നീതിപാലിക്കുക; എല്ലാ രംഗങ്ങളിലും
പത്രാധിപർ
2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

കാര്യങ്ങൾ അതിന്റെ സ്ഥാനങ്ങളിൽ, സമയങ്ങളിൽ, രീതികളിൽ, തോതുകളിൽ, കൂടുകയോ കുറയുകയോ മുന്തിപ്പിക്കുകയോ പിന്തിപ്പിക്കുകയോ ചെയ്യാതെ ഉപയോഗിക്കൽ നീതിയുടെ തേട്ടമാണെന്ന് പറയപ്പെടുന്നു. ഇസ്‌ലാം നീതിയുടെ മതമാണ് എന്നു പറയുന്നത് കേവലമൊരു ഭംഗിവാക്കല്ല. അക്ഷരാർഥത്തിൽ അത് ശരിയാണ്.
ജനങ്ങൾ നീതിയിൽ വർത്തിക്കുവാൻ അല്ലാഹു അവന്റെ ദൂതന്മാരെ നീതിയുടെ തുലാസുമായി നിയോഗിച്ചുവെന്ന ക്വുർആൻ വചനം നീതിയുടെ പ്രാധാന്യവും നീതിയിൽ വർത്തിക്കുന്നതിന്റെ അനിവാര്യതയും അറിയിക്കുന്നതാണ്: “തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്ത ങ്ങളുംകൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കിക്കൊടുക്കുകയും ചെയ്തു’’ (ക്വുർആൻ 57: 25).
നീതി പാലിക്കുവാൻ അല്ലാഹു കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും അനീതി കാണിക്കുന്നതിനെ ശക്തമായി ആക്ഷേപിക്കുകയും ചെയ്യുന്നു: “തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്. അവൻ വിലക്കുന്നത് നീചവൃത്തിയിൽനിന്നും ദുരാചാരത്തിൽനിന്നും അതിക്രമത്തിൽനിന്നുമാണ്...’’(ക്വുർആൻ 16:90). “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനു വേണ്ടി സാക്ഷ്യംവഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതിനിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്കുതന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി’’ (ക്വുർആൻ 4: 135).
നബിﷺയുടെ നീതി അറിയിക്കുന്ന പ്രസിദ്ധമായ ഒരു സംഭവം കാണുക: “ബദ്ർ യുദ്ധദിനം നബിﷺ അനുചരന്മാരുടെ അണി ശരിപ്പെടുത്തുകയായിരുന്നു.ആളുകളെ ശരിപ്പെടുത്തുവാൻ തിരുമേനിയുടെ കയ്യിൽ ഒരു അമ്പുണ്ടായിരുന്നു. അന്നേരം ബനൂഅദിയ്യ് ഗോത്രക്കാരുടെ ഹലീഫായ സവാദ് ഇബ്‌നു ഗസിയ്യത്തിന്റെ അരികിലൂടെ തിരുമേനി നടന്നു. അദ്ദേഹം അണിതെറ്റി നിൽക്കുകയായിരുന്നു. നബി ﷺ തന്റെ കയ്യിലുള്ള അമ്പുകൊണ്ട് അദ്ദേഹത്തിന്റെ വയറ്റത്ത് കുത്തിക്കൊണ്ടു പറഞ്ഞു: ‘സവാദേ, വരിയിലേക്ക് ശരിയായി നിൽക്കൂ.’ അദ്ദേഹം പറഞ്ഞു: ‘തിരുദൂതരേ, താങ്കൾ എന്നെ വേദനിപ്പിച്ചിരിക്കുന്നു. താങ്കളെ നീതിയുമായാണ് അല്ലാഹു നിയോഗിച്ചിരിക്കുന്നത്. അതിനാൽ താങ്കൾ എനിക്ക് പ്രതിക്രിയക്ക് അവസരമേകണം.’ തിരുമേനി പറഞ്ഞു: ‘പ്രതിക്രിയ ചെയ്‌തോളൂ.’ സവാദ് പറഞ്ഞു: ‘അവിടുന്ന് എന്നെ കുത്തിയപ്പോൾ എന്റെ മേൽകുപ്പായമുണ്ടായിരുന്നില്ല.’ ഉടൻ നബിﷺ തന്റെ കുപ്പായം നീക്കിക്കൊടുക്കുകയും പ്രതിക്രിയ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ സവാദ്(റ) തിരുദൂതരെ ആലിംഗനം ചെയ്തു വയറ്റത്ത് ചുംബിച്ചു. തിരുമേനി ചോദിച്ചു: ‘സവാദേ, താങ്കളെ ഇതിന് പ്രേരിപ്പിച്ചത് എന്താണ്?’ സവാദ് പറഞ്ഞു: ‘എനിക്ക് യുദ്ധം ആസന്നമായി. വധിക്കപ്പെടുമെന്നതിൽ ഞാൻ നിർഭയനല്ല. അപ്പോൾ അങ്ങും ഞാനുമായുള്ള അവസാന ബന്ധം അങ്ങയുടെ ശരീരത്തെ എന്റെ കരീരം സ്പർശിക്കലാകട്ടെ എന്നു ഞാൻ കരുതി.’ നബിﷺ അദ്ദേഹത്തിനു നന്മ നേർന്നുകൊണ്ട് പ്രാർഥിച്ചു.’’
“അല്ലാഹുവാണെ സത്യം, മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിൽ അവളുടെ കൈ ഞാൻ മുറിക്കുമായിരുന്നു’’ എന്നു പ്രഖ്യാപിച്ച മുഹമ്മദ് നബിﷺ നീതിയുടെ വിഷയത്തിലും ലോകത്തിന് അതുല്യമായ മാതൃകയാണ് കാണിച്ചുതന്നിട്ടുള്ളത്.

