ജീവിതാസക്തിയുടെ പുതിയകാല സ്വഭാവം
പത്രാധിപർ
2024 ജനുവരി 20, 1445 റജബ് 8

മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാനമാണ് സ്‌നേഹം. മൃഗങ്ങളിലും സ്‌നേഹവും വികാരവും കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യനിൽ പ്രകടമാകുന്ന സ്‌നേഹം മൃഗങ്ങളിൽനിന്ന് വ്യത്യസ്തമാണ്. മനുഷ്യൻ പ്രകടിപ്പിക്കുന്ന സ്‌നേഹം കേവലം ആഹ്ലാദാനുഭൂതി മാത്രമല്ല, അതിന് ആത്മീയമായ ഒരു വശംകൂടിയുണ്ട്. സ്‌നേഹം വ്യക്തിത്വത്തിന്റെ നൈസർഗിക ഗുണമാണ്. ശിശുവും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിൽ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാണാം.
സ്‌നേഹത്തിന് ദാരിദ്ര്യമനുഭവപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്‌നേഹം എങ്ങനെ പ്രകടിപ്പി ക്കാം എന്ന് പലർക്കുമറിയില്ല. സ്‌നേഹം ഒരു വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്ക് സംക്രമിക്കുന്ന ഒരു സജീവ പ്രക്രിയയാണ്. സ്‌നേഹത്തിത്തിലൂടെ കൈവരുന്ന കൂടിച്ചേരലിൽനിന്ന് പരസ്പരം അറിയാൻ കഴിയുന്നു. ഈ അറിവ് സ്വയം അറിയാൻ സഹായിക്കുന്നു. സ്‌നേഹം മനുഷ്യനെ ഒറ്റപ്പെടലിൽ നിന്ന് രക്ഷിക്കുകയും വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനിൽപ്പിന്റെ നിദാനമായിത്തീരുകയും ചെയ്യുന്നു.
മനുഷ്യനെയും മനുഷ്യനെയും കൂട്ടിയിണക്കുന്ന ഘടകങ്ങളിൽ വികാരാധിഷ്ഠിതമായ പാരസ്പര്യവും ബന്ധവും വിനിമയവും പ്രധാനപ്പെട്ടവയാണ്. എന്നാൽ ശാസ്ത്രവികാസത്തിന്റെ മറവിൽ സംഭവിച്ചത് വികാരങ്ങളുടെ തിരസ്‌കാരമായിരുന്നു. വികാരങ്ങൾ മനുഷ്യബലഹീനതയുടെ ഘടകങ്ങളായി വിലയിരുത്തപ്പെട്ടു. ശാസ്ത്രം ആവിഷ്‌കരിച്ച വസ്തുകേന്ദ്രീകൃതമായ ജീവിതബോധം മനുഷ്യബന്ധങ്ങളെ ലാഭേഛയോടെ വീക്ഷിക്കുന്ന ഉപഭോഗ സമീപനമായി വളർന്ന് പന്തലിച്ച് നിൽക്കുകയാണിന്ന്. വ്യക്തി-സമുഹ ബന്ധങ്ങൾ, അവയെ നിർണയിക്കുന്ന മൂല്യ-ആദർശ മണ്ഡലങ്ങൾ എന്നിവ തിരസ് കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് സംഭവിച്ചത് ശാസ്ത്രത്തിന്റെ മറവിൽ കടന്നുവന്ന അമാനവിക ജീവിതവീക്ഷണങ്ങളുടെ ഫലമായിട്ടാണ്.
ആധുനിക മനുഷ്യൻ ജീവിതത്തെക്കുറിച്ച് പുലർത്തുന്ന പ്രത്യാശകൾ ദുർബലമാണ്. ആസക്തിയും സ്വാർഥതയും ലാഭേഛകളും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഒരു മൃഗിയ തൃഷ്ണയിൽനിന്ന് ഉത്ഭവിക്കുന്ന ജീവിതമോഹം മാത്രമാണ് ആധുനിക മനുഷ്യന്റെ കൈമുതൽ. ഇതാകട്ടെ, അതിജീവനത്തിന്റെ പ്രത്യാശയല്ല; വിഭ്രാന്തിയുടെ മന്ദതയാണ് ഉൽപാദിപ്പിക്കുന്നത്. വളരെ വേഗം കെട്ടടങ്ങുകയും നാശത്തിന്റെ ഗർത്തങ്ങളിലേക്ക് ആഴ്ന്ന് പോവുകയും ചെയ്യുന്ന ദൗർബല്യമാണ് ജീവിതാസക്തിയുടെ പുതിയകാല സ്വഭാവം.
അനന്തതയെക്കുറിച്ചുള്ള ദുരൂഹതകളും അവ്യക്തതകളെക്കുറിച്ചുള്ള ആശങ്കകളുമാണ് പ്രപഞ്ചത്തിന്റെ കാര്യത്തിൽ ആധുനിക ശാസ്ത്രം മനുഷ്യജീവിതത്തിന് നൽകിയിരിക്കുന്നത്. ഈ അനന്തതയും ദുരൂഹതയുമെല്ലാം ദൈവവിശ്വാസിയല്ലാത്ത മനുഷ്യനെ നയിക്കുക അവ്യക്തതകളും തിരിച്ചറിയായ്മകളും അനിയന്ത്രിതാവസ്ഥകളും നിറഞ്ഞ മാനസിക-ചിന്താമണ്ഡലത്തിലേക്കാണ്. ദൈവവിശ്വാസിയെ സംബന്ധിച്ച് അവനു മുന്നിൽ എല്ലാ ദുരുഹതകളുടെയും അവസാനവാക്കായി ദൈവം എന്ന ഒരു ശക്തിയുണ്ട്.
ശാസ്ത്രം മനുഷ്യജീവിതത്തിൽ ചെലുത്തിയ ഗുണപരമായ സ്വാധീനങ്ങൾക്കെല്ലാം മറുവശമെന്ന വിധത്തിൽ അപമാനവീകരണത്തിന്റെതായ നിരവധി ദുഷ്പ്രവണതകളും ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യ ജീവിതത്തിന്റെ ഉപാധിയായി ശാസ്ത്രത്തെ കാണാതെ ശാസ്ത്രത്തിന്റെ ഉപാധിയായി മനുഷ്യനെയും അവന്റെ ജീവിതത്തെയും കാണുന്ന തലതിരിഞ്ഞ വീക്ഷണമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ദൈവത്തിന് പകരമായി ശാസ്ത്രത്തെ പ്രതിഷ്ഠിക്കുകയും ദൈവത്തെ തുരത്താനുള്ള ഉപകരണമായി ശാസ്ത്രത്രത്തെ സങ്കൽപിക്കുകയും ചെയ്ത അതിഭൗതിക ദർശനങ്ങൾക്കും ജീവിത വീക്ഷണങ്ങൾക്കും തെറ്റുപറ്റിയിരിക്കുന്നു. മനുഷ്യരാശിയുടെ രക്ഷ, ദൈവിക മാർഗദർശനങ്ങളിലും വേദസത്യങ്ങളിലും മാത്രമാണ്. ശാസ്ത്രം മനുഷ്യനെക്കാൾ വലുതല്ല; പക്ഷേ, മനുഷ്യൻ എക്കാലത്തും ശാസ്ത്രത്തെക്കാൾ വലുതാണ് എന്ന പാഠം വിസ്മരിക്കാവതല്ല. മനുഷ്യന്റെ വലുപ്പത്തിന് കാരണം അവൻ ദൈവത്തിന്റെ സൃഷ്ടിയാണ് എന്നതാണ്. ശാസ്ത്രത്തിന് മനുഷ്യസൃഷ്ടിയിൽ പങ്കില്ല.

