തെരഞ്ഞെടുപ്പും ഇവിഎം മെഷീനും

പത്രാധിപർ

2024 മാർച്ച് 23, 1445 റമദാൻ 13

മുംബൈയിൽ സമാപിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ ജനലക്ഷങ്ങളെ സാക്ഷി നിർത്തി രാഹുൽ ഗാന്ധി പറഞ്ഞു: “രാജാ കീ ആത്മാ ഇ.വി.എം മെ ഹെ. മേ ആപ് കോ ബതാ രഹാ ഹൂം; ഇ.വി.എം കൊ ബിനാ നരേന്ദ്ര മോദിജി കോ ചുനാവോ ന ജീത് സക്താ ഹെ’ (രാജാവിന്റെ ആത്മാവ് കുടികൊള്ളുന്നത് ഇ.വി.എം മെഷീനിലാണ്. ഞാൻ നിങ്ങളോട് പറയുന്നു; ഇ.വി.എം ഇല്ലാതെ നരേന്ദ്ര മോദിക്ക് ഈ തെരഞ്ഞെടുപ്പിൽ ഒരിക്കലും വിജയിക്കാൻ സാധിക്കുകയില്ല).

ഇ.വി.എം മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്നത് യാഥാർഥ്യമാണ്. നമ്മുടെ നാട്ടിലെ സ്‌കൂൾ കുട്ടികൾ പോലും അത് തെളിയിക്കുന്ന വീഡിയോകളുമായി രംഗത്തുവന്നത് നാം കണ്ടതാണ്. കൃത്രിമം കാണിക്കാൻ കഴിയുമെന്നതുകൊണ്ടു തന്നെയാണ് ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യങ്ങളിൽ പോലും തെരഞ്ഞെടുപ്പിൽ മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചുവരുന്നത്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ല്ലാം ബാലറ്റ് പേപ്പറുകളാണ് തെരഞ്ഞെടുപ്പിൽ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെക്കാൾ കുറ്റമറ്റ രീതിയിൽ വോട്ടിംഗ് മെഷീനുകൾ സജ്ജീകരിക്കാൻ ശേഷിയുള്ള രാജ്യങ്ങൾ പോലും അത് ഉപയോ ഗിക്കാതിരിക്കുന്നത് എത്ര കുറ്റമറ്റതാണെങ്കിലും അതിൽ കൃത്രിമം സാധ്യമാണ് എന്ന ഒറ്റക്കാരണത്താലാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതുമാണെന്ന് ബോധ്യപ്പെടണമെങ്കിൽ ഇ.വി.എം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ തെരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ടതുണ്ട്.

നാനൂറിലധികം സീറ്റുകൾ എൻഡിഎ മുന്നണി നേടുമെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം മോദി പ്രഖ്യാപിക്കുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാര്യം ഇതുതന്നെയായിരിക്കുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് അയോധ്യയിലെ രാമക്ഷേത്രം തുറന്നുകൊടുത്തതും പൗരത്വ നിയമം പാസ്സാക്കിയതും വോട്ടുബാങ്കിൽ കണ്ണുവെച്ചു മാത്രമാണ്. മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഉത്തരേന്ത്യൻ ജനങ്ങളുടെ മനസ്സിനെ വർഗീയവത്കരിക്കാൻ കഴിഞ്ഞ സ്ഥിതിക്ക്, ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവുമൊന്നും അവർ പരിഗണിക്കില്ലെന്നും അവരുടെ വോട്ടുകളെല്ലാം തങ്ങളുടെ പെട്ടിയിലേക്ക് ഒഴുകുമെന്ന ആത്മവിശ്വാസവും പ്രതിയോഗികളുടെ ആത്മവീര്യം തകർക്കുക എന്ന ലക്ഷ്യവുമെല്ലാം ഈ പ്രഖ്യാപനത്തിനു പിന്നിലുണ്ടായിരിക്കാം.

ഇ.വി.എമ്മിനെതിരെ സംസാരിക്കുമ്പോൾ സംഘ്പരിവാർ പാളയത്തിൽനിന്നും എപ്പോഴും മറുപടിയായി കേൾക്കാറുള്ളത് ‘നിങ്ങൾ വിജയിക്കുമ്പോൾ ഇ.വി.എമ്മിന് കുഴപ്പങ്ങളൊന്നുമില്ല, ഞങ്ങൾ ജയിച്ചാൽ അതിന്റെ പിന്നിൽ ഇ.വി.എം തിരിമറിയാണ് എന്നാണ് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിൽ എന്ത് ന്യായമാണുള്ളത്’ എന്നൊക്കെയാണ്. അതിന് ഉദാഹരണമായി കഴിഞ്ഞ കർണാടക ഇലക്ഷനിൽ കോൺഗ്രസ് വിജയിച്ചത് അവർ എടുത്തു പറയും. അത് ശരിയാണല്ലോ എന്ന് നമുക്കെല്ലാം തോന്നുകയും ചെയ്യും. ഇ.വി.എം മെഷീനിൽ കൃത്രിമം കാണിക്കാൻ സാധിക്കുകയില്ല എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തൽ ഇലക്ഷൻ കമ്മീഷന്റെ മാത്രമല്ല, സംഘ്പരിവാറിന്റെ ഏറ്റവും വലിയ ആവശ്യമാണ്. കാരണം അവർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർബന്ധമായും വിജയിച്ചേ മതിയാകൂ. അതിനുവേണ്ടി ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. കർണാടക തെരഞ്ഞെടുപ്പിൽ ഇ.വി.എം മെഷീനിൽ കൃത്രിമം കാണിക്കാത്തതിന്റെ ന്യായം ഇതായിരിക്കാം. ചില നിരീക്ഷകരുടെ ഈ വിലയിരുത്തൽ ശരിയായിരിക്കാമെന്നതിൽ, സംഘ്പരിവാറിന്റെ ദുർബുദ്ധി തിരിച്ചറിഞ്ഞവർക്കാർക്കും സംശയമുണ്ടാകില്ല.

ഈ തെരഞ്ഞെടുപ്പിൽ ഇ.വി.എം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുകയില്ലെന്നതിൽ സംശയമില്ല. എന്നാൽ അതിനെതിരിലുള്ള ശക്തമായ പ്രതിഷേധം; നടത്താൻ സാധ്യതയുള്ള കൃത്രിമത്വത്തെ പരമാവധി കുറക്കാൻ സഹായകമായേക്കാം.