സാംസ്‌കാരിക നായകരോട് പറയാനുള്ളത്
പത്രാധിപർ
2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

ആരാണ് സാംസ്‌കാരിക നായകർ? ഒരാൾ സാംസ്‌കാരിക നായകൻ എന്ന പദവിയിലെത്താൻ എന്ത് മാനദണ്ഡമാണുള്ളത്? ആരാണ് ഒരാളെ സാംസ്‌കാരിക നായകൻ എന്ന പദവിയിലേക്ക് കയറ്റിയിരുത്തുന്നത്? ഈ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരം പറയുവാൻ കഴിയുന്ന ആരെങ്കിലുമുണ്ടാകുമെന്ന് തോന്നുന്നില്ല.
‘വാചകമേള,’ ‘മറുമൊഴി,’ ‘കേട്ടതും കേൾക്കേണ്ടതും’ തുടങ്ങിയ പത്രത്താളുകളിലെ ഡയലോഗ് മേളകളിൽ ഒരാളുടെ വാചകങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങുമ്പോൾ അയാൾ സാംസ്‌കാരിക നായകനായി പരിഗണിക്കപ്പെട്ടു തുടങ്ങി എന്ന് മനസ്സിലാക്കാം എന്ന് മുമ്പൊരിക്കൽ സത്യമൂർത്തി എഴുതിയത് വായിച്ചതായി ഓർക്കുന്നു. ചാനലുകളിലെ അന്തിച്ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുവാൻ അവസരം കിട്ടുന്നവനാണ് സാംസ്‌കാരിക നായകൻ എന്നും അതല്ല സാംസ്‌കാരിക നായകൻ ആകുമ്പോഴാണ് ഒരാൾക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് എന്നും പറയപ്പെടുന്നു.
സാഹിത്യം, സിനിമ, നാടകം, സംഗീതം, സാമൂഹ്യം, ചിത്രകല, സാമ്പത്തിക-രാഷ്ട്രീയ വിശകലനം തുടങ്ങിയ പല മേഖലകളിലെ നായകർ ചേർന്നാണ് സാംസ്‌കാരിക നായകർ എന്ന പൊതുഗ്രൂപ്പുണ്ടാകുന്നത്.
ഒരുകാര്യം ഉറപ്പ്. സാംസ്‌കാരിക നായകൻ പ്രതികരിക്കാൻ കഴിവുള്ളവനാകണം. എന്നു വിചാരിച്ച് പ്രതികരിക്കുന്നവരെല്ലാം സാംസ്‌കാരിക നായകരാകുമെന്ന് ആരും കരുതരുത്. ചിലപ്പോഴെല്ലാം സാംസ്‌കാരിക നായകർ വല്ലാത്ത ടെൻഷനിൽ അകപ്പെടാറുണ്ട്; പ്രതികരണം എങ്ങനെയാവണം എന്ന് തീരുമാനിക്കാൻ കഴിയാത്തതിനാൽ. ഒരു സംഭവത്തിൽ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തോടായിരിക്കും ചിലപ്പോൾ കൂടുതൽ പ്രതികരിക്കേണ്ടിവരുന്നത്!
പൊതുസമൂഹം ഏറെ ബഹുമാനിക്കുന്നവരാണ് ഈ വിഭാഗം. കാരണം നാടിനെയും നാട്ടുകാരെയും ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലും പ്രമാദമാകുന്ന സംഭവങ്ങളിലും ഇവർ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അതുവഴി ഭരണകൂടത്തിെന്റ ശ്രദ്ധ ആ വിഷയങ്ങളിൽ പതിയുകയും ചെയ്യും.
സാംസ്‌കാരിക നായകർ നാടിെന്റ പൊതു സ്വത്താണ് എന്നാണ് വയ്പ്. മതം, ജാതി, വർഗം, കക്ഷിരാഷ്ട്രീയം എന്നിവയ്‌ക്കെല്ലാം അതീതമായി അവർ നാടിെന്റയും നാട്ടുകാരുടെയും പ്രശ്‌നങ്ങളിൽ ഇടപെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെത്തന്നെയാണ് വേണ്ടതും. എന്നാൽ ഈയിടെയായി ഇവരിൽ പലരും പല ഗൗരവമേറിയ സംഭവവികാസങ്ങളിലും കുറ്റകരമായ മൗനം അവലംബിക്കുന്നതായി കണ്ടുവരുന്നു. നിസ്സാരമായ പ്രശ്‌നങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്നു. മതത്തിെന്റയും കക്ഷിരാഷ്ട്രീയത്തിെന്റയുമൊക്കെ അടിസ്ഥാനത്തിൽ പക്ഷം ചേർന്ന് അന്തിച്ചർച്ചകളിൽ വാചാലരാകുന്നു. ഇസ്‌ലാമിനെയും ഇസ്‌ലാമിക നിയമങ്ങളെയും മുസ്‌ലിംകളെയുമൊക്കെ വിമർശിച്ചുകൊണ്ടേയിരുന്നാലേ സാംസ്‌കാരികനായക പട്ടം തങ്ങളുടെ തലയിൽ നിലനിൽക്കൂ എന്ന് വിചാരിക്കുന്ന ചിലരെങ്കിലും ഇല്ലാതെയില്ല. വർത്തമാനകാലത്ത് മുസ്‌ലിംകൾക്ക് അനുകൂലമായി പ്രതികരിക്കേണ്ട അനിവാര്യഘട്ടത്തിൽ മൗനത്തിെന്റ പുറംതോടിനുള്ളിലേക്ക് വലിയുന്നതാണ് ‘തലക്കനം’ ഏറെയുള്ള സാംസ്‌കാരിക നായകരുടെ പതിവ്.
മരണാനന്തരം കേരള പോലീസിലെ ചിലർ ചുറ്റും നിന്ന് ആകാശത്തേക്ക് വെടിവെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കപ്പെടുന്നത് സ്വപ്നം കാണുന്നവരോട് പറയാനുള്ളത് നീതിക്കും ന്യായത്തിനും വേണ്ടി രംഗത്തിറങ്ങി ജനമനസ്സുകളിൽ ഇടംനേടുവാൻ ശ്രമിച്ചാൽ അതായിരിക്കും വലിയ ബഹുമതി എന്നാണ്.
