വഖ്‌ഫ് നിയമ ഭേദഗതിയിലെ കാണാച്ചരടുകൾ
സുഫ്‌യാൻ അബ്‌ദുസ്സലാം
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജു പുതിയ വഖ്ഫ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ രാജ്യത്ത് വഖ്ഫ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. വഖ്ഫുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള കോലാഹലങ്ങൾക്ക് പിന്നിലുള്ള രാഷ്ട്രീയം വഖ്ഫ് സ്വത്തുക്കളുടെ മൂല്യവും ആധിക്യവുമാണ്. എക്കൊണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 32 വഖ്ഫ് ബോർഡുകളുടെ കീഴിലായി മൊത്തം 9.4 ലക്ഷം ഏക്കർ ഭൂമിയാണുള്ളത്. ഇന്ത്യ ഗവർമെന്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെക്കുന്നത് യഥാക്രമം ഡിഫൻസ്, റെയിൽവേ, വഖ്ഫ് ബോർഡ് എന്നിങ്ങനെയാണ് പല മാധ്യമങ്ങളും പുറത്തുവിടുന്നത്. എന്നാൽ കഴിഞ്ഞ മെയ് മാസത്തിൽ ഗവർമെന്റ് ലാൻഡ് ഇൻഫർമേഷൻ വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യ ഗവർമെന്റ് കഴിഞ്ഞാൽ 17.29 ലക്ഷം ഏക്കർ ഭൂമി കൈവശം വെക്കുന്ന കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയാണ് കൂടുതൽ ഭൂമി കൈവശം വെക്കുന്നത് എന്നാണ്. ഇന്ത്യയിലുടനീളം എല്ലായിടങ്ങളിലുമുള്ള ഹൈന്ദവ ക്ഷേത്രങ്ങളുടെയും ഇതര കെട്ടിടങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ഭൂമിയുടെ കൃത്യമായ കണക്ക് ലഭ്യമല്ല.
വഖ്ഫുമായി ബന്ധപ്പെട്ട നിയമഭേദഗതികൾക്ക് പല കാലങ്ങളിലും ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഭേദഗതികൾ ഉണ്ടായിട്ടുമുണ്ട്. എന്നാൽ അവയെല്ലാം വഖ്ഫിന്റെ സംരക്ഷണത്തിന് അനുകൂലമാകുന്ന തരത്തിലുള്ളതായിരുന്നു. അതിന്റെ പിറകിൽ വഖ്ഫ് ഭൂമി കണ്ടുകെട്ടലോ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയമോ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന് രണ്ടു മാസം തികയുന്നതിനു മുമ്പ് ഇത്ര തിടുക്കപ്പെട്ട് ഒരു വഖ്ഫ് ഭേദഗതി കൊണ്ടുവരുന്നതിന്റെ പിന്നിൽ വ്യക്തമായി രാഷ്ട്രീയവും ഗൂഢാലോചനയുമുണ്ട്. ബാബരിയിൽനിന്ന് ആരംഭിച്ച്, ബീഫിന്റെ പേര് പറഞ്ഞു പലരെയും കൊന്നൊടുക്കി, മുത്ത്വലാഖ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമങ്ങൾ ഉണ്ടാക്കി, മുസ്‌ലിംകളുടെ പൗരത്വത്തെ മുൾമുനയിൽ നിർത്തി, ഏകസിവിൽകോഡിനെ സംബന്ധിച്ച് ആശങ്ക പരത്തി നിരവധിയായ മുസ്‌ലിം ഉന്മൂലന പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടാണ് കഴിഞ്ഞ പത്ത് വർഷത്തിലധികമായി മോദിയും സംഘ്പരിവാറും രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം-ഹിന്ദു വിഭജനം സൃഷ്ടിച്ചുകൊണ്ടുള്ള മോദിയുടെ പ്രചാരണത്തിന് ഇന്ത്യൻ ജനത നൽകിയ മറുപടി തെരഞ്ഞെടുപ്പിൽ പ്രകടമായതാണ്. എന്നാൽ ഈ മറുപടികൊണ്ടൊന്നും നന്നാവാൻ താനും പരിവാറും തയ്യാറല്ല എന്ന ധാർഷ്ട്യമാണ് വഖ്ഫ് ഭേദഗതിയിലൂടെ പ്രകടമാകുന്നത്. മുസ്‌ലിം വിഷയങ്ങളെ പുറത്തേക്കിട്ട് മുസ്‌ലിം സമുദായത്തെ പരമാവധി പ്രകോപിപ്പിച്ചും മറ്റു സമുദായങ്ങളെ തെറ്റിദ്ധരിപ്പിച്ചും കലക്കുവെള്ളത്തിൽനിന്ന് മീൻ കിട്ടുമോ എന്ന പരീക്ഷണത്തിൽ തുടരാനാണ് മോദിയുടെ തീരുമാനം.
എന്താണ് വഖ്ഫ്?
മനുഷ്യൻ തനിക്ക് ലഭിച്ച സ്വത്തുക്കൾ മറ്റുള്ളവർക്ക് ദാനം ചെയ്യുമ്പോൾ മാത്രമെ സമ്പത്തിന്റെ യഥാർഥ ഉപകാരം ലഭിക്കുകയുള്ളൂ. ഏക്കർ കണക്കിന് ഭൂസ്വത്ത് ഉള്ള ഒരാൾ മനുഷ്യർക്ക് ഉപകാരപ്രദമായ വിധത്തിൽ അതിൽ യാതൊന്നും ചെയ്യാതിരിക്കുന്നത് കുറ്റകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഭൂസ്വത്ത് തന്നെ സൃഷ്ടിച്ച നാഥന് ഇഷ്ടപ്പെടുന്ന വിധത്തിൽ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന രൂപത്തിൽ ദാനം ചെയ്യുന്നതിന് വലിയ പ്രാധാന്യമാണുള്ളത്. ഒരു മനുഷ്യന്റെ മരണശേഷവും അയാൾക്ക് പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന ദാനം എന്നർഥത്തിൽ അതിനെ ‘സ്വദക്വതുൻ ജാരിയ’ എന്ന് മുഹമ്മദ് നബിﷺ വിശേഷിപ്പിച്ചു (സ്വഹീഹ് മുസ്‌ലിം 1631). ഒഴുകുന്ന ധർമം എന്നാണ് അതിന്റെ അർഥമെങ്കിലും സ്ഥായിയായ ധർമം അല്ലെങ്കിൽ എന്നെന്നും നിലനിൽക്കുന്ന ധർമം എന്നെല്ലാമാണ് അതുകൊണ്ട് വിവക്ഷിക്കുന്നത്. ഇങ്ങനെ സ്വദക്വ ജാരിയയായി അല്ലാഹുവിന് സമർപ്പിക്കുന്ന ദാനത്തെയാണ് പൊതുവിൽ വഖ്ഫ് എന്നു വിളിക്കുന്നത്.
‘വഖ്ഫ്’ അർഥവും ആശയവും
സാധാരണ സ്വദക്വകളിൽ നിന്നും വ്യത്യസ്തമാണ് ‘സ്വദക്വ ജാരിയ.’ സാധാരണ സ്വദക്വകൾ താത്കാലികമായ ആവശ്യങ്ങൾക്ക് പരിഹാരമാണ്. അതിനും വലിയ പ്രതിഫലം അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്. എന്നാൽ ഒരാൾ അയാളുടെ ഭൂമി മസ്ജിദ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥമന്ദിരം തുടങ്ങിയവ നിർമിക്കുവാനോ മറ്റോ ദാനം ചെയ്താൽ അയാളുടെ മരണശേഷവും അതിന്റെ ഗുണഭോക്താക്കൾക്ക് ഉപകാരം ലഭിക്കുമെന്നതിനാൽ അയാൾക്ക് പ്രതിഫലം തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ വഖ്ഫിന് ഇസ്‌ലാമിൽ വലിയ പ്രാധാന്യമാണുള്ളത്.
സ്വന്തം തീരുമാനപ്രകാരം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് അനുവദനീയ മാർഗത്തിൽ സമ്പാദിച്ച സ്വന്തം സ്വത്തുക്കൾ മാത്രമായിരിക്കണം ഒരാൾ വഖ്ഫ് ചെയ്യേണ്ടത്. വഖ്ഫ് സ്വത്തുക്കൾ വാങ്ങാനോ വിൽക്കാനോ അനന്തരാവകാശമായി കൈമാറ്റം ചെയ്യപ്പെടാനോ ദാനമായി നൽകാനോ പാടില്ല. അവ കൈകാര്യം ചെയ്യുന്നതിൽ അതീവ സൂക്ഷ്മതയും കരുതലും വേണം. ദുരുപയോഗം ചെയ്യാനോ അന്യാധീനപ്പെട്ടു പോവാനോ പാടില്ല. ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ എക്കാലവും അത് വഖ്ഫ് സ്വത്തായി അവശേഷിക്കും. അതിന്റെ ഉടമസ്ഥാവകാശം മനുഷ്യരിൽ ഒരാൾക്കുമില്ല, അത് അല്ലാഹുവിന്റെതായിരിക്കും. അതിന് മേൽനോട്ടം വഹിക്കുന്ന ആളുകളോ (മുതവല്ലി) കമ്മിറ്റികളോ ഉണ്ടാവേണ്ടതുണ്ട്. കൃത്യമായി അതിനെ പരിപാലിച്ചു കൊണ്ടുപോകുന്നതിൽ അവർ സൂക്ഷ്മത പാലിക്കേണ്ടതുമുണ്ട്.
‘വഖ്ഫ്’ എന്ന പദത്തിന്റെ അർഥം ‘നിർത്തൽ’ എന്നാണ്. അഥവാ വഖ്ഫ് ആയി നൽകപ്പെടുന്ന സ്വത്തിന്റെ അടിസ്ഥാനമൂല്യം മരവിപ്പിക്കപ്പെടുകയും അതിനെ വില്പന, കൈമാറ്റം എന്നിവയിൽനിന്നും സംരക്ഷിക്കപ്പെടുകയും അതിനെ ഏതൊരു കാര്യത്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്ത വ്യക്തി (വാഖിഫ്) നൽകിയിട്ടുള്ളത് അതിനു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നാണ് അതുകൊണ്ട് ഉദ്ദേശ്യം. ഖൈബറിൽനിന്നും ഉമർ(റ)വിന് ലഭിച്ച ഭൂമിയെ കുറിച്ച് അദ്ദേഹം നബിﷺയുമായി ചർച്ച ചെയ്തപ്പോൾ നബിﷺ ‘ഇൻ ശിഅ്ത ഹബ്ബസ്ത അസ്വ്‌ലഹാ വ തസ്വദ്ദക്വത ബിഹാ’ എന്ന് പറയുകയുണ്ടായി. ‘താങ്കൾ ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന്റെ മൂല്യം പിടിച്ചുവെക്കുകയും ആദായം ദാനം ചെയ്യുകയും ചെയ്യുക’ എന്നർഥം. ഇവിടെ പ്രയോഗിക്കപ്പെട്ട ‘ഹബ്‌സ്’ എന്ന പദത്തിന് പകരമായിട്ടാണ് പിന്നീട് വഖ്ഫ് ഉപയോഗിക്കപ്പെട്ടുവന്നത്.
വഖ്ഫ് പ്രവാചക കാലഘട്ടത്തിൽ
പ്രവാചക കാലഘട്ടത്തിൽ വഖ്ഫുമായി ബന്ധപ്പെട്ട നിരവധി ചരിത്രങ്ങളുണ്ട്. നബിﷺ മദീനയിലേക്ക് ഹിജ്‌റ പോവുകയും തുടർന്ന് മസ്ജിദുന്നബവി നിർമിക്കുകയും ചെയ്ത ചരിത്രം പ്രസിദ്ധമാണല്ലോ. ബനുന്നജ്ജാർ ഗോത്രത്തിലെ ചിലർ നൽകിയ സ്ഥലത്താണ് അദ്ദേഹം അത് നിർമിച്ചത്. മസ്ജിദിന് സ്ഥലം നൽകിയവർക്ക് അതിന്റെ വില നൽകാൻ നബിﷺ തയ്യാറായെങ്കിലും അവർ വില സ്വീകരിച്ചില്ല. അല്ലാഹുവിന്റെ മാർഗത്തിൽ ആ ഭൂമി ദാനം ചെയ്തതായി അവർ നബിﷺയെ അറിയിച്ചു. അല്ലാഹുവിൽ നിന്നല്ലാതെ അതിന്റെ വില ഞങ്ങൾ കാംക്ഷിക്കുന്നില്ല എന്നവർ പ്രഖ്യാപിക്കുകയും ചെയ്തു. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഈ വഖ്ഫ് സംഭവിച്ചതെങ്കിൽ ‘ബിഅ്‌റു റൂമ’ എന്ന പ്രസിദ്ധമായ മദീനയിലെ കിണർ-ജനങ്ങൾക്ക് സൗജന്യമായി കുടിവെള്ളം നൽകുക എന്ന ലക്ഷ്യം നിറവേറ്റാൻ-വിലയ്ക്കു വാങ്ങി വഖ്ഫ് ചെയ്ത ചരിത്രമാണ് ഉസ്മാൻ(റ)വിന്റെത്. പ്രസിദ്ധനായ സ്വഹാബി അബൂത്വൽഹ(റ) വലിയ ധനാഢ്യനായിരുന്നു. ‘നിങ്ങൾക്കിഷ്ടപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നതുവരെ നിങ്ങൾ പുണ്യം നേടിയവരാകുകയില്ല’ (ആലുഇംറാൻ 92) എന്ന വചനം അവതരിക്കപ്പെട്ടപ്പോൾ അബൂത്വൽഹ(റ) അദ്ദേഹത്തിനേറ്റവും ഇഷ്ടമായിരുന്ന ഭൂസ്വത്ത് ബൈറുഹാഅ് എന്ന തോട്ടം അല്ലാഹുവിന്റെ മാർഗത്തിൽ വഖ്ഫ് ചെയ്യുകയായിരുന്നു. ഇങ്ങനെ ഒട്ടേറെ സംഭവങ്ങൾ പ്രവാചകന്റെയും അനുചരന്മാരുടെയും ചരിത്രത്തിൽ കാണാം.
വഖ്ഫിലെ മാനവികത
മുകളിൽ വിവരിച്ച, ഉമർ(റ)വിന്റെ ഖൈബറിലെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിൽ നബിﷺ യിൽനിന്നും അദ്ദേഹം മനസ്സിലാക്കിയ ചില കാര്യങ്ങൾ ആ സംഭവം ഉദ്ധരിച്ച അബ്ദുല്ലാഹിബ്‌നു ഉമർ (റ) രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഭൂമിയിൽനിന്നുള്ള ആദായങ്ങൾ ദരിദ്രർ (ഫുക്വറാഅ്), അടുത്ത ബന്ധുക്കൾ (ക്വുർബാ), അടിമമോചനം (രിക്വാബ്), ദൈവമാർഗം (ഫീ സബീലില്ലാഹ്), വഴിയാത്രക്കാർ (ഇബ്‌നുസബീൽ), അതിഥികൾ (ദൈഫ്) എന്നീ വിഭാഗങ്ങൾക്കാണ് അദ്ദേഹം നൽകിയത്. സമൂഹത്തിലെ നാനാജാതി വിഭാഗങ്ങൾക്കും വഖ്ഫിന്റെ ഉപകാരങ്ങൾ ലഭിക്കേണ്ടതുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ മതപരവും ആരാധനാപരവുമായ ആവശ്യങ്ങൾ, സമൂഹത്തിലെ ദുർബലരായ പാവപ്പെട്ടവരുടെ ഉന്നമനത്തിനാവശ്യമായ കാര്യങ്ങൾ, കുടിവെള്ളം പോലെയുള്ള പൊതുജനങ്ങൾക്ക് ഉപകരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വഖ്ഫിന്റെ സ്വാധീനം ചൂഴ്ന്നു നിൽക്കുന്നു എന്നത് വഖ്ഫിന്റെ മാനവികതയെയാണ് പ്രകടിപ്പിക്കുന്നത്. ഇത്തരം കാരണങ്ങളാലാണ് ലോകത്തൊരിടത്തും വഖ്ഫിനെ നിരോധിക്കാതിരുന്നത്. വഖ്ഫ് വഴി ലോകസമൂഹത്തിന് ഗുണമല്ലാതെ ദോഷമൊന്നുമില്ലെന്നത് ലോകം തിരിച്ചറിഞ്ഞിട്ടുള്ള യാഥാർഥ്യമാണ്.
വഖ്ഫും സാമ്പത്തിക വളർച്ചയും
വഖ്ഫിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള സാമ്പത്തിക ഗവേഷകരിൽ പലരും വഖ്ഫ് വഴി ഉണ്ടാകുന്ന സാമ്പത്തിക വളർച്ചയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സർക്കാർ ചെലവുകൾ കുറക്കുക, ധനകമ്മി തടയുകയും പലിശ നിരക്ക് കുറക്കുകയും ചെയ്യുക, വരുമാനത്തിന്റെയും സമ്പത്തിന്റെയും വിതരണം ക്രമീകരിക്കുക, ദാരിദ്ര്യനിർമാർജനം സാധ്യമാക്കുക, സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുക തുടങ്ങി ഒരു രാഷ്ട്രം അഭുമുഖീകരിക്കുന്ന മിക്ക സാമ്പത്തിക പ്രശ്‌നങ്ങളിലും വഖ്ഫ് വലിയ പരിഹാരമാകുന്നു എന്നാണവർ കണ്ടെത്തിയിട്ടുള്ളത്. വഖ്ഫ്, സകാത്ത് എന്നിവ കൃത്യമായി പിന്തുടരുന്ന അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ സാമ്പത്തിക വളർച്ച ഇത് ബോധ്യപ്പെടുത്തുന്ന യാഥാർഥ്യമാണ്. പാരസ്പര്യത്തിന്റെ സന്ദേശത്തിലൂടെ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുകയും അവർക്കിടയിലെ ഉച്ചനീചത്വങ്ങളെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്ന അതിമഹത്തായ ദൗത്യം വഖ്ഫിലൂടെ സംഭവിക്കുന്നു. അതോടൊപ്പം മനുഷ്യന്റെ സ്രഷ്ടാവായ ഏകഇലാഹിനെ മാത്രം ആരാധിക്കാനുള്ള ഗേഹങ്ങൾ നിർമിക്കാനും അതുസംബന്ധമായ വിദ്യാഭ്യാസം പകർന്നുനൽകാനും അതുവഴി സാധിക്കുന്നു.
വഖ്ഫ് ഇന്ത്യയിൽ

ഇന്ത്യയിൽ മുസ്‌ലിംകൾ വാസം തുടങ്ങിയ നാളുതൊട്ട് തന്നെ വഖ്ഫിന്റെ ചരിത്രവും ആരംഭിക്കുന്നു. ദൽഹി സുൽത്താന്മാരുടെ കാലത്ത് വളരെ കേന്ദ്രീകൃതമായ സ്വഭാവത്തിൽ വഖ്ഫ് കൈകാര്യം ചെയ്തുവന്നിരുന്നതായി ചരിത്രം പറയുന്നു. വഖ്ഫ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകമായ ഭരണസംവിധാനം അന്ന് നിലവിൽ വന്നിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതുവരെ വഖ്ഫിന്റെ കാര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തതോടെ വഖഫ് സ്വത്തുക്കൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളുണ്ടായി. 1810ൽ അവർ ബംഗാൾ കോഡ് റെഗുലേഷൻ അവതരിപ്പിച്ചു. പള്ളികൾ, ക്ഷേത്രങ്ങൾ, പൊതുകെട്ടിടങ്ങൾ എന്നിവയുടെ പരിപാലനത്തിനായി വാടക ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു അത്. തുടർന്ന് അവർ മദ്രാസ് പ്രെസിഡൻസിയിലും അത് നടപ്പാക്കാൻ ശ്രമിച്ചു. ബ്രിട്ടീഷ് സർക്കാരിന് മത ട്രസ്റ്റുകളുടെ മേൽനോട്ടം നിയന്ത്രണത്തിലാക്കാനും കർശന നിയമങ്ങളിലൂടെ അവയെ സർക്കാരിന്റെ പൂർണമായ വരുതിയിൽ കൊണ്ടുവരാനും വേണ്ടിയായിരുന്നു അത്. എന്നാൽ 1839ൽ ഇതിനെതിരെ ക്രിസ്ത്യൻ മിഷനറിമാർ രംഗത്ത് വന്നു. അതോടെ മത ട്രസ്റ്റുകളുടെ മേലുള്ള നിയന്ത്രണത്തിൽ അവർ അയവുവരുത്തി. 1863ൽ അവർ റിലീജിയസ് എൻഡോവ്‌മെന്റ് ആക്റ്റ് എന്ന പേരിൽ മറ്റൊരു നിയമം കൊണ്ടുവന്നു. സർക്കാരിന് മതസ്ഥാപനങ്ങളുടെ മേലുള്ള അധികാരം ഒഴിവാക്കുകയും മേൽനോട്ടം പ്രാദേശിക കമ്മിറ്റികൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന ആക്റ്റ് ആയിരുന്നു അത്. കമ്മിറ്റികളുടെ മേൽനോട്ടങ്ങളിൽ അപാകത വരുന്ന പക്ഷം കോടതികൾക്ക് ഇടപെടാമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.
ബ്രിട്ടീഷുകാരുടെ ഗൂഢലക്ഷ്യങ്ങൾ
വഖ്ഫ് അടക്കമുള്ള ചാരിറ്റബിൾ പ്രോപ്രർട്ടികൾക്ക് പ്രത്യേകം ട്രഷറർമാരെ നിശ്ചയിച്ചുകൊണ്ട് ബ്രിട്ടീഷുകാർ 1890ൽ ചാരിറ്റബിൾ ആൻഡ് റിലീജിയസ് ട്രസ്റ്റ് ആക്റ്റ് നടപ്പാക്കി. മത ട്രസ്റ്റുകൾക്ക് മേൽ ജുഡീഷ്യൽ മേൽനോട്ടം സാധ്യമാവുന്ന തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ ഇതുവഴി അവർ നടപ്പാക്കി. വഖ്ഫുമായി ബന്ധപ്പെട്ട 1894ലെ പ്രമാദമായ കേസായിരുന്നു അബ്ദുൽഫത്താഹ് മുഹമ്മദ് ഇസ്ഹാഖ്-റുസോമൊയ് ധർ കേസ്. പ്രസ്തുത കേസിലെ വിധി വഖ്ഫ് നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു. കോടതിയിൽ ശക്തമായ എതിർപ്പുകളും വാഗ്വാദങ്ങളും ഉണ്ടായി. ബ്രിട്ടനിലെ പരമാധികാര സഭയായ പ്രിവി കൗൺസിൽ വഖ്ഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ‘ഏറ്റവും മോശം ഏർപ്പാട്’ എന്നായിരുന്നു പ്രിവി കൗൺസിൽ വഖ്ഫിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ജനത ബ്രിട്ടീഷ് നടപടി അംഗീകരിച്ചില്ല. അവർ പ്രതിഷേധവും പോരാട്ടവും തുടർന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് വഖ്ഫ് സംരക്ഷണത്തിന് വേണ്ടി പ്രത്യേക നിയമം ഉണ്ടാക്കേണ്ടിവന്നു. അതാണ് 1913ലെ ‘മുസൽമാൻ വഖ്ഫ് വാലിഡേറ്റിങ് ആക്റ്റ്.’ 1913ലെ പ്രസ്തുത ആക്റ്റ് 1923ൽ ഭേദഗതി വരുത്തി മുസൽമാൻ വഖ്ഫ് ആക്റ്റ് നിർമിച്ചു. 1923ലെ ഈ ആക്റ്റിനെ വഖ്ഫ് സ്വത്തിന്റെ രൂപവൽക്കരണം, പരിപാലനം, ഭരണം എന്നിവയുമായി ബന്ധപ്പെട്ട പൊതുവായ നിയമനിർമാണത്തിന്റെ മുൻഗാമി എന്ന് വിളിക്കാം. വഖ്ഫ് സ്വത്തുക്കളുടെ പരിപാലനങ്ങളിൽ കെടുകാര്യസ്ഥത പലയിടങ്ങളിലും പ്രകടമായതിനാൽ വഖ്ഫിന്റെ കാര്യത്തിൽ പ്രത്യേകം നിയമനിർമാണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബീഹാർ, ബംഗാൾ തുടങ്ങിയ പല പ്രവിശ്യകളിലും പ്രത്യേകം ആക്റ്റുകൾ ഉണ്ടാക്കേണ്ടി വന്നു. സെക്കുലർ നിയമങ്ങൾ വഖ്ഫ് സംരക്ഷണത്തിന് മതിയാവുകയില്ല എന്ന് ആദ്യമായി ബോധ്യപ്പെട്ടതും ബ്രിട്ടീഷുകാർക്ക് തന്നെയായിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ വഖ്ഫ്
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ 1923ലെ മുസൽമാൻ വഖ്ഫ് ആക്റ്റാണ് നിലനിന്നുപോന്നതെങ്കിലും പല സംസ്ഥാനങ്ങളിലും വ്യത്യസ്ത വഖ്ഫ് ബോർഡുകൾ പ്രവർത്തിച്ചുവന്നിരുന്നതുകൊണ്ട് അവയ്ക്ക് ഒരു കേന്ദ്രീകൃതരൂപം വേണമെന്ന ആവശ്യം പലരും ഉന്നയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പ്രഥമ പ്രധാനമന്ത്രി ജഹവർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ 1954ൽ വഖ്ഫ് ആക്റ്റ് എന്ന പേരിൽ പുതിയ വഖ്ഫ് നിയമം കൊണ്ടുവന്നു. 1964ൽ സെൻട്രൽ വഖ്ഫ് കൗൺസിൽ നിലവിൽവന്നു.
വഖ്ഫ് എൻക്വയറി കമ്മിറ്റിയും ഭേദഗതികളും
വഖ്ഫ് സ്വത്തുക്കളുടെയും അവയുടെ മേലുള്ള തർക്കങ്ങളുടെയും കേസുകളുടെയും ആധിക്യം വർധിച്ചതോടെ വഖ്ഫ് സ്വത്തുക്കളുടെ നിയന്ത്രണാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കണമെന്ന വാദം ഉയർന്നുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 1969ൽ ഒരു വഖ്ഫ് എൻക്വയറി കമ്മിറ്റി രൂപംകൊണ്ടു. കമ്മിറ്റി 1976ൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനിടയിൽ ഒരു വഖ്ഫ് കമ്മീഷണറുടെ നേതൃത്വത്തിൽ വഖ്ഫ് കൗൺസിലും വഖ്ഫ് ബോർഡുകളും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങൾ ഉന്നയിച്ചു തുടങ്ങി. വഖ്ഫായി നൽകുന്ന സ്വത്തുക്കളുടെ കാലപരിധി നിശ്ചയിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. എല്ലാ കാലങ്ങളിലേക്കും വഖ്ഫായി കരുതാൻ കഴിയില്ലെന്നും നിശ്ചിതകാലം കഴിഞ്ഞാൽ അവ സർക്കാറിലേക്ക് ലയിപ്പിക്കണമെന്നായിരുന്നു അവരുടെ വാദം. വഖ്ഫ് എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1984 ആഗസ്റ്റ് 27ന് അന്നത്തെ നിയമമന്ത്രി ജഗന്നാഥ് കൗശൽ വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു അത്. മുകളിൽ സൂചിപ്പിച്ച വഖ്ഫ് കമ്മീഷണറും ലിമിറ്റേഷനുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭേദഗതിയായിരുന്നു അത്.
മുസ്‌ലിം അംഗങ്ങളുടെ ഇടപെടലുകൾ
മുസ്‌ലിംലീഗ് നേതാക്കളായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട്, ഗുലാം മഹ്‌മൂദ് ബനാത്ത്‌വാല തുടങ്ങിയവർ ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉന്നയിച്ചു. ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സേട്ട് സാഹിബിന്റെ നേതൃത്വത്തിൽ പാർലമെന്റിലെ 36 മുസ്‌ലിം അംഗങ്ങൾ മന്ത്രിയെ കണ്ടു ബില്ലിൽ 24 ഭേദഗതികൾ നിർദേശിച്ചിരുന്നു. അതൊന്നും ബില്ലിൽ പ്രതിഫലിച്ചില്ല.
ബില്ലിൽ വഖ്ഫിന്റെ നിയന്ത്രണം ഒരു വഖഫ് കമ്മീഷണറിലേക്ക് മാറ്റിക്കൊണ്ടും അയാൾക്ക് അമിതാധികാരം നല്കിക്കൊണ്ടുമുള്ള നിർദേശമുണ്ടായിരുന്നു. വഖ്ഫ് ബോർഡിലെ മറ്റു അംഗങ്ങൾക്ക് പ്രത്യേകിച്ച് അധികാരം ഇല്ലാതാവാകുകയും അവർ കേവലം ഒരു ഉപദേശക സമിതിയായി പരിമിതപ്പെടുകയും ചെയ്യുന്ന വ്യവസ്ഥകളായിരുന്നു ബില്ലിൽ. ഒരു സർക്കാർ ഉദ്യോഗ
സ്ഥനായ വഖ്ഫ് കമ്മീഷണർക്ക് അമിതാധികാരം നല്കപ്പെടുന്നതിലൂടെ വഖ്ഫിന്റെ നിയന്ത്രണം പൂർണമായും ബ്യുറോക്രസിക്ക് വിധേയമാവുകയും മുസ്‌ലിം സമുദായത്തിന് വഖ്ഫിന്മേലുള്ള അവകാശവും അധികാരവും നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. മറ്റൊരു വ്യവസ്ഥ വഖ്ഫ് ബോർഡിന് ഒരു ഭൂമി കൈവശം വെക്കാവുന്നതിന്റെ പരിധി 12 വർഷമായി പരിമിതപ്പെടുത്തുക (Limitation Act) എന്നതായിരുന്നു. ഒരു ഭൂമി വഖ്ഫ് ആയിക്കഴിഞ്ഞാൽ അത് എന്നെന്നേക്കും വഖ്ഫ് ആണ് എന്നതാണ് ഇസ്‌ലാമിക നിയമം. വഖ്ഫിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും ഉപകാരപ്പെടുന്ന വിധത്തിലേക്ക് അതിനെ ഉപയോഗയോഗ്യമാക്കുകയാണ് വേണ്ടിയിരുന്നത്. റെന്റ് കൺട്രോൾ ആക്റ്റ്, ലാൻഡ് സീലിംഗ് ആക്റ്റ്, ലാൻഡ് അക്യുസിഷൻ ആക്റ്റ് തുടങ്ങിയ വഖ്‌ഫേതര സ്വത്തുക്കൾക്ക് ബാധകമായ പലതും വഖ്ഫ് സ്വത്തുക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉണ്ടായിരുന്നു. ഈ ബിൽ പിന്നീട് 1995ലെ വഖ്ഫ് ആക്റ്റ് നിലവിൽ വന്നതോടെ ദുർബലമായി.
പുതിയ ബില്ലിലെ അപകടങ്ങൾ
1995ലെ വഖ്ഫ് ആക്റ്റിൽ പല സുപ്രധാന വ്യവസ്ഥകളും ഉണ്ടായിരുന്നു. വഖ്ഫായി നൽകുന്നവരുടെ മതം പരിഗണിക്കേണ്ടതില്ല എന്നായിരുന്നു ഒന്ന്. ഏതൊരാൾക്കും -അയാൾ അമുസ്‌ലിം ആണെങ്കിലും-വഖ്ഫിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് വഖ്ഫ് ബോർഡിലേക്ക് ദാനം ചെയ്യാമെന്നാണ് 1995ലെ ആക്ട് (104) വ്യക്തമാക്കുന്നത്. വഖ്ഫ് സ്വത്തുക്കൾ മുസ്‌ലിംകളുടെ മാത്രം ആവശ്യത്തിനല്ല, എല്ലാ മനുഷ്യരുടെയും ഇസ്‌ലാം അനുവദിക്കുന്ന നന്മക്കായി വിനിയോഗിക്കാം എന്നതുകൊണ്ടാണിത്. എന്നാൽ കിരൺ റിജ്ജു അവതരിപ്പിച്ച പുതിയ ബില്ലിൽ അമുസ്‌ലിംകളിൽനിന്ന് വഖ്ഫ് സ്വീകരിക്കാൻ പാടില്ല എന്നും അഞ്ചു വർഷം മുസ്‌ലിമായി പ്രാക്ടീസ് ചെയ്ത ഒരാൾക്ക് മാത്രമെ വഖ്ഫ് ചെയ്യാവൂ എന്നും പറയുന്നു. ഇപ്പോൾ വഖ്ഫായി നിലനിൽക്കുന്ന സ്വത്തുക്കളിൽ വാഖിഫ് ആരെന്ന് വ്യക്തമല്ലാത്ത സ്വത്തുക്കളും അമുസ്‌ലിംകളുടെ പേരിലുള്ള സ്വത്തുക്കളും അടുത്തകാലത്ത് ഇസ്‌ലാം സ്വീകരിച്ചവരുടെ സ്വത്തുക്കളുമെല്ലാം ഉണ്ടാകും. പുതിയ ഭേദഗതി വരുന്നതോടെ ഇപ്പോഴത്തെ വഖ്ഫ് സ്വത്തുക്കളിൽ നല്ലൊരു ശതമാനത്തെ അതിൽനിന്ന് മോചിപ്പിക്കാൻ സാധിക്കുമെന്ന സ്വപ്‌നമാണ് ഈ ഭേദഗതിയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്ന് വ്യക്തമാണ്.
കളക്ടറിലൂടെ വഖ്ഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ നീക്കം
വഖ്ഫുമായി ബന്ധപ്പെട്ട അധികാരം വഖ്ഫ് ബോഡിൽനിന്ന് മാറ്റി അത് ജില്ലാ കളക്ടർക്ക് നൽകുക എന്ന വ്യവസ്ഥകൂടി പുതിയ ബില്ലിലുണ്ട്. ഇതുകൂടി പ്രാബല്യത്തിൽ വന്നാൽ കാര്യങ്ങൾ സംഘ്പരിവാറിന് എളുപ്പമാവും. എങ്ങനെയാണ് സംഘപരിവാർ തങ്ങളുടെ മുസ്‌ലിം വിരുദ്ധ ബില്ലുകളിൽ കുതന്ത്രങ്ങൾ തേച്ചുപിടിപ്പിക്കുന്നത് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണിത്. എംപി, എംഎൽഎ, ബാർ കൗൺസിൽ തുടങ്ങിയ വിവിധ കാറ്റഗറികളിലൂടെ വഖ്ഫ് ബോർഡ് അംഗങ്ങൾ ആകുന്നവർ എല്ലാവരും മുസ്‌ലിംകൾ ആയിരിക്കണമെന്ന് 1995ലെ ആക്റ്റ് 14 വ്യക്തമാക്കിയിട്ടുണ്ട്. അതിൽനിന്നും മുസ്‌ലിംകളെ ലഭ്യമായില്ലെങ്കിൽ മുൻ എംപി, മുൻ എംഎൽഎ എന്നിങ്ങനെ ഓരോ കാറ്റഗറിയിലെയും മുസ്‌ലിംകളായ മുൻ അംഗങ്ങളെ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും ആക്റ്റ് പറയുന്നു. എന്നാൽ പുതിയ ബില്ലിൽ അവ എടുത്തുകളയുക മാത്രമല്ല, അമുസ്‌ലിംകളെ കൂടി ഇതിന്റെ ഭരണനിർവഹണത്തിലേക്ക് നിർബന്ധമായും നിയമിക്കണമെന്ന് പറയുക കൂടി ചെയ്യുന്നു.
വഖ്ഫ് ബോർഡുകൾ പിരിച്ചുവിട്ടേക്കും
വഖ്ഫിന്റെ പരമാധികാരം വഖ്ഫ് ബോർഡുകൾക്കാണ്. പുതിയ ബിൽ അനുസരിച്ച് വഖ്ഫ് ബോർഡ് കേവലം ഒരു നോക്കുകുത്തിയായി മാറുന്നു. ഒരു ഉപദേശക സമിതി എന്നതിനപ്പുറം കാര്യമായ ഒരു റോളും വഖ്ഫ് ബോർഡുകൾക്ക് ഉണ്ടാവില്ല. ജില്ലാ കളക്ടർമാർക്ക് വഖഫിനുമേൽ അധികാരം ലഭിക്കുന്നതോടെ വഖ്ഫ് ബോർഡുകളും വഖ്ഫ് ട്രിബ്യുണലുകളും സ്വാഭാവികമായും ഇല്ലാതാകും. കളക്ടർമാരാണ് വഖ്ഫ് സ്വത്തുക്കളുടെ ആധികാരികത പരിശോധിക്കുക. സ്വാഭാവികമായും രാഷ്ട്രീയ താല്പര്യങ്ങൾ കടന്നുവരും. വഖ്ഫ് സ്വത്തുക്കൾ; പ്രത്യേകിച്ച് പഴയ കാലങ്ങളിൽ വഖ്ഫായി നിലനിന്നിരുന്നവ, രേഖകളുടെ അപര്യാപ്തതയോ അവ്യക്തതകളോ എല്ലാം ചൂണ്ടിക്കാണിച്ച് വളരെ പെട്ടെന്ന് ലാൻഡ് അക്യുസിഷൻ ആക്റ്റ് ഉപയോഗിച്ച് സർക്കാറിലേക്ക് കൂട്ടിച്ചേർക്കുകയോ അല്ലെങ്കിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ ഏതെങ്കിലും ക്ഷേത്രങ്ങളുടെ ഭൂമിയായി നിശ്ചയിക്കുകയോ ചെയ്‌തേക്കാം.
സച്ചാർ പറഞ്ഞതും റിജ്ജു പുലമ്പുന്നതും
സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് തങ്ങൾ നടപ്പാക്കുന്നത് എന്നാണ് മന്ത്രി കിരൺ റിജ്ജുവിന്റെ വാദം. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ എവിടെയും വഖ്ഫിന്റെ അടിസ്ഥാന തത്ത്വങ്ങൾ മറികടന്നുകൊണ്ടുള്ള നിർദേശങ്ങൾ കാണാൻ സാധിക്കില്ല. ജില്ലാ കളക്ടർമാർക്ക് വഖ്ഫിന്റെ അധികാരം നൽകണമെന്ന് സച്ചാർ നിർദേശിച്ചിട്ടില്ല. സച്ചാർ ചൂണ്ടിക്കാണിച്ച പ്രധാന കാര്യം ഒട്ടനവധി വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോയിട്ടുണ്ട് എന്നാണ്. അവയിൽ പല കൈയേറ്റങ്ങളും സർക്കാരിന്റെ വക തന്നെയാണ് എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കിയിട്ടുള്ളത്. ദൽഹി, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ്, യുപി, ഒഡിഷ എന്നിവിടങ്ങളിലായി മൊത്തം 534 കൈയേറ്റങ്ങൾ നടന്നതായി സച്ചാർ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇവ തിരിച്ചുപിടിക്കാൻ വഖ്ഫ് ബോഡുകൾ പിരിച്ചുവിടാനോ അധികാരം കളക്ടർമാർക്ക് നൽകാനോ സച്ചാർ നിർദേശിച്ചിട്ടില്ല.
മൻമോഹൻ സിംഗിന്റെ നടപടികൾ
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വഖ്ഫ് വിഷയത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നിർവഹിച്ചത് ചരിത്രപരമായ ദൗത്യമായിരുന്നു. 2013ൽ അദ്ദേഹം നിർവഹിച്ച ഭേദഗതി വഖ്ഫ് സംരക്ഷണം ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. യുപിഎ സർക്കാർ സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടി ശ്ലാഘനീയമായിരുന്നു. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കൾ മോചിപ്പിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാനും ചെറിയ തുകക്ക് വഖ്ഫ് സ്വത്തുക്കൾ പാട്ടത്തിനെടുക്കുന്ന സാഹചര്യം ഒഴിവാക്കി മാർക്കറ്റ് വില അടിസ്ഥാനത്തിൽ ലീസിന് കൊടുക്കാനും മൻമോഹൻ സിംഗ് കൊണ്ടുവന്ന ഭേദഗതിക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബില്ലിലൂടെ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോകുവാനുള്ള ധാരാളം പഴുതുകളുണ്ട്. 2013ൽ കൊണ്ടുവന്ന 108,108 എ വകുപ്പുകൾ ദുർബലമാക്കുന്നതോടെ കൈയേറ്റങ്ങൾ വർധിക്കുകയാകും ഫലം.
മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതകൾ
വഖ്ഫ് വിഷയത്തിൽ മുസ്‌ലിം സമൂഹം വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്. വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലുള്ള ലാഘവത്വവും അതിൽ അഴിമതി കാണിക്കാനുള്ള വ്യഗ്രതയുമാണ് പലപ്പോഴും ശത്രുക്കൾക്ക് ആയുധമാവുന്നത്. വഖ്ഫ് ചെയ്യപ്പെട്ട ഭൂമി കേവലം ഭൂമിയായി കിടക്കുന്നതിന് പകരം അത് മുസ്‌ലിം സമൂഹത്തിനും ഇതര സമൂഹങ്ങൾക്കും ഉപകാരപ്രദമാവുന്ന വിധത്തിലേക്ക് പരിവർത്തിക്കപ്പെടേണ്ടതുണ്ട്. പലയിടങ്ങളിലും വഖ്ഫ് ഭൂമിയിൽ കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചില കുടിയേറ്റങ്ങൾ അതുമായി ബന്ധപ്പെട്ട കമ്മിറ്റികളോ മുതവല്ലിമാരോ അറിയുന്നില്ല. കുടിയേറിയവർക്ക് പിന്നീട് പട്ടയം ലഭിക്കുകയും അവിടെ അവർ സ്ഥിരതാമസക്കാരായി മാറുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. പിന്നീട് അത് വഖ്ഫ് ഭൂമിയാണെന്ന് കണ്ടെത്തുകയും അവിടെനിന്ന് ആളുകളെ കുടിയൊഴിപ്പിക്കുന്ന നിയമ നടപടികളിലേക്ക് പോവുകയും ചെയ്യുന്നു. ഇത് ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങൾക്കും വർഗീയ വിദ്വേഷങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ പ്രശ്‌നങ്ങളെ രമ്യമായി ക്ഷമാപൂർവം പരിഹരിക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്. ഇല്ലെങ്കിൽ ഇതെല്ലാം മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ശക്തികൾക്ക് ഊർജമായിത്തീരും. വഖ്ഫ് ചെയ്യപ്പെട്ട വസ്തുവിൽനിന്ന് അന്യായമായും അനർഹമായും ഒന്നും എടുക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർക്ക് വലിയ ശിക്ഷയാണ് പരലോകത്ത് ലഭിക്കാൻ പോവുന്നത്. മുസ്‌ലിം പണ്ഡിതന്മാരും പ്രബോധകരും ഇത് സമുദായത്തെയും വഖ്ഫ് കൈകാര്യം ചെയ്യുന്നവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.

