ജീവിതം ഒരു നാടകമോ?
പത്രാധിപർ
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ, രാത്രിയും പകലും പോലെ ജീവിതത്തിന്റെ രണ്ടു വശങ്ങളാണ് സുഖവും ദുഃഖവും. വിപരീത വസ്തുക്കളും വസ്തുതകളും പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളുമൊക്കെ പ്രാപഞ്ചിക യാഥാർഥ്യങ്ങളാണ്. രാത്രിയില്ലെങ്കിൽ പകലിന്റെ പ്രത്യേകതയറിയില്ല. ആണും പെണ്ണുമില്ലെങ്കിൽ ജീവരാശിക്ക് നിലനിൽപില്ല.
സുഖദുഃഖങ്ങളെയും ആരോഗ്യാവസ്ഥയെയും രോഗാവസ്ഥയെയും യഥോചിതം സമചിത്തതയോടെ എതിരേൽക്കാനാണ് വിശ്വാസികൾ പഠിക്കേണ്ടത്. അത് വിധിവിശ്വാസത്തിന്റെ ഭാഗമാണ്. നന്മ-തിന്മകൾ അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് ഭവിക്കുന്നതെന്നും അത് മാറ്റിമറിക്കാൻ മറ്റാർക്കും സാധ്യമല്ലെന്നുമുള്ള വിശ്വാസം കൂടിയേ തീരൂ. അതുള്ളവർക്കേ പ്രതിസന്ധികളെ ക്ഷമയോടെ നേരിടാൻ കഴിയൂ. ക്ഷമ കൈക്കൊണ്ടാൽ അത് ഇഹത്തിലും പരത്തിലും ഗുണം ചെയ്യുമെന്ന വിശ്വാസമുള്ളവന് ഏത് കടുത്ത പരീക്ഷണങ്ങളെയും സമചിത്തതയോടെ നേരിടാൻ കഴിയും. സന്തോഷവും സന്താപവും അവന് ഗുണകരമായി ഭവിക്കുകയും ചെയ്യും.
വിഷമഘട്ടങ്ങളിൽ ഇത് അല്ലാഹുവിന്റെ പരീക്ഷണമാണെന്നു മനസ്സിലാക്കി ക്ഷമയോടെ നിലകൊ ണ്ടാൽ ആ മനഃസ്ഥിതികൊണ്ടു തന്നെ പകുതി വിഷമം കുറഞ്ഞതായി നമുക്ക് തോന്നും. നാം ക്ഷണിച്ചുവരുത്തുന്നതാണ് ദുഃഖങ്ങളിൽ അധികവും. ദീർഘവീക്ഷണമില്ലായ്മ, അവിവേകം, അക്ഷമ, ചിന്താശൂന്യത മുതലായവ ദുഃഖം ക്ഷണിച്ചുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്.
ന്യായത്തിനല്ല അന്യായത്തിനാണിവിടെ പ്രബലത എന്ന് നമുക്ക് കാണാനാകുന്നു, ക്രിമിനലുകളും വർഗീയ ഭ്രാന്തന്മാരും ഭരിക്കുന്നവരായി മാറുന്നു, നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു, അപരാധികൾ ക്രൂശിക്കപ്പെടുന്നു, നന്മ ചെയ്തവർ അർഹമായ പ്രതിഫലം ലഭിക്കാതെയും തിന്മ ചെയ്തവർ അർഹമായ ശിക്ഷയേൽക്കാതെയും മരിച്ചുപോകുന്നു... ഈ ചിന്തകൾ മനുഷ്യരെ, വിശിഷ്യാ യുവതലമുറയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു. ജീവിതം ഒരു കടങ്കഥയാണെന്നും നാടകമാണെന്നും വ്യർഥമാണെന്നുമൊക്കെ അവർ കണ്ടെത്തുന്നു! ഫലമോ? പലരും മദ്യത്തിലും മയക്കുമരുന്നിലും അഭയംതേടുന്നു. ലഹരിയിൽ സായൂജ്യമടയുന്നു. ഈ ചിന്ത കൊണ്ടാണ് ‘ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറും വെറും പൊള്ളലാണടങ്ങാത്ത ദാഹമാണയ്യോ ചുറ്റും’ എന്നു പാടാൻ ചങ്ങമ്പുഴയെ പ്രേരിപ്പിച്ചത്. ‘ലോകജീവിതം ഹാ ഹാ ശോകപൂരിതം, വ്യർഥമാകുമൊരാശാബദ്ധ മാന്ത്രിക മായാസ്വപ്‌നം’ എന്നു പാടിക്കൊണ്ട് ആത്മഹത്യ ചെയ്യാൻ കവി ഇടപ്പള്ളിയെ പ്രേരിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
മനുഷ്യരെ ഇത്തരം ദുഃഖചിന്തകളിൽനിന്നും കരകയറ്റാൻ ഒരു ഭൗതിക പ്രത്യയശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ദുഃഖചിന്തകളാലും നിരാശാബോധത്താലും കനംതൂങ്ങിയ തലയിൽനിന്ന് ആ ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായി കാണാൻ കഴിയുക ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവബോധത്തെ മാത്രമാണ്.
സ്രഷ്ടാവിൽ അചഞ്ചലമായി വിശ്വസിക്കുവാനും അവനെ മാത്രം വിളിച്ചുതേടുവാനുമാണ് മനുഷ്യൻ കൽപിക്കപ്പെട്ടിരിക്കുന്നത്. കാരുണ്യവാനായ അവൻ നമ്മെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം നമുക്ക് സമാധാനമേകുന്നു. അവനെ വണങ്ങുമ്പോൾ, അവനോട് കരളുരുകിക്കേഴുമ്പോൾ നമ്മുടെ പ്രക്ഷുബ്ധമായ മനസ്സിലെ കൊടുങ്കാറ്റ് ശാന്തമാകുന്നു. അത് ഒരു ഇളംതെന്നലായി നമ്മെ കോരിത്തരിപ്പിക്കുന്നു. വിശുദ്ധ ക്വുർആൻ പറയുന്നു: “ശ്രദ്ധിക്കുക; അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (13:28).
