നേതൃത്വവും അനുയായികളും ശ്രദ്ധിക്കേണ്ടത്

പത്രാധിപർ

2024 ഫെബ്രുവരി 10, 1445 റജബ് 29

നബിﷺയും അനുയായികളും ശത്രുക്കളെ തടുക്കുവാൻ വേണ്ടി ഒരു കിടങ്ങ് (ഖൻദക്വ്) കുഴിക്കുകയാണ്. ധൃതിപിടിച്ച ജോലി നടക്കുന്നതിനിടയിൽ കപടവിശ്വാസികളായ ചിലർ രംഗത്തുനിന്ന് ഒഴിഞ്ഞുമാറി. അവർക്ക് വിശ്വാസികളെ സംരക്ഷിണമെന്ന ബോധത്തെക്കാൾ സ്വന്തം കാര്യമായിരുന്നു പ്രധാനം. സത്യവിശ്വസികളാകട്ടെ അത്യാവശ്യം വരുമ്പോൾ നബിﷺയോട് സമ്മതം വാങ്ങി പുറത്തുപോകുകയും ആവശ്യം കഴിഞ്ഞാൽ തിരിച്ചുവന്ന് കാര്യത്തിൽ സഹകരിക്കുകയും െചയ്തു. സത്യവിശ്വാസികൾ ഒരുഭാഗത്തും സത്യനിഷേധികളുടെ മുഴുവൻ സംഘങ്ങളും മറുഭാഗത്തും അണിനിരന്നുകൊണ്ട് യുദ്ധത്തിനൊരുങ്ങുന്ന ഈ സന്ദർഭത്തിലാണ് താഴെ കൊടുക്കുന്ന ക്വുർആൻ സൂക്തത്തിന്റെ അവതരണമുണ്ടായത്:

“അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അദ്ദേഹത്തോ ടൊപ്പം അവർ വല്ല പൊതുകാര്യത്തിലും ഏർപെട്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവർ പിരിഞ്ഞു പോകുകയില്ല. തീർച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹു വിലും അവന്റെ റസൂലിലും വിശ്വസിക്കുന്നവർ. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി (പിരിഞ്ഞ് പോകാൻ) അവർ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കിൽ അവരിൽ നീ ഉദ്ദേശിക്കുന്നവർക്ക് നീ അനുവാദം നൽകുകയും അവർക്കുവേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയാ യും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (ക്വുർആൻ 24:62).

ഈ സൂക്തത്തിന്റെ വിശദീകരണത്തിൽ അമാനി മൗലവി(റഹി) എഴുതുന്നു: “ഇന്ന് നാം പല സ്ഥലങ്ങളിലും വെച്ച് ആളുകളെ വിളിച്ചുകൂട്ടി നടത്താറുളള സദുപദേശങ്ങൾ, കൂടിയാലോചനകൾ, പ്രസ്താവനകൾ മുതലായവ ആദ്യകാലങ്ങളിൽ പളളികളിൽവെച്ചും നമസ്‌കാരാനന്തരവുമായി രുന്നു മിക്കവാറും നിർവഹിക്കപ്പെട്ടിരുന്നത്. പളളികളും പൊതുജനങ്ങളുമായുളള ബന്ധം ഇന്ന് നാമമാത്രമായിരിക്കകൊണ്ട് നമുക്ക് അതിന് അങ്ങാടികളും പീടികകളും മറ്റും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. അത്തരം കാര്യങ്ങൾ നബിതിരുമേനിﷺയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ, അവിടുത്തോട് സമ്മതം വാങ്ങാതെ സ്ഥലം വിടുന്നതിനെപ്പറ്റിയാണ് ആയത്തിൽ പ്രതിപാദിച്ചത്. എങ്കിലും, മുസ്‌ലിംകൾ, അവരുടെ നേതാക്കളോട് ആചരി ക്കേണ്ടുന്ന പൊതുമര്യാദയാണ് ഇതെന്ന് -ഹസൻ(റ) മുതലായ പലരും പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടു ളളതുപോലെ-നാം ഓർമിക്കേണ്ടിയിരിക്കുന്നു. യോഗങ്ങളുടെയും സദസ്സുകളുടെയും നേതൃസ്ഥാനത്തുളള ആളുകളുമായി സദസ്യർക്ക് യാതൊരു ബന്ധവും കടപ്പാടും ഇല്ലാത്ത ഒരു നിലയാണ് ഇന്ന് പൊതുവിലുളളത്. ഇസ്‌ലാമിക വീക്ഷണത്തിൽ ഇത് ശരിയല്ലെന്ന് ഈ ആയത്തിൽനിന്ന് ഗ്രഹിക്കാവുന്നതാണ്.’’

വിശുദ്ധ ക്വുർആനിനെയും നബിചര്യയെയും കലവറയില്ലാതെ പിൻപിറ്റുന്ന, അത് പ്രചരിപ്പിക്കുന്ന ഒരു സംഘടനയുടെ അസ്തിത്വം പവിത്രമാണ്. ഈ പവിത്രത സംരക്ഷിക്കാൻ നാം ബാധ്യസ്ഥരുമാണ്. ‘കേൾക്കുക അനുസരിക്കുക. ഒരു അടിമയാണ് നിങ്ങളുടെ നേതാവെങ്കിലും’ എന്ന നബിവചനവും (ബുഖാരി) ‘നേതൃത്വെത്ത അനുസരിക്കാതെ പിൻവലിയുന്നവൻ അല്ലാഹുവിനോട് തെളിവ് ബോധിപ്പിക്കാനില്ലാത്തവിധം അവനെ കണ്ടുമുട്ടു’മെന്ന നബിവചനവും (മുസ്‌ലിം) ഇതുേപാലെയുളള ഒട്ടേറെ താക്കീതുകളും നമ്മെ പഠിപ്പിക്കുന്നത് വ്യക്തികൾക്കതീതമായി സംഘടനാഭദ്രത നിലനിർത്തണമെന്നുതന്നെയാണ്.

റസൂലിന്റെ കൂടെ പൊതുകാര്യത്തിലായിരിക്കുമ്പോൾ സമ്മതം ചോദിച്ചു പോകുന്നവരാണ് അല്ലാഹുവിനെയും റസൂലിനെയും വിശ്വസിക്കുന്നവർ എന്ന ക്വുർആനിന്റെ പ്രസ്താവന അച്ചടക്കത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഏതൊരു സംഘടിത സമൂഹത്തിന്റെയും ശക്തിയാണ് ഈ അച്ചടക്കം. സംഘടനക്ക് ഈ ശക്തി നഷ്ടപ്പെട്ടാൽ അതിനെ നയിക്കുന്ന വ്യക്തികൾ മാറിവന്നാലും ഇൗ ബലക്ഷയം അവശേഷിക്കുമെന്നതാണ് വസ്തുത. അനുയായികളുടെ അനുസരണ ബാധ്യത പോലെത്തന്നെ നായകന്മാരുടെ ഉത്തരവാദിത്തവും ഇതോടൊപ്പം ചേർത്തു പറയേണ്ടതാണ്. നബി ﷺ പറഞ്ഞു: “ഒരാളെ അല്ലാഹു ഒരു സമൂഹത്തിന്റെ നായകത്വം ഏൽപിച്ചു. എന്നിട്ടവരെ അയാൾ വഞ്ചിച്ചുകൊണ്ട് മരണപ്പെട്ടാൽ സ്വർഗം അവന് നിഷിദ്ധമായിരിക്കും’’ (ബുഖാരി, മുസ്‌ലിം).

ചുരുക്കത്തിൽ, നേതൃത്വത്തിലുള്ളവരുടെ സത്യനിഷ്ഠയും അനുയായികളുടെ അനുസരണവുമാണ് ഇസ്‌ലാമിക സംഘടിത വ്യവസ്ഥയിലെ അടിസ്ഥാനശിലകൾ.