അന്നദാതാവിനോട് നന്ദികേട് കാണിക്കരുത്
പത്രാധിപർ
2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അതിവിശിഷ്ടമായ ഗുണ വിശേഷണങ്ങളിലൊന്നാണ് ഉപജീവനം നൽകുന്നവൻ എന്നത്. മനുഷ്യനും ഇതര ജീവജാലങ്ങളും ഉപജീവനം ആവശ്യമുള്ളവരാണ്. അവയ്ക്ക് വേണ്ട അന്നപാനീയങ്ങൾ ഈ ലോകത്ത് സംവിധാനിക്കപ്പെടുന്നില്ലെങ്കിൽ അവയൊക്കെയും നശിച്ചുപോകുമെന്നതിൽ സംശയമില്ല.
എന്നാൽ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടാൽ നാം എന്തു ചെയ്യും? ജീവന്റെ തുടിപ്പിന് അനിവാര്യമായ മഴ ഇല്ലാതായാൽ നാം ആരോട് പരാതി പറയും? ആര് നമ്മെ സഹായിക്കും? നിലം ഉഴുതുമറിച്ച് വിത്തിറക്കി വെള്ളവും വളവുമൊക്കെ നൽകിയിട്ടും വിത്തു മുളച്ചില്ലെങ്കിലോ? കർഷകർക്ക് പ്രതീക്ഷയും ആനന്ദവും നൽകിയ കൃഷി വിളവെടുക്കാൻ കഴിയാതെ നശിച്ചുപോയാലോ? നാം ആരോട് സങ്കടം ബോധിപ്പിക്കും? നമ്മുടെ വിഷമതകളകറ്റാൻ ആർക്കാണ് കഴിയുക? കോടാനുകോടി ജീവജാലങ്ങൾക്ക് ഉപജീവനം നൽകാൻ ആർക്കാണ് സാധിക്കുക? സംശയമില്ല, സർവശക്തനായ അല്ലാഹുവിനു മാത്രമെ നമ്മെ സഹായിക്കാൻ കഴിയൂ! നബിﷺയും അനുചരൻമാരും വരൾച്ച ബാധിച്ച ഘട്ടത്തിൽ സർവശക്തനായ അല്ലാഹുവിനോട് മഴക്കുവേണ്ടി പ്രാർഥിക്കുകയും മഴ ലഭിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. മഴക്കുവേണ്ടി പ്രത്യേക പ്രാർഥനയും നബിﷺ പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു ചോദിക്കുന്നത് കാണുക: “എന്നാൽ നിങ്ങൾ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളർത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളർത്തുന്നവൻ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് (വിള) നാം തുരുമ്പാക്കിത്തീർക്കുമായിരുന്നു. അപ്പോൾ നിങ്ങൾ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു; തീർച്ചയായും ഞങ്ങൾ കടബാധിതർ തന്നെയാകുന്നു. അല്ല, ഞങ്ങൾ (ഉപജീവന മാർഗം) തടയപ്പെട്ടവരാകുന്നു എന്ന്’’(ക്വുർആൻ 56:63-67).
വീണ്ടും അല്ലാഹു ചോദിക്കുന്നു: “ഇനി, നിങ്ങൾ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൻനിന്ന് ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്?’’ (ക്വുർആൻ 56:68-70).
വിവിധയിനം സസ്യലതാദികളും കായ്കനികളും ഉൽപാദിച്ചു തരുന്നവൻ സർവശക്തനായ അല്ലാഹുവല്ലാതെ മറ്റാരാണ്? “എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി, എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളും. പഴവർഗവും പുല്ലും. നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്’’ (ക്വുർആൻ 80:24-32).
ആ അന്നദാതാവ് ആരുടെയും ആശ്രയമാവശ്യമില്ലാത്ത സർവശക്തനാണ്. ഈ അനുഗ്രഹങ്ങൾക്കെല്ലാമുള്ളനന്ദിസൂചകമായി അവനെ മാത്രം ആരാധിക്കണമെന്നും അവനോട് മാത്രം പ്രാർഥിക്കണമെന്നുമാണ് അവൻ നമ്മോട്് കൽപിക്കുന്നത്.
സ്രഷ്ടാവ് നൽകിയ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട് സൃഷ്ടികൾക്ക് ആരാധനകളർപ്പിക്കുന്നതും ആ സ്രഷ്ടാവിനെത്തന്നെ നിഷേധിക്കുന്നതും വ്യക്തമായ നന്ദികേടാണെന്നതിൽ സംശയമില്ല.
