യുക്തിവാദികളുടെ ഗതികേട്

പത്രാധിപർ

2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

യുക്തിവാദിയായ ഇ.എ.ജബ്ബാറിന്റെ ഒരു പ്രസംഗശകലം കേൾക്കാനിടയായി. എന്ന് എവിടെ പ്രസംഗി ച്ചതാണെന്നറിയില്ല. ഒരൊറ്റ വാചകത്തിൽ അദ്ദേഹം മുഹമ്മദ് നബി(സ്വ)യെയും അബൂബക്ർ(റ), ബിലാൽ(റ) എന്നിവരെയും നിന്ദിക്കുന്നു. മൂവരുടെയും പേരിൽ പച്ചക്കള്ളം എഴുന്നള്ളിക്കുന്നു. ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഇതരമസ്ഥരുടെ മനസ്സിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ആ വാചകം ഇതാണ്: ‘മുഹമ്മദും അബൂബക്കറും ബിലാലിനോട് കഅ്ബക്കകത്തുണ്ടായിരുന്ന വിഗ്രഹങ്ങളുടെ മേൽ മലവിസർജനം നടത്താൻ ആവശ്യപ്പെട്ടു.’ മലവിസർജനം എന്നതല്ല അദ്ദേഹം നടത്തിയ പ്രയോഗം. നേർപഥത്തിന്റെ അന്തസ്സിന് ചേർന്നതല്ലാത്തതിനാലും വായനക്കാരെ മാനിക്കുന്നതിനാലും ആ വാക്ക് കൊടുക്കാതിരുന്നതാണ്.

അദ്ദേഹത്തിന്റെ മനസ്സിലെ, ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള അന്ധമായ പകയുടെയും വെറുപ്പിന്റെയും ബഹിർസ്‌ഫുരണമാണിത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. യാതൊരു തെളിവുമില്ലാതെ താൻ വെറുക്കുന്നതിനെയെല്ലാം താറടിച്ചുകാണിക്കലാണോ യുക്തിവാദം?

വിശുദ്ധ ക്വുർആൻ പറയുന്നു: “അല്ലാഹുവിനു പുറമെ അവർ വിളിച്ച് പ്രാർഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത് കാരണമായേക്കും..’’ (ക്വുർആൻ 6:108).

ഇതര മതസ്ഥരുടെ ആരാധ്യവസ്തുക്കളെ ചീത്ത പറയാൻ പോലും പാടില്ലെന്ന് ക്വുർആൻ പറയുമ്പോൾ ആ ക്വുർആനിന്റെ ആദർശമനുസരിച്ച് ജീവിച്ച് മാതൃക കാണിച്ച മുഹമ്മദ് നബി(സ്വ) ജബ്ബാർ മാഷ് പറഞ്ഞ രീതിയിലുള്ള പ്രവർത്തനം ചെയ്തുവെന്ന് ആരോപിക്കാൻ തൊലിക്കട്ടി കുറച്ചൊന്നും പോരാ! വിസർജിച്ച് പ്രതികരിക്കുക എന്ന രീതി ഏതായാലു ഇാസ്‌ലാം പഠിപ്പിക്കുന്നില്ല. ആർക്കും എന്തും എവിടെവച്ചും ആകാമെന്നും അതിന് എതിരുനിൽക്കുന്ന മതം പഴഞ്ചനും അപരിഷ്‌കൃത വുമാണെന്നും വാദിക്കുന്നവർക്ക് അത് ചേരുമായിരിക്കും.

യാതൊരു മാനവിക വിരുദ്ധ പ്രവർത്തനത്തെയും അക്രമത്തെയും അനീതിയെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. പാശ്ചാത്യരായ ഇസ്‌ലാം വിമർശകരുടെ ഗ്രന്ഥങ്ങളിൽനിന്ന് മാത്രം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്ന യുക്തിവാദികൾ ഇസ്‌ലാമിനെതിരെ അത്തരം ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു; അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും. മുൻധാരണകളും വിദ്വേഷവുമാണ് അവരെ നയിക്കുന്നത്.

സൃഷ്ടികളെ ആരാധിക്കുക എന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ബുദ്ധിപരമായും യുക്തിപരമായും പ്രാമാണികമായും അതിന്റെ നിരർഥകത ഇസ്‌ലാം ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. എന്നാൽ ദൈവേതരർ ആരാധിക്കപ്പെടുന്നുവെങ്കിൽ അവരെ-അവയെ-ചീത്ത പറയരുതെന്ന് പറയുന്നത് ക്വുർആനാണ്. ഇസ് ലാം ഇതര മതസ്ഥർക്ക് അവരുടെ ആരാധനാ സ്വാതന്ത്ര്യം വകവച്ചുകൊടുക്കുന്നു. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് അങ്ങനെത്തന്നെയായിരുന്നു.

അമേരിക്കൻ ചരിത്രകാരനും ഫിലോസഫറുമായ വിൽ ഡ്യൂറന്റ് അദ്ദേഹത്തിന്റെ ‘ദി സ്റ്റോറി ഓഫ് സിവിലൈസേഷൻ’ എന്ന ഗ്രന്ഥത്തിൽ എഴുതി: “ഉമവി ഖിലാഫത്തിന്റെ കാലത്ത് ഉടമ്പടിയിലെ ആളുകൾ, ക്രിസ്ത്യാനികൾ, സൊരാഷ്ട്രിയൻ, ജൂതൻ, സാബിയൻ എന്നിവരെല്ലാം ക്രിസ്ത്യൻ രാജ്യങ്ങളിൽ ഇന്നു കാണാത്ത സഹിഷ്ണുത ആസ്വദിച്ചു. അവരുടെ മതത്തിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെ ചർച്ചുകളും ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെട്ടു.’’

സദാചാര സംരക്ഷണം, സ്വഭാവരൂപീകരണം, സാമൂഹ്യജീവിതം, സത്യബോധനം തുടങ്ങിവയ്‌ക്കെല്ലാം ശിക്ഷണം ആ വശ്യമാണ്. ഈ മഹത്തായ ദൗത്യമാണ് ഇസ്‌ലാം നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുവാനുള്ള മഹത്തായശ്രമം. യുക്തിവാദികൾ അതിനെ അടിച്ചമർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാണ് നുണക്കഥകൾ മെനഞ്ഞുകൊണ്ടിരിക്കുന്നത്.