നന്മകളെ നിഷ്ഫലമാക്കുന്ന മാനസികാവസ്ഥ
പത്രാധിപർ
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

അല്ലാഹു തന്റെ അടിമകൾക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങളിൽ ചില ആളുകളുടെ മനസ്സുകളിലുണ്ടാകുന്ന ഒരു തരം നീറ്റലാണ് ‘അസൂയ’ എന്ന് പറയുന്ന രോഗം. മനുഷ്യകുലത്തിന്റെ തുടക്കം മുതലേ ഈ രോഗമുണ്ട്. ആദം നബി(അ)ക്ക് സുജൂദ് ചെയ്യാതിരിക്കാൻ ഇബ്‌ലീസിനെ പ്രേരിപ്പിച്ചത് അഹങ്കാരവും അസൂയയുമായിരുന്നു: “അവൻ പറഞ്ഞു: എന്നെക്കാൾ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീർച്ചയായും ഉയിർത്തെഴുന്നേൽപിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളിൽ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാൻ കീഴ്‌പെടുത്തുക തന്നെ ചെയ്യും’’ (ക്വുർആൻ 17:62).
ലോകത്ത് നടന്ന ഒന്നാമത്തെ കൊലപാതകത്തിന്റെ കാരണവും അസൂയയായിരുന്നു: “(നബിയേ,) നീ അവർക്ക് ആദമിന്റെ രണ്ടു പുത്രൻമാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപിക്കുക. അവർ ഇരുവരും ഓരോ ബലിയർപ്പിച്ച സന്ദർഭം, ഒരാളിൽനിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽനിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ‘ഞാൻ നിന്നെ കൊലപ്പെടുത്തുകതന്നെ ചെയ്യും.’ അവൻ (ബലി സ്വീകരിക്കപ്പെട്ടവൻ) പറഞ്ഞു: ‘ധർമനിഷ്ഠയുള്ളവരിൽനിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ’’ (ക്വുർആൻ 5:27).
അസൂയയുടെ ദോഷത്തിൽനിന്നും രക്ഷതേടാൻ അല്ലാഹു നമ്മോട് കൽപിച്ചു എന്നത് അസൂയയുടെ ഗൗരവത്തെ സൂചിപ്പിക്കുന്നു: “അസൂയാലു അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽനിന്നും’’ (113:5).
“അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തിൽനിന്ന് മറ്റു മനുഷ്യർക്ക് നൽകിയിട്ടുള്ളതിന്റെ പേരിൽ അവർ അസൂയപ്പെടുകയാണോ?’’ (4:54).
നബിﷺയെ ജൂത-ക്രൈസ്തവർ നിഷേധിക്കാനുള്ള കാരണം മായി ‘ഞങ്ങളിൽ നിന്നുള്ള ഒരാൾക്ക് പ്രവാചകത്വം ലഭിച്ചില്ലല്ലോ’ എന്ന അസൂയതന്നെയായിരുന്നു: “നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരിൽ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്)...’’ (2:109).
‘അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ സഹോദരങ്ങളാകണം. നിങ്ങൾ അസൂയ കാണിക്കരുത്’ എന്ന് പ്രത്യേകം നബിﷺ പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം).
സ്വർഗക്കാരനായ ഒരാൾ ഇപ്പോൾ നിങ്ങളിലേക്ക് വരുമെന്ന് നബിﷺ ഒരിക്കൽ അനുചരന്മാരോട് പറഞ്ഞു. അങ്ങനെ ഇടതുകൈയിൽ ചെരുപ്പുകൾ തുക്കിപ്പിടിച്ചുകൊണ്ട് താടിയിൽനിന്ന് വുദൂഇന്റെ വെള്ളം ഇറ്റിവീഴുന്ന നിലയ്ക്ക് ഒരു സ്വഹാബി അവിടെ കയറിവന്നു. മൂന്നുദിവസം ഇത് ആവർത്തിച്ചു. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റ) ഈ സ്വഹാബിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. നബിﷺ ഇദ്ദേഹത്തെക്കുറിച്ച് സ്വർഗക്കാരൻ എന്നു പറയാൻ മാത്രം എന്തു സൽകർമമാണ് ചെയ്യുന്നതെന്നറിയാനാണ് അദ്ദേഹം കൂടെ പോയത്. പക്ഷേ, തങ്ങൾ ചെയ്യുന്നതിനിന്നും വ്യത്യസ്തമായി കർമങ്ങളൊന്നും അദ്ദേഹം ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അബ്ദുല്ല(റ) അദ്ദേഹത്തോട് ചോദിച്ചു: ‘എന്തുകൊണ്ടാണ് നബി ﷺ അങ്ങയെക്കുറിച്ച് സ്വർഗക്കാരനെന്നു പറഞ്ഞത്?’ അദ്ദേഹം പറഞ്ഞു: ‘എന്റെ മനസ്സിൽ ഒരു മുസ്‌ലിമിനോടും പകയില്ല. അല്ലാഹു നന്മനൽകിയതിൽ എനിക്കാരോടും അസൂയയില്ല...’ (അഹ്‌മദ്).
