ധ്രുവ് റാഠി മാജിക്!

പത്രാധിപർ

2024 മെയ് 11, 1445 ദുൽഖഅദ് 03

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ‘അനൗദ്യോഗിക പ്രതിപക്ഷ നേതാവായി’ ഭരണകൂടത്തിന്റെ ഉറക്കംകെടുത്തുന്ന ഒരു യുവാവാണ് ധ്രുവ് റാഠി. ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തിലാണ് റാഠി ജനിച്ചത്. ഹരിയാനയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ധ്രുവ്, ജർമനിയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. ശേഷം മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പുനരുപയോഗ ഊർജത്തിൽ ബിരുദാനന്തര ബിരുദവും നേടി.

ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും കേന്ദ്രഭരണകൂടത്തിന്റെ റാൻ മൂളികളായി നടക്കുകയാണ് കുറെ കാലമായി. ഭരണകൂടത്തെ വെളുപ്പിച്ചെടുക്കുന്നതിൽ അവർ വ്യാപൃതരാണ്. അതുകൊണ്ട് പൊതുജനങ്ങൾ അറിയേണ്ട പലതും അറിയാതെ പോകുന്നു. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷപാതവും അടിച്ചമർത്തലും തമസ്‌കരിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് 29 വയസ്സുകാരനായ ധ്രുവ് റാഠി ഇന്ത്യ ഭരിക്കുന്ന മോദിക്കും ബി.ജെ.പിക്കും തലവേദന സൃഷ്ടിച്ച്, സത്യം വിളിച്ചുപറഞ്ഞ് മുന്നേറുന്നത്. അസാമാന്യ ധീരത എന്നു വിശേഷിപ്പിക്കാവുന്ന ഇടപെടലാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

നരേന്ദ്ര മോദിയെ ഏകാധിപതിയെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ പലപ്പോഴും അതൊരു രാഷ്ട്രീയ പ്രയോഗമായി കണ്ട്, ഗൗരവം ഉൾക്കൊള്ളാതെ അവഗണിക്കപ്പെടുകയാണ് പതിവ്. എന്നാൽ മോദി എന്തുകൊണ്ട് ഏകാധിപതിയാവുന്നു എന്ന് കൃത്യമായി വിശദീകരിച്ച് അക്ഷരാർഥത്തിൽ കോടിക്കണക്കിന് ജനങ്ങളിലേക്ക് അതെത്തിച്ച് ഒരു ട്രെൻഡിംഗ് ടോപിക് ആക്കി മാറ്റുക എന്നത് ധ്രുവ് റാഠിക്ക് മാത്രം സാധിച്ച കാര്യമാണ്.

നരേന്ദ്ര മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വിശദീകരണ ഉള്ളടക്കവും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വീഡിയോകളുടെ പേരിലാണ് റാഠി പ്രധാനമായും അറിയപ്പെടുന്നത്. 2014ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മോദി സർക്കാറിനോടുള്ള അതൃപ്തി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറാൻ റാഠിയെ പ്രേരിപ്പിച്ചു. യൂട്യൂബിനെ ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഉപയോക്താക്കളിൽ ഒരാളാണ് ധ്രുവ് റാഠി എന്നു വിലയിരുത്തപ്പെടുന്നു.

2024 ഫെബ്രുവരി 22നാണ് യൂട്യൂബറായ ധ്രുവ് റാഠി ‘ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ടൈറ്റിലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനകം രണ്ട് കോടിക്കുമേൽ ആളുകൾ ധ്രുവ് റാഠിയുടെ പ്രസ്തുത വീഡിയോ കണ്ടുകഴിഞ്ഞു. വർഗീയവിഷം ചീറ്റുന്നവരെ തുറന്നുകാട്ടി ധ്രുവ് മുന്നേറുമെന്നാശിക്കാം. എന്നാൽ എപ്പോഴാണ് അദ്ദേഹത്തിന്റെ കഴുത്തിൽ പിടിവീഴുക എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇസ്‌ലാമിക നാമധേയവും ആശയങ്ങളും കടന്നുവരികയും ബന്ധപ്പെടുകയും ചെയ്യുന്ന എന്തും ഭീരതയും ഭീകരവാദപ്രവർത്തനവുമായി ചിത്രീകരിക്കുന്ന ശീലം ആരംഭിച്ചത് സിയോണിസ്റ്റുകളാണ്. യഹൂദ വംശഭ്രാന്തിന്റെ തലതിരിഞ്ഞ ഈ ആശയം പിന്നീട് ചില പാശ്ചാത്യ മാധ്യമങ്ങളും ചിന്തകരും ഏറ്റെടുത്തു. ഇന്ത്യയിൽ സംഘപരിവാർ ശക്തികൾ ഇത് ഏറ്റെടുത്തു. ഇസ്‌ലാമിന്റെ ആശയങ്ങൾ, ചിഹ്നങ്ങൾ, വസ്തുക്കൾ, പേരുകൾ, ഗ്രന്ഥങ്ങൾ, സ്ഥാപനങ്ങൾ, മതപഠനകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിലെല്ലാം ഭീകരതയുടെ മുഖം കാണുന്നവരാണിന്ന് ഇക്കൂട്ടർ. ഒരാൾ അടിയുറച്ച ഒരു മുസ്‌ലിമാണ് എങ്കിൽ അയാൾ ഭീകരവാദി തന്നെ എന്ന് വരുത്തിത്തീർക്കാനുള്ള പ്രത്യയശാസ്ത്ര മലിനീകരണം സംഘപരിവാർ ഘടകങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മോദിയുടെ സമീപകാല പ്രസംഗങ്ങൾ ഇതിന് അടിവരയിടുന്നു.