പ്രമാണങ്ങളെ പിൻപറ്റൽ അധരവ്യായാമത്തിലൊതുക്കുന്നവർ
പത്രാധിപർ
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

അനേകം പ്രവാചകന്മാരെ അല്ലാഹു ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട്. അവരിൽ വേദഗ്രന്ഥം നൽകപ്പെട്ടവരും നൽകപ്പെടാത്തവരുമുണ്ട്; പലവിധ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടവരുണ്ട്. അല്ലാഹു അയച്ച ദൂതൻതന്നെയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനാണ് അമാനുഷിക ദൃഷ്ടാന്തങ്ങൾ അഥവാ ദൈവിക ദൃഷ്ടാന്തങ്ങൾ അവർക്ക് നൽകപ്പെട്ടത്. അന്തിമ പ്രവാചകന് നൽകപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുർആൻ. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ക്വുർആൻ യാതൊരുവിധ മാറ്റത്തിരുത്തലുകൾക്കും വിധേയമാകാതെ ഇന്നും നിലകൊള്ളുന്നു എന്നതുതന്നെ അതിന്റെ ദൈവികതക്ക് തെളിവാണ്. കോടിക്കണക്കിന് മുസ്‌ലിംകൾ ഒരേ ഭാഷയിൽ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അനേകം ആളുകൾക്ക് അത് മനഃപാഠമാണ്. എത്രയോ ആളുകൾ അതിൽ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവന്നു; ഇന്നും കടന്നുവന്നുകൊണ്ടിരിക്കുന്നു.
മാനവരാശിയെ എല്ലാവിധ അന്ധകാരങ്ങളിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുവാനാണ് അല്ലാഹു വിശുദ്ധ ക്വുർആൻ അവതരിപ്പിച്ചത്: “നിങ്ങളെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാൻവേണ്ടി തന്റെ ദാസന്റെ മേൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ ഇറക്കിക്കൊടുക്കുന്നവനാണ് അവൻ. തീർച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്’’ (ക്വുർആൻ 57:9).
മുഹമ്മദ് നബിﷺയുടെ ദൗത്യം വിശുദ്ധ ക്വുർആൻ ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കലും അതിലേക്ക് അവരെ ക്ഷണിക്കലും അത് ജീവിതത്തിൽ പകർത്തി മാതൃക കാണിക്കലുമായിരുന്നു. അല്ലാഹു പറയുന്നു:
“...നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’’ (16:44).
ഈ വിശദീകരണമാണ് ഹദീസുകൾ. അതും അല്ലാഹു അറിയിച്ചുകൊടുത്തതു തന്നെയാണ്. മതത്തിന്റെ യാതൊരു കാര്യവും നബിﷺ സ്വന്തം വകയായി പറഞ്ഞിട്ടില്ല. അല്ലാഹു പറയുന്നു: “അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഉൽബോധനം മാത്രമാകുന്നു’’ (53:3,4).
ഇസ്‌ലാമിന്റെ പ്രമാണം ക്വുർആൻ മാത്രമല്ല; ഹദീസും അഥവാ സുന്നത്തും പ്രമാണമാണ്. മാനവരാശിക്കുവേണ്ടി രണ്ടും അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം യഥാർഥ ഇസ്‌ലാം ജനങ്ങൾക്ക് ലഭിക്കുകയില്ല. ഒരു വിശ്വാസി പ്രമാണങ്ങളെ സ്വീകരിക്കേണ്ടത് തന്റെ പരിമിതമായ ബുദ്ധിയുടെയും യുക്തിയുടെ അടിസ്ഥാനത്തിലല്ല. പ്രപഞ്ച സ്രഷ്ടാവിന്റെ അറിവിനെയും യുക്തിയെയും അളക്കാൻ നമുക്ക് സാധ്യമല്ല. എന്നാൽ ഇന്ന് ചില സ്വീകാര്യയോഗ്യമായ, സച്ചരിതരായ മുൻഗാമികളുടെ കാലം തൊട്ടേ അംഗീകരിച്ചുവരുന്ന ഹദീസുകളെ പോലും ചോദ്യം ചെയ്യുകയും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെന്നു പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്ന പ്രവണത ആസൂത്രിതമായി നടന്നുവരുന്നുണ്ട്. അതുവഴി അവർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് മതയുക്തിവാദികളെ വാർത്തെടുക്കുക എന്ന പ്രവർത്തനമാണ്. കാലത്തിനൊപ്പം സഞ്ചരിക്കാൻ ഇസ്‌ലാമിന്റെ ചില അധ്യാപനങ്ങൾ യോഗ്യമല്ല എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
സാധ്യമായ വിധത്തിലൊക്കെ തങ്ങളുടെ പുത്തൻ ചിന്താഗതിക്ക് അനുയോജ്യമല്ലെന്നു കാണുന്ന പ്രവാചക വചനങ്ങളെ അവഗണിക്കുന്നതോടൊപ്പം ഞങ്ങളാണ് പ്രമാണങ്ങളെ യഥാവിധി പിൻപറ്റുന്നവർ എന്ന് ഇവർ അവകാശപ്പെടുകയും ചെയ്യുന്നു!
