അന്താരാഷ്ട്ര മാധ്യമങ്ങൾക്കും.

അവസാനമില്ലാത്ത ചോരക്കൊതിയുമായി സയണിസ്റ്റുകൾ നരനായാട്ട് തുടരുകതന്നെയാണ്. പിറന്നുവീണ മണ്ണിൽ ജീവിക്കാനായുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഫലസ്തീൻ മക്കളെ കൊന്നുതള്ളിയിട്ടും പകതീരാതെ മൃതദേഹങ്ങളുടെ മേൽ കയറിനിന്ന് ആനന്ദ നൃത്തമാടുകയാണ് സയണിസ്റ്റ് മനുഷ്യപ്പിശാചുക്കൾ!

അമേരിക്കയുടെ പിൻബലത്തിലും ഒത്താശയിലുമാണ് ഇസ്‌റായേലി‌െ‌ൻറ ഈ നെഗളിപ്പെല്ലാം. ഫലസ്തീനികൾ തിരിച്ചടിച്ചപ്പോൾ 48 മണിക്കൂറിനുള്ളിൽ ഗസ്സയെയും ഹമാസിനെയും ഭൂമിയിൽനിന്ന് തുടച്ചുനീക്കുമെന്ന് വീമ്പിളക്കിയവർ ഒരു വർഷമായിട്ടും ആശുപത്രികളും സ്‌കൂളുകളുമൊക്കെ ബോംബിട്ടു തകർത്ത് കുറെ നിരപരാധികളെ കൊന്നൊടുക്കാൻ മാത്രം കഴിഞ്ഞ് വിയർത്തു നിൽക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കാനോ തടവുകാർ എവിടെയാണെന്നറിയാനോ അവരെ മോചിപ്പിക്കാനോ കഴിയാത്ത മാനക്കേടു തീർക്കാനുള്ള ശ്രമത്തിലാണവർ. തങ്ങൾ പരാജയപ്പെട്ട് പിന്തിയുന്നവരല്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ നെറികെട്ട കളികൾ കളിക്കുകയാണ് ഇപ്പോൾ അവർ.

ഏതാനും ദിവസങ്ങൾക്കു മുമ്പു നടന്ന പേജർ-വാക്കിടോക്കി പൊട്ടിത്തെറികൾക്കു പിന്നിൽ ഇസ്രായേലാണെന്ന് വ്യക്തമായിരിക്കുകയാണ്. ലബനോണിൽ 12 പേരുടെ മരണത്തിനിടയാക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത സ്‌ഫോടന പരമ്പരക്കു കാരണമായ പേജറുകൾ ഹിസ്ബുല്ലക്ക് നിർമിച്ചുനൽകിയത് ഇസ്രായേലി‌െ‌ൻറ കടലാസ് കമ്പനിയാണ്. ഹംഗറി ആസ്ഥാനമായ ബിഎസി കൺസൾട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത്. ഇതൊരു ഇസ്‌റാഈൽ ഷെൽ കമ്പനിയാണെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുല്ലയുടെ ആശയവിനിമയശൃംഖല തകർക്കാൻ ഇസ്‌റാഈലി രഹസ്യാനേഷണ ഏജൻസികളുടെ വളരെ ആസൂത്രിതമായ നീക്കത്തി‌െ‌ൻറ ഭാഗമായിരുന്നു ഈ സ്‌ഫോടനങ്ങളെന്നാണ് റിപ്പോർട്ടുകൾ. ബിഎസിക്ക് ഇസ്‌റാഈലുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ മറ്റു രണ്ട് ഷെൽ കമ്പനികൾകൂടി ഇസ്‌റാഈൽ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇസ്‌റാഈലി‌െ‌ൻറ അക്രമങ്ങൾക്കെതിരെ പ്രസ്താവനകളിറക്കാനല്ലാതെ ഐക്യരാഷ്ട്ര സഭക്കും വിവിധ രാജ്യങ്ങൾക്കും കഴിയുന്നില്ല എന്നത് ലജ്ജാവഹമാണ്.