സംഘടിത മുന്നേറ്റങ്ങളെ നിരാകരിക്കുന്ന വർത്തമാന രാഷ്ട്രീയം

മുജീബ് ഒട്ടുമ്മൽ

2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

ദുർബലമെങ്കിലും ഫാഷിസ്റ്റ് അജണ്ടകളെ കൈവെടിഞ്ഞൊന്നുമല്ല മൂന്നാം NDA സർക്കാറും അധികാരമേൽക്കുന്നത്. ഭീതിയുടെ നാളുകളിൽ ഐക്യപ്പെട്ട സമുദായ മനസ്സുകളിൽ ശൈഥില്യം കടന്നുവരുന്നതും ധ്രുവീകരണ ശ്രമങ്ങൾ മുളപൊട്ടുന്നതും സഹതാപത്തോടെ മാത്രമെ നോക്കിക്കാണാനാവൂ.

നിങ്ങൾ എല്ലാവരും നാസി ജർമനിക്കു വേണ്ടി പ്രവർത്തിച്ചു... തീർച്ചയായും, നിങ്ങളുടെ മനസ്സാക്ഷിയെ വിലയ്‌ക്കെടുക്കാൻ നിങ്ങൾ അവിടെയും ഇവിടെയും പീഡിപ്പിക്കപ്പെട്ട ഒരാളെ സഹായിച്ചു; പക്ഷേ, ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഒരുതരത്തിലുള്ള പ്രതിഷേധവുമില്ലാതെ.

1938ൽ നാസി ജർമനിയിൽനിന്ന് നെതർലാ‌ന്റ് വഴി പലായനം ചെയ്യാൻ നിർബന്ധിതയായ ജൂതമതക്കാരി ലിസ് മെയ്റ്റ്‌നർ ത‌ൻെറ സഹപ്രവർത്തകനും നോബൽ സമ്മാന ജേതാവുമായ ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ ഓട്ടോഹാനിന് എഴുതിയ വരികളാണ് മുകളിൽ നാം വായിച്ചത്. സഹപ്രവർത്തകയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കാത്തതിലുളള നിരാശയിൽ അമ്മയുടെ വജ്രമോതിരം നൽകി അതിർത്തി കടക്കാൻ സഹായിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അതിന് മറുപടിയായിട്ടാണ് ലിസ് മെയിറ്റ്‌നർ ഈ വരികൾ കുറിച്ചത്. പരമോന്നത ബഹുമതി ലഭിച്ചിട്ടും സഹപ്രവർത്തകയെ പോലും രക്ഷിക്കാനാകാത്തവിധം അപരവൽകരണം ഏൽപിച്ച മുറിവ് അത്രമാത്രം മാരകമായിരുന്നുവെന്ന് ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു.

ദിർഘനാൾ ഡിജിപി, എഡിജി ആയി സർവീസിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഡോ. എൻസി അസ്താന നിസ്സഹായനായ ഓട്ടോഹാനിനെപോലെ താൻ നിസ്സംഗനാവുകയില്ലെന്ന് ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നുണ്ട്. മുസ്‌ലിം സുഹൃത്തുക്കളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ താൻ ലജ്ജിച്ച് തലകുനിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്. സമകാലിക ഇന്ത്യയെ നാസീ ജർമനിയോട് ഉപമിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നൊമ്പരം രേഖപ്പെടുത്തിയത്. മുസ്‌ലിംകൾക്കു നേരെയുളള കലാപങ്ങളിൽ നിസ്സംഗരാകുന്ന പോലീസുകാരുടെ സമീപനം, അധികാരികളുടെ ഏകപക്ഷീയമായ ഇടപെടലുകൾ, ജുഡീഷ്യറിയുടെ വീഴ്ചകൾ... എല്ലാം ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചും അദ്ദേഹം വ്യാകുലപ്പെടുന്നത്.

2024 ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിൽ മതനിരപേക്ഷ ചേരിക്ക് അൽപം ആശ്വാസത്തിന് വകയുണ്ടെങ്കിലും ആഭ്യന്തരം, ധനം, പ്രതിരോധം, റെയിൽവേ പോലെയുള്ള പ്രധാന വകുപ്പുകൾ ബി.ജെ പി കയ്യടക്കി വെച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഘപരിവാര രാഷ്ട്രീയത്തിെ‌ൻറ നിലനിൽപിന് ഏത് വൃത്തികെട്ട കളികൾക്കും മടിക്കാത്തവർ തങ്ങളുടെ മുന്നണിയിലുളള പാർട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം. വിഭജനത്തിന്റ സമവാക്യങ്ങളെ ഇന്ത്യൻ സംസ്കാര വൈവിധ്യങ്ങളിൽ പ്രയോഗിച്ചത് തകർത്തെറിയുന്ന സമീപനം നാം കണ്ടറിഞ്ഞതാണ്. മറുചേരിയുള്ളവരെ പണമെറിഞ്ഞ് കൂടെ നിറുത്തിയും എതിരാളികളെ ഇ.ഡി പോലെയുള്ള നിയമപാലന സംവിധാനങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തിയും മേൽകോയ്മ നേടാൻ ശ്രമിക്കുന്നവരാണിവർ. അതുകൊണ്ട് തന്നെ ഭാവി രാഷ്ട്രീയത്തെ പ്രവചിക്കാൻ നാം അശക്തമാവുകയാണ്.

സമകാലിക ഇന്ത്യയിൽ മുസ്‌ലിംസമുദായവും അത്തരം പീഡനങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്നുവെന്നതിന് കൂടുതൽ തെളിവുകൾ വേണ്ടതില്ല. ഈ വെല്ലുവിളികളെ സമുദായം അതിജീവിച്ചതിെ‌ന്റ മുൻകാല മാതൃക ചരിത്രത്തിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യാവിഭജനത്തിെ‌ന്റ ഭീകരമായ സാഹചര്യങ്ങളെ അതിജീവിച്ചതിലും വലിയ പാഠങ്ങളുണ്ട്.

1947 ലെ പാക്കിസ്ഥാൻ രൂപീകരണം ഛിദ്രശക്തികൾ വർഗീയ കലാപങ്ങൾക്കുള്ള അവസരമായി ഉപയോഗപ്പെടുത്തിയപ്പോൾ ഉത്തരേന്ത്യൻ മുസ്‌ലിംകൾ വംശഹത്യയുടെ മുൾമുനയിലായിരുന്നു. ദാരുണമായ അനാഥത്വവും നേതൃദാരിദ്ര്യവും സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചു. ഐക്യവും ബലവും നൽകിയിരുന്ന മുസ്‌ലിം ലീഗിനെ പിരിച്ചുവിട്ട് പാക്കിസ്ഥാനിലേക്ക് ചേക്കേറാനുള്ള നേതാക്കളുടെ തീരുമാനമായിരുന്നു അതിന് കാരണം. തെന്നിന്ത്യയിലെ മുസ്‌ലിംകൾ പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയിൽ തുടരാൻതന്നെ നിശ്ചയിച്ചു. അതിനുവേണ്ടി സമുദായത്തെ ഒരു സംഘടനയുടെ കുടക്കീഴിൽ ഒരുമിപ്പിച്ച് നിറുത്താനുള്ള ശ്രമങ്ങളിലായിരുന്നു നേതൃത്വം. ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്തു.

പ്രബുദ്ധരായ മലയാളികൾക്കിടയിൽ പോലും സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളുണ്ട് എന്നതിന് ചില കപട മതേതര പുരോഗമനക്കാരുടെ വർത്തമാനങ്ങൾ സാക്ഷിയാണ്. ഈ സാഹചര്യത്തിൽ സാമുദായിക ഐക്യവും സമാധാന സന്ദേശ പ്രചാരണവും യാഥാർഥ്യമാക്കുകയാണ് വേണ്ടത്. മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികളെ സംഘടനാപരമായ അതിർത്തികൾ മറികടന്ന് ഒരുമിച്ചുനിന്ന് അതിജയിക്കാനുള്ള ശ്ലാഘനീയമായ ശ്രമങ്ങൾ സമീപകാലത്തെ വലിയ പ്രതീക്ഷയായിരുന്നു. അതിനെതിരെയുളള അപശബ്ദങ്ങൾ വർധിച്ച് വരുന്നുവെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

സംഘടനാ പിളർപ്പിന്റെ രാഷ്ട്രീയം

കേരളത്തിലെ മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികളെ സംഘടനാപരമായ അതിർവരമ്പുകൾ മറികടന്ന് ഒരുമിച്ച് നിന്ന് അതിജയിക്കാനുള്ള ശ്ലാഘനീയമായ ശ്രമങ്ങൾ സമീപകാലത്തെ വലിയ പ്രതീക്ഷയായിരുന്നു.

സംഘപരിവാര രാഷ്ട്രീയത്തിെ‌ന്റ വിദ്വേഷ പ്രചാരണത്തിനും വിഭാഗീയ പ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായ വൈജ്ഞാനിക പ്രതിരോധം തീർക്കാനും സാഹോദര്യത്തിെ‌ന്റ പ്രഭചൊരിയാനും ഇത്തരം ഒത്തുചേരലുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭരണകൂടങ്ങളിൽനിന്ന് നേരിടേണ്ടിവരുന്ന അവകാശ നിഷേധത്തിനെതിരെ ഉയർന്നുവന്ന ശബ്ദങ്ങളെ ഏകീകരിക്കാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു സംഘബലത്തെ ശിഥിലീകരിക്കാനും ഭരണവൈകല്യങ്ങളെ മറച്ചുപിടിക്കാനും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. വേട്ടക്കാരുടെ സ്‌നേഹ തലോടലുകളിൽ അസ്തിത്വം പണയംവച്ച് സമുദായത്തിെ‌ന്റ ഒറ്റുകാരായി മാറിയവരും താൽപര്യങ്ങൾ സംരക്ഷിക്കാനായി വിധേയരായവരും ഉണ്ടായിട്ടുണ്ട്. അതിെ‌ന്റ അവസാന ഇരയാണ് സമസ്തയിലെ ‘ശജറകൾ’ എന്നറിയപ്പെടുന്ന വിഭാഗം. വഖഫ് ബോർഡ് നിയമനം പൊതുമേഖലയിലേക്ക് കൊണ്ടുവരാനുള്ള ഇടതുസർക്കാരിെ‌ന്റ ശ്രമങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിട്ടപ്പോൾ ഭരണകൂടത്തിന് പിന്തിരിയേണ്ടിവന്നെങ്കിലും സമസ്തയിലെ ഒരു വിഭാഗത്തെ അടർത്തിയെടുക്കാൻ സാധിച്ചുവെന്നതാണ് അവരുടെ വിജയം. പള്ളികളിലെ ഉൽബോധനങ്ങളിൽ വഖഫിെ‌ന്റ പവിത്രതയെ കുറിച്ച് ബോധവൽകരിക്കാനും സർക്കാരിെ‌ന്റ സമീപനത്തെ ബോധ്യപ്പെടുത്താനും മുസ്‌ലിം സംഘടനാ കോഡിനേഷൻ തീരുമാനിച്ചപ്പോൾ ചില തിട്ടൂരങ്ങൾക്ക് വഴങ്ങി അതിൽനിന്ന് മഹല്ലുകളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവരുടെ അധ്യക്ഷൻ. ‘ശജറത്തുൻ ത്വയ്യിബ’ എന്ന ഒരു ഗ്രൂപ്പ് സമസ്തയിൽ വളർന്നുവന്നപ്പോൾ മുസ്‌ലിം ലീഗിനെയും പാണക്കാട് തങ്ങൾ കുടുംബത്തെയും ലക്ഷ്യമാക്കുകയായിരുന്നു അവർ. ശജറകൾ എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഈ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് മുസ്‌ലിം രാഷ്ട്രീയത്തിൽ പ്രതിസന്ധി തീർത്തത്. മുസ്‌ലിം സംഘടിത രാഷ്ട്രീയത്തിനെതിരെ അവസരങ്ങളുപയോഗപ്പെടുത്തുന്നതിൽ കേരളത്തിലെ പ്രമുഖ പാർട്ടികളെല്ലാം മൽസരിച്ചതാണ് ചരിത്രം. 1921ലെ കലാപാനന്തരം മാപ്പിള ദുരിതങ്ങളോട് മുഖംതിരിച്ച സവർണ നേതാക്കളുടെ സാന്നിധ്യം കാരണമായി ദേശീയ പ്രസ്ഥാനത്തോട് ബഹുഭൂരിപക്ഷം മാപ്പിളമാർക്കും വിശ്വാസം നഷ്ടമായിരുന്നു. അതിനാൽ മുസ്‌ലിംകളുടെ പ്രത്യേകമായ പ്രശ്‌നങ്ങളെ പരിഗണിക്കാൻ ശേഷിയുള്ളതും എന്നാൽ ജനാധിപത്യ ബഹുസ്വരതയോട് സഹകരിക്കുന്നതുമായ ഒരു രാഷ്ട്രീയ സംഘടയുടെ അനിവാര്യതയെ സമുദായം തിരിച്ചറിയുകയായിരുന്നു. ഐക്യസംഘം പ്രവർത്തകനായ അഡ്വ.ബി പോക്കർ സാഹിബിെ‌ന്റ നേതൃത്വത്തിൽ രൂപപ്പെടുത്തിയ സംഘശക്തിയെ തകർക്കാനുള്ള ശ്രമം അക്കാലം മുതൽതന്നെ ശക്തമായി നടന്നിരുന്നു.

1953ൽ സമസ്ത ഫത്‌വ ബോർഡിൽനിന്ന് വഹാബി-മൗദൂദികളോട് സലാം പറയാൻ പാടില്ലെന്ന വിചിത്രമായ ഒരു ഫത്‌വ വന്നു. മദ്‌റസാ പാഠപുസ്തകത്തിൽ അത് ഉൾപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇ.കെ അബൂബക്കർ മുസ്‌ലിയാർ സെക്രട്ടറിയായപ്പോൾ ആ ഫത്‌വയിൽ മാറ്റം വരുത്തി. മുശാവറയിലുണ്ടായിരുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ ചിലർ അതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. 1985ലെ ഷാബാനു ബീഗം കേസിൽ ശരീഅത്ത് വിവാദം ചൂടുപിടിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ശരീഅത്തിനെതിരെ രംഗത്തു വരികയുണ്ടായി. മുസ്‌ലിം സംഘടനകൾ ഒന്നടങ്കം ശരീഅത്ത് സംരക്ഷണത്തിനുവേണ്ടി ഒരുമിച്ചുനിന്ന് ശക്തമായി പോരാടി. 1989ൽ ഇതിനെതിരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പരസ്യമായി രംഗത്തുവന്നതിനെ തുടർന്ന് അദ്ദേഹത്തെയും മറ്റു ചിലരെയും സമസ്തയിൽനിന്ന് പുറത്താക്കി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയ്ക്ക് അദ്ദേഹം രൂപം നൽകുകയും ചെയ്തു. മുസ്‌ലിം ന്യൂനപക്ഷത്തുള്ള പ്രമുഖമായ ഒരു സംഘടന പിളർന്നതോടുകൂടി അതിനെയും വോട്ടുബാങ്കായിക്കണ്ട് തങ്ങളുടെ ഭാഗമാക്കാൻ ചിലർ ശ്രമം നടത്തി. ‘അരിവാൾ സുന്നി’യെന്നറിയപ്പെട്ട സംഘടനയെ പരിപോഷിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും അവരിൽനിന്നുണ്ടായി. ആത്മീയ ചൂഷണത്തിലൂടെ തടിച്ച് കൊഴുക്കുന്ന അന്ധവിശ്വാസ പ്രചാരകരെ വാരിപ്പുണരാൻ ആധുനിക പുരോഗമന രാഷ്ട്രിയത്തിന് ഒരു മടിയുമുണ്ടായില്ല. സമുദായത്തിൽ അവാന്തരവിഭാഗങ്ങളെ സൃഷ്ടിച്ച് അവയെ അടർത്തിയെടുത്ത് ഐക്യബലത്തെ ക്ഷയിപ്പിക്കാൻ ശ്രമിക്കുന്നവർ സമുദായത്തിെ‌ന്റ നൻമയല്ല ആഗ്രഹിക്കുന്നത് എന്നത് വ്യക്തമാണ്.

സമുദായ രാഷ്ട്രീയത്തിൽനിന്ന് തെറിച്ച് നിന്ന കൊള്ളികളെ ഊരിയെടുക്കാനുള്ള മിടുക്ക് ഇവരുടെ പ്രത്യേകതയാണ്. ബാബരി മസ്ജിദ് ധ്വംസനത്തിൽ നൊമ്പരപ്പെട്ട സമുദായത്തിെ‌ന്റ മനസ്സ് കവർന്നെടുക്കാൻ ഇടിവെട്ട് പ്രഭാഷണവുമായി കടന്നുവന്ന അബ്ദുന്നാസിർ മഅ്ദനിയുടെ തേരോട്ടത്തിനും വഴിയൊരുക്കാൻ ഇവർ മുന്നിൽ നിന്നു. മതരാഷ്ട്രവാദവുമായി രംഗത്തുവന്ന ജമാഅത്തെ ഇസ്‌ലാമിയുമായി ഏറെ കാലം സൗഹൃദം പങ്കിട്ടതും കേരള രാഷ്ട്രീയത്തിലെ കൗതുകങ്ങളിൽ ഒന്നാണ്. സമുദായത്തിലെ എല്ലാ സംഘടനകളും അവരിൽനിന്ന് ദൂരം പാലിച്ചതാണ് ജമാഅത്തെ ഇസ്‌ലാമിയിൽ അവർ കണ്ട യോഗ്യത. കമ്യൂണിസത്തിെ‌ന്റ വിപ്ലവ വീര്യത്തെ വാനോളം പുകഴ്ത്തിയ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തനങ്ങൾക്ക് വിപ്ലവ പരിവേഷം നൽകി സമീകരിക്കാൻ ശ്രമിക്കുകയായിരുന്നു. അവസാനം ഉദയം ചെയ്ത ശജറകളിലും ഇത്തരം തെറിച്ച രാഷ്ട്രീയത്തിെ‌ന്റ പല സാമ്യതകളും ദർശിക്കാനാകും. പ്രാദേശിക, സാമുദായിക പ്രശ്‌നങ്ങളിൽ ആൾക്കൂട്ടങ്ങൾക്ക് പകരം നീതിക്ക് പ്രാധാന്യം നൽകിയിരുന്ന പഴയകാല ഇടതു നേതാക്കളുടെ മാതൃകയിലേക്ക് തിരിച്ചുപോകാത്തിടത്തോളം സമുദായത്തിെ‌ന്റ ആശങ്ക നിലനിൽക്കും.

മഹാനായ രണ്ടത്താണി സെയ്ദ് മൗലവി പൊന്നാനിയിൽ മതപ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ യാഥാസ്ഥിതിക വിഭാഗം സ്റ്റേജിലേക്ക് പാഞ്ഞുകയറി മൗലവിയെ ക്രൂരമായി മർദിച്ച് അവശനാക്കുകയുണ്ടായി. വിവരമറിഞ്ഞയുടനെ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന സഖാവ് ഇമ്പിച്ചിബാവ ചികിൽസയിലായിരുന്ന മൗലവിയുടെ സമീപത്തേക്ക് ഓടിയെത്തി സമാശ്വസിപ്പിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രിയോട് ‘അവരെ വെറുതെ വിടൂ, അവർ അറിവില്ലാത്തവരാണ്’ എന്ന് മൗലവി പറഞ്ഞുവത്രെ. ഇത്തരം മഹാമനസ്‌കരെ പുസ്തകങ്ങളിലും ചരിത്രങ്ങളിലും വായിച്ചറിഞ്ഞുവെന്നല്ലാതെ നേരിട്ട് കാണുന്നത് ആദ്യമായാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. അധികാര രാഷ്ട്രീയത്തിന് വേണ്ടിയുള്ള ലാഭനഷ്ടങ്ങൾക്കുമപ്പുറം അനീതിക്കിരയായവരുടെ വേദനകൾക്കൊപ്പം നിൽക്കാനുള്ള മഹാമനസ്‌കതയാണ് അധികാരികൾക്ക് വേണ്ടതെന്ന തിരിച്ചറിവു നൽകുന്ന സംഭവമാണിത്. അതിൽനിന്ന് വിഭിന്നമായ സമീപനമാണ് സമകാലിക മുന്നണിരാഷ്ട്രീയത്തിെ‌ന്റ മത്സരയോട്ടത്തിൽ നിഴലിച്ച് കാണുന്നത്. സോഷ്യലിസത്തിെ‌ന്റ ആശയധാരയിൽ സഞ്ചരിക്കുന്ന അധികാരവർഗത്തിന് വൈവിധ്യങ്ങളിലെ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലുള്ള വിമുഖതയാണ് നാം കാണുന്നത്. അതിെ‌ന്റ പേരിൽ നഷ്ടങ്ങളേറെ സംഭവിച്ചത് മുസ്‌ലിംകൾക്കും സംവരണ വിഭാഗങ്ങൾക്കുമാണ്. അത് നികത്താനുള്ള ശ്രമങ്ങൾക്കു പകരം സമുദായത്തെ സങ്കീർണമായ വിഭാഗീയതയിലേക്ക് തള്ളിയിട്ട് നിശ്ശബ്ദമാക്കുന്ന ശൈലി നൈതിക രാഷ്ട്രീയത്തിന് യോജിച്ചതല്ല. സർക്കാർ ഉദ്യോഗ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യത്തിെ‌ന്റ കണക്കുകൾ പുറത്തുവിടാൻ തയ്യാറാകണം.

വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലെയും സാമൂഹിക പുരോഗതിയെ പ്രതിപാദിക്കുന്ന ധവളപത്രമിറക്കി ആശയക്കുഴപ്പങ്ങൾക്ക് അറുതി വരുത്തണം. അനർഹമായത് സമുദായം നേടിയെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാര പ്രചാരണങ്ങൾക്കെതിരെ വസ്തുനിഷ്ഠമായ കണക്കുകൾ പുറത്തുവിട്ട് യാഥാർഥ്യം വ്യക്തമാക്കുകയും വേണം. സമൂഹം നേരിടുന്ന ഗുരുതരമായ വിഷയങ്ങളെ തമസ്‌കരിക്കുകയും ചർച്ചകളെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്ന ശൈലി ഒരിക്കലും ഭൂഷണമല്ലന്നർഥം.

സംഘടിത രാഷ്ട്രീയവും സമുദായവും

കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിനായി പരിഷ്‌കർത്താക്കൾ സഹിച്ച ത്യാഗങ്ങളെ വിസ്മരിച്ചുകൊണ്ട് പുതിയകാലത്തെ വരവേൽക്കാൻ സാധ്യമല്ല. സാമൂഹിക ജീവതത്തിലെ സർവ മേഖലകളെയും പരിവർത്തനവിധേയമാക്കാൻ നവോത്ഥാന നായകർ അവരുടെ ജീവിതംതന്നെ സമർപ്പിച്ചിരുന്നു. 1921ലെ മലബാർ കലാപത്തോടുകൂടി സായുധമായ സമരരീതികളിൽനിന്ന് മുസ്‌ലിം സമുദായം സമ്പൂർണമായി പിൻവാങ്ങിയിരുന്നു. ജനാധിപത്യ വിലപേശലുകളുടെ പക്വതയിലേക്ക് സമുദായ മനസ്സ് പരിവർത്തിതമായി. സമുദായത്തിെ‌ന്റ സക്രിയമായ ശേഷിയെ ഉപയോഗപ്പെടുത്തി അവശതകൾക്ക് പരിഹാരം കാണാനും കൃത്യമായ ആലോചനകളിലൂടെ പദ്ധതികൾ ആവിഷ്‌കരിക്കാനുമുള്ള സംഘടിത സംവിധാനം ഉണ്ടായിരുന്നില്ല. മാപ്പിളമാർ അനുഭവിച്ചിരുന്ന ദുരിതങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ കൂട്ടാക്കാതിരുന്ന ദേശീയ പ്രസ്ഥാന നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യവുമുണ്ടായി. കേരള മുസ്‌ലിം ഐക്യസംഘം അത്തരം ഒരു പ്രവർത്തന മേഖലയിലേക്ക് ശ്രദ്ധതിരിക്കുകയും സംഘടിതമായ ഒരു രാഷ്ട്രീയ കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്തു. അഡ്വ.ബി പോക്കർ സാഹിബിെ‌ന്റ പ്രവർത്തനങ്ങൾ അത്തരം ശ്രമങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതായിരുന്നു.

ഇന്ത്യൻ സ്വാതന്ത്രൃത്തിനുവേണ്ടിയും സമുദായത്തെ രാഷ്ട്രീയ പ്രബുദ്ധരാക്കാനും കേരളത്തിൽ ഏറ്റവും കൂടുതൽ ത്യാഗമനുഭവിച്ചിരുന്നവരായിരുന്നു സലഫീ നേതാക്കളായിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബും ഇ.മൊയ്തു മൗലവിയും. മൊയ്തു മൗലവിയെ സബ് എഡിറ്ററാക്കി അബ്ദുറഹ്‌മാൻ സാഹിബ് സ്വന്തം സമ്പത്ത് മുഴുവൻ ചെലവഴിച്ച് ആരംഭിച്ച അൽഅമീൻ പത്രമായിരുന്നു കേരളത്തിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിെ‌ന്റ ഏറ്റവും ധീരമായ ജിഹ്വ. പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ മുസ്‌ലിം പങ്കാളിത്തം രാജ്യത്തെയും പൊതുസമൂഹത്തെയും സേവിക്കുന്ന പുണ്യത്തിന് മുസ്‌ലിംകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും മുസ്‌ലിംകളെ ഒറ്റപ്പെടുത്താനുള്ള സവർണ തന്ത്രത്തിന് അത് തടയിടുമെന്നുമുള്ള വീക്ഷണം വച്ചുപുലർത്തിയാണ് അവർ മുന്നോട്ടുപോയത്. അതിന് അവർ നൽകിയ വില വമ്പിച്ചതായിരുന്നു. കേരളത്തിലെ സലഫീ പ്രസ്ഥാനത്തിെ‌ന്റ സ്ഥാപക നേതാവ് കെഎം സീതി സാഹിബ്, എകെ കുഞ്ഞിമായിൻ ഹാജി പോലുള്ള, തലശ്ശേരിയിലെ ഇസ്വ്‌ലാഹീ പ്രവർത്തകരും പിവി മുഹമ്മദ് മൗലവിയുമെല്ലാം ഇത്തരം സംഘടിത മുന്നേറ്റങ്ങൾക്ക് സംഭാവന നൽകിയവരാണ്. മലബാറിലെ രണ്ടാമത്തെ ലീഗ് ശാഖ രൂപീകരിക്കപ്പെട്ടത് തിരൂരങ്ങാടിയിലായിരുന്നു. കെഎം മൗലവി, ഇകെ മൗലവി, കെ ഉമർ മൗലവിയടക്കമുള്ള സലഫീ പണ്ഡിതർ രാഷ്ട്രീയ പ്രസ്ഥാനമുന്നേറ്റത്തിന് നേതൃത്വം നൽകി

മുസ്‌ലിം സമുദായത്തിെ‌ന്റ അഭിമാനകരമായ നിലനിൽപ് ഉറപ്പുവരുത്താൻ സ്വാതന്ത്ര്യാനന്തരം സർവേന്ത്യാ മുസ്‌ലിം ലീഗിന് തുടർച്ചയുണ്ടാകണമെന്ന് നേതാക്കൾ യുക്തിസഹമായി വാദിച്ചതിനടിസ്ഥാനത്തിലാണ് ഈ പ്രവർത്തനങ്ങളെല്ലാം വ്യാപകമാക്കിയത്. സമുദായത്തെ രാഷ്ട്രീയ പ്രബുദ്ധരാക്കാനുള്ള ത്യാഗനിർഭരമായ പ്രവർത്തനങ്ങളെ ചരിത്രത്തിൽ ഉല്ലേഖനം ചെയ്തിട്ടുണ്ട്.

സംഘടിത രാഷ്ട്രീയ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനുവേണ്ടി ധിഷണാശാലിയായ കെഎം സീതി സാഹിബിെ‌ന്റ സമർഥമായ പ്രവർത്തന ഫലമാണ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളും സയ്യിദ് പൂക്കോയ തങ്ങളുമെല്ലാം മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റത്തിെ‌ന്റ ഭാഗമായത്. ഇവർ രണ്ടുപേരും കെഎം മൗലവിയുമായുള്ള സൗഹൃദവും ബന്ധവുമെല്ലാം രാഷ്ട്രീയ മേഖലയിൽ ചരിത്രം രചിക്കുകയുണ്ടായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഉടനെയുള്ള വർഷങ്ങളിൽ മുസ്‌ലിം രാഷ്ട്രീയ വക്താക്കളായി പ്രവർത്തിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നിട്ടുകൂടി അതിനെ അതിജീവിച്ച് മുന്നോട്ടുപോകാൻ ഇവർ സഹിച്ച ത്യാഗം എത്രമാത്രമായിരുക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഇത്രയും ത്യാഗം സഹിച്ച് നേടിയെടുത്ത സംഘശക്തിയെ ഒറ്റുകൊടുക്കാൻ തയ്യാറാകുന്നവരുടെ മുൻഗാമികൾ അന്നും നിസ്സംഗരായിരുന്നുവെന്ന് തിരിച്ചറിയാനാകും. സൂഫി ധാരയിലൂടെ സഞ്ചരിച്ച പൂക്കോയതങ്ങളും ബാഫഖി തങ്ങളുമെല്ലാം സലഫി പണ്ഡിതരോടും നേതാക്കളോടും തോളുരുമ്മി പ്രവർത്തിച്ചത് പുതുതലമുറയ്ക്ക് പാഠമാകണം. അവർ മത ആദർശ പരിപാടികളിൽനിന്ന് പരസ്പരം അകന്നുനിന്നതിനെ സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയാൽ അതിലും വലിയ ഗുണപാഠം നമുക്ക് കണ്ടെത്താനാകും. പൊതുവായ കാര്യങ്ങളിൽ കക്ഷിഭേദമന്യെ ഒന്നിച്ച് നിന്ന ആ നേതാക്കൾ ആദർശവേദികളിൽ പരസ്പരം പങ്കെടുത്തതായി കാണാൻ സാധ്യമല്ല. മുജാഹിദ് വേദികളിൽ പാണക്കാട് തങ്ങൾമാരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നവരും അതിനായി ശാഠ്യം പിടിക്കുന്നവരും ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. സമുദായത്തിന്റെ ഗുണത്തിന് ഏറെ ഉപകാരപ്പെടുന്നത് അത്തരമൊരു സമീപനമായിരിക്കാമെന്നതും പഠനവിധേയമാകേണ്ടിയിരിക്കുന്നു.

പ്രമാണങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയം

നബിﷺയുടെ കാലം മുതലേ ഇസ്‌ലാമിെ‌ന്റ ശത്രുക്കൾ ശക്തമായ ആക്രമണങ്ങളഴിച്ചുവിടുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നവിധം വിശുദ്ധ ക്വുർആനിെ‌ന്റ ആശയങ്ങൾ പ്രോജ്വലിച്ചു നിന്നു. ആധുനികത ഉയർത്തുന്ന ഏതൊരു വെല്ലുവിളിയെയും അതിജയിക്കാൻ സാധിക്കുന്ന ദൈവിക ദർശനമാണ് ഇസ്‌ലാം. ലോകാവസാനം വരെയുള്ളവർക്ക് മാർഗദർശനമായി അത് നിലനിൽക്കുമെന്നത് പ്രപഞ്ച സ്രഷ്ടാവിെ‌ന്റ വാഗ്ദാനമാണ്. കേരളത്തിലെ നവലിബറലുകൾ ഈ വസ്തുതകളെ വിസ്മരിച്ചുകൊണ്ടാണ് ഇസ്‌ലാമിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം തങ്ങളുടെ മാത്രം അന്വേഷണങ്ങളിൽനിന്നും ബൗദ്ധികശേഷിയിൽ നിന്നും രൂപപ്പെട്ടതാണെന്ന് സ്വയം വിശ്വസിക്കാനാണവർ ശ്രമിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇസ്‌ലാമിനോളം പഴക്കമുള്ളതാണെന്നും അതിനെല്ലാം വ്യക്തമായ ഉത്തരമുള്ളതുമാണെന്ന് മനസ്സിലാക്കാൻ അവരുടെ യുക്തിവാദ അപ്പോസ്തലർക്ക് അടിമപ്പെട്ടുപോയ മസ്തിഷ്‌കത്തിന് സാധിക്കാറില്ല.

ഭൗതിക വിജ്ഞാനങ്ങളിൽ പോലും മതിയായ പരിജ്ഞാനമില്ലാത്തവരും അറബി ഭാഷയിലെ അക്ഷരങ്ങളെ പോലും തിരിച്ചറിയാത്തവരും പടച്ചുവിടുന്ന വിമർശനങ്ങൾക്ക് മുന്നിൽ പതറിപ്പോകുന്ന മതയുക്തിവാദികളുടെ രാഷ്ട്രീയം വളരെ അത്ഭുതകരമാണ്. മതനവീകരണത്തിനും പരിഷ്‌കരണത്തിനും വേണ്ടി ആവശ്യപ്പെടുന്ന തലങ്ങളിലേക്ക് ഇവർ എത്തിപ്പെടുന്നു. ക്വുർആനും പ്രവാചകചര്യയും സ്വീകരിക്കുന്നതിന് പൂർവികരായ സ്വഹാബികളുടെയും പണ്ഡിതരുടെയും മാർഗങ്ങൾ അവലംബിക്കുന്നതിനെ യാഥാസ്ഥികതയായി വ്യാഖ്യാനിക്കാൻ ഇവർ ശ്രമിക്കുന്നു. ഗവേഷണ നിരീക്ഷണങ്ങളിലൂടെ അറിവുകൾ കണ്ടെത്തുന്നതും നാഗരികതയും മാനവികതയും ഉദാത്തവൽകരിക്കുന്നത് മനുഷ്യൻ മാത്രമാണെന്ന് വാദിച്ചുകൊണ്ടാണിവർ അത് സമർഥിക്കാൻ ശ്രമിക്കുന്നത്.

പ്രവാചക ജീവിതത്തിെ‌ന്റ സമാഹാരമായ ഹദീസുകളുടെ ആധികാരിതെയാണിവർ ചോദ്യം ചെയ്യുന്നത്. ഹദീസുകളുടെ ആധികാരികതയിൽ സംശയം ജനിപ്പിച്ചുകൊണ്ട് മുഹമ്മദ് നബിﷺയുടെ ചരിത്രപരതയെ സംശയാസ്പദമാക്കിത്തീർക്കുകയെന്ന ക്രൈസ്തവ മിഷണറി-ഓറിയ‌ന്റലിസ്റ്റ് തന്ത്രങ്ങളുടെ കെണിയിൽ വീഴുകയാണിവർ ചെയ്യുന്നത്. പ്രവാചക‌െ‌ന്റ വിവാഹങ്ങൾ, അനന്തരാവകാശ നിയമങ്ങൾ, വിവാഹം, വിവാഹമോചനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ മതനിഷേധികൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്ക് മറുപടി പറയാൻ പ്രമാണങ്ങളിൽതന്നെ ഉത്തരമുണ്ടായിരിക്കെ നിഷേധങ്ങളിൽ അടയിരിക്കാനാണ് പലപ്പോഴും ഇവർ ശ്രമിക്കാറുള്ളത്. പ്രമാണങ്ങളോടുള്ള ഇത്തരം നിഷേധഭാവത്തെ ശക്തമായി തുറന്നെതിർക്കുന്നതും വസ്തുത വിശദീകരിക്കുന്നതും പ്രബോധകരുടെ ഉത്തരവാദിത്തമാണ്. അത് ഉറക്കെ തുറന്നുപറഞ്ഞ് തിരുത്താൻ ശ്രമിച്ചതുകൊണ്ടാണ് കേരളത്തിലെ സലഫീ ധാരയിൽ ഭിന്നിപ്പുണ്ടായത്. ആദർശപരമായ വൈജാത്യങ്ങളിൽ വേറിട്ടുനിൽക്കുന്നവർ പ്രമാണവിരുദ്ധ സമീപനങ്ങൾ സ്വീകരിച്ചവരാണെന്ന് ബോധ്യമാകും.

വെള്ളാപ്പളളിയെ സർക്കാർ തിരുത്തണം

കേരളത്തിലെ ഇടതു സർക്കാർ മുസ്‌ലിം സമുദായത്തിന് വാരിക്കോരി നൽകുന്നുവെന്ന എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സമുദായത്തെ അരികുവൽകരിക്കാനുളള സംഘ്പരിവാര കുതന്ത്രങ്ങളുടെ ഭാഗമാണ്. സി.പിഎമ്മും ഇടതുപക്ഷവും മുസ്‌ലിം അജണ്ട നടപ്പാക്കുകയാണെന്ന ക്രൂരമായ ആരോപണത്തിനെതിരെ രാഷ്ട്രീയ നേതൃത്വം മൗനമായിരുന്നാൽ ആരോപണങ്ങൾക്ക് ശക്തി കൂടും. മുസ്‌ലിം സമുദായത്തിനെതിരെ ആർക്കും എന്തും പറയാമെന്ന സാഹചര്യം രൂപപ്പെടും. അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ഉപാധിയായി വ്യാഖ്യാനിക്കപ്പെടും. നീതിനിഷേധത്തിനെതിരെയുള്ള ശബ്ദങ്ങളെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളെയും ഭീകരവാദികളുടെ ജൽപനങ്ങളായി ആക്ഷേപിക്കപ്പെടും. അതിനാൽ സർക്കാർ കൃത്യമായ കണക്കുകൾ പുറത്തുവിട്ട് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിയുടെ പ്രവർത്തന പദ്ധതികളിലൊന്നായ കേരള നവോത്ഥാന സമിതിയുടെ പ്രസിഡന്റാണ് വെള്ളാപ്പള്ളി നടേശൻ. ഏകദേശം എൺപതിലേറെ നവോത്ഥാന സംഘടനകൾ ഒരുമിച്ച് നിൽക്കുന്ന വേദിയാണത്. രാഷ്ട്രീയമായ നേട്ടങ്ങളെ ലക്ഷ്യമാക്കിയാണെങ്കിലും അതിന്റെ പ്രവർത്തനങ്ങളിൽ ചില പ്രതീക്ഷകളുണ്ടായിരുന്നു. ചിലപ്പോഴെല്ലാം ഒളിയജണ്ടകളെ ചികഞ്ഞെടുക്കാനും ചോദ്യം ചെയ്യാനും അവസരമുണ്ടായിരുന്നു.

വെള്ളാപ്പള്ളിയുടെ നാട്ടിൽ നടന്ന നവോത്ഥാന സമിതിയുടെ ശിൽപശാലയിൽ ക്ലാസടുത്തിരുന്ന ഡോ.എം എ സിദ്ദീഖിന്റെ അവതരണത്തിൽ ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ശ്രമങ്ങളെ മനോഹരമായി അനാവരണം ചെയ്തപ്പോൾ ഒരിക്കൽ പോലും വക്കം മൗലവിയുടെ പേര് ഗുരുവിെ‌ൻറ കൂടെ ചേർത്ത് വരാതിരിക്കാനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മത ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. വെള്ളാപ്പള്ളിയുടെ ആരോപണങ്ങളെ നിഷ്പക്ഷ വായനയ്ക്കായി അവസരമൊരുക്കാൻ സർക്കാറും മാധ്യമങ്ങളും തയ്യാറാകണം. ഇടത് സർക്കാർ മുസ്‌ലിം സമൂഹത്തിന്റെ ഭരണഘടനാനുസൃത ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണ് ചെയ്തത്. സച്ചാർ സമിതിയുടെ നിർദേശപ്രകാരം നൂറ് ശതമാനം അർഹതപ്പെട്ട സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ സർക്കാറിന്റെ നയവൈകല്യം കൊണ്ട് അട്ടിമറിക്കപ്പെടുകയാണുണ്ടായത്.

പാർലമെന്റിലും നിയമസഭയിലും സീറ്റ് നൽകുന്നതിലും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്നതിലും സമുദായത്തിനെതിരെയുള്ള വിവേചനം പ്രകടമാണ്.മുസ്‌ലിം സമൂഹത്തോടൊപ്പം നിൽക്കുന്നു എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇടത് സർക്കാർ പലപ്പോഴും വിജയിക്കാറുണ്ട്. എന്നാൽ യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടക്കുന്ന ഇത്തരം സാമൂഹിക വിപത്തുകൾക്ക് നേരെ വസ്തുനിഷ്ഠമായ കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കാൻ അധികാരികൾ തയ്യാറാകണം. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ സമിതി നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായ വി.എസ് അച്ചുതാനന്ദൻ സർക്കാർ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയർമാനായ ഒരു സമിതി രൂപീകരിക്കുകയുണ്ടായി. സച്ചാർ റിപ്പോർട്ടിൽ പരാമർശിച്ച മുസ്‌ലിം പിന്നാക്കാവസ്ഥ പ്രത്യേകം എടുത്തുപറഞ്ഞ് കൊണ്ടാണ് പാലോളി കമ്മിറ്റിയും റിപ്പോർട്ട് സമർപ്പിച്ചത്.

ക്രൈസ്തവ സമൂഹത്തോട് താരതമ്യം ചെയ്ത് മുസ്‌ലിം വിദ്യാഭ്യാസ നിലവാരം വളരെ പിറകിലാണെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാക്കാവസ്ഥയും ജനസംഖ്യയും പരിഗണിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആനുപാതികമായി മുസ്‌ലിംകൾക്ക് ലഭിച്ചിട്ടില്ലന്ന വസ്തുതയും അതിൽ പരാമർശിച്ചിട്ടുണ്ട്. കേരള ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകൾ സർക്കാർ സർവീസിൽ 11% മാത്രമാണെന്നും പ്രത്യേക പരാമർശമുണ്ട്. മദ്റസാധ്യാപകരുടെ ദയനീയ ജീവിതനിലവാരവും അവർക്ക് ക്ഷേമബോർഡ് രൂപീകരിക്കേണ്ടതിന്റ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.

മുസ്‌ലിം സമുദായം ഏറെ മുന്നിലെന്ന് വരുത്താൻ മാധ്യമങ്ങളും സാംസ്‌കാരിക നായകൻമാരുമെല്ലാം മഷി വിതറുമ്പോഴും നിഷ്പക്ഷമായ പഠനങ്ങൾ കൃത്യമായ സത്യം ബോധ്യപ്പെടുത്തുന്നുണ്ട്. മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന മലബാർ ഏരിയകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ തന്നെ മുസ്‌ലിം സമുദായത്തെ പിന്നാക്കാവസ്ഥയിൽ തളച്ചിടാനുള്ള ശ്രമം അന്തർധാരയിൽ സജീവമാണെന്ന് ബോധ്യപ്പെടും. ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ തെക്കൻ ജില്ലകളെ അപേക്ഷിച്ച് മലബാർ ജില്ലകളിൽ കൂടുതലാണ്. മാത്രമല്ല തെക്കൻ ജില്ലകളിൽ പ്ലസ്‌വൺ സീറ്റുകൾ അധികമാവുകയും ഒഴിഞ്ഞ് കിടക്കുകയും ചെയ്യുമ്പോൾ മലബാറിൽ സീറ്റുകൾ ലഭിക്കാതെ തുടർപഠനം മുടങ്ങിയവർ ധാരാളമാണ്. മലപ്പുറം ജില്ലയിൽ മാത്രം 25000ൽ അധികം വിദ്യാർഥികൾ പുറത്താണ്.

ബാബരി മസ്ജിദിന്റ ധ്വംസനത്തിന് ശേഷം ഇന്ത്യൻ മുസ്‌ലിംകളിൽ അരക്ഷിതബോധം നിലനിൽക്കുന്നുവെന്ന തിരിച്ചറിവിൽനിന്ന് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജിന്ദർ സച്ചാർ ചെയർമാനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ഒരു പരാമർശം ശ്രദ്ധേയമാണ്. “ഒരേസമയം രണ്ട് തരം പീഡനമാണ് മുസ്‌ലിംകൾ ഏൽക്കേണ്ടി വരുന്നത്. ദേശവിരുദ്ധർ എന്ന ആക്ഷേപവും മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്ന ആരോപണവും. തങ്ങൾ ദേശവിരുദ്ധരല്ലെന്നും ഭീകരവാദികളല്ലെന്നും ദിവസേന തെളിയിക്കേണ്ട അവസ്ഥയാണ് മുസ്‌ലിംകൾക്കുള്ളത്.’’