മതം പഠിപ്പിക്കുന്നത് മനുഷ്യനാകുവാൻ

പത്രാധിപർ

2024 ജനുവരി 27, 1445 റജബ് 15

മനുഷ്യനാകണമെങ്കിൽ മതമൊഴിവാക്കണം എന്ന സന്ദേശം പ്രചരിപ്പിക്കുന്നവരാണ് നിരീശ്വര- നിർമത വാദികൾ. അവരുടെ വീക്ഷണത്തിൽ ഏറ്റവും വലിയ തിന്മ മതമാണ്, മതം പഠിപ്പിക്കുന്ന ആശയങ്ങളാണ്. മതം നശിച്ചാൽ പിന്നെ സമൂഹത്തിൽ യാതൊരുവിധ അക്രമവും അനീതിയും വിഭാഗീയതയും ഉണ്ടാവില്ല എന്നാണ് ഇവർ ജല്പിക്കുന്നത്.

മതത്തിന്റെ നന്മകളെ പാടെ നിഷേധിക്കുകയും മനുഷ്യന്റെ സംസ്‌കാരവും മൂല്യബോധവും നിർണയിക്കുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെ വിസ്മരിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ മതത്തിന്റെ നാശം മാനവികതയുടെ ഒരാവശ്യമായി ഉയർത്തിക്കാണിക്കുന്നത് വാസ്തവത്തിൽ യുക്തിഹീനമായ നിലപാടാണ്. മാനവികതയുടെ ശത്രു, മനുഷ്യരാശിയുടെ പതനത്തിന്റെയും തിന്മകളുടെയും ഉത്ഭവകേന്ദ്രം അവസാനിക്കാത്ത ചൂഷണങ്ങളുടെ പ്രചോദനം, പൗരോഹിത്യത്തിന്റെയും അടിമത്തത്തിന്റെയും തത്ത്വശാസ്ത്രം എന്നിങ്ങനെ മതത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന യുക്തിവാദി സാഹിത്യങ്ങൾ സുലഭമാണ്. മതങ്ങളെ മൊത്തത്തിൽ അളക്കുവാൻ യുക്തിവാദികൾക്ക് മുൻനിർണിതങ്ങളായ ചില അളവുകോലുകളുണ്ട്. തുരുമ്പെടുത്തു നശിച്ചതാണെങ്കിലും ഇന്നും അതേ അളവുകോലുകൾ തന്നെയാണ് അവരുപയോഗിക്കുന്നത്. ദൈവിക മതമായ ഇസ്‌ലാമിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇവരുടെ ഈ വിലയിരുത്തലുകളും ആരോപണങ്ങളുമെല്ലാം നൂറു ശതമാനവും തെറ്റാണ്. ഒരു മുസ്‌ലിമാവുക എന്നു പറഞ്ഞാൽ എല്ലാ അർഥത്തിലും മനുഷ്യത്വമുള്ള ഒരു മനുഷ്യനാകലാണ്.

മനുഷ്യരെല്ലാം ഏകനായ ദൈവത്തിന്റെ സൃഷ്ടികളും അവന്റെ സംരക്ഷണത്തിൽ കഴിയുന്നവരുമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ധനികനും ദരിദ്രനും മുതലാളിയും തൊഴിലാളിയുമെല്ലാം സമന്മാരാണെന്നുള്ള പ്രഖ്യാപനം ഇസ്‌ലാമിന്റെ സവിശേഷതയാണ്. വർഗത്തിന്റെയും വർണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ അത് മനുഷ്യർക്കിടയിൽ ഉച്ചനീചത്വം കൽപിക്കുന്നില്ല. വിശുദ്ധ ക്വുർആൻ പ്രഖ്യാപിക്കുന്നു: “ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു...തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും ശ്രേഷ്ഠൻ നിങ്ങളിലേറ്റവും ദൈവഭയമുള്ളവൻ മാത്രമാകുന്നു’’ (49:13).

സർവവിധ അസമത്വങ്ങളുടെയും കടയ്ക്കൽ ഇസ്‌ലാം കത്തിവയ്ക്കുന്നു. എല്ലാവർക്കും നീതി ലഭിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ‘കറുത്തവന്റെ പുത്രാ’ എന്ന് ഒരാൾ മറ്റൊരാളെ വിളിക്കുന്നത് കേട്ടപ്പോൾ മുഹമ്മദ് നബിﷺ അയാളെ താക്കീത് ചെയ്തുകൊണ്ട് പറഞ്ഞു: ‘അജ്ഞാനകാലത്തെ കിരാതത്വമുണ്ട് നിങ്ങളിൽ.’

മനുഷ്യരിൽ ചിലരെ ജന്മനാ തന്നെ അധമരും തൊട്ടുകൂടാത്തവരുമായി കണക്കാക്കുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല. തൊലി കറുപ്പാണെന്നതിനാൽ മാറ്റിനിർത്തപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുമോ എന്ന ഭീതിയിൽ മുസ്‌ലിം സമൂഹത്തിൽ ആർക്കും കഴിയേണ്ടിവരികയില്ല. ആരാധനാലയങ്ങളിൽ സ്വന്തം മതത്തിൽ പെട്ടവർക്കു പോലും അധമരെന്ന് മുദ്രകുത്തി വിലക്കേർപെടുത്തുന്ന അനീതിയും ഇസ്‌ലാമിലില്ല. ബാലിശമായ ആരോപണങ്ങൾ ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്നവർ ഇതൊന്നും അറിയാത്തവരാകാൻ വഴിയില്ല; അന്ധത നടിക്കുകയാണവർ.

ഇസ്‌ലാം അനുശാസിക്കുന്ന നിയമനിർദേശങ്ങളെല്ലാം മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ്. മനുഷ്യജീവിതത്തിൽ അതിരുകളും വിലക്കുകളും പാടില്ല എന്നു പറയുന്ന മതനിഷേധികളാകട്ടെ മനുഷ്യനെ മൃഗത്തെക്കാൾ അധഃപതിച്ച ജീവിയാക്കാനാണ് ശ്രമിക്കുന്നത്.