വിനാശത്തിന്റെ വിത്തു വിതയ്ക്കുന്നവർ

പത്രാധിപർ

2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

ശിഥിലമായതും ശിഥിലമായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ ബന്ധങ്ങൾ നമുക്കു ചുറ്റും കാണാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, ഭാര്യാഭർതൃബന്ധം, അയൽപക്കബന്ധം, സുഹൃദ്ബന്ധം, ഇതരമതസ്ഥർ തമ്മിലുള്ള ബന്ധം, മേലുദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള ബന്ധം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം... തുടങ്ങി രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വരെ ദുർബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്കിന്ന് കാണുവാൻ സാധിക്കുന്നത്. റഷ്യയുടെ യുക്രയ്ൻ അധിനിവേശം ആ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ മാത്രമല്ല പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ ആക്രമണം ഫലസ്തീനും കടന്ന് അയൽ രാജ്യങ്ങളിലേക്ക് നീണ്ടിരിക്കുന്നു.

ആർക്കും ആരെയും വിശ്വാസമില്ല. താൻ എവിടെയും സുരക്ഷിതനല്ല എന്ന ബോധം മനുഷ്യനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധകൾ വരെ പീഡനത്തിനിരകളാകുന്നു. ആസൂത്രിതമായ വർഗീയലഹളകൾ പൊട്ടിപ്പുറപ്പെടുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരൻമാരുടെ സ്വന്തം രാജ്യത്തെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു.

വൈജ്ഞാനിക രംഗത്ത്, ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുമ്പോഴും എന്തുകൊണ്ട് മനുഷ്യരിൽനിന്ന് ഉദാത്തമായ മാനുഷിക ഗുണങ്ങൾ നഷ്ടപ്പെടുന്നു? എന്തുകൊണ്ട് അധർമങ്ങളിൽ ആണ്ടുപോകുവാൻ വിദ്യാസമ്പന്നർ പോലും മടികാണിക്കാതിരിക്കുന്നു? എന്തുകൊണ്ട് വർഗീയ ചിന്തകൾ തലപൊക്കുന്നു? യുക്തിവാദികൾ പറയുന്നു മതമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന്!

വാസ്തവത്തിൽ മതങ്ങളൊന്നും അക്രമത്തെയും മാനവികവിരുദ്ധ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായോ അതിന് നിർദേശം നൽകുന്നതായോ കാണുവാൻ സാധ്യമല്ല. അർഹതയില്ലാത്തവരും അക്രമണോൽസുക ആദർശം പിൻപറ്റുന്നവരും രാജ്യം ഭരിക്കുമ്പോൾ അനീതിയും അക്രമവും നാട്ടിൽ നിറഞ്ഞാടും. അധികാരം നേടിയെടുക്കാനും നിലനിർത്താനും മതത്തെ ദുരുപയോഗപ്പെടുത്തും.

മതമല്ല, മതത്തെ ഭൗതികമായ സ്വാർഥ ലാഭങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ് പ്രശ്‌നം. മതമെന്തെന്നറിയാതെ, മതത്തി‌െ‌ൻറ അന്തസ്സത്ത ഉൾക്കൊള്ളാതെ മതത്തി‌െ‌ൻറ മേലങ്കിയണിഞ്ഞ് ജീവിക്കുന്നവരാണ് പ്രശ്‌നം. മതത്തെയെന്നല്ല, എന്തിനെയും ഇങ്ങനെ ദുരുപയോഗം ചെയ്യുവാൻ സാധിക്കുമെന്നതിൽ സംശയമില്ല.

മറ്റുള്ളവരെ അറിയാനും മറ്റുള്ളവരിലെ നന്മകളെ അംഗീകരിക്കുവാനുമുള്ള മനസ്സാണ് വേണ്ടത്. പരസ്പരം അറിയുക എന്നത് ഏത് ബന്ധത്തെയും ഊഷ്മളമാക്കും. അതിനു സാധിച്ചില്ലെങ്കിൽ ബന്ധം വഷളാകും. ഉദാഹരണമായി ദാമ്പത്യബന്ധത്തെയെടുക്കുക. ഇണകൾ പരസ്പരം മനസ്സിലാക്കി ജീവിക്കുന്നില്ലെങ്കിൽ അവരുടെ ജീവിതം ദുരിതമയമായിരിക്കും. കുറ്റങ്ങളും കുറവുകളും മാനുഷികമാണ്. അതിലേക്ക് മാത്രം നോക്കുകയാണെങ്കിൽ പിന്നെ രക്ഷയില്ല. ഇണയോടുള്ള സ്‌നേഹം വറ്റിവരളാൻ അതുതന്നെ മതിയാകും. എന്നാൽ തിരുത്തേണ്ടത് മാന്യമായ രൂപത്തിൽ പറഞ്ഞ് തിരുത്താൻ പ്രേരിപ്പിക്കാം. സർവോപരി സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കാം. ഞാൻ സമ്പൂർണ വ്യക്തിയാണോ? ഞാൻ ന്യൂനതകളില്ലാത്ത മനുഷ്യനാണോ? ഈ ചോദ്യം സ്വയം ചോദിക്കുക. അതോടെ തീരും നമ്മിലെ ഞാനെന്ന ഭാവം. ഇണയുടെ എണ്ണമറ്റ നന്മകളിലേക്കും സൽസ്വഭാവങ്ങളിലേക്കും കണ്ണോടിച്ചാൽ ന്യൂനതകളും പെരുമാറ്റദൂഷ്യവുമൊക്കെ എത്രയോ ചെറുതാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും.

എല്ലാ ബന്ധങ്ങളുടെയും കാര്യം ഇതുതന്നെയാണ്. സ്വയം നന്നാവുക; മറ്റുള്ളവരിലെ നന്മകളെ മനസ്സിലാക്കുക, അർഹമായ അംഗീകാരവും സ്‌നേഹവും നൽകുക.