വിജ്ഞാനസമ്പാദനവും സ്രഷ്ടാവിന്റെ തൃപ്തിയും
പത്രാധിപർ
2024 ജനുവരി 13, 1445 റജബ് 01

മനുഷ്യന്റെ പാരത്രിക വിജയത്തിന് അല്ലാഹുവിന്റെ തൃപ്തിനേടൽ അനിവാര്യമാണ്. അത് ആശിച്ചുകൊണ്ട് അവന്ന് തൃപ്തിയുള്ളതെന്നറിയിച്ച നന്മകളെല്ലാം ജീവിതത്തിൽ പകർത്തുകയും അവന്റെ തൃപ്തി നഷ്ടപ്പെട്ടാലുള്ള സർവനാശവും നിത്യശിക്ഷയും ഭയന്നുകൊണ്ട്, അവന്ന് അതൃപ്തിയുള്ളതാണെന്നറിയിച്ച എല്ലാ തിന്മകളിൽ നിന്നും സുരക്ഷിതമായി അകന്നുനിൽക്കുകയും ചെയ്യുക എന്നതാണ് ‘തക്വ്‌വ’ അഥവാ സൂക്ഷ്മത പാലിക്കൽ.
വിജ്ഞാനവും മനുഷ്യന്റെ പദവിക്കുള്ള അളവുകോലാണെന്ന് ക്വുർആൻ പറയുന്നതു കാണാം: “...നിങ്ങളിൽനിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പലപടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (ക്വുർആൻ 58:11).
“താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു (യഥാർഥ) ജ്ഞാനം നൽകുന്നു. ഏതൊരുവന്ന് (യഥാർഥ) ജ്ഞാനം നൽകപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നൽകപ്പെടുന്നത്...’’ (ക്വുർആൻ 2:269).
അതിനാൽ നാം എത്രകണ്ട് ജ്ഞാനം നേടണമെന്ന ചോദ്യം എത്രകണ്ട് തക്വ്‌വയുള്ളവരാകണം എന്ന ചോദ്യത്തിനു സമമാണ്. സാധ്യമാകുന്നത്ര അറിവു നേടണം. സാധ്യമാകുന്നത്ര തക്വ്‌വയുള്ളവരാകണം. അല്ലാഹു പറയുന്നു: “അതിനാൽ നിങ്ങൾക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക...’’ (64:16).
ക്വുർആൻ 2:2ൽ അല്ലാഹുവിന്റെ തൃപ്തിക്കായി ചെലവഴിക്കുന്നതിനെ തക്വ്‌വയുള്ളവരുടെ സ്വഭാവമായി പറയുന്നു. 2:177ൽ സന്മാർഗപ്രാപ്തിക്ക് വിശ്വാസകാര്യങ്ങൾ ഉൾക്കൊള്ളണമെന്നും ശേഷം അല്ലാഹു ഇഷ്ടപ്പെടുന്ന മാർഗത്തിൽ ധനം ചെലവഴിക്കണമെന്നും പറയുന്നു. എന്നിട്ട് അല്ലാഹു പറയുന്നത് ‘അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു തക്വ്‌വയുള്ളവർ’ എന്നാണ്. 3:192, 193 വചനങ്ങളും ചെലവഴിക്കലും തക്വ്‌വയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്.
ഓരോ മുസ്‌ലിം സ്ത്രീയും പുരുഷനും കഴിവനുസരിച്ച് വിജ്ഞാനം കരസ്ഥമാക്കേണ്ടതുണ്ട്. അവനവന്റെ കഴിവനുസരിച്ചള്ളതിനല്ലാതെ അല്ലാഹു നിർബന്ധിക്കില്ല (ക്വുർആൻ 2:286). വിജ്ഞാന വർധനവിനായി സദാ പ്രത്യാശിക്കുകയും പ്രയത്‌നിക്കുകയും പ്രാർഥിക്കുകയും വേണം: അല്ലാഹു പറയുന്നു: “...എന്റെ രക്ഷിതാ വേ, എനിക്കു നീ ജ്ഞാനം വർധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക’’(ക്വുർആൻ 20:114).
യാതൊരുവിധ ഉപകാരവുമില്ലാത്ത വഴികളിൽ സമയവും പണവും ചെലവഴിക്കുന്നവർ ഏറെയുണ്ട്. അൽപസമയം ക്വുർആൻ പഠിക്കുവാനോ ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വാങ്ങുവാനോ വായിക്കുവാനോ പറഞ്ഞാൽ സമയക്കുറവും സാമ്പത്തിക പ്രയാസവുമായിരിക്കും അവർക്ക് പയാനുണ്ടാവുക. മൊബൈലിൽ നെറ്റ് തീരുന്നത് ആലോചിക്കാൻ പോലും കഴിയില്ല. അതിന് കാശില്ലാത്ത പ്രശ്‌നവുമില്ല. എന്നാൽ ഫേസ് ബുക്കിലും വാട്‌സാപ്പിലും യുട്യൂബിലുമൊക്കെയായി ചെലവഴിക്കാൻ ഇഷ്ടംപോലെ സമയമുണ്ട് താനും! താൽപര്യമാണു പ്രധാനം. അതുണ്ടെങ്കിൽ ബാക്കിയെല്ലാം കൂടെവരും.
“അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽനിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പോലെയാണോ?). എന്നാൽ അല്ലാഹുവിന്റെ സ്മരണയിൽനിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ’’ (ക്വുർആൻ 39:22).

