ഷിരൂർ ദുരന്തം നൽകുന്ന പാഠങ്ങൾ
സുഫ്‌യാൻ അബ്‌ദുസ്സലാം
2024 ജൂലായ് 27, 1446 മുഹർറം 21

കർണാടകയിലെ അങ്കോലക്ക് സമീപം ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത് എഴുതിത്തുടങ്ങുന്നത്. ഉത്തരകന്നഡയിൽ ഈ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അർജുൻ ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവശേഷിക്കുകയാണ്. അർജുൻ മാത്രമല്ല, പ്രദേശവാസികളിൽ പലരും ഇതുപോലെ കാണാമറയത്ത് ജീവനോടെയോ അല്ലാതെയോ അവശേഷിക്കുന്നുവോ എന്ന കാര്യവും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഓരോ ദുരന്തത്തിലും നഷ്ടമാവുന്ന മനുഷ്യജീവനുകൾ ധാരാളമാണ്. അപ്രത്യക്ഷമാവുന്നവർ ഏറെയാണ്. ഗുരുതര പരിക്കുകളുമായോ ശരീരത്തിലെ അവയവങ്ങൾ നഷ്ടപ്പെട്ടോ അബോധാവസ്ഥയിലോ കഴിയുന്നവർ കുറവല്ല. പ്രകൃതിയിൽ സംഭവിക്കുന്ന ക്ഷോഭങ്ങളും ദുരന്തങ്ങളും മനുഷ്യർക്ക് മുൻകൂട്ടി കാണാൻ സാധിക്കില്ലെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്ന സംഭവമാണ് ഗംഗാവലി നദീതീരത്തുണ്ടായ അതിദാരുണമായ ഈ സംഭവം. സ്വന്തം കുടുംബത്തെ പോറ്റാൻ ഊണും ഉറക്കവും ഒഴിവാക്കി ശരീരം പേറുന്ന ക്ഷീണവും ദുർബലതകളും അവഗണിച്ചുകൊണ്ട് വലിയ ഭാരങ്ങളുമായി ആയിരക്കണക്കിന് മൈലുകൾ വലിയ വാഹനങ്ങൾ ഓടിച്ചുവരുന്ന പാവപ്പെട്ട നമ്മുടെ ഡ്രൈവർമാരും അവരുടെ സഹായത്തിനായി ജോലി ചെയ്യുന്ന കൂലിത്തൊഴിലാളികളും അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങളുടെ നേർചിത്രം കൂടിയാണ് ഷിരൂർ ദുരന്തം.
മനുഷ്യൻ എത്ര അശക്തൻ
ജോലിയുടെയും നീണ്ട യാത്രയുടെയും ക്ഷീണം മാറ്റുവാൻ വേണ്ടി വാഹനം റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ട് ഉറങ്ങാൻ കിടന്ന ഒരാൾ തന്റെ മുകളിൽ ഒരു വലിയ മലയുണ്ടെന്നോ അത് പെട്ടെന്ന് തകർന്ന് തരിപ്പണമായി തന്റെ മുകളിലേക്ക് വീഴുമെന്നോ നിനച്ചിരിക്കാൻ ഒരു സാധ്യതയുമില്ല. ഓരോ മനുഷ്യന്റെയും ഓരോ നിമിഷവും ഇങ്ങനെയെല്ലാമാണ് കഴിഞ്ഞുപോകുന്നത്. താൻ സുരക്ഷിതനാണെന്ന ബോധ്യം മുന്നോട്ടുള്ള പ്രയാണത്തിന് ധൈര്യം പകരുമെങ്കിലും തന്റെ തൊട്ടടുത്ത നിമിഷം പോലും താൻ കരുതുന്നത് പോലെയല്ലെന്ന ബോധ്യമാണ് ഇത്തരം സംഭവങ്ങൾ സമ്മാനിക്കുന്നത്. ഓരോ നിമിഷത്തെ കുറിച്ചും നേരത്തെ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള വിധികളുണ്ടെന്നും അതെല്ലാം വിധിക്കുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ അലംഘനീയമായ തീരുമാനങ്ങളാണ് അന്തിമമെന്നും മനുഷ്യനെ ഓർമപ്പെടുത്തുകയാണ് പ്രകൃതി ദുരന്തങ്ങളെന്നു നാം വിളിക്കുന്ന ഇത്തരം സംഭവങ്ങൾ.
ശാസ്ത്രവും സാങ്കേതികതകളും പരിമിതം

മനുഷ്യന്റെ അശക്തി എത്രമാത്രമെന്നുകൂടി ഈ സംഭവം വിളിച്ചറിയിക്കുന്നു. ഷിരൂർ ദുരന്തം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ വിവിധ അത്യാധുനിക ഉപകരണങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. വിവിധതരം റഡാറുകൾ, ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്റ്ററുകൾ, ഐ.എസ്.ആർ.ഓ ഇമേജുകൾ തുടങ്ങി നൂതനമായ വിവിധ സാങ്കേതിക സംവിധാനങ്ങളെ കുറിച്ചെല്ലാം എല്ലാവരും ചർച്ച ചെയ്തു. അതെല്ലാം ഉപയോഗിച്ചിട്ടും തൊട്ടു മുമ്പിൽ എവിടെയോ കുടുങ്ങിക്കിടക്കുന്ന അർജുൻ എന്ന ഏറെ പ്രതീക്ഷയോടെ മലയാളികളൊന്നടങ്കം കാത്തുനിൽക്കുന്ന സഹോദരനെ കണ്ടെത്തുവാൻ സാധിക്കുന്നില്ല. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾക്കും മനുഷ്യൻ നിർമിച്ചെടുക്കുന്ന കൃത്രിമേന്ദ്രിയങ്ങൾക്കും അതീതമായി അദൃശ്യതകളിൽ നിലനിൽക്കുന്ന എല്ലാറ്റിനെയും തേടിപ്പിടിക്കാൻ സാധ്യമല്ലെന്ന യാഥാർഥ്യമാണ് ഇത് വിളിച്ചറിയിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പൊലിമയിൽ എല്ലാം തങ്ങൾ കീഴടക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യർ ഇതെല്ലാം തിരിച്ചറിയേണ്ടതുണ്ട്.
മലയിടിച്ചിലുകൾ എന്തുകൊണ്ട്?
മലയിടിച്ചിലുകൾ ചരിത്രത്തിൽ ധാരാളമാണ്. മനുഷ്യാരംഭം മുതൽ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ട്. പ്രകൃതിപരമായ കാരണങ്ങളാലും ദുര മൂത്ത മനുഷ്യരുടെ പ്രവർത്തനങ്ങളാലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മലകളിൽ പേമാരി കുത്തിച്ചൊരിയുമ്പോൾ ഭൂമിയിലേക്ക് ആണ്ടുപോവേണ്ട വെള്ളത്തിന് അതിന് സാധ്യമല്ലാത്ത വിധം തടസ്സങ്ങളുണ്ടാവുന്നു. മനുഷ്യകരങ്ങളുടെ പ്രവർത്തനങ്ങളാണ് ഇത്തരം തടസ്സങ്ങളുടെ അടിസ്ഥാനകാരണം. അങ്ങനെ മലമ്പ്രദേശങ്ങളിൽ അടിയിലേക്ക് ഇറങ്ങാൻ സാധിക്കാതെ കഷ്ടപ്പെടുന്ന വെള്ളം ഒടുവിൽ പാറക്കെട്ടുകളെയും തകർത്തെറിഞ്ഞ് പുറത്തേക്ക് കുതിക്കുന്നു. ഇങ്ങനെയാണ് ഉരുൾപൊട്ടലുകൾ ഉണ്ടാവുന്നത്. മലകളുടെ താഴ് വരകളിലും സമീപ്രദേശങ്ങളിലും അതൊരു ദുരന്തമായിത്തീരുന്നു.
ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്. 1948ൽ അസമിലെ ഗുവാഹത്തിയിൽ അഞ്ഞൂറ് പേരുടെ ജീവനെടുത്തുവെങ്കിൽ 1968ൽ പശ്ചിമ ബംഗാളിലെ ഡാർജലിംഗിൽ ആയിരക്കണക്കിനാളുകളാണ് മരണം പൂകിയത്. 1998 ൽ ഉത്തരാഖണ്ഡ് മാൽപയിലും രണ്ടായിരത്തിൽ മുംബൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ പ്രസിദ്ധമാണ്. മഹാരാഷ്ട്രയിൽ 2014 ലും 2021 ലും 2023 ലും ദുരന്തങ്ങളുണ്ടായിട്ടുണ്ട്. ഹിമാലയ പർവതങ്ങളിലും അതിന്റെ താഴ് വരകളിലും നിരവധി തവണ സംഭവിച്ചിട്ടുണ്ട്. 2013 ജൂണിൽ ഉത്തരാഖണ്ഡിലുണ്ടായ ദുരന്തമാണ് സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ മലയിടിച്ചിൽ ദുരന്തം. 6054 പേർക്കാണ് അവിടെ ജീവൻ നഷ്ടമായത്.
കേരളവും അനുഭവിച്ചിട്ടുണ്ട്
കേരളത്തിൽ വയനാട് പലപ്പോഴും ഇങ്ങനെയുള്ള ദുരന്തങ്ങൾക്ക് സാക്ഷിയാണ്. 2018 ലെ വലിയ പ്രളയത്തോടനുബന്ധിച്ചുണ്ടായ മലയിടിച്ചിലിൽ തകർന്നുപോയ പഞ്ചാരക്കൊല്ലി, അവിലാഞ്ചി കുറിച്ചിയാർ മല, പ്ലാമൂല, ഒഴക്കോടി, വൈത്തിരി തുടങ്ങിയ സ്ഥലങ്ങൾ മലയാളികൾ മറക്കില്ല. 2019 ആഗസ്തിൽ നിലമ്പൂരിനടുത്ത് കവളപ്പാറയിൽ ഉണ്ടായ വലിയ മലയിടിച്ചിലിൽ 45 വീടുകളാണ് ഭൂമിക്കടിയിലായത്. 59 ജീവനുകൾ നഷ്ടമായ ദുരന്തത്തിൽ 48 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ബാക്കി 11 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മണ്ണിനടിയിൽ അന്ത്യവിശ്രമം കൊള്ളുകയാണ്. സമീപപ്രദേശങ്ങളായ മലാംകുണ്ട്, മുട്ടിപ്പാലം, പാതാർ, പാത്രകുണ്ട്, വെള്ളിമുറ്റം, കൈപ്പിനി എന്നിവിടങ്ങളിലും അന്ന് വലിയ ദുരന്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതേ സമയം തന്നെയാണ് വയനാട് മേപ്പാടിക്കടുത്ത പുത്തുമലയിലും ഒരു ആരാധനാലയമടക്കം ഭൂമിയുടെ അടിയിലേക്ക് ആണ്ടുപോയ മലയിടിച്ചിൽ സംഭവിച്ചത്. 2001ൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ 39 പേർ മരണപ്പെട്ട ദുരന്തവും സമാനമാണ്.
സംരക്ഷണം തേടുന്ന പശ്ചിമഘട്ടം
ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന സഹ്യാദ്രി എന്ന് വിളിക്കപ്പെടുന്ന പശ്ചിമഘട്ടം വളരെ സൂക്ഷ്മസംവേദന ക്ഷമതയുള്ള പ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ വിവിധ ഭാഗങ്ങളിൽ എത്രയെത്ര ദുരന്തങ്ങളുണ്ടായി. ഇപ്പോൾ ദുരന്തമുണ്ടായ അങ്കോലയും ഇതേ ഭൂപ്രദേശത്തിലാണ് ഉൾപ്പെടുന്നത്. അനവധി നിരവധി ദുരന്തങ്ങളുണ്ടായിട്ടും ഇപ്പോഴും പശ്ചിമഘട്ടത്തെ അറിഞ്ഞുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളും പാറപൊട്ടിക്കലുമല്ല അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അങ്കോലയിലുണ്ടായ ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങളെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടങ്ങിയിട്ടില്ല. ദുരന്തം വാർത്താ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും അതിനെ സംബന്ധിച്ച ഉദ്വേഗജനകമായ വാർത്തകളും ചർച്ചകളുമായി അത് അവസാനിക്കുകയാണ് ചെയ്യുന്നത്. മാധ്യമങ്ങൾക്കും ഭരണകൂടങ്ങൾക്കും അപ്പോഴേക്കും മറ്റു വിഷയങ്ങൾ ലഭിച്ചുകാണും. അന്തിമ പരിഹാരമുണ്ടാക്കാനുള്ള ആത്മാർഥത ആരും പ്രകടിപ്പിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഗാഡ്ഗിൽ അടക്കമുള്ള നിരവധി റിപ്പോർട്ടുകൾ ഔദ്യോഗിക അലമാരകളിൽ ചിതലരിച്ചു കിടക്കുകയാണ്.
അശാസ്ത്രീയ നിർമാണങ്ങൾ
അങ്കോലയിൽ ദുരന്തമുണ്ടായ പ്രദേശത്തുകൂടിയാണ് ദേശീയപാത 66 കടന്നുപോവുന്നത്. ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് ഗംഗാവലി പുഴയുമാണ്. ശക്തമായ പേമാരിക്കാലത്ത് അതിഭീകരമായി ഒഴുകുന്ന നദിയാണ് ഗംഗാവലി. അതായത് ദേശീയപാതയുടെ ഇരുഭാഗത്തും ഏതുസമയത്തും അപകടസാധ്യതയുണ്ട് എന്നർഥം. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ റോഡ് നിർമിച്ചപ്പോൾ മലയുടെ അടിഭാഗത്ത് മലയിടിച്ചിലിനെ താങ്ങാൻ ശക്തിയുള്ള വലിയ കോൺഗ്രീറ്റ് മതിലുകൾ ഉണ്ടായിരുന്നു. അതിനുശേഷം ഒരുപാടു കാലം ഇവിടെ മഴ പെയ്തു. ഗംഗാവലി പുഴയിലൂടെ വെള്ളം ഒഴുകുകയും ചെയ്തു. അവിടെ വലിയ ദുരന്തങ്ങൾ ഉണ്ടായില്ല. എന്നാൽ ഇപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ മലകളെ ഇടിച്ചും മറ്റു വിധേനയും അശാസ്ത്രീയമായി റോഡ് നിർമാണം പുരോഗമിച്ചതോടെ അപകടങ്ങൾ ഉണ്ടായിത്തുടങ്ങി. ദുരന്തങ്ങൾ ഉണ്ടായാൽ അവിടെ ഇടപെടാനുള്ള സംവിധാനങ്ങളും സംഘങ്ങളുമെല്ലാം രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ദുരന്തങ്ങൾ വരാതെ നോക്കാനുള്ള സൂക്ഷ്മതയോ ജാഗ്രതയോ ഇല്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നം.
സേവനരംഗത്തെ പൊതുജന പങ്കാളിത്തം
ഒരു ദുരന്തമുണ്ടായിക്കഴിഞ്ഞാൽ അതിൽ പരിക്കേറ്റവരെ കണ്ടെത്താനും മരണപ്പെട്ടവരുടെ മൃതശരീരം വീണ്ടെടുക്കാനും പ്രാഥമികമായി ആവശ്യമായത് മനുഷ്യവിഭവശേഷിയാണ്. ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും ടെക്‌നൊളജിയുടെയുമെല്ലാം സഹായം തേടാമെങ്കിലും പ്രാഥമികമായി സഹായമന:സ്ഥിതിയുള്ള മനുഷ്യരുടെ സേവനമാണ് ആവശ്യമായിട്ടുള്ളത്. ഒരു സർക്കാർ സംവിധാനത്തിന് ചെയ്യാവുന്നതിനും പതിന്മടങ്ങ് സന്നദ്ധ സഹായ സംഘങ്ങളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ ചെയ്യാൻ സാധിക്കും എന്ന കാര്യം പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. കോവിഡ് മഹാമാരി പടർന്നു പന്തലിച്ചു നിൽക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ശക്തമായ പ്രോട്ടോക്കോളുകൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു കരിപ്പൂർ വിമാനദുരന്തമുണ്ടായത്. അവിടെ പ്രവർത്തിച്ചത് സർക്കാർ സംവിധാനങ്ങളല്ല. നാട്ടുകാരും വിവിധ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് കൈകോർത്തത്. പരിക്കേറ്റവരെ വീണ്ടെടുക്കാനും അവർക്ക് വളരെ പെട്ടെന്ന് ചികിത്സ നൽകാനും സാധിച്ചത് അവരുടെ സാന്നിധ്യം ഉണ്ടായതുകൊണ്ട് മാത്രമാണ്.
മാപ്പിള ഖലാസിമാരെ ഓർക്കുമ്പോൾ
1988 ജൂലൈ മാസത്തിലാണ് പെരുമൺ തീവണ്ടി ദുരന്തമുണ്ടായത്. 80 പേരുടെ ജീവൻ അപഹരിച്ച് ഐലൻഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിൽ പതിച്ചപ്പോൾ ബോഗികൾ പൊക്കിയെടുത്തത് ബേപ്പൂരിലെ മാപ്പിള ഖലാസികളായിരുന്നു. റെയിൽവേയുടെ ക്രെയിനുകൾ പരാജയപ്പെട്ടിടത്താണ് 35 ഖലാസികൾ അവ പൊക്കിയെടുത്തത് എന്നത് മനുഷ്യവിഭവശേഷിയുടെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ ഒരിക്കൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയപ്പോൾ വിമാനത്തെ റൺവേയിലേക്ക് തിരിച്ചെത്തിച്ചതും മാപ്പിള ഖലാസിമാരായിരുന്നു. കേരളം, പ്രത്യേകിച്ച് മലപ്പുറവും മലബാറും ഇക്കാര്യത്തിൽ കാണിച്ച മാതൃക മഹനീയമാണ്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും പിന്നീടുണ്ടായ കോവിഡ് കാലത്തും മലയാളികൾ തോളോട് ചേർന്ന് പ്രവർത്തിച്ചത് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ദുരന്തത്തോടുള്ള അങ്കോലയുടെ പ്രതികരണം
കേരളത്തിന് പുറത്ത് ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ പരസ്പര സഹായ സാമൂഹ്യബോധം ഉണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടുതന്നെയാവണം ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും അങ്കോലയിൽ നാട്ടുകാരുടെ യാതൊരു സാന്നിധ്യവും അവിടെ കാണാതെ പോയത്. ചരിത്രത്തിൽ അങ്കോലക്ക് വലിയ പോരാട്ട കഥകൾ പറയാനുണ്ട്. 1930 ൽ മഹാത്മജി ഉപ്പു സത്യാഗ്രത്തിന് ആഹ്വാനം ചെയ്തപ്പോൾ സബർമതിക്ക് പുറത്ത് ഉപ്പു സത്യാഗ്രഹം നടന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് അങ്കോല. പക്ഷേ, അത്തരം പോരാട്ടവീര്യങ്ങളൊന്നും ഈ ദുരന്തമുണ്ടായപ്പോൾ അവിടെ കണ്ടില്ല. അവിടെയുള്ള ഭരണസംവിധാനങ്ങളും നിസ്സംഗമായിട്ടാണ് ദുരന്തത്തോട് പ്രതികരിച്ചത്. ജില്ലാ ഭരണകൂടമോ കർണാടക സർക്കാറോ വേണ്ടത്ര സഹകരിച്ചില്ല എന്നത് വസ്തുതയാണ്. സ്ഥലത്തെ എംഎൽഎ മാത്രമാണ് പ്രശ്‌നത്തിൽ കാര്യമായി പ്രവർത്തിച്ചത്. അതേസമയം കേരളത്തിൽ നിന്ന് മാധ്യമപ്രവർത്തകർ ഒഴുകുകയും കോഴിക്കോട് എംപി, മഞ്ചേശ്വരം എംഎൽഎ തുടങ്ങിയവർ സ്ഥലത്തെത്തുകയും ചെയ്തത് കേരളത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്തു.
മാതൃകയായി കേരളത്തിലെ സാമൂഹിക പ്രവർത്തകർ

ദുരന്തഭൂമിയിൽ അത്യധ്വാനം ചെയ്ത കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്. രഞ്ജിത്ത് ഇസ്രായേൽ എന്ന സന്നദ്ധ പ്രവർത്തകന്റെ ഇടപെടലാണ് അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദ്രുതകർമ സേനക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. ഉത്തരാഖണ്ഡിലും കവളപ്പാറയിലും രഞ്ജിത്ത് സേവനനിരതനായി ഉണ്ടായിരുന്നു. ഇപ്പോൾ അങ്കോലയിലും സേവനപ്രവർത്തകനായി ആദ്യമെത്തിയ സിവിലിയനും അദ്ദേഹമായിരുന്നു. ഭരണകൂടത്തിന്റെ ശ്രദ്ധ അങ്കോലയിലേക്ക് എത്തിക്കുന്നതിൽ റിപ്പോർട്ടർ ചാനൽ എഡിറ്റർ ഡോ. അരുൺകുമാർ നിർവഹിച്ച പങ്കും ഏറെ പ്രശംസനീയമാണ്.
അലംഭാവം വരുത്തിയ വിന
ഒരു ദുരന്തമുണ്ടാവുമ്പോൾ ചെയ്യേണ്ട അടിയന്തര നടപടികൾ ഒന്നും തന്നെ അവിടെ കണ്ടില്ല എന്നത് രാജ്യത്തിന് നാണക്കേടാണ്. സ്വന്തം നാട്ടുകാർ പോലും മണ്ണിനടിയിൽ പോയിട്ടും ദേശീയപാത ഗതാഗത യോഗ്യമാക്കുന്നതിലായിരുന്നു അധികൃതരുടെ താല്പര്യം എന്നത് മനുഷ്യജീവന് ഒട്ടും മൂല്യം കല്പിക്കുന്നില്ല എന്നതിന്റെ തെളിവാണ്. സ്വന്തമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ പ്രവർത്തിക്കാൻ തയ്യാറുള്ളവരുടെ സേവനം ഉപയോഗപ്പെടുത്താണെങ്കിലും ഉദ്യോഗസ്ഥർ തയ്യാറാവേണ്ടതായിരുന്നു. ഭൂമിക്കടിയിൽ പോയ മനുഷ്യരെയും ലോറികളെയും ലൊക്കേറ്റ് ചെയ്യുന്നതിന് മുമ്പായി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി ഇടിഞ്ഞുവന്ന മണ്ണ് ഒരു മുൻ ആലോചനയുമില്ലാതെ നീക്കിയത് കുറ്റകരമാണ്. ശ്വാസത്തിനായി പിടയുന്ന ജീവനുകൾക്ക് മുകളിലേക്കാണോ അട്ടിയട്ടിയായി മണ്ണ് കോരിയിട്ടത് എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ട്.
ഇനിയും ഉണരേണ്ട പൊതുസംവിധാനങ്ങൾ
നമ്മുടെ രാജ്യത്തിന് ഒരു ദുരന്ത നിവാരണ സേനയുണ്ട്. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്സ് (എൻ.ഡി.ആർ.എഫ്) എന്നാണതിന്റെ പേര്. സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന എസ്.ഡി.ആർ.എഫുമുണ്ട്. അതിനും പുറമെ ആർമിയും നേവിയും എല്ലാമുണ്ട്. എന്നാൽ ദേശീയ ദുരന്തത്തിന് സമാനമായ ഒരു സംഭവം ഉണ്ടായിട്ടും ഇവരുടെയൊന്നും കാര്യമായ റെസ്‌പോൺസ് ഉണ്ടായില്ല എന്നത് ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നും മുറവിളികൾ ഉയർന്നപ്പോൾ മാത്രമാണ് ഒട്ടും സജ്ജീകരണമില്ലാത്ത പരിശോധന എന്ന പേരിൽ ചില കാര്യങ്ങൾ നടന്നത്.
മനുഷ്യജീവന്റെ വില
ഇത്രമാത്രം അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ഏത് വിഐപിയാണ് മണ്ണിനടിയിൽ എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും നിലപാടെങ്കിൽ സാധാരണക്കാരുടെ ജീവന് എന്ത് വിലയാണ് നമ്മുടെ രാജ്യം നൽകുന്നത് എന്ന ചോദ്യം പ്രസക്തമാവുകയാണ്. മനുഷ്യ ജീവന്റെ വിലയെ കുറിച്ചറിയണമെങ്കിൽ അതിനെ സൃഷ്ടിച്ച സ്രഷ്ടാവിനെ കുറിച്ചുള്ള ബോധവും നൈതിക കാഴ്ചപ്പാടും സദാചാര ചിന്തയും അനിവാര്യമാണ്. ഒരു മനുഷ്യജീവന് ലോകത്തെ മുഴുവൻ ജീവനുകളുടെയും വിലയുണ്ടെന്നാണ് ക്വുർആൻ പ്രസ്താവിക്കുന്നത്. വിഐപിയെന്നോ സാധാരണക്കാരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ജീവന് തുല്യവിലയാണ് കല്പിക്കപ്പെടേണ്ടത്. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 21 അനുശാസിക്കുന്നതും അതുതന്നെയാണ്. വേദഗ്രന്ഥങ്ങൾ ഏറെ വായിക്കപ്പെടുകയും ഭരണഘടനയെ കുറിച്ച് വലിയ ഭാഷണങ്ങൾ നടത്തപ്പെടുകയും ചെയ്യുന്ന രാജ്യത്തെ ഭരണകൂടത്തിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ജീവന്റെ വിലയെ കുറിച്ചുള്ള പ്രതികരണങ്ങൾ ഇത്തരത്തിലുള്ളതാണെങ്കിൽ ജനാധിപത്യമെന്ന വിശുദ്ധമായ ആശയത്തിന് എന്ത് മൂല്യമാണുണ്ടാവുക!
വിധിയും പ്രത്യാശയും പ്രതീക്ഷയും
ദുരന്തങ്ങൾ ഇനിയുമുണ്ടാകും. അതിലുണ്ടാവുന്ന നഷ്ടങ്ങളെക്കുറിച്ചും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടുപോകുന്നതിനെ കുറിച്ചും ഏതൊരു മനുഷ്യനും സങ്കടവും നിരാശയുമുണ്ടാകും. മനുഷ്യസഹജമായ അത്തരം വികാരങ്ങളെ കാണാത്തവർ ഭരണകൂട ഉദ്യോഗസ്ഥ നേതൃത്വങ്ങളിൽ ഉണ്ടായിക്കൂടാ. അതേസമയം ലോകത്തെ ഏത് ഭരണകൂടവും സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാലും തിരിച്ചുകിട്ടാത്ത ഒരു പാട് സൗഭാഗ്യങ്ങളുണ്ട്. അവയെ കുറിച്ച് വിലപിക്കുന്നതിൽ അർത്ഥമില്ല. ക്ഷമയും ആത്മസംയമനവും കൈവിടാതെ സൂക്ഷിക്കുകയാണ് വേണ്ടത്. ലോകത്തെ മുഴുവൻ ജനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാലും വിധിയെ മറികടക്കാൻ കഴിയില്ല. ഭൂമിക്കടിയിൽ ആണ്ടു പോയി എന്ന് വിശ്വസിക്കപ്പെടുന്ന അർജുൻ അടക്കമുള്ള എല്ലാവരും ഒരു നാൾ തിരിച്ചുവരുമെന്നതാണ് വിധിയെങ്കിൽ തിരിച്ചുവരിക തന്നെ ചെയ്യും. അതിൽ ഏതാണ് നല്ലത് എന്നേറ്റവും കൂടുതൽ അറിയുന്നത് സ്രഷ്ടാവാണ്. അവനിലാണ് പ്രതീക്ഷ വെക്കേണ്ടത്. ഏറ്റവും നല്ലതിലേക്ക് അവൻ നയിക്കട്ടെ എന്ന് പ്രത്യാശിക്കാം.

