ഇസ്റായേൽ ഭീകരതയും മനുഷ്യാവകാശ ധ്വംസനങ്ങളും

മുജീബ് ഒട്ടുമ്മൽ

2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

കണ്ണും കാതും മരവിക്കുന്ന വാർത്തകളാണ് ഗസ്സയിൽ നിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശലംഘനത്തിന്റെ അവസാന വാക്കായി ഇസ്റായേൽ മാറിയിരിക്കുന്നു. കേവലം വാചാടോപങ്ങളിൽ നിന്ന് മാറി ശക്തമായ പ്രതികരണങ്ങളിലേക്ക് കടന്നില്ലെങ്കിൽ ഷണ്ഡൻമാരെന്ന് ഈ തലമുറയെ ചരിത്രത്തിൽ രേഖപ്പെടുത്തും.

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ മിസൈലാക്രമണത്തിൽ 32000 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഏറെയും കുട്ടികളും സ്ത്രീകളും.” ഇങ്ങനെയൊരു വാർത്ത മാധ്യമങ്ങളിൽ വന്നതായി ഒന്ന് സങ്കൽപിച്ച് നോക്കൂ. ലോകം ഞെട്ടിത്തരിക്കുകയും ഭയവിഹ്വലമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുമായിരുന്നു. അക്രമികളായ ഭീകരരെ തേടി ലോകത്തിന്റ കണ്ണുകൾ തുറന്നിടുമായിരുന്നു. സംശയത്തിന്റ മുനകൾ ചില രാഷ്ട്രങ്ങളിലേക്ക് തിരിച്ചുവച്ച് അവിടം ഭസ്മമാക്കുമായിരുന്നു. ഇസ്‌ലാമിനെ പ്രതിസ്ഥാനത്തേക്ക് ആനയിക്കാൻ നിറംപിടിപ്പിച്ച കഥകൾകൊണ്ട് മാധ്യമങ്ങളുടെ താളുകൾ നിറയുമായിരുന്നു. കൊല്ലപ്പെട്ട പിഞ്ചോമനകളുടെ ദയനീയ മുഖങ്ങൾക്ക് വാർത്തകളിൽ കരളലിയിക്കുന്ന വർണങ്ങൾ നൽകുമായിരുന്നു. സ്ത്രീകളുടെ ദീനരോദനകൾക്ക് വേദനകളുടെ നിറപ്പകിട്ട് നൽകുമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ, സാംസ്‌കാരിക നായകർ, എഴുത്തുകാർ, കവികൾ, കലാരംഗങ്ങളിലെ പ്രതിഭകൾ... എല്ലാവരും ഉയിർത്തെഴുന്നേൽക്കുകയും ഭീകരാക്രമണത്തിനെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ വിധിക്കാൻ അതിവേഗ കോടതികൾ രൂപപ്പെടുമായിരുന്നു. ഗ്വാണ്ടനാമോ തടവറകളെ പോലെയുള്ള ജയിലുകൾ നിർമിക്കുമായിരുന്നു.

2001 സെപ്തംബർ 11ന് ന്യൂയോർക്കിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ലോകം അതിന്റ കെടുതി അനുഭവിച്ചതാണ്. പതിനായിരക്കണക്കിന് മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും സൈനിക നടപടികളും ലോകം അനുഭവിച്ച ദുരന്തങ്ങളിൽ ചിലതാണ്. ഐക്യരാഷ്ട്ര സംഘടനയും ജോർജ് ബുഷും ഇറാഖിൽ ചെയ്ത പ്രതിക്രിയനടപടിയിൽ അരമില്യൻ കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

എന്നാൽ ഇന്ന് (2024 ഏപ്രിൽ 1 വരെയുള്ള കണക്ക്) 32826 പേർ മിസൈലാക്രമണത്തിൽ സത്യമായും കൊല്ലപ്പെട്ടിരിക്കുന്നു. പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. പക്ഷേ, അത് ഫലസ്തീനിലാണെന്ന് മാത്രം. അവരും പച്ചയായ മനുഷ്യരാണ്. പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം നെഞ്ചിലേക്ക് ചേർത്തുപിടിച്ച് കരയുന്ന മാതാപിതാക്കളുടെ കണ്ണുനീർ അവിടെ ചാലിട്ടിരിക്കുന്നു. മൃതപ്രാണനായ കുഞ്ഞനുജന്റെ അടുത്തിരുന്ന് കലിമ ചൊല്ലിക്കൊടുക്കുന്ന ബാലന്റെ ഗദ്ഗദങ്ങൾ അവിടെ നിറഞ്ഞുനിൽക്കുന്നു. മിസൈലുകൾ തകർത്ത കോൺക്രീറ്റ് കല്ലുകൾക്കിടയിൽനിന്ന് രക്ഷതേടി അലയുന്ന പിഞ്ചോമനകളുടെ നയനങ്ങളിൽ അഗ്‌നിനാളങ്ങൾ ആളിപ്പടരുന്നു. പുകപടലങ്ങൾക്കിടയിൽ ചോരയിൽ കുതിർന്ന ശരീരവുമായി ഉറ്റവരെ തേടിയലയുന്നവരുടെ മനസ്സിലെ നെരിപ്പോടുകൾ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. നിർഭയമാകേണ്ട ആശുപത്രികൾ പോലും ആക്രമിച്ച് തകർക്കുന്ന ഭീകരതയ്ക്ക് മാനവചരിതത്തിൽ തുല്യതയില്ല. ദാഹജലത്തിനായി ഓടയിലെ മലിനജലത്തെ ആശ്രയിക്കേണ്ടിവരുന്ന അതിദയനീയത എത്രമാത്രം വ്രണപ്പെടുത്തുന്നതാണ്!

ആക്രമണങ്ങളിൽ മുറിവേറ്റവരെ പരിചരിക്കാനായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ പോലും പൂർണ നഗ്‌നരാക്കി നായകളുടെ തേറ്റകൾക്കിരയാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പുകളിലേക്ക് പോലും മിസൈലാക്രമണം നടത്തുകയാണ് ഇസ്‌റാഈലി ഭീകരർ. കൂട്ടംകൂട്ടമായി മൃതശരീരങ്ങൾ സംസ്‌കരിക്കുന്ന ചിത്രങ്ങൾ മനഃസാക്ഷിയുള്ള ഏതൊരാളെയും കരയിക്കുന്നതാണ്.

ഇൻതിഫാദയുടെ കവിയെന്നറിയപ്പെടുന്ന മഹ്‌മൂദ് ദർവീഷിന്റ കവിതയിൽ ഫലസ്തീനികളെ എല്ലാവരും രക്തസാക്ഷികൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെയാണ്: “നിങ്ങളോട് ഒരാൾ ഗാസയെക്കുറിച്ച് ചോദിക്കുകയാണെന്ന് വിചാരിക്കുക. നിങ്ങൾ പറയേണ്ടത്;, ഗാസയിൽ രക്തസാക്ഷിയുണ്ട്, അയാളെ സഹായിക്കുന്ന രക്തസാക്ഷിയുണ്ട്, അയാളുടെ പടമെടുക്കുന്ന രക്തസാക്ഷിയുണ്ട്, അയാൾക്ക് വിടചൊല്ലുന്ന രക്തസാക്ഷിയുണ്ട്, അയാൾക്കുവേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്ന രക്തസാക്ഷിയുണ്ട് എന്നാണ്.’’ അതായത് ഓരോ ഗാസക്കാരനും-ജീവിച്ചിരിക്കുന്നവർ പോലും-രക്തസാക്ഷിയാണ്. ഒട്ടകത്തിന് ഇടം കൊടുത്ത അറബിയുടെ വർത്തമാന പ്രതിബിംബമായ ഫലസ്തീൻ ജനത ഇന്ന് ദേശരഹിതരായി നിൽക്കുമ്പോൾ അവരുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളെ തീവ്രവാദമായി മുദ്രകുത്തുകയും അധിനിവേശ ജൂതതീവ്രവാദികൾക്ക് സമാധാനത്തിന്റ പരിവേഷം നൽകുകയുമാണ് മാധ്യമങ്ങളും സാമ്രാജ്യത്വവും ചെയ്യുന്നത് എന്നതാണ് സത്യം.

ഇസ്‌റായേൽ എന്ന ഭീകര രാഷ്ട്രം

ഗാസയിലെ സമാനതകളില്ലാത്ത സൈനികാക്രമണത്തോടെ ലോകത്തിന്റ അന്താരാഷ്ട്ര നിയമ, നീതി സംവിധാനത്തിന്റ സാംഗത്യത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള, യുദ്ധങ്ങളും സായുധ പോരാട്ടങ്ങളും സംബന്ധിച്ച എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് ഇസ്‌റായേൽ ഗാസയെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരാശിക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ പെടുത്താവുന്ന നടപടികളാണ് ഇസ്‌റായേൽ ഫലസ്തീനികളുടെ നേരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനികളുടെ ജൻമദേശത്തേക്ക് അധിനിവേശം നടത്തിക്കൊണ്ടാണ് ഇസ്‌റായേൽ ഭീകര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഇന്നുവരെയുള്ള എല്ലാ ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. എന്നാൽ അമേരിക്കയും യൂറോപ്യൻ നാടുകളും ഇതിനെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ല എന്നതാണ് സത്യം.

ജൂതജനതയുടെ ദേശരാഷ്ട്രം എന്ന് സ്വയം നിർവചിച്ചുകൊണ്ട് ആ രാജ്യത്തിലെ അറബ് ഫലസ്തീനികളെ രണ്ടാംതരം പൗരൻമാരായി കണ്ടുകൊണ്ടാണ് വംശീയ വിവേചനം നടത്തുന്നത്. വെസ്റ്റ് ബാങ്ക്, ഗാസ, ജറൂസലം തുടങ്ങിയ ഇടങ്ങളിലെ ഫലസ്തീനികളെ സൈനികാക്രമണങ്ങളിലൂടെയും കയ്യേറ്റങ്ങളിലൂടെയും കുടിയേറ്റം നടത്തിയും അതിർത്തി നിയന്ത്രണങ്ങളേർപ്പെടുത്തിയും വംശീയ വിവേചനത്തിന്റ ഹിംസാത്മക രൂപമാണ് ഇസ്‌റായേൽ സ്വീകരിച്ചുപോരുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്‌റായേൽ കെട്ടിപ്പൊക്കിയ 750 കിലോമീറ്റർ വരുന്ന വംശവെറിയുടെ മതിൽ ഇതിന്റ ഭീകര സാക്ഷ്യമാണ്. ഇസ്‌റായിലിന്റെ, മനുഷ്യരാശിക്കെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങളെയും വംശഹത്യയെയും ലോകം തമസ്‌കരിക്കാനുള്ള കാരണം അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്‌റായേൽ കൂട്ടുകെട്ടാണ്. 1949ൽ രൂപപ്പെടുത്തിയ ജനീവ കരാറിനെ പോലും ലംഘിക്കാൻ ദാർഷ്ട്യം കാണിക്കാനുള്ള ഇസ്‌റായേൽ ശ്രമവും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിന്റ ഫലമായാണ്.

യുദ്ധത്തിലേർപെടാത്ത മനുഷ്യർക്കും സാമൂഹ്യ ജീവിതത്തിനും പ്രധാനമായും മൂന്ന് തരത്തിലുളള സംരക്ഷണം ഉറപ്പ് വരുത്തണം. സായുധ സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കാത്തവർ, സാധാരണക്കാർ, പരിക്കേറ്റവർ, യുദ്ധത്തടവുകാർ, കപ്പൽഛേദത്തിൽ പെട്ടവർ, സൈന്യത്തിലെതന്നെ ആരോഗ്യ പ്രവർത്തകർ എന്നിവരെ ആക്രമിക്കുന്നത് തടയുക, ആശുപത്രികൾ, ആംബുലൻസ് പോലെയുള്ള വാഹനങ്ങൾ, സാംസ്‌കാരിക പ്രാധാന്യമുള്ള വസ്തുക്കളും കെട്ടിടങ്ങളും, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവയും സംരക്ഷിക്കപ്പെടണം. ജലവിതരണ സംവിധാനം, ഭക്ഷണവിതരണം തുടങ്ങിയ, സാധാരണ ജനങ്ങളുടെ നിലനിൽപിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കപ്പെടണം. പല കാലങ്ങളിലായി വികസിച്ച നിയമങ്ങളും ഉടമ്പടികളും അനുസരിച്ച് ചിലതരം ആയുധങ്ങൾ ഉപയോഗിക്കുന്നതും തടയേണ്ടതാണ്. ജനീവ കരാറിൽ പറയുന്നതാണ് ഇതെല്ലാം.

ഇത്തരം അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇസ്‌റായേൽ ഫലസ്തീനു നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഒരു ജനതയെ ഒന്നാകെ ശിക്ഷക്ക് വിധേയമാക്കുന്ന വിധമുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളിൽ പെടുമെന്ന് ജനീവ കരാർ നിഷ്‌കർഷിക്കുന്നുണ്ട്. ഗാസക്ക് മേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയും ഭക്ഷണ സഹായവുമായി വരുന്ന ട്രക്കുകളുടെ എണ്ണം പരിമിതപ്പെടുത്തിയുമെല്ലാം ഇസ്‌റായേൽ നിയമലംഘനം നടത്തുന്നുണ്ട്. വൈദ്യുതി നിലയങ്ങളും വെള്ളവും ഭക്ഷണവുമടക്കമുള്ള അവശ്യവസ്തു വിതരണ സംവിധാനവുമെല്ലാം ഇസ്‌റായേൽ തകർത്തുകളഞ്ഞു. ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളുമെല്ലാം ചുട്ടു ചാമ്പലാക്കി. ഹമാസിന്റ ഒളിത്താവളമെന്ന് ആരോപിച്ചാണ് ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയെ ആക്രമിച്ചത്.

ജബാലിയാ അഭയാർഥിത്താവളത്തിലേക്ക് ആക്രമണം അഴിച്ചുവിട്ട് അഞ്ഞൂറോളം ആളുകളെയാണ് കൊന്നൊടുക്കിയത്. 23 ലക്ഷം മനുഷ്യരുള്ള ഗാസയെ പൂർണമായും തകർത്തുകളഞ്ഞു. ആശയ വിനിമയ മാർഗങ്ങളും അവർ തകർത്തു. നിരോധിത ആയുധങ്ങളുടെ പ്രയോഗമടക്കം നടത്തിയ ഇസ്‌റായേൽ വലിയതോതിലുള്ള യുദ്ധക്കുറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമെൻ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ആണയിടുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യകാരുണ്യ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇസ്‌റായേൽ നടത്തുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസും വ്യക്തമാക്കുന്നുണ്ട്. വിയറ്റ്‌നാമിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലുമെല്ലാം യു

ദ്ധ കുറ്റകൃത്യങ്ങളിലൂടെ മനുഷ്യാവകാശ ധ്വംസനം നടത്തിയ അമേരിക്കയാണ് ഇസ്‌റായേലിനെ രക്ഷിച്ചെടുക്കുന്നത് എന്നത് ക്രൂരകൃത്യങ്ങളിൽ സമാനത പുലർത്തുകയാണെന്ന് വ്യക്തം. വെസ്റ്റ് ബാങ്കിൽ മാത്രം ഏഴര ലക്ഷം ജൂതകുടിയേറ്റമാണ് നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ അതീവ ഗൗരവത്തോടെ കാണുന്ന ലോകം ഇസ്‌റായേലിന് മാനുഷിക പരിഗണന നൽകി പിന്തുണ നൽകാൻ ആവേശം കാണിക്കുകയായിരുന്നു. എന്നാൽ അതിനു മുമ്പ് നിരന്തരമായി ഫലസ്തീനികൾ ഇസ്‌റായേലികളുടെ തോക്കിനിരയാകുന്നതിനെതിരെ കണ്ണടയ്ക്കാൻ അമേരിക്കയും യൂറോപ്യൻ നാടുകളും അവരെ പിന്തുണക്കുന്നവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒക്ടോബർ 17ന് ഗാസയിലെ അൽഅഹിൽ അറബ് ആശുപത്രിക്ക് മുകളിൽ ഇസ്‌റായേൽ നടത്തിയ ആക്രമണവും അതിനോട് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളെടുത്ത സമീപനങ്ങളും ഈ വിവേചനത്തെ തുറന്നുകാണിക്കുന്നുണ്ട്. ഗാസയിലെ അവശേഷിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നിലേക്ക് ഇസ്‌റായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസയിൽ നടക്കുന്ന വംശഹത്യയുടെ ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു ഇത്.

യുഎൻ രക്ഷാ സമിതിയിൽ ഗാസയിൽ വെടിനിറുത്തൽ നിർദേശിച്ചുകൊണ്ട് റഷ്യ കൊണ്ടുവന്ന പ്രമേയത്തിനെതിരായി ഫ്രാൻസ്, ജപ്പാൻ, യു.കെ, യുഎസ്എ എന്നീ രാജ്യങ്ങൾ വോട്ട് ചെയ്തു. എന്നാൽ ബ്രസീൽ തൊട്ടടുത്ത ദിവസംതന്നെ സമാനമായ മറ്റൊരു പ്രമേയം കൊണ്ടുവന്നെങ്കിലും അമേരിക്ക വീറ്റോ ചെയ്ത് അതിനെ പരാജയപ്പെടുത്തി. അവസാനം യുഎൻ രക്ഷാസമിതി അടിയന്തിര വെടിനിറുത്തൽ പ്രമേയം 14 രാഷ്ട്രങ്ങളുടെ പിന്തുണയോടെ പാസ്സാക്കിയെങ്കിലും അമേരിക്ക അതിൽനിന്നും വിട്ടുനിന്ന് ഇസ്‌റായേലിനെ പിന്തുണയ്ക്കുകയായിരുന്നു. ഏതായിരുന്നാലും അമേരിക്ക പോലുള്ള സാമ്രാജ്യത്വം വെള്ളവും വളവും നൽകി ഇസ്‌റായേലിന്റെ ഭീകരതയെ താലോലിച്ച് വളർത്തുകയാണെന്ന നഗ്‌നസത്യമാണ് ഇവിടെയും തെളിയുന്നത്.

ഇന്ത്യയുടെ പക്ഷം

ഗാസയിലെ ഇസ്‌റായേൽ അധിനിവേശാക്രമണം മാനുഷികതയെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിച്ച് മുന്നേറുമ്പോൾ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സാധാരണക്കാരായ മനുഷ്യരുടെ സംരക്ഷണവും നിയമപരവും മനുഷ്യത്വപരവുമായ കടമകളും ഉയർത്തിപ്പിടിക്കണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് വലതുപക്ഷ തീവ്രരാഷ്ട്രീയത്തിന്റെ നയത്തിന്റ ഭാഗമായാണെന്നത് നിഷ്തർക്കമാണ്. 120 രാജ്യങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ 14 രാജ്യങ്ങൾ മാത്രം എതിർത്തിരുന്നു. ഇന്ത്യയടക്കമുള്ള 45 രാഷ്ട്രങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. അതിലേറെയും സാമ്രാജ്യത്വ, പാശ്ചാത്യരാഷ്ട്ര ചേരിയിൽ നിൽക്കുന്ന രാജ്യങ്ങളായിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള സമരത്തെ പിന്തുണക്കുന്ന നിലപാടിനെ കയ്യൊഴിഞ്ഞാണ് തീവ്ര വലതുപക്ഷ സർക്കാർ ഐക്യരാഷ്ട്രസഭയിൽ നിലപാടെടുത്തത്.

ഗാസയിലെ 23 ലക്ഷം മനുഷ്യരെ അടിസ്ഥാന മനുഷ്യാവകാശങ്ങൾപോലും ലംഘിച്ചുകൊണ്ട് വളഞ്ഞിട്ട് ഇത്രമാത്രം പീഡിപ്പിക്കുന്നതിനു സമാനമായ ഒരു സംഭവം ലോക ചരിത്രത്തിൽ കാണാൻ സാധിക്കുകയില്ല. നാസി കോൺസൺട്രേഷൻ ക്യാമ്പുകളെ തോൽപിക്കുംവിധത്തിൽ വംശഹത്യക്ക് പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണ് ഇസ്‌റായേൽ എന്ന ഭീകര രാജ്യം. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള വടക്കൻ ഗാസയിൽനിന്നും നിവൃത്തിയില്ലാതെ പലായനം ചെയ്യുന്ന മനുഷ്യർ കടന്നുപോകുന്നിടത്തും ബോംബ് വർഷിച്ച് രക്ഷപ്പെടാൻ അനുവദിക്കാതെ കൊന്നൊടുക്കുന്ന ഇസ്‌റായേൽ മനുഷ്യാവകാശങ്ങളുടെ സകല സീമകളും അതിലംഘിക്കുകയാണ്. അതുകൊണ്ടാണ് ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ ഗുട്ടറസ് പ്രസ്താവനയിറക്കിയത്. ഈ വിഷയത്തിലെ ഇന്ത്യയുടെ നിലപാടിനെ വിമർശനത്തോടെയല്ലാതെ നോക്കിക്കാണാനാവില്ല.

ഇസ്‌റായേലി ക്രൂരതക്കെതിരെ മനഃസാക്ഷി ഉണരണം

യുദ്ധത്തിൽ സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്ന പൊതുനിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഇസ്‌റായേലി സൈന്യം ഫലസ്തീനിൽ നരനായാട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. ടെൽഅവീവിലെ വാർ റൂമിലിരിക്കുന്ന പട്ടാള ഉദ്യോഗസ്ഥർ ബോംബുകളുടെ പൊട്ടിത്തെറിയിൽ ജീവനറ്റുപോയ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ, അവരുടെ കൈത്തണ്ടയിൽ മുദ്രണം ചെയ്ത പേരുകൾ തിരഞ്ഞ്, ആധിപിടിച്ച് നെട്ടോട്ടം ഓടുന്ന ഫലസ്തീനി അമ്മമാരുടെ ആർത്തനാദം കേട്ട് അർമാദിക്കുന്ന ചിത്രം ഇറാനിയൻ പത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഭക്ഷണ സാമഗ്രികളുമായി പോകുന്ന ജീവകാരുണ്യ പ്രവർത്തകരെ തടയുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ നിഷ്ഠൂരത. നിരായുധരായ ഒരു ജനതയെ മുഴുവൻ പട്ടിണിക്കിട്ട് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന, ആധുനികലോകത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഏറ്റവും വലിയ നരമേധം. ലോകത്തിന്റെ സങ്കടമായി ഗാസാമുനമ്പിൽ നിന്ന് കേൾക്കുകയും കാണുകയും ചെയ്യുന്ന നരമേധത്തെ പിന്തുണക്കാൻ എങ്ങനെ സാധിക്കുന്നു?

2010 മെയ് 31ന് ഇസ്‌റായേൽ ഉപരോധത്തിൽ പിടയുന്ന ഫലസ്തീൻ ജനതയുടെ പട്ടിണി മാറ്റാൻ ഭക്ഷണ സാമഗ്രികളും മറ്റുമായി പോയ ‘ഫ്രീഡം ഫ്‌ളോട്ടില’ എന്ന തുർക്കി കപ്പലിനെ ആക്രമിച്ച് സന്നദ്ധ സേവകരും കപ്പൽ ജീവനക്കാരുമായ ഒമ്പതുപേരെ കൊലപ്പെടുത്തിയ കാപാലികത്വത്തിനെതിരെ ലോക മനഃസാക്ഷിയുണരാത്തതെന്തേ? അതിൽ അങ്കാറ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായിരുന്ന പത്തൊമ്പതുകാരൻ ഫുർഖാൻ ദോഗാനും തുർക്കി ദേശീയ ടീം പരിശീലകനായ സെറ്റിൻ തോപ് ഗോലു എന്ന അമ്പത്തിനാലുകാരനും ഉണ്ടായിരുന്നു. കുറുനരികൾ ഇരകളെ വേട്ടയാടുന്നതുപോലെയാണത്രെ പട്ടാള ബോട്ടുകൾ സാന്ത്വനത്തിന്റ ഹൃദയസ്പർശമായി ഓളങ്ങളെ തളളിമാറ്റി മുന്നോട്ടുഗമിച്ച കപ്പലിനെ വളഞ്ഞിട്ട് ആക്രമിച്ചത്. സഹയാത്രികന്റെ തലച്ചോർ ചിന്നിച്ചിതറുന്നത് കണ്ട് ഭീതിയോടെ വിശദീകരിക്കുന്ന യിൽദിറിം എന്ന സമാധാന പ്രവർത്തകന്റെ വാക്കുകൾ നൊമ്പരമായി അവശേഷിക്കുകയാണിന്ന്.

അതേവർഷം തന്നെയാണ് അയർലാന്റിൽനിന്ന് പുറപ്പെട്ട സമാധാന കപ്പലിനെയും ഇസ്‌റായേൽ തടഞ്ഞത്. ഭീകരതയുടെ തേറ്റപ്പല്ലുകൾ നീട്ടിപ്പിടിച്ച് നിരപരാധികളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇസ്‌റായേലിനെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണം. ഫലസ്തീനിലെ ജനങ്ങളുടെ ജീവൻ തുടിപ്പുകളെ വിലമതിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. മനുഷ്യൻ എന്ന സ്വത്വത്തിന് രാഷ്ട്രത്തിന്റെയോ മതത്തിന്റെയോ വർഗ-വർണങ്ങളുടെയോ അതിർവരമ്പുകൾ തീർക്കുന്നത് എത്രമാത്രം അപരാധമാണ്! പക്ഷേ, ലോകം അങ്ങനെയാണ്. പാശ്ചാത്യലോകത്തെ വെള്ളക്കാരന്റെ ജീവന്റെ വില കറുത്തവനും ഫലസ്തീനികൾക്കും നൽകിയിരുന്നെങ്കിൽ!

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാഷ്ട്രങ്ങളുടെ രാജ്യാന്തര സഹകരണവും സൗഹാർദപൂർണമായ ബന്ധങ്ങളും ലക്ഷ്യമാക്കി രൂപീകരിച്ചതായിരുന്നു ഐക്യരാഷ്ട്ര സഭ. ലോക സമാധാനം, സാമ്പത്തിക വികസനം, സാമൂഹിക സമത്വം എന്നിവ ലക്ഷ്യമാക്കിയുള്ള ചരിത്ര ദൗത്യവുമായി 1945 ഒക്ടോബർ 24 ന് ഐക്യരാഷ്ട്ര സഭ പ്രവർത്തനമാരംഭിച്ചു. നിലവിൽ 191 രാജ്യങ്ങൾ അംഗങ്ങളായുള്ള ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിന്റെയും ജനറൽ അസംബ്ലിയുടെയും പ്രഖ്യാപനങ്ങൾ ഫലസ്തീനിന്റെ കാര്യത്തിൽ മാത്രം പ്രാപ്യമാകാതെ പോകുന്നതെന്തുകൊണ്ടാണ്? വൻശക്തി രാഷ്ട്രങ്ങളുടെ വീറ്റോ അധികാരത്തിന് കീഴിൽ നീതിപൂർവവും ജനാധിപത്യപരവുമായി യുഎൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ അസംബ്ലിക്കും പ്രവർത്തിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നുവെങ്കിലും ചില നിയമങ്ങൾ മാറ്റിയെഴുതാനുള്ള ശ്രമങ്ങളുണ്ടാകണം.ഗാസയിലെ നരനായാട്ടിനും ഇസ്‌റായേൽ ഭീകരതയ്ക്കുമെതിരെ നിസ്സംഗമാവുകയാണോ ഐക്യരാഷ്ട്ര സഭ? അങ്ങനെയെങ്കിൽ ലോകത്ത് നീതി പുലരുന്നതെങ്ങനെ? അടിച്ചമർത്തപ്പെടുന്ന സമൂഹത്തിന് വിമോചനമെങ്ങനെയാണ് യാഥാർഥ്യമാവുക? ശക്തമായ ഉപരോധത്തിന് മുന്നിൽ വിശന്നു വലഞ്ഞ് പിടഞ്ഞു വീണ് മരിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ രാക്ഷസീയത കളിയാടുന്ന ഈ ലോകത്ത് എങ്ങനെ സാധിക്കും?വിവേചനത്തിന്റെ കൊടുംക്രൂരതയിൽ നിസ്സംഗരായി രക്ഷയുടെ തുരുത്ത് തേടുന്ന ഫലസ്തീൻ ജനതയ്ക്ക് തണലൊരുക്കാൻ കരുണാർദ്രമായ മനസ്സുകൾ ഒന്നിക്കണം. പ്രപഞ്ച സ്രഷ്ട്രാവായ അല്ലാഹുവിലേക്ക് കരമുയർത്തി ഒന്ന് പ്രാർഥിക്കാനെങ്കിലും സൻമനസ്സ് കാണിക്കണം.

നമ്മുടെ കൊച്ചു കേരളത്തിൽ പോലും അങ്ങനെയുള്ള അതിർവരമ്പുകൾ പ്രത്യക്ഷപ്പെടുന്നുവോ? അല്ലെങ്കിൽ ജോസഫ് മാഷിന്റെ കൈപ്പത്തിയുടെ വിലയെങ്കിലും കാസർക്കോട്ടെ റിയാസ് മൗലവിയുടെ തലക്ക് നൽകുമായിരുന്നു എന്ന് തോന്നിപ്പോകുന്നു.