വിവേകത്തിന്റെ വഴി

പത്രാധിപർ

2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

മനുഷ്യപ്രകൃതി നന്മയും തിന്മയും ചെയ്യുവാനുള്ള ചോദനകളുള്ളതാണ്. ഭൗതിക വളർച്ചക്കും പുരോഗതിക്കും പരമാവധി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ ആത്മനിയന്ത്രണത്തിനും വിവേകപൂർണമായ തെരഞ്ഞെടുപ്പിനും പ്രേരിപ്പിക്കുന്നത് അവനിെല ധാർമികബോധമാണ്. വ്യക്തി, കുടുംബം സമൂഹം എന്നിവയുടെയെല്ലാം ഗുണപരമായ വളർച്ചക്ക് ഇത് അനിവാര്യവുമാണ്. അല്ലാഹു പറയുന്നു:

“മനുഷ്യാസ്തിത്വത്തെയും അതി നെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവൻ ബോധം നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’ (ക്വുർആൻ 91:7-10).

ജന്മനാ നിഷ്‌കളങ്കനും നിസ്വാർഥനുമായ മനുഷ്യൻ പിറന്നുവീഴുന്ന ലോകത്തെ, മരണശേഷം തിരിച്ചു ചെല്ലേണ്ട ലോകെത്തക്കാൾ മികച്ചതായി കാണുകയും അതിന് അമിത പ്രാധാന്യം നൽകുകയും ചെയ്യുന്നതോടെ പ്രലോഭനങ്ങളും ഇച്ഛകളും അനിൽ മേധാവിത്തം സ്ഥാപിക്കുന്നു. ഇത് മനുഷ്യസഹജമായ ധാർമികബോധത്തെയും സദാചാര നിഷ്ഠയെയും തളിപ്പറയുന്നതിന് കാരണമായി മാറുന്നു. അല്ലാഹു പറയുന്നു:

“(അന്ന്) ആർ അതിരുകവിയുകയും ഇഹലോകജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തുവോ (അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം’’(ക്വുർആൻ 79:37-39).

“പക്ഷേ, നിങ്ങൾ ഐഹികജീവിതത്തിന്ന് കൂടുതൽ പ്രാധാന്യം നൽകുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനിൽക്കുന്നതും’’ (87:16,17)

താൻ ഇടപെടുന്നത് ഏത് രംഗത്തായാലും ധാർമികതയുടെ പരിധി ലംഘിക്കാത്തവിധം പ്രവർത്തിക്കുവാനും നേതൃത്വപരമായ പങ്ക് വഹിക്കുവാനും ഒരാൾ പ്രാപ്തി നേടുമ്പോഴാണ് സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിപരമായ ബാധ്യത നിർവഹിക്കുവാനാവുക.

അവകാശങ്ങളും ബാധ്യതകളും പരസ്പര പൂരകങ്ങളാണ്. രണ്ടിലൊന്ന് നിഷേധിക്കുന്നതോടെ മറ്റേതിന് വേണ്ടി വാദിക്കാനുള്ള ധാർമികത നഷ്ടമാകും. സ്രഷ്ടാവിന്റെ അളവറ്റ അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും ജീവിക്കുന്ന മനുഷ്യൻ സ്രഷ്ടാവിനോടും സഷ്ടികളോടുമുള്ള ബാധ്യതകൾ നിർവഹിക്കുന്നില്ലെങ്കിൽ അത് വലിയ നന്ദികേട് തന്നെയാണ്. അല്ലാഹു പറയുന്നു:

“അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തിൽ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടിൽ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നതല്ല’’ (ക്വുർആൻ 28:77).

വ്യക്തിയുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായും സമൂഹത്തിൽ പ്രതികരണങ്ങളുണ്ടാക്കും. സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനും മാനവിക ബന്ധങ്ങളെ ശക്തമായി നിലനിർത്തുന്നതിനും ഉതകുന്ന; സത്യസന്ധത, നീതി, സഹിഷ്ണുത, കാരുണ്യം തുടങ്ങിയ മുഴുവൻ സ്വഭാവഗുണങ്ങളെയും ഉന്നതമായി ഗണിക്കുന്ന; അസൂയ, പക, ശത്രുത, കൊല, വഞ്ചന തുടങ്ങിയ എല്ലാ ദുർഗുണങ്ങളെയും ഹീനമായി കരുതുന്ന, സദാചാരമൂല്യങ്ങളെ തകർക്കുന്നതെന്തും വലിച്ചെറിയാനുള്ള ശക്തി പകർന്നുനൽകുന്ന ധാർമികബോധം മനുഷ്യന്റെ നിലനിൽപിന് അത്യാവശ്യമാണ്. ഇതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നതും.