ഇരുട്ടിന്റെ മിത്രങ്ങൾക്ക് വെളിച്ചത്തെ സ്‌നേഹിക്കുവാൻ കഴിയുമോ?
പത്രാധിപർ
2024 നവംബർ 30, 1446 ജു. ഊലാ 28

സത്യവും നീതിയും ന്യായവും ധർമവും മനുഷ്യർക്കിടയിൽനിന്നും ചോർന്നുപോയിെക്കാണ്ടിരിക്കുകയാണോ? കുടുംബ ബന്ധങ്ങളുടെ നിലനിൽപുപോലും പണത്തിന്റെ അടിസ്ഥാനത്തിലായി മാറുകയാണോ? ജനാധിപത്യം പണാധിപത്യത്തിനു വഴിമാറുകയാണോ? ഭരണകൂടങ്ങൾ ഭരണീയരെ നിന്നുതിരിയാനാകാത്തവിധം വരിഞ്ഞുമുറുക്കുകയാണോ? ഇങ്ങനെ ചോദിക്കുവാൻ തുനിഞ്ഞാൽ ഒട്ടനവധി ചോദ്യങ്ങൾ ഉതിർന്നുവീഴും.
ലോകത്തും നമ്മുടെ രാജ്യത്തും നമ്മുടെ ചുറ്റുപാടുകളിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ആരുടെയും മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉടലെടുത്തേക്കാം. ‘ഇതൊക്കെ പണ്ടേയുള്ളതു തന്നെയാണ്, ഇപ്പോഴായിട്ട് തുടങ്ങിയതൊന്നുമല്ല’ എന്ന് വായിച്ചുതള്ളിയ ചരിത്രങ്ങളിൽനിന്നു കിട്ടിയ അറിവനുസരിച്ച് സ്വയം ആശ്വാസം കൊള്ളാൻ ശ്രമിക്കാം. ചരിത്രത്തിന്റെ ആവർത്തനമെന്ന് സമാധാനിക്കാം.
എന്നാൽ അങ്ങനെ സ്വയം സമാധാനിച്ച് അടിമ മനോഭാവത്തോടെ കാലംകഴിക്കുകയാണോ നാം ചെയ്യേണ്ടത്? സ്രഷ്ടാവു തന്ന വിശേഷബുദ്ധിയും ചിന്താശേഷിയും അറിവും കഴിവും അടിയറവെച്ചു ജീവിക്കുകയാണോ വേണ്ടത്? അതല്ല ഒഴുക്കിനെതിരെ നീന്തുകയോ? തിന്മകളുടെ കുത്തൊഴുക്കിനൊപ്പം പോകാൻ പണിയൊന്നുമില്ല. കിടന്നുകൊടുത്താൽ താനെ ഒഴുകിക്കൊള്ളും. എന്നാൽ എതിർദിശയിൽ നീന്തൽ ആയാസമേറിയതാണ്. അങ്ങനെയുള്ളവർക്കേ പരിവർത്തനത്തിന്റെ വഴിത്താരകൾ വെട്ടുവാൻ കഴിയൂ. അല്ലാഹു പറയുന്നു: “...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീർച്ച...’’ (ക്വുർആൻ 13:11).
സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കർമനിരതനായിരിക്കാൻ സത്യവിശ്വാസം മനഷ്യനു കരുത്തേകും. സമൂഹത്തിൽ നിലനിൽക്കുന്ന പിഴച്ച മൂല്യങ്ങളോടും ദുഷിച്ച ആചാരങ്ങളോടും മനുഷ്യത്വരഹിതമായ നിയമങ്ങളോടും അക്രമങ്ങളോടും രാജിയാകാതെ നിലകൊള്ളുവാനും നന്മ കൽപിക്കുവാനും തിന്മ വിരോധിക്കുവാനുമുള്ള ആർജവം പകർന്നുതരുന്നത് ഈമാനാണ്. സ്വന്തത്തോടും മറ്റുള്ളവരോടും ചെയ്യുന്ന നന്മയും ഗുണകാംക്ഷയുമാണത്. ആ വഴിയിലുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. എതിർപ്പിന്റെ, പരിഹാസങ്ങളുടെ, അക്രമത്തിന്റെ കൂരമ്പുകൾ പാഞ്ഞുവന്നേക്കാം. ഇരുട്ടിന്റെ മിത്രങ്ങൾക്കെങ്ങനെ വെളിച്ചത്തെ സ്‌നേഹിക്കുവാൻ കഴിയും? അവരോടു നാമെന്തു പറയണമെന്ന് ക്വുർആൻ പറഞ്ഞുതരുന്നുണ്ട്: “പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. ഞാനും പ്രവർത്തിച്ചു കൊണ്ടിരിക്കുകതന്നെയാകുന്നു. എന്നാൽ വഴിയെ നിങ്ങൾ അറിയും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആർക്കാണെന്ന്’’ (39:39-40).
നബി(സ) പറഞ്ഞു: “നിങ്ങൾ കൂടെക്കൂടികളാകരുത്. ആളുകൾ നല്ലകാര്യം ചെയ്യുമ്പോൾ ഞാനും നല്ല കാര്യം ചെയ്യും; അവർ ദുഷ്പ്രവൃത്തി ചെയ്യുമ്പോൾ ഞാനും ദുഷ്പ്രവൃത്തി ചെയ്യും എന്ന നിലപാടെടുക്കരുത്. ജനങ്ങൾ നന്മചെയ്യുമ്പോൾ മാത്രം അവരോടു സഹകരിക്കുക, തിന്മചെയ്യുമ്പോൾ അവരിൽനിന്ന് അകന്നുമാറുക’’ (തിർമിദി).
