അഭിനയമല്ല ജീവിതം

അബ്ദുൽ മാലിക് സലഫി മൊറയൂർ

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

സിനിമാരംഗത്തെ സ്ത്രീചൂഷണത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടാണ് ഇന്ന് നാട്ടിലെങ്ങും സംസാരവിഷയം. നാലുവർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. സിനിമയിൽ അവസരം നൽകുന്നതിനു പകരം ശരീരം ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടിൽ പറയുന്നു. ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ ഭയമാണെന്ന് ചില നടിമാർ മൊഴി നൽകി. പുരുഷന്മാർ രാത്രി മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. വാതിൽ തകർത്ത് ഇവർ അകത്തുകടക്കുമോയെന്ന ഭയത്തിലാണ് കിടക്കുന്നതെന്നുമാണ് പലരുടെയും മൊഴികൾ. സിനിമയിൽ അവസരം ലഭിക്കാൻ അഡ്ജസ്റ്റ്മെന്റും വിട്ടുവീഴ്ചയും ചെയ്യണമെന്ന പ്രയോഗം സിനിമയിൽ സാധാരണമാണ്. സ്ത്രീക്ക് താൽപര്യമില്ലെങ്കിൽ പോലും നിർബന്ധം തുടരും. സിനിമയിൽനിന്ന് പുറത്താകുമെന്ന ഭീതിക്കൊപ്പം സ്വജീവനും വേണ്ടപ്പെട്ടവരുടെ ജീവനും ഭീഷണിയുണ്ടെന്നതിനാലാണ് പൊലീസിൽ പരാതി നൽകാൻ മുതിരാത്തത്...എന്നിങ്ങനെ പോകുന്നു റിപ്പോർട്ടിലെ വിവരങ്ങൾ.

സകലവിധ അധർമങ്ങളെയും പാലൂട്ടി വളർത്തുന്ന സിനിമാരംഗത്ത് ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പണമുണ്ടാക്കുക എന്നതിലപ്പുറം എന്തു ലക്ഷ്യമാണ് സിനിമാരംഗത്തെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കുമുള്ളത്? ലഹരി പദാർഥങ്ങളുടെ ഉപയോഗം, ലൈംഗികാതിക്രമം, സ്വവർഗലൈംഗികത, കൊലപാതകം, ആത്മഹത്യ, കളവ്, കൊള്ള, അവിഹിത ബന്ധങ്ങൾ, വർഗീയ ചിന്ത വളർത്തൽ...ഇങ്ങനെയുള്ള എല്ലാവിധ തോന്ന്യാസങ്ങളും ചെയ്യാൻ പ്രേരണ നൽകുന്നതിൽ സിനിമകൾക്കുള്ള പങ്ക് ആർക്കാണ് നിഷേധിക്കാനാവുക?

കേരളത്തിൽ ഒരു സാംസ്‌കാരിക വകുപ്പും ആ വകുപ്പിന് ഒരു മന്ത്രിയുമുണ്ട്. ഈ സാംസ്‌കാരിക വകുപ്പിൻ കീഴിലാണത്രെ സിനിമാരംഗമുള്ളത്! ഹേമ കമ്മീഷൻ റിപ്പോർട്ടിനെ നാലര വർഷത്തോളം മയക്കിക്കിടത്താൻ സർക്കാറിനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന ചോദ്യം അപ്രസക്തമല്ല.

വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവുമായി കാണുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ കലാതിലകമോ കലാപ്രതിഭയോ ആയി മാറിയാൽ സിനിമയിൽ അവസരം കിട്ടുമെന്ന പ്രതീക്ഷ പലർക്കുമുണ്ട്. അതുകൊണ്ടുതന്നെ ലക്ഷങ്ങൾ അതിനായി ചെലവഴിക്കാൻ തയ്യാറാകുന്നു. പെൺമക്കളെ നടിമാരാക്കി മാറ്റാൻ വണ്ടികയറുന്ന അമ്മമാരിൽ പലരും അതിനായി മക്കളെയും സ്വന്തത്തെയും സ്വമേധയാ സമർപ്പിച്ച് സംവിധായകരെയും നിർമാതാക്കളെയുമൊക്കെ പ്രീതിപ്പെടുത്താൻ തയ്യാറാകുന്നുവെന്ന വസ്തുത ഹേമ കമ്മീഷൻ റിപ്പോർട്ടിൽ കാണാനിടയില്ല. എന്നാൽ അതൊക്കെ നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

സിനിമാ രംഗത്തോ മറ്റേതു രംഗത്തോ ആകട്ടെ, ലൈംഗിക പീഡനമോ അതിനുള്ള ശ്രമമോ മോശം പെരുമാറ്റമോ ഉണ്ടായിട്ട് വർഷങ്ങളോളം അത് പുറത്തു പറയാതിരിക്കുക എന്നത് ശരിയല്ല. അവസരം നിഷേധിക്കപ്പെടുമെന്ന് ഭയന്നോ മറ്റോ നിരന്തരം വിധേയപ്പെടുക, കുറെ വർഷങ്ങൾ കഴിഞ്ഞ് - ആശിച്ചവേഷങ്ങളൊക്കെ ആടാൻ കഴിഞ്ഞ ശേഷം-ഞാൻ പീഡിപ്പിക്കപ്പെട്ടേ എന്നു വിളിച്ചുപറയുക; ഇത് നമ്മുടെ നാട്ടിൽ പതിവായി മാറിയിരിക്കുന്നു.

കുറ്റവാളികൾ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഇക്കാലത്ത് എന്തെങ്കിലും ഭൗതിക താൽപര്യത്തിന്റെ പേരിൽ അല്ലെങ്കിൽ വ്യക്തിവിരോധത്തിന്റെ പേരിൽ അന്യന്റെ അഭിമാനം കശക്കിയെറിയാൻ കച്ചകെട്ടി ഇറങ്ങുന്നവർ എമ്പാടുമുണ്ട്. ഒരാളും അന്യായമായി ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. താൻ ഒരു നിലയ്ക്കും ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ആഗ്രഹിക്കുന്നവൻ അതേ ആഗ്രഹം എല്ലാവർക്കുമുണ്ടെന്ന് മനസ്സിലാക്കണം.