വളരുന്ന ശതകോടീശ്വരന്മാരും ഉയരുന്ന ദാരിദ്ര്യവും

പത്രാധിപർ

2024 ജൂലായ് 30, 1446 മുഹർറം 14

“നിങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും അവസാനത്തെ നിവൃത്തികെട്ട മനുഷ്യന്റെ മുതുകിൽ സാന്ത്വനത്തിന്റെ കരസ്പർശം എന്നാണാവോ പതിയുന്നത്; അന്നു മാത്രമെ നിങ്ങളുടെ ഗ്രാമം വികസിതമാണ്, ഗ്രാമവാസികൾ സംസ്‌കാരസമ്പന്നരാണ് എന്ന് ഞാൻ കരുതുകയുള്ളൂ.’’

വികസനത്തെയും സംസ്‌കാരത്തെയും സംബന്ധിച്ച മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടാണ് മുകളിലുദ്ധരിച്ചത്. ആരാണ് സമൂഹത്തിലെ നിവൃത്തികെട്ടവർ? ഗാന്ധിയുടെ കാഴ്ചപ്പാടിൽ നാട്ടിൻപു റത്തെ ദരിദ്രരാണ്. അതായത് ദളിതരും പിന്നാക്കക്കാരും സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ അടങ്ങുന്ന, ആധുനികസമൂഹം ദുർബല വിഭാഗങ്ങൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നവർ. അതുകൊണ്ടാണ് ലോകത്തിലെല്ലായിടത്തും ഒരു സമൂഹം വികസിതമാണോ എന്നതിന്റെ ഏറ്റവും പ്രധാന സൂചകമായി ആ സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും നില പരിശോധിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള പൊതുപ്രസ്ഥാനങ്ങൾ രാജ്യങ്ങളുടെ സാമൂഹ്യപദവി അളക്കുന്നതിന് മുഖ്യമായും സ്ത്രീകളുടെയും കുട്ടികളുടെയും നില പരിശോധിക്കുകയാണ് ചെയ്യുന്നത്. ഗുജറാത്തിലെ വികസന നിലയെക്കുറിച്ച് ഹിന്ദുത്വവാദികൾ വാചാലരാകുമ്പോൾ ആ സംസ്ഥാനത്തെ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവും ശിശുമരണ നിരക്കുമൊക്കെ പ്രധാന ചർച്ചാ വിഷയമാകുന്നതും അതുകൊണ്ടുതന്നെ.

ഇന്ന് ഇന്ത്യയുടെ അവസ്ഥയെന്താണ്? ഗാന്ധിജി ആഗ്രഹിച്ചതുപോലെ, അവസാനത്തെ എന്നല്ല; നിവൃത്തികെട്ട ഏതെങ്കിലും മനുഷ്യന്റെ മുതുകിൽ സാന്ത്വനത്തിന്റെ കരസ്പർശം പതിയുന്നുണ്ടോ? സാന്ത്വനവും കരുതലിന്റെ കരസ്പർശവുമെല്ലാം കിട്ടുന്നത് കോർപറേറ്റുകൾക്കു മാത്രം! നിലനിൽപിനായി രാജ്യത്തെ കർഷകർ സമരപാതയിലാണ്. തൊഴിലില്ലായ്മയും അവശ്യവസ്തുക്കളുടെ അന്യായമായ വിലവർധനവും നിമിത്തം പട്ടിണിയിലാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു.

എണ്ണപ്പെട്ട ശതകോടീശ്വരന്മാർക്കായി ഭരണചക്രം കറങ്ങുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ അവർക്ക് തുഛമായ വിലയ്ക്ക് തീറെഴുതിക്കൊടുക്കുന്നു. ഇന്ത്യൻ ജനത വിയർപ്പൊഴുക്കിയും ചോര നീരാക്കിയും ഉണ്ടാക്കുന്ന സമ്പത്ത് കോർപ്പറേറ്റുകൾ കൈയടക്കുന്നു എന്നർഥം.

പട്ടിണിക്കാരുടെയും പോഷകാഹാരക്കുറവുള്ളവരുടെയും എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സിൽ 2021ൽ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022ൽ ആറ് റാങ്ക് താഴ്ന്ന് 107ൽ എത്തി. നിലവിൽ പാക്കിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിറകിലാണ് ഇന്ത്യ! ജനസംഖ്യയിൽ ഇന്ത്യയുടെ തൊട്ടടുത്ത് നിൽക്കുന്ന ചൈനയടക്കം തുർക്കി, കുവൈത്ത് ഉൾപ്പെടെ 17 രാജ്യങ്ങൾ ആദ്യ അഞ്ചിനുള്ളിലുണ്ട്

നരേന്ദ്രമോദി സർക്കാർ ഭരണം തുടങ്ങിയ 2014 മുതൽ ഇന്ത്യയുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായം വെറും ആരോപണമല്ലെന്നു വ്യക്തം. പട്ടിണിയും പോഷകാഹാരക്കുറവും പോലുള്ള യഥാർഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയ്യാറല്ല എന്നതും ആയിരക്കണക്കിനു കോടികൾ ചെലവാക്കി പ്രതിമകൾ സ്ഥാപിക്കുന്നതിലും പ്രതിലോമ ചിന്തകൾ വളർത്തുന്നതിലുമാണ് ശ്രദ്ധ എന്നതുമാണ് ഏറ്റവും വലിയ ദുരന്തം.