മൂല്യനിരാസത്തിലേക്കു നീങ്ങുന്ന പുതുതലമുറ; ആരാണ് ഉത്തരവാദികൾ?
പത്രാധിപർ
2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

“പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും മറ്റും ഫലമായി അഭയകേന്ദ്രങ്ങളിലെത്തിപ്പെടുന്ന പെൺകുട്ടികളുമായി സംസാരിക്കാൻ ഇടയായിട്ടുണ്ട്. തങ്ങൾക്കു സംഭവിച്ച വീഴ്ചകളെ വീഴ്ചകളായി കാണാൻപോലും അവർക്കു കഴിയുന്നില്ല. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന മനോഭാവം പലർക്കുമുണ്ട്. മൂല്യബോധത്തിലെ ഈ അപചയത്തിന് ഒരു കാരണം, സമൂഹത്തിൽ മാതൃകകൾ ഇല്ലാതായിരിക്കുന്നതാണെന്ന് എനിക്കു തോന്നുന്നു. അധ്യാപകരിലും മാതാപിതാക്കളിലുമൊന്നും മാതൃകകൾ കണ്ടെത്താൻ അവർക്കു സാധിക്കുന്നില്ല. ഉദാഹരണത്തിന്, കൈക്കൂലി വാങ്ങുന്ന സർക്കാരുദ്യോഗസ്ഥരുടെ മക്കൾ. ഇന്നത്തെ അണുകുടുംബങ്ങളിൽ ഇതൊന്നും കുട്ടികൾ അറിയാതിരിക്കില്ല. ഈ മാതാപിതാക്കൾ മക്കൾക്ക് എന്തു മാതൃകയാണു നൽകുന്നത്? ആദർശമൊക്കെ പറയാനുള്ളതാണ്, പ്രവർത്തിക്കാനുള്ളതല്ല എന്ന തോന്നലോടെയാണ് ഈ കുട്ടികളൊക്കെ വളർന്നുവരിക.’’ ഒരു റിട്ടയേഡ് ഐഎഎസ് ഉദ്യാഗസ്ഥയുടെ വാക്കുകളാണിത്.
‘ഇന്നത്തെ വിദ്യാഭ്യാസപദ്ധതിയിൽ മൂല്യബോധനത്തിനു വലിയ പ്രാധാന്യം കാണുന്നില്ല. ഇതു കുട്ടികൾ വഴിതെറ്റുന്നതിന് ഒരു കാരണമാണ്’ എന്നും അവർ തുടർന്നു പറയുന്നുണ്ട്. വളർന്നുവരുന്ന തലമുറയുടെ തെറ്റായ സഞ്ചാരം കാണുന്ന, അതിൽ വിഷമം തോന്നുന്ന എല്ലാവരും ഈ അഭിപ്രായമുള്ളവർതന്നെയാണ്. എന്നാൽ മാനവിക മൂല്യങ്ങളെ പഴഞ്ചനായി മുദ്രകുത്തുകയും മൂല്യനിരാസത്തിലേക്ക് പുതുതലമുറയെ തെളിച്ചു കൊണ്ടുപോകുകയും ചെയ്യുന്നത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും അധികാരത്തിന്റെ ചെങ്കോൽ കൈയിലുള്ളവരുമാകുമ്പോൾ എങ്ങനെ മാറ്റമുണ്ടാകാനാണ്?
മനുഷ്യപ്രകൃതി നന്മയും തിന്മയും ചെയ്യുവാനുള്ള ചോദനകളുള്ളതാണ്. ഭൗതിക വളർച്ചക്കും പുരോഗതിക്കും പരമാവധി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെ ആത്മനിയന്ത്രണത്തിനും വിവേകപൂർണമായ തെരഞ്ഞെടുപ്പിനും പ്രേരിപ്പിക്കുന്നത് അവനിെല ധാർമികബോധമാണ്. വ്യക്തി, കുടുംബം സമൂഹം എന്നിവയുടെയെല്ലാം ഗുണപരമായ വളർച്ചക്ക് ഇത് അനിവാര്യവുമാണ്. അല്ലാഹു പറയുന്നു: “മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവൻ ബോധം നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവൻ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവൻ തീർച്ചയായും നിർഭാഗ്യമടയുകയും ചെയ്തു’’ (ക്വുർആൻ 91:7-10).
ജന്മനാ നിഷ്‌കളങ്കനും നിസ്വാർഥനുമായ മനുഷ്യൻ പിറന്നുവീഴുന്ന ലോകത്തെ, മരണശേഷം തിരിച്ചു ചെല്ലേണ്ട ലോകെത്തക്കാൾ മികച്ചതായി കാണുകയും അതിന് അമിത പ്രാധാന്യം നൽകുകയും ചെയ്യുന്നതോടെ പ്രലോഭനങ്ങളും ഇച്ഛകളും അവനിൽ മേധാവിത്തം സ്ഥാപിക്കുന്നു. ഇത് മനുഷ്യസഹജമായ ധാർമികബോധത്തെയും സദാചാരനിഷ്ഠയെയും തള്ളിപ്പറയുന്നതിന് കാരണമായി മാറുന്നു. താൻ ഇടപെടുന്നത് ഏതു രംഗത്തായാലും ധാർമികതയുടെ പരിധി ലംഘിക്കാത്തവിധം പ്രവർത്തിക്കുവാനും നേതൃത്വപരമായ പങ്ക് വഹിക്കുവാനും ഒരാൾ പ്രാപ്തി നേടുമ്പോഴാണ് സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിപരമായ ബാധ്യത നിർവഹിക്കുവാനാവുക.
അവകാശങ്ങളും ബാധ്യതകളും പരസ്പര പൂരകങ്ങളാണ്. രണ്ടിലൊന്ന് നിഷേധിക്കുന്നതോടെ മാറ്റത്തിനുവേണ്ടി വാദിക്കാനുള്ള ധാർമികത നഷ്ടമാകും. സ്രഷ്ടാവിന്റെ അളവറ്റ അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ടും ആസ്വദിച്ചുകൊണ്ടും ജീവിക്കുന്ന മനുഷ്യൻ സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകൾ നിർവഹിക്കുന്നില്ലെങ്കിൽ അത് വലിയ നന്ദികേട് തന്നെയാണ്. സദാചാരമൂല്യങ്ങളെ തകർക്കുന്നതെന്തും വലിച്ചെറിയാനുള്ള ശക്തി പകർന്നുനൽകുന്ന ധാർമികബോധം മനുഷ്യന്റെ നിലനിൽപിന് അത്യാവശ്യമാണ്. ഇതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നതും.

