പാലക്കാട് ഉപതെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം

സുഫ്‌യാൻ അബ്‌ദുസ്സലാം

2024 നവംബർ 30, 1446 ജു. ഊലാ 28

ഇക്കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എല്ലാ മുന്നണികളും പാർട്ടികളും അവിടെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മതനിരപേക്ഷത വിജയിക്കുമോ അതല്ല വർഗീയ രാഷ്ട്രീയം വിജയിക്കുമോ എന്നതായിരുന്നു എവിടെയും സംസാരവിഷയം. വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പാലക്കാടിൻ്റെ മനസ്സ് വർഗീയതക്ക് ഒപ്പമല്ല, മതനിരപേക്ഷതയുടെ കൂടെയാണെന്ന് വ്യക്തമായി.

കേരളം കണ്ട തെരഞ്ഞെടുപ്പുകളിൽ അത്യന്തം വാശിയേറിയതായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ്. വയനാട്ടിലും ചേലക്കരയിലും കണ്ടതിനെക്കാൾ വലിയ ആവേശം മാത്രമല്ല, രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഏറെ നിറഞ്ഞുനിന്നതും പാലക്കാട്ടായിരുന്നു. നേതാക്കൾ പാർട്ടി മാറുകയും സ്വന്തം നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്നും മാറി നിൽക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. പാർട്ടികളും മുന്നണികളും വർധിത വീര്യത്തോടെ ആവേശോജ്ജ്വലം കളംനിറഞ്ഞാടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു പാലക്കാട്ട് നടന്നത്. ഫലം യുഡിഎഫിന് അനുകൂലമാകുകയും യുവത്വത്തി‌െൻ‌റ പ്രതീകം കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ അവിടെ അപ്രതീക്ഷിത ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തിരിക്കുന്നു.

പാലക്കാടി‌െൻ‌റ ജനസംഖ്യാവിന്യാസം ഒരു പ്രത്യേക ഗതിയിലാണ്. മുനിസിപ്പൽ ഏരിയ ബിജെപിയുടെ കരങ്ങളിലാണ്. എന്നാൽ അവശേഷിക്കുന്ന മൂന്ന് പഞ്ചായത്തുകൾ കോൺഗ്രസും സിപിഎമ്മും കൈവശപ്പെടുത്തിയിരിക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ വഴിയിലേക്ക് വഴിമാറിയത് 2015ലാണ്. അതുവരെയും കോൺഗ്രസും സിപിഎമ്മും അവിടെ ശക്തിതെളിയിച്ചുവന്നു. നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ അതുവരെയും ബിജെപിക്ക് വലിയ സ്വാധീനമില്ലാതിരുന്ന ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബിജെപിക്ക് സ്വാധീനം ലഭിച്ചുവന്നു. അത്തരത്തിലുള്ള ഒരു പ്രദേശമാണ് പാലക്കാട് നഗരപ്രദേശം. 2010ൽ 16 സീറ്റുകളുണ്ടായിരുന്ന ബിജെപി 2015ൽ അത് 24 സീറ്റാക്കി വർധിപ്പിച്ചു. 2020ൽ 28 ആക്കി ഉയർത്താൻ അവർക്ക് സാധിച്ചു.

2010ലെ ഈ വിജയമാണ് 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിന് അവരെ പ്രേരിപ്പിച്ചത്. മെട്രോമേൻ ഇ. ശ്രീധരനെ ഇറക്കി പാലക്കാട് മണ്ഡലം പിടിച്ചടക്കാൻ സാധിക്കുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ ചുണ്ടിനും കപ്പിനുമിടയിൽ അവർക്കത് നഷ്ടപ്പെടുകയായിരുന്നു. 3859 വോട്ടി‌െൻ‌റ ഭൂരിപക്ഷത്തിൽ മാത്രമാണ് ഷാഫി പറമ്പിലിന് രക്ഷപ്പെടാൻ സാധിച്ചത്. പാലക്കാട് ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ ഒരു ഗേറ്റ് വേ ആകുമോ എന്ന ആശങ്ക കേരളത്തെ മുൾമുനയിൽ നിർത്തിയ കാലമായിരുന്നു അത്. ആർ.എസ്.എസ് സ്വാധീനമുള്ള വട്ടിയൂർകാവിലും നേമത്തും ആറ്റിങ്ങലിലും ബിജെപി നടത്തിയ വർഗീയ ഏകീകരണത്തെ ആ നാട്ടിലെ മതനിരപേക്ഷ സമൂഹം പരാജയപ്പെടുത്തിയ സന്ദർഭത്തിലാണ് 22.5 ശതമാനം മുസ്‌ലിംകളുള്ള പാലക്കാട് മണ്ഡലത്തിൽ ബിജെപി കരുത്ത് കാട്ടിയത് എന്ന കാര്യം ഓർക്കേണ്ടതുണ്ട്.

പാലക്കാട് മണ്ഡലത്തി‌െൻ‌റ മാത്രമല്ല, മലബാറി‌െൻ‌റയും കേരളത്തി‌െൻ‌റയും മതനിരപേക്ഷ സ്വഭാവത്തിന് കോട്ടം തട്ടുമെന്ന ആശങ്ക ഉയർത്തിവിട്ടുകൊണ്ടാണ് പാലക്കാട് ബിജെപി തേരോട്ടം തുടർന്നുവന്നത്. മെട്രോ

മേനിലൂടെ ആർജ്ജിച്ചെടുത്ത ആത്മവിശ്വാസം കൈമുതലാക്കിക്കൊണ്ട് ഒരു ഈസി വാക്കോവറിനാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങിയത്. പട്ടിക വിഭാഗങ്ങൾ (11%) ഉൾപ്പെടെ മൊത്തം 74 ശതമാനത്തോളം ഹിന്ദു സമൂഹമുള്ള പാലക്കാട്ട് മുസ്‌ലിം സമുദായം 22.5 ശതമാനവും ക്രിസ്ത്യൻ സമൂഹം ഏകദേശം 3.5 ശതമാനവുമാണ്. പരമാവധി ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിപ്പിച്ചാൽ മുനിസിപ്പാലിറ്റിയിലെ തിണ്ണമിടുക്കുകൊണ്ട് വിജയിക്കണമെന്ന് ബിജെപി കണക്കുകൂട്ടി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും പി.എസ്.പിയും മാറിമാറി ഭരിച്ച പാലക്കാട് മണ്ഡലം ബിജെപിക്ക് ബാലികേറാമലയല്ല എന്ന് മാധ്യമങ്ങളടക്കം വിധിയെഴുതിയിരുന്നു. മതനിരപേക്ഷ പ്രതീകങ്ങളായ സി.എം.സുന്ദരവും കെ.ശങ്കരനാരായണനും അടക്കമുള്ള പ്രഗത്ഭർ പ്രതിനിധാനം ചെയ്തിട്ടുള്ള പാലക്കാട് കൈവിട്ടുപോകുമോ എന്ന ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളും വെച്ചുപുലർത്തിയിരുന്നു.

യുഡിഎഫിന് മേൽക്കൈ ഉള്ള പാലക്കാട് ലോകസഭാ മണ്ഡലമാവട്ടെ 1996 മുതൽ എൻ.എൻ കൃഷ്ണദാസ്, എം.ബി രാജേഷ് എന്നിവരിലൂടെ സിപിഎം കൈയടക്കി വെച്ചിരിക്കുകയായിരുന്നു. 2019ലാണ് വികെ ശ്രീകണ്ഠൻ മണ്ഡലം വളരെ കുറഞ്ഞ ഭൂരിപക്ഷത്തിന് തിരിച്ചുപിടിച്ചത്. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ തുടങ്ങി ഇടതുപക്ഷത്തിന് ശക്തമായ വേരുള്ള പാലക്കാട് ലോകസഭാ മണ്ഡലത്തിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.കെ ശ്രീകണ്ഠൻ നേടിയ 75283 വോട്ടി‌െൻ‌റ ഭൂരിപക്ഷം, മണ്ഡലം നരേന്ദ്രമോദിയുടെ വർഗീയ ദുർഭരണത്തിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രൂപകൊണ്ട ഇൻഡ്യാ മുന്നണിയോടും മതനിരപേക്ഷതയോടും സ്വീകരിച്ച അനൽപമായ പിന്തുണയാണ് വ്യക്തമാക്കിയത്.

പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചുവന്നിരുന്ന വോട്ടുകളിൽ പോലും വിള്ളൽ വീഴ്ത്തിയാണ് ശ്രീകണ്ഠൻ വിജയിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ അന്ന് 9707 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീകണ്ഠൻ നേടിയത്. അതായത് ഷാഫി പറമ്പിൽ 2021ൽ നേടിയ ഭൂരിപക്ഷത്തി‌െൻ‌റ രണ്ടര ഇരട്ടി ഭൂരിപക്ഷം. ഈ തെരഞ്ഞെടുപ്പിലൂടെ രാഹുൽ മാങ്കൂട്ടത്തിൽ അത് അഞ്ചിരട്ടിയോളമാക്കി വർധിപ്പിച്ചു. ഈ മണ്ഡലത്തിൽ തകർന്നടിഞ്ഞത് ബിജെപിയുടെ സ്വപ്നങ്ങളായിരുന്നു. ഇടതുപക്ഷമാവട്ടെ നടത്തിയ പരീക്ഷണങ്ങൾ ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനമുണ്ടാക്കിയതുമില്ല.

ഈ തെരഞ്ഞെടുപ്പിൽ നടന്ന പരീക്ഷണങ്ങളിൽ ഏറെ അപഖ്യാതി നേടിയത് വർഗീയ കാർഡുകളായിരുന്നു. ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലത്തിൽ അവർക്കേറ്റ വലിയ തിരിച്ചടിയായിരുന്നു അവരുടെ സംസ്ഥാന നേതാവും പാർട്ടിയുടെ ഔദ്യോഗിക വക്താവുമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള ചേക്കേറൽ. സന്ദീപി‌െൻ‌റ കൂടെ മറ്റാരും കോൺഗ്രസിലേക്ക് വന്നില്ലെന്ന് ആശ്വസിക്കാൻ ശ്രമിച്ചിരുന്ന ബിജെപി സന്ദീപി‌െൻ‌റ കൂടുമാറ്റം അവരുടെ നല്ല ശതമാനം കോൺഗ്രസിന് അനുകൂലമാക്കി എന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. അവർ പരസ്യമായി അത് പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അവർക്കിടയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര കലഹം അതാണ് സൂചിപ്പിക്കുന്നത്.

ബി.ജെ.പിയിൽ നിന്നും കോൺഗ്രസിലെത്തിയ വാര്യരുടെ പഴയകാല പ്രസ്താവനകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ചികഞ്ഞുകൊണ്ട് വാര്യർ തികഞ്ഞ മുസ്‌ലിം വിരുദ്ധനാണെന്ന ആശങ്ക പരത്താനാണ് ഇടതുപക്ഷവും അവരുടെ ഓരം ചേർന്ന് നിൽക്കുന്നവരും പരിശ്രമിച്ചത്. ബിജെപി എന്ന വർഗീയ ഫാസിസത്തെ തകർക്കാൻ അവരിൽനിന്നുള്ള നേതാക്കളെയും അണികളെയും മതനിരപേക്ഷതയുടെ പക്ഷത്തേക്ക് കൊണ്ടുവരിക കാലം തേടുന്ന അനിവാര്യതയാണ്. കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ പാർട്ടികളിൽ അംഗങ്ങളായിക്കഴിഞ്ഞാൽ പിന്നീട് പ്രസ്തുത പാർട്ടികളുടെ വിപ്പ് അനുസരിച്ച് മാത്രമെ അവർക്ക് പ്രവർത്തിക്കാൻ സാധിക്കൂ. നിലവിലുള്ള സാഹചര്യത്തിൽ ബി.ജെ.പിയെ ദുർബലമാക്കാനുള്ള ഒരു അവസരത്തെയും കളഞ്ഞുകുളിക്കാൻ പാടില്ല. അതുകൊണ്ടാണ് വാര്യർ ബിജെപിയിൽനിന്നും രാജിവെച്ച ഉടനെ സിപിഎം, സിപിഐ നേതാക്കളെല്ലാം അതിനെ സ്വാഗതം ചെയ്തതും അദ്ദേഹത്തിന് അവരുടെ പാർട്ടികളിൽ അംഗത്വം വാഗ്ദാനം ചെയ്തതും. എന്നാൽ തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹത്തിനെതിരെ ബിജെപിയെ സഹായിക്കുന്ന വിധത്തിലുള്ള വർഗീയ പ്രചാരണങ്ങളാണ് എതിർക്യാമ്പുകളിൽനിന്നുണ്ടായത് എന്നത് ലജ്ജാകരമാണ്.

മുസ്‌ലിം സമുദായമാവട്ടെ, ബിജെപിയോടുള്ള ഏറ്റുമുട്ടലിൽ ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥിയിലേക്ക് വോട്ടുകൾ ഏകീകരിക്കേണ്ടതുണ്ട് എന്ന ചിന്തയിലായിരുന്നു. പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ഇടതുപക്ഷത്തെക്കാൾ ബിജെപിയെ തറപറ്റിക്കാൻ വോട്ടുകൾ കോൺഗ്രസിലേക്ക് ഏകീകരിപ്പിക്കുകയാണ് പ്രായോഗികമായി നല്ലത് എന്ന തിരിച്ചറിവ് പാലക്കാട്ടെ വോട്ടർമാർക്കുണ്ടായിരുന്നു. ഇടതുപക്ഷം ദുർബലമാവാതിരിക്കാൻ ഇടതുപക്ഷത്തി‌െൻ‌റ കേഡർ വോട്ടുകൾ ധാരാളമാണ്.

തെരഞ്ഞെടുപ്പി‌െൻ‌റ പരസ്യപ്രചാരണം അവസാനിച്ച ഘട്ടത്തിൽ തെരഞ്ഞെടുപ്പു തലേന്ന് മുസ്‌ലിം സംഘടനകളുടെ മാനേജ്‌മെൻറിൽ നടന്നുവരുന്ന രണ്ടുപത്രങ്ങളിൽ വന്ന പരസ്യം അതിശയിപ്പിക്കുന്നതായിരുന്നു. എത്രമാത്രം ഒരു സമുദായത്തെ തങ്ങളുടെ ഉപകരണമാക്കാം എന്ന ശത്രുക്കളുടെ കുതന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുന്ന പരസ്യങ്ങളായിരുന്നു സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വ്യക്തി അയാളുടെ പഴയകാല ആശയങ്ങളെയെല്ലാം വലിച്ചെറിഞ്ഞ് അതിൽ പശ്ചാത്തപിച്ച് പരസ്യമായ പ്രഖ്യാപനം നടത്തിയ ശേഷവും അയാളുടെ പഴയ വർഗീയ പോസ്റ്റുകളും അയാളുടെ വ്യാജ ചിത്രങ്ങളും പ്രസിദ്ധീകരിക്കാൻ മുസ്‌ലിംകളുടെ പേരിൽ നടന്നുവരുന്ന പത്രങ്ങൾ തുനിഞ്ഞത് സമുദായത്തിന് അപമാനമാണ്. ഇസ്‌ലാമി‌െൻ‌റയും മുസ്‌ലിംകളുടെയും ഇതഃപര്യന്തമായ ചരിത്രങ്ങളെ കരിവാരിത്തേക്കുന്ന നടപടികളായിരുന്നു അത്.

ഈ പരസ്യം ഏറെ സന്തോഷിപ്പിച്ചത് സംഘ്പരിവാർ ശക്തികളെയായിരുന്നു. കാരണം ഈ പരസ്യം പ്രസിദ്ധീകരിച്ച സമസ്ത വിഭാഗങ്ങൾ അവരുടെ വോട്ടുകൾ ബിജെപിക്ക് നൽകിയില്ലെങ്കിലും അത് ഇടതുപക്ഷത്തിന് നൽകുമെന്ന് അവർ കണക്കുകൂട്ടി. അതിലൂടെ മുസ്‌ലിം സമുദായത്തി‌െൻ‌റ വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാവുമെന്ന് അവർ കണക്കുകൂട്ടി. ആ വിള്ളലുകളിലൂടെയുണ്ടാവുന്ന വോട്ടുചിതറലുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ ഉറപ്പിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഭൂരിപക്ഷ സമുദായത്തി‌െൻ‌റ വോട്ടുകൾ ബിജെപിയിലേക്ക് കേന്ദ്രീകരിക്കുകയും; പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ മുസ്‌ലിം സമുദായത്തി‌െൻ‌റ വോട്ടുകൾ ഇടതുപക്ഷ സ്ഥാനാർഥിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്താൽ സ്വാഭാവികമായും മുനിസിപ്പാലിറ്റിയിലെ ഭൂരിപക്ഷം കൊണ്ടുതന്നെ തങ്ങൾക്ക് വിജയിക്കാൻ സാധിക്കുമെന്ന് അവർ കണക്കാക്കി. അതിനനുസൃതമായ വിധത്തിലുള്ള പ്രസ്താവനകളും ആത്മവിശ്വാസ പ്രകടനങ്ങളും അവർ നടത്തി.

യുഡിഎഫ് വ്യക്തമായ മാർജിനിൽ വിജയിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്ന മാധ്യമങ്ങളും തെരഞ്ഞെടുപ്പ് സർവേ കേന്ദ്രങ്ങളും മാറ്റിപ്പറയാൻ തുടങ്ങി. ബിജെപി പാലക്കാട് വിജയിക്കാൻ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. മുസ്‌ലിം സമുദായത്തി‌െൻ‌റ വോട്ടുകൾ ഭിന്നിപ്പിക്കാനും അതുവഴി ബിജെപിക്ക് ജയസാധ്യത ഉണ്ടാക്കിക്കൊടുക്കാനും വേണ്ടി പരസ്യം നൽകിയവരും പരസ്യം പ്രസിദ്ധീകരിച്ചവരും ജാള്യതകൊണ്ട് മുഖം മറച്ചുപിടിച്ചു. തങ്ങളുടെ പരസ്യത്തെ ന്യായീകരിക്കാൻ വേണ്ടി അവർ ഇരുട്ടുകൊണ്ടുള്ള അഭ്യാസങ്ങൾ തുടർന്നു.

പാലക്കാട്ടെ ഭൂരിപക്ഷ സമുദായം എത്രമാത്രം മതനിരപേക്ഷതയെ ഉൾക്കൊള്ളുന്നു എന്നതി‌െൻ‌റ നിദർശനമാണ് പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഫലം സൂചിപ്പിക്കുന്നത്. 2015 മുതൽ വ്യക്തമായ ലീഡിൽ മുനിസിപ്പാലിറ്റിയെ കൈവശം വെച്ചിരുന്ന ബിജെപിയുടെ വോട്ടുകളിൽ ചോർച്ചയുണ്ടായിരിക്കുന്നു. അവിടെ കോൺഗ്രസ് നാലായിരത്തിലധികം വോട്ടുകൾ പിടിച്ചിരിക്കുന്നു. പാലക്കാട്ടെ വിജയത്തിന് പിന്നിൽ മുസ്‌ലിം വർഗീയ ശക്തികളുടെ ഏകീകരണമാണ് എന്ന് നിലവിളിക്കുന്നവർ പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിൽ യുഡിഎഫ് നേടിയ ഭൂരിപക്ഷം ആരുടെ ഏകീകരണം കൊണ്ടാണ് എന്നുകൂടി മറുപടി പറയേണ്ടതുണ്ട്.

മുസ്‌ലിം സമുദായത്തിന് നേർവഴി കാണിച്ചുകൊടുക്കേണ്ട പത്രങ്ങൾ മുസ്‌ലിം സമുദായത്തെ വർഗീയതയുടെയും അപക്വതയുടെയും കൂട്ടമായി ചിത്രീകരിക്കുന്ന പ്രവണതകൾക്കെതിരെ അതാത് വിഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടാവേണ്ടതുണ്ട്. പത്രത്തി‌െൻ‌റ നിലപാടിനെതിരെ സമസ്തയുടെ നേതാക്കൾ തന്നെ രംഗത്തുവന്നെങ്കിലും മുസ്‌ലിം സാമുദായിക പ്രശ്‌നങ്ങളിൽ അൽപം കൂടി പക്വതയോടെ പെരുമാറാനുള്ള ഉത്തരവാദിത്തം അവർ കാണിക്കേണ്ടതുണ്ട്. മുസ്‌ലിം മതസംഘടനകളുടെ പ്രവർത്തന മേഖല രാഷ്ട്രീയമല്ല. അവർക്ക് നിർവഹിക്കാനുള്ള, സമുദായവും പൊതുസമൂഹവും പ്രതീക്ഷിക്കുന്ന കർമമേഖലകൾ ധാരാളമുണ്ട്. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോൾ തന്നെ മുസ്‌ലിം സമുദായത്തി‌െൻ‌റ നിലനിൽപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുചിന്തിതവും ദീർഘവീക്ഷണത്തിൽ അധിഷ്ഠിതവുമായ നിലപാടുകൾ സ്വീകരിക്കുവാനും അങ്ങനെ സമുദായത്തിന് വെളിച്ചമാവാനും വേണ്ടിയാണ് മതസംഘടനകളും അവയെ പ്രതിനിധാനം ചെയ്യുന്ന പത്രപ്രസിദ്ധീകരണങ്ങളും തയ്യാറാവേണ്ടത്.

കക്ഷിരാഷ്ട്രീയത്തിൽ കക്ഷി ചേർന്നും മുസ്‌ലിം സമുദായത്തിൽ ഭിന്നതകളുണ്ടാക്കിയും വർഗീയ ഫാസിസ്റ്റുകൾക്കും മതനിരാസ-ലിബറലിസ്റ്റ് ആശയക്കാർക്കും വളരാനുള്ള സാധ്യതകൾ സൃഷ്ടിക്കുന്നതിൽനിന്നും മുസ്‌ലിം മത സംഘടനകൾ മാറി നിൽക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കാലം അവരെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് തിരിച്ചറിയാനുള്ള വിശേഷബുദ്ധിയെങ്കിലും അവർക്ക് ഉണ്ടായിരിക്കണം.