ഇസ്‌ലാം പരിഷ്‌കരിക്കപ്പെടണമെന്നോ?

സുനിൽ യൂസുഫ്

2024 ജൂലായ് 13, 1446 മുഹർറം 07

മനുഷ്യനിർമിത ദർശനങ്ങളും ചിന്താധാരകളും ഒരിക്കലും അന്യൂനമാകില്ല; സാർവകാലികമാകില്ല. അതുകൊണ്ട് തന്നെ സ്ഥല-കാല-സാഹചര്യങ്ങൾക്കനുസൃതമായി അവ നവീകരിക്കപ്പെടേണ്ടി വരും. എന്നാൽ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വചനങ്ങൾ കാലാതിവർത്തിയും നിത്യനൂതനവും സാർവകാലികവുമാണ്. അത് തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യേണ്ടതില്ല.

കാലം മാറുന്നു, അതിനനുസരിച്ച് കോലങ്ങളും മാറുന്നു. ചുറ്റുമുള്ളതെല്ലാം മാറുമ്പോൾ നമ്മൾ ഉൾക്കൊള്ളുന്ന മൂല്യങ്ങളും മതങ്ങളും ആശയങ്ങളുമൊക്കെ മാറ്റത്തിനു വിധേയമാക്കപ്പെടേണ്ടതല്ലേ? എല്ലാം പരിഷ്‌കരിക്കേണ്ടതില്ലേ? മതത്തെയും കാലത്തിനനുസരിച്ച് ന്യൂനതകളൊക്കെ നീക്കിക്കളഞ്ഞ് ഏറ്റവും നല്ലൊരു രൂപത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതില്ലേ? പലരും ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.

അടിസ്ഥാനപരമായി നാം മനസ്സിലാക്കേണ്ട കാര്യമുണ്ട്; ഇസ്‌ലാം അന്ത്യനാൾവരെയുള്ള മനുഷ്യവർഗത്തിനുള്ള മതമെന്ന നിലയിൽ പ്രപഞ്ചസ്രഷ്ടാവ് പൂർത്തിയാക്കിത്തന്ന മതമാണ്, അതുകൊണ്ട് ഒരിക്കലും അപരിഷ്‌കൃതമാകില്ല, അതിന്റെ നിയമങ്ങൾ കാലഹരണപ്പെടില്ല. അതിൽ മനുഷ്യരുടെ വകയായി പരിഷ്‌കാരം വരുത്തേണ്ടതില്ല.

“...ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു...’’(ക്വുർആൻ 5:3).

ഇങ്ങനെയുള്ള മതത്തിൽ ചില മിനുക്കുപണികളും കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും വേണമെന്നു വന്നാൽ അതെങ്ങനെയാണ് ദൈവിക മതമാകുന്നത്? അങ്ങനെ ചില കൂട്ടിച്ചേർക്കലുകളോ വെട്ടിച്ചുരുക്കലുകളോ ആവശ്യമാണെന്നു വന്നാൽ ആ മതം അവതരിപ്പിച്ച ദൈവത്തെ എങ്ങനെയാണ് യഥാർഥ ദൈവമായി കണക്കാക്കുക?

മതമാകട്ടെ, മറ്റേതെങ്കിലും കാര്യമാകട്ടെ-അത് പരിഷ്‌കരിക്കണം, ചില കാര്യങ്ങൾ കൂട്ടിച്ചേർക്കണം, ചിലതൊക്കെ മാറ്റണം, വെട്ടിത്തിരുത്തണം എന്നൊക്കെയുള്ള ചിന്ത ആളുകളിൽ ഉണ്ടാകുന്നത് പ്രധാനമായും രണ്ടു കാരണങ്ങൾകൊണ്ടാണ്. ഒന്ന്, അതിൽ എന്തെങ്കിലും പരിമിതികൾ ഉണ്ട് എന്ന തോന്നൽ ഉണ്ടാകുമ്പോൾ. അഥവാ ഇപ്പോഴുള്ളതിൽ ന്യൂനതകൾ ഉണ്ട്, ചില പ്രശ്‌നങ്ങളുണ്ട് അതൊക്കെയും പരിഹരിക്കണം എന്ന് കരുതുമ്പോൾ. രണ്ട്, കാലം മാറുന്നതിനനുസരിച്ച് എല്ലാരംഗങ്ങളിലും വമ്പിച്ച മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനോടൊപ്പം ചേർന്നുനിൽക്കണമെങ്കിൽ മതത്തെയും ആശയങ്ങളെയുമൊക്കെ സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും തേട്ടങ്ങൾക്കനുസരിച്ച്, പരിവർത്തന വിധേയമാക്കേണ്ടതുണ്ട്, അല്ലെങ്കിൽ പഴഞ്ചൻ എന്നു മുദ്രകുത്തപ്പെടും എന്ന ചിന്തയുണ്ടാകുമ്പോൾ.

ഇസ്‌ലാമിന് ഉള്ളിൽനിന്നും അപൂർവം ചിലരും പുറത്തുനിന്നും ഇസ്‌ലാമിനെ മനസ്സിലാക്കാത്തവരും വിമർശകരുമായ പലരും ഇസ്‌ലാമിനെ പരിഷ്‌കരിക്കണം എന്നു വാദിക്കുന്നവരായുണ്ട്. പ്രാകൃതമായ ജീവിതപദ്ധതിയാണ് ഇസ്‌ലാമിനുള്ളതെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂല്യങ്ങളോടും ജീവിത രീതികളോടും യോജിച്ചു പോകുന്നതല്ല എന്നും അതുകൊണ്ടുതന്നെ അതിന് സമൂലമായ പരിഷ്‌കരണം ആവശ്യമാണെന്നും പറയുന്നവരുടെ ഉള്ളിലിരിപ്പ് എന്തെന്ന് വ്യക്തമാണ്.

പരിഷ്‌കൃത-പുരോഗമന രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്നവ തങ്ങൾ കൊണ്ടുവന്ന പരിഷ്‌കരണങ്ങളുടെ പേരിൽ വിരൽ കടിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നോർക്കുക. ചെരുപ്പിനനുസരിച്ച് കാലു മുറിക്കാൻ അനുവദിക്കുന്ന മതമല്ല ഇസ്‌ലാം.

‘ഒരു പുരുഷൻ ഒരു സ്ത്രീയോടെന്നപോലെ ഒരു പുരുഷനോട് ശയിച്ചാൽ നീ വെറും മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു എന്നും അവരിരുവരും മരണശിക്ഷ അനുഭവിക്കണമെന്നും അവരുടെ രക്തത്തിന്റെ ഉത്തരവാദിത്തം അവരുടെ മേൽ മാത്രമാണെ’ന്നും പറഞ്ഞ ബൈബിളിലെ (ലേവ്യ പുസ്തകം, അധ്യായം 20, വാക്യം 13) വചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാർതന്നെ തങ്ങളുടെ സ്വവർഗ വിവാഹങ്ങൾ അനുവദിക്കാമെന്നും അംഗീകരിക്കാമെന്നും അത് ക്രിസ്തീയ ദേവാലയങ്ങളിൽ അനുവദിച്ചുകൊടുക്കാമെന്നും കത്തോലിക്ക മതമേലധ്യക്ഷൻമാർക്ക് അത്തരത്തിലുള്ള സ്വവർഗ വിവാഹങ്ങൾ നടത്തുന്ന ദമ്പതികളെ ആശീർവദിക്കാനുള്ള അനുവാദമുണ്ട് എന്നുമൊക്കെ പ്രഖ്യാപനം നടത്തിയതിന്റെ വാർത്തകൾ നമ്മൾ വായിച്ചതാണ്. അങ്ങനെ പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും പേരുപറഞ്ഞ് അധർമത്തെ ധർമമാക്കാൻ തുനിഞ്ഞവർ ഇപ്പോൾ അതിന്റെ അനന്തരഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബസംവിധാനത്തെ തകർക്കാൻ മാത്രം ശക്തിയുള്ള തീരുമാനങ്ങളാണ് പരിഷ്‌കാരം എന്ന പേരിൽ കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാർ കൈക്കൊണ്ടത്.

ഇറ്റലിയിൽ ജനസംഖ്യ കുറഞ്ഞുവന്നപ്പോൾ ഇറ്റലിക്കാർ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കണം എന്ന് പൊതുസമൂഹത്തോട് സാക്ഷാൽ മാർപാപ്പക്ക് ആഹ്വാനം ചെയ്യേണ്ടിവന്നത് ഈയിടെയാണ്. കുട്ടികൾക്കു പകരം വീടുകളിലുള്ളത് പട്ടികളും പൂച്ചകളുമാണ് എന്നാണ് അദ്ദേഹം ആ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

സ്വന്തം താൽപര്യങ്ങളെയും തന്റെ ജീവിതത്തെയും തന്റെ ശരീരത്തെയും തന്റെ ഇച്ഛകളെയും ഒന്നാമതായി പ്രതിഷ്ഠിക്കുക എന്ന ലിബറലിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് ഇത്തരത്തിലുള്ള കുടുംബ തകർച്ചയ്ക്ക് കാരണമെന്ന് വളരെ കൃത്യമായി മാർപാപ്പ പറയുകയുണ്ടായി.

മതമൂല്യങ്ങളും ധാർമിക പാഠങ്ങളും അവഗണിച്ചതിന്റെ ഫലം ഇന്ന് വളരെ പ്രത്യക്ഷമായിത്തന്നെ കാണാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ പറഞ്ഞതൊക്കെയും. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലെ അവസ്ഥയും അവിടുത്തെ കുടുംബജീവിതത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. യൂറോപ്പിലെ ഏറ്റവും താഴ്ന്ന ജനന നിരക്കുള്ള രാജ്യം ഗ്രീസ് ആണ്. ഗ്രീസിലെ പല ഗ്രാമങ്ങളിലും കുട്ടികൾ ജനിക്കാറേയില്ല എന്ന് പഠനങ്ങൾ പറയുന്നു. പുരോഗമനത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങളുടെ ഫലമാണിത്.

ക്രൈസ്തവർ ബ്രഹ്‌മചര്യം സ്വയം കെട്ടിച്ചമച്ചതാണെന്നും അതിന് ദൈവകൽപനയില്ലെന്നും വിശുദ്ധ ക്വുർആൻ 1400 വർഷങ്ങൾക്കു മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. അവരുണ്ടാക്കിയത് അവർക്കുതന്നെ ശരിയായി പാലിക്കുവാൻ കഴിയുന്നുമില്ല. മനുഷ്യന്റെ അടിസ്ഥാന ചോദനകളിൽ ഒന്നായ ലൈംഗികതയെ അടിച്ചമർത്തുക എന്നത് അസാധ്യമായ ഒന്നാണ്. ക്രിസ്തീയ മതമേലധ്യക്ഷൻമാർക്ക് തങ്ങളുടെ കീഴിലുള്ള കർദിനാളുമാരും ബിഷപ്പുമാരും നടത്തിയ ലൈംഗിക പീഡനങ്ങളെക്കുറിച്ച് പരസ്യമായി പൊതുമാപ്പ് പറയേണ്ടി വന്നത് ഇക്കാര്യം വിളിച്ചുപറയുന്നു.

ഏതുകാലത്തും ഏതുസമൂഹത്തിനും പ്രശ്‌നങ്ങൾക്ക് പരിഹാരം നിശ്ചയിച്ചുകൊടുക്കാൻ ഇത്തരത്തിലുള്ള മതങ്ങൾക്കും ആശയങ്ങൾക്കും എങ്ങനെയാണ് കഴിയുക? ഈയടുത്ത് നടത്തിയ പഠനത്തിൽ വ്യക്തമായത് അമേരിക്കയിലെ പത്തിൽ എട്ടുപേരും തങ്ങളുടെ പൊതുജീവിതത്തിൽ മതത്തിന് ഒരു സ്വാധീനവുമില്ല എന്ന് തുറന്നു പ്രഖ്യാപിക്കുന്നവരാണ് എന്നാണ്. ചർച്ചുകൾ മുസ്‌ലിം പള്ളികളും പിസ്സ ഷോപ്പുകളും സ്‌കേറ്റിംഗ് പാർക്കുകളുമായി മാറുന്ന കാഴ്ചയെക്കുറിച്ച് 2018ലാണ് മാർപാപ്പ വിലപിച്ചു പത്രപ്രസ്താവനയിറക്കിയത്. ജർമനിയിൽ രണ്ടായിരത്തിനുശേഷം മാത്രം 500ലധികം കത്തോലിക്കാ പള്ളികളാണ് മറ്റേതെങ്കിലും സ്ഥാപനങ്ങളായി മാറുകയോ അല്ലെങ്കിൽ അടച്ചുപൂട്ടുകയോ ചെയ്തത് എന്ന് ടൂറിസം സെന്റർ നടത്തിയ പഠനത്തിൽ കാണുവാൻ കഴിയും. കാനഡയിൽ രണ്ടായിരത്തിനു ശേഷം അവിടെയുണ്ടായിരുന്ന മൊത്തം ദേവാലയങ്ങളുടെ 20% ആണ് നാമാവശേഷമായിപ്പോയത്. 2070 ആകുമ്പോൾ അമേരിക്കയിലെ പകുതിയിൽ താഴെയാളുകൾ മാത്രമാണ് മതത്തോട് ആഭിമുഖ്യമുള്ളവരായി ബാക്കിയുണ്ടാവുക എന്ന് മറ്റൊരു പഠനം പറയുന്നു.

പരിഷ്‌കരണത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ആദർശത്തെ വെള്ളം ചേർത്ത് നേർപ്പിക്കാൻ ശ്രമിച്ചാൽ അത് ഒരിക്കലും നേർക്കുകയല്ല അലിഞ്ഞ് ഇല്ലാതാവുകയാണ് ചെയ്യുക. ‘പല മതങ്ങളും ആശയങ്ങളും മാറ്റത്തിന് വിധേയമാകുന്നു, അങ്ങനെ കാലത്തിനനുസരിച്ച് ഉയരുന്നു, ഇസ്‌ലാം അതിന് അപവാദമാണ്’ എന്ന് വിമർശകർ പറയുന്നു. അതൊന്നും മാറിയതല്ല, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ശേഷിയില്ലാതെ നിർബന്ധാവസ്ഥയിൽ മാറ്റേണ്ടി വന്നതാണ് എന്നതാണ് വസ്തുത. ഇസ്‌ലാമിലെ ആദർശത്തെയോ ഏതെങ്കിലും ആചാരത്തെയോ അനുഷ്ഠാനത്തെയോ കാലഘട്ടത്തിനും മാനവരാശിക്കും യോജിക്കാത്തത് എന്ന പേരിൽ മാറ്റേണ്ട ഗതികേട് വന്നിട്ടില്ല, വരികയുമില്ല. കാരണം അത് പ്രവാചകന്മാരാലോ, പുരോഹിതന്മാരാലോ നിർമിതമായതല്ല. അത് പ്രപഞ്ച സ്രഷ്ടാവിനാൽ നിർമിതമായതാണ്. ഈ ദീൻ പൂർത്തിയാക്കിയത്, ഇതിന്റെ ഓരോ ആശയങ്ങളും ചിട്ടപ്പെടുത്തിയത് അവനാണ്. അത് ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണ്.

ഇന്ത്യയിലുള്ള മുസ്‌ലിമിനും സൗദി അറേബ്യയിലുള്ള മുസ്‌ലിമിനും അമേരിക്കയിലുള്ള മുസ്‌ലിമിനും അന്റാർട്ടിക്കയിലുള്ള മുസ്‌ലിമിനും ഒരുപോലെ സ്വീകരിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും കഴിയുന്നതാണ് ഇസ്‌ലാം. വെട്ടിത്തിരുത്തുവാൻ മാത്രം ഏതെങ്കിലും ഒരു കവിയുടെയോ കഥാകൃത്തിന്റെയോ രചനാനിർവഹണത്തിനിടയിൽ പറ്റിപ്പോയ ഒരു വരിയല്ല ഇസ്‌ലാം. ഏതെങ്കിലും ശാസ്ത്രജ്ഞന്റെ ലബോറട്ടറിയിൽ തെറ്റിപ്പോയ ഒരു പരീക്ഷണമല്ല ഇസ്‌ലാം. അത് തികച്ചും പ്രപഞ്ചസ്രഷ്ടാവിന്റെ മതമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം അന്യൂനമാണ്. അത് സാർവകാലികമാണ്. ഏതുകാലത്തും ഏതു സമൂഹത്തിനും ഏതു പ്രായത്തിലുള്ളവർക്കും ആചരിക്കാനും അനുഷ്ഠിക്കാനും കഴിയുന്ന ലളിതസുന്ദരമായ മതമാണ് ഇസ്‌ലാം. അത് പ്രശ്‌നമല്ല, പ്രശ്‌ന പരിഹാരമാണ്.

‘ജനങ്ങളെ മതവിശ്വാസത്തിൽനിന്നും-അല്ലെങ്കിൽ മതത്തിൽ നിന്നും-രക്ഷപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതുകൊണ്ട് എല്ലാ മതങ്ങളെയും ഞങ്ങൾ വിമർശിക്കാറുണ്ട്. വിമർശിക്കുന്ന കാര്യത്തിൽ എല്ലാ മതങ്ങളെയും ഞങ്ങൾ തുല്യമായി കാണുന്നു’ എന്ന് നമ്മുടെ നാട്ടിലെ യുക്തിവാദികളും ലിബറലുകളും പറഞ്ഞുവന്നിരുന്നു. എന്നാൽ ഇപ്പോൾ അവർ പറയുന്നത് എല്ലാ മതങ്ങളും എതിർക്കപ്പെടേണ്ട കാര്യത്തിൽ ഒരുപോലെയല്ല എന്നാണ്. ഇസ്‌ലാമിനെയാണത്രെ കൂടുതലായി എതിർക്കേണ്ടത്!

‘കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ മതം ക്രിസ്തു മതം തന്നെയാണ്. എന്നാലും പ്രശ്‌നം ഇസ്‌ലാമാണ്. കാരണം ഇസ്‌ലാംമതം മാത്രമാണ് പരിഷ്‌കരണത്തിൽനിന്നും മുഖംതിരിഞ്ഞു നിൽക്കുന്നത്. കുരിശുയുദ്ധത്തെ ക്രൈസ്തവർ ഇപ്പോൾ അക്രമത്തിനുള്ള പ്രചോദനമായി കാണുന്നില്ല. എന്നാൽ ഇസ്‌ലാം ഇപ്പോഴും ജിഹാദിന് പ്രേരണ നൽകുന്നു’ എന്നാണ് ഇസ്‌ലാമിനോട് പ്രത്യേകം വിവേചനം കാണിക്കാനുള്ള കാരണമായി പറയുന്നത്.

ഇവർ യഥാർഥത്തിൽ ആവശ്യപ്പെടുന്നത് പാശ്ചാത്യൻ ലിബറലുകളുടെ ആശയത്തിന് മുന്നിൽ അടിയറവു പറയാനാണ്. അവർ (ലിബറലുകൾ) പറയുന്നതിന്റെ ചുരുക്കം ഇതാണ്: ‘ഞങ്ങളുടെ ആശയത്തോട് അനുയോജ്യമായി നിങ്ങളുടെ മതവിശ്വാസത്തെ കൊണ്ടുപോയാൽ ഞങ്ങൾ നിങ്ങളെ അംഗീകരിക്കാം. ഞങ്ങളുടെ ആശയത്തെ അവഗണിച്ച് നിങ്ങൾ നിങ്ങളുടെ മതവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ നിങ്ങളുടെ മതം അപരിഷ്‌കൃതമാണ്. ഞങ്ങൾ അതിനെ എതിർക്കും. മതവും ലിബറൽ ആശയവും വിയോജിക്കുന്ന സ്ഥലത്ത് നിങ്ങൾ മതത്തെ മാറ്റിവച്ച് ലിബറൽ ആശയം സ്വീകരിക്കാൻ തയ്യാറായിരിക്കണം. ഉദാഹരണത്തിന് സ്വവർഗരതി. ഇസ്‌ലാം അതിനെ വലിയ പാപമായി കാണുന്നു. എന്നാൽ മാറിയ കാലത്ത് അതിനെ എതിർക്കേണ്ടതില്ല. അതിൽ ഒരു കുഴപ്പവുമില്ല. മദ്യം, പലിശ, വ്യഭിചാരം എന്നിവ ഹറാമാണ്, ചെയ്യരുത് എന്നു പറയരുത്. അത് ഓരോരുത്തരുടെയും അവകാശമാണ് എന്ന ഞങ്ങളുടെ ആശയം നിങ്ങൾ സ്വീകരിക്കണം.’

അതായത്, ‘ഞങ്ങളുടെ ആശയങ്ങളെ നിങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ കാലഘട്ടത്തിന് ചേർന്നവരല്ല നിങ്ങൾ എന്നും, നിങ്ങളുടെ മതം എതിർക്കപ്പെടേണ്ടതാണ്’ എന്നുമാണ് ലിബറലുകൾ പറയുന്നത്.

മുസ്‌ലിം സമുദായത്തിനിടയിൽ കാണപ്പെടുന്ന അപചയങ്ങളെ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ നിർമാർജനം ചെയ്യുന്നതിനെ ഇവർ അംഗീകരിക്കുന്നില്ല. കാരണം അത് അവരുടെ വീക്ഷണത്തിൽ അപരിഷ്‌കൃതത്വത്തിലേക്കുള്ള മടക്കമാണ്, അപകടമാണ്!

ഇസ്‌ലാം പഠിപ്പിക്കുന്നത് ആണ് ആണാണെന്നും പെണ്ണ് പെണ്ണാണെന്നും മനുഷ്യൻ മനുഷ്യനാണെന്നുമാണ്. എന്നാൽ ലിബറലിസ്റ്റുകൾ പറയുന്നത് ഓരോരുത്തർക്കും തീരുമാനിക്കാം താൻ ആണാണെന്നോ പെണ്ണാണെന്നോ എന്ന്, അല്ലെങ്കിൽ താൻ പട്ടിയാണോ പൂച്ചയാണോ മറ്റെന്തെങ്കിലും ജീവിയാണോ എന്ന് എന്നാണ്! ഈ മാനവിക വിരുദ്ധമായ ഈ ഭ്രാന്തൻ ആശയം മുസ്‌ലിംകളെന്നല്ല മനുഷ്യത്വം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ആരും അംഗീകരിക്കില്ല.

പെണ്ണിന്റെ അസ്തിത്വവും അഭിമാനവും ഉയർത്തിപ്പിടിച്ച ഇസ്‌ലാമിക മൂല്യങ്ങളിൽനിന്നും പെണ്ണിന്റെ ശരീരത്തെ കാഴ്ചവസ്തുവാക്കുകയും വിപണിയിൽ വിറ്റ് കാശാക്കുകയും ചെയ്യുന്ന ദുഷിച്ച മൂല്യങ്ങളിലേക്ക് മാറണമെന്നാണോ ഇവർ പറയുന്നത്? മനുഷ്യന്റെ ജീവനും അഭിമാനത്തിനും പവിത്രത കൽപിച്ച, അന്യായമായ കൊലയെ വിലക്കുന്ന ഇസ്‌ലാമിൽനിന്നും; ജനിച്ചുവരുന്ന കുട്ടിക്ക് അംഗവൈകല്യമുണ്ടെങ്കിൽ കൊന്നുകളയാം എന്ന് പറയുന്ന, 9 മാസം പ്രായമുള്ള കുട്ടിയാണെങ്കിലും വൈകല്യമുണ്ടെങ്കിൽ ഭ്രൂണഹത്യചെയ്യാം എന്ന് പറയുന്ന പാശ്ചാത്യമൂല്യങ്ങളിലേക്ക് മടങ്ങണമെന്നാണോ ഇവർ പറയുന്നത്!

ഇസ്‌ലാമിനെ പരിഷ്‌കരിക്കേണ്ടതുണ്ട്, മുസ്‌ലിംകൾ മാറേണ്ടതുണ്ട് എന്ന് മുറവിളികൂട്ടുന്ന ലിബറലുകൾ അറിയുക; കാലത്തിനും പ്രപഞ്ചത്തിനും അതീതനായ സ്രഷ്ടാവിന്റെ മതം കൈകടത്തലുകളില്ലാതെ ലോകത്ത് നിലനിൽക്കുക തന്നെ ചെയ്യും.

“അവർ അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു’’ (ക്വുർആൻ 61: 8).