ഇന്ത്യ: തെരഞ്ഞെടുപ്പ് കാലവും പ്രതീക്ഷകളും

ടി.കെ അശ്‌റഫ്

2024 മെയ് 25, 1445 ദുൽഖഅദ് 17

(വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അശ്റഫുമായി നേർപഥം സ്റ്റാഫ് പ്രതിനിധി നടത്തിയ അഭിമുഖം)

പൗരന്റെ വിരൽത്തുമ്പുകളെ ബയണറ്റിനെക്കാൾ രാഷ്ട്രീയ പാർട്ടികൾ പേടിക്കുന്ന സമയമാണ് തെരഞ്ഞെടുപ്പ് കാലം. വിലയിരുത്തലും വിശകലനവും ആസൂത്രണവും സജീവമാകേണ്ട ഇക്കാലത്തും നുണക്കോട്ടകളിൽ അടയിരുന്ന് ഭരണം വിരിയിച്ചെടുക്കാനുള്ള ചില ദുഷ്ട ശക്തികളുടെ ശ്രമങ്ങൾ രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുന്നത് ഉണങ്ങാത്ത മുറിവുകളിലേക്കാണ്.

അന്യായമായതും പക്ഷപാതപരവുമായ അന്വേഷണ നടപടികളും അറസ്റ്റുകളും നമ്മുടെ രാജ്യത്ത് വ്യാപകമാവുന്നു എന്നത് വസ്തുതയാണ്. പലപ്പോഴും ഭരണകൂടം തന്നെയാണ് അത് സ്‌പോൺസർ ചെയ്യുന്നത് എന്നതും പരസ്യമായ രഹസ്യമാണ്. സർക്കാർ സംവിധാനങ്ങളെ പാർട്ടീ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നോ? ഇത് നീതീകരിക്കാവതാണോ?

! ഇതെങ്ങനെ നീതിയാകും? ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളേണ്ടവരാണ്. അന്വേഷണ ഏജൻസികൾ പാർട്ടീതാൽപര്യമല്ല; രാജ്യതാൽപര്യമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ഭരണസംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും ഭരണകൂടത്തിന്റെ മർദക ഉപകരണമാക്കി മാറ്റുന്നത് അത്യന്തം അപലപനീയമാണ്. ശക്തമായ പ്രതിപക്ഷത്തിന്റെ സാന്നിധ്യം ഉണ്ടാകുമ്പോഴാണ് പാർലമെന്ററി ജനാധിപത്യം നിലനിൽക്കുക. എതിർശബ്ദങ്ങളുടെ നാവരിഞ്ഞും പ്രതിപക്ഷനേതാക്കളെ വേട്ടയാടിയും പ്രതിപക്ഷപാർട്ടികളെ ഭിന്നിപ്പിച്ചും അവരുടെ ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ചുകൊണ്ടും ഭരണകൂടം മുന്നോട്ടു പോകുകയാണ്. ഏകാധിപത്യത്തിന്റെ തടവറയിൽ രാജ്യത്തെ തളച്ചിടാനാണ് ഇവർ ശ്രമിക്കുന്നത്. കയ്യും കാലും കൂട്ടിക്കെട്ടി വെള്ളത്തിൽ എറിഞ്ഞ അവസ്ഥയാണ് ഇന്ന് ഇന്ത്യാ രാജ്യത്ത് പ്രതിപക്ഷത്തിനുള്ളത്.

? ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളിൽ അവസാന വാക്കാണ് കോടതി. പുതിയ കോടതിവിധികൾ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ടോ?

! ഇന്ത്യയുടെ ആകാശം എപ്പോഴെല്ലാം നിരാശകൊണ്ട് മേഘാവൃതമായിട്ടുണ്ടോ അപ്പോഴെല്ലാം പ്രകാശം പരത്തി നമ്മെ ആത്മവിശ്വാസത്തിലേക്കു നയിച്ചത് കോടതികൾ തന്നെയാണ്. ഇപ്പോൾ ഇലക്ഷൻ ബോർഡിന്റെ കാര്യത്തിലും, പ്രഗത്ഭനായ മാധ്യമപ്രവർത്തകനെ കുറ്റവിമുക്തമാക്കിയുള്ള വിധിയിലും ഡൽഹി മുഖ്യമന്ത്രിക്ക് ഇലക്ഷൻ പ്രചാരണത്തിനുവേണ്ടി ജാമ്യം നൽകിയതിലുമെല്ലാം കോടതിയുടെ ഇടപെടൽ പ്രതീക്ഷക്ക് വക നൽകുന്നതാണ്. ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് ഇപ്പോഴത്തെ ഭരണകൂടം കൈക്കൊള്ളുന്നത്. പാർലമെന്റിനെ നോക്കുകുത്തിയാക്കി സുപ്രധാന ബില്ലുകൾ ദോശ ചുട്ടെടുക്കുംപോലെ ചുട്ടെടുത്തത് നാം കണ്ടതാണ്. എക്‌സിക്യൂട്ടീവിനെ വളരെ നേരത്തെ തന്നെ അവരുടെ കൈപ്പിടിയിലാക്കുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യറിയെ തങ്ങളുടെ ചൊൽപടിക്ക് നിർത്താനുളള ശ്രമങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്. കീഴ്‌ക്കോടതികൾ പലതും ഭരണകൂടത്തിന്റെ മെഗാഫോണായി മാറുന്നു എന്ന പരാതി പുതിയതല്ല. സുപ്രീംകോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തി അവരുടെ വേദന പങ്കുവെച്ചത് നാം കണ്ടതാണ്. സുപ്രീംകോടതിക്ക് മൂക്കുകയറിടുന്നതിൽ ഇപ്പോഴും പൂർണമായി ഭരണകൂടത്തിന് വിജയിക്കാനായിട്ടില്ല എന്നുതന്നെയാണ് സമീപകാല വിധികൾ നമ്മെ ഓർമിപ്പിക്കുന്നത്.

? വർഗീയ വിദ്വേഷം വിതയ്ക്കുന്ന നിരവധി പരാമർശങ്ങൾ-വിശിഷ്യാ, മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങൾ -തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നാവിലൂടെ പുറത്തുവന്നത് നാം കേട്ടു. മതനിരപേക്ഷരാഷ്ട്രമായ ഇന്ത്യയിൽ ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

! ഓരോ പൗരനും നമ്മുടെ ഭരണാധികാരികളെ ഓർത്ത് ലജ്ജിക്കുന്ന സാഹചര്യമാണ് ഈയിടെ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗങ്ങളിലൂടെ സംജാതമായത്. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടിൽനിന്നുപോലും വരാത്ത വിദ്വേഷത്തിന്റെ വിഷപ്പുകയാണ് നിരന്തരമായി പ്രധാനമന്ത്രി തുപ്പിക്കൊണ്ടിരിക്കുന്നത്. ഇപ്രാവശ്യം 400 സീറ്റിൽ കൂടുതൽ നേടലാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇലക്ഷൻ പ്രചാരണം തുടങ്ങിയത്. എന്നാൽ ഓരോ ഘട്ടവും മുന്നോട്ടു പോയപ്പോൾ പോളിംഗ് ശതമാനത്തിൽ വന്ന കുറവും രാജ്യത്തെ ഉത്തരവാദപ്പെട്ട ഏജൻസികൾ നടത്തിയ പുറത്തുവിടാത്ത എക്‌സിറ്റ്‌പോൾ ഫലവും ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിൽനിന്നാണ് അവസാനത്തെ അടവായ വർഗീയ കാർഡ് എടുത്ത് വീശാൻ തീരുമാനിച്ചത്. ഒരു അപരനെ ഉയർത്തിക്കാണിച്ച് ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചു വിടാമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഇന്ത്യാമുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ വിഭവങ്ങൾ പിടിച്ചെടുത്ത് മുസ്‌ലിംൾക്ക് വിതരണം ചെയ്യും, കായികരംഗത്തും നിർമാണമേഖലയിലും അവർക്ക് മാത്രമായിരിക്കും മുൻഗണനയുണ്ടാവുക, അവർ ജനസംഖ്യ വർധിപ്പിക്കാനായി പ്രസവിച്ചുകൂട്ടുകയാണ്... ഇങ്ങനെ കേട്ടാലറക്കുന്ന കളവുകൾ ഒരു രാജ്യത്തിന്റെ തലവൻ വിളിച്ചുപറയുന്നത് അവർ അകപ്പെട്ടിരിക്കുന്ന പരാജയഭീതിയുടെ ആഴമാണ് നമുക്ക് കാണിച്ചുതരുന്നത്. ശരാശരിക്ക് മുകളിലുള്ള ബിജെപി പ്രവർത്തകർവരെ ഈ ശൈലിയെ അംഗീകരിക്കാൻ സാധ്യത കുറവാണ്.

കേരളത്തിൽ കടുത്ത വിദ്വേഷപ്രസംഗങ്ങൾ തിരിച്ചടി മാത്രമെ തിരിച്ചുകൊടുക്കുകയുള്ളൂ. ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിച്ച് ഏതാനും നേതാക്കൾ കോർപ്പറേറ്റുകളുമായി ചങ്ങാത്തമുതലാളിത്തത്തിലൂടെ സ്വയം തടിച്ചുവീർക്കുകയാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം ബുദ്ധിയുള്ളവരെല്ലാം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആയതിനാൽ കടുത്ത വിദ്വേഷ പ്രസംഗങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനതയെ അവരിൽനിന്ന് അകറ്റാൻ മാത്രമെ ഇടയാക്കുകയുള്ളൂ.

ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ഇന്ത്യയുടെ ജീവവായുവായ നാനാത്വത്തിൽ ഏകത്വത്തെ തകർത്ത് ഏകശിലാ തടവറയിൽ രാജ്യത്തെ തളച്ചിടാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സമാധാനമാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വിശാലമായൊരു ഐക്യവും യോജിപ്പും കാലം നമ്മിൽനിന്നാവശ്യപ്പെടുന്നുണ്ട്. മുസ്‌ലിം സമുദായം സാധ്യമാകുന്ന മേഖലകളിൽ ഒന്നിച്ചു നിൽക്കണം. ഇന്ത്യയിൽ സുരക്ഷിതമായി നിലകൊള്ളുന്ന കേരളത്തിന്റെ സമാധാന ഭൂമിക തകിടം മറിക്കുകവഴി വർഗീയ ചേരിതിരിവിന്റെ വിത്ത് വിതയ്ക്കാൻ കാത്തിരിക്കുന്നവരെ ഒറ്റപ്പെടുത്താൻ യോജിച്ച മുന്നേറ്റം അനിവാര്യമാണ്.

നമ്മുടെ രാജ്യത്തെ വർഗീയമായി വെട്ടിക്കീറാൻ ഒരിക്കലും അനുവദിക്കരുത്. എല്ലാ മതവിശ്വാസികളും രാജ്യത്തെ വർഗീയവത്കരിക്കുന്നതിനെതിരിൽ രംഗത്ത് വരണം. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മതത്തെ മറയാക്കി വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ അതത് മത നേതാക്കൾ തയ്യാറാവണം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആഭ്യന്തര ശൈഥില്യങ്ങളിൽ അമരാതെ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാനായി യോജിച്ച കർമപദ്ധതികൾ ആവിഷ്‌കരിക്കണം.

? നിരന്തര സമരങ്ങളുടെ ഭാഗമായി മരവിപ്പിച്ച് നിരത്തിയ സി.എ.എ വിഷയം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കോടതിയെപോലും പരിഗണിക്കാതെ സി.എ.എ നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് പുതുതായി പുറത്തുവന്ന വാർത്തകൾ. കേരളത്തിലെ മതേതരകക്ഷികളോടൊപ്പം ചേർന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ടുവെച്ച പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാവി ഇനിയെന്താണ്?

! ശക്തമായ സമരങ്ങളുടെ ഭാഗമായി സി.എ.എ ചട്ടങ്ങൾ ഉണ്ടാക്കുന്നത് നിർത്തിവയ്‌ക്കേണ്ടി വന്നുവെന്നത് ശരിയാണ്. അത് നമ്മുടെ മതനിരപേക്ഷ സമൂഹത്തിന്റെ വിജയമാണ്. കൂടാതെ സുപ്രീം കോടതിയിൽ ആയിരക്കണക്കിന് കേസുകൾ ഈ വിഷയത്തിൽ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമ തീർപ്പ് വരുന്നതുവരെ സി.എ.എ നടപ്പാക്കാൻ കേന്ദ്രസർക്കാറിന് അനുമതിയില്ലെന്നിരിക്കയാണ്, സുപ്രീംകോടതിയെ പോലും വെല്ലുവിളിച്ചുകൊണ്ട് ധൃതിപിടിച്ച് സിഎഎ നിയമത്തിലൂടെ പൗരത്വം നൽകിയിരിക്കുന്നത്! ഇത് ഇലക്ഷൻ പ്രോട്ടോക്കോളുകളുടെ കൂടി നഗനമായ ലംഘനമാണ്. ഇലക്ഷൻ കമ്മീഷൻ സ്വയം നടപടിയെടുക്കേണ്ട വിഷയമാണിത്.

രാജ്യത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള വിദ്വേഷപ്രസ്താവനകൾ നടത്തിയിട്ടും അതിനെതിരെ ചെറുവിരൽ അനക്കാത്ത ഇലക്ഷൻ കമ്മീഷൻ ഈ വിഷയത്തിലും ഇടപെടും എന്ന് വിചാരിക്കുന്നതിൽ യാതൊരു അർഥവുമില്ല. തങ്ങൾക്ക് രണ്ടു ടേമിലായി വോട്ട് ചെയ്ത വിഭാഗത്തിന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സി.എ.എ നടപ്പാക്കുമെന്നത്. പ്രസ്തുത വാഗ്ദാനം നിറവേറ്റിയെന്ന് വരുത്തിത്തീർക്കലാണ് ധൃതിപിടിച്ചുള്ള ഈ നടപടിയിലൂടെ ചെയ്യുന്നത്. ഏകസിവിൽകോഡ് അടക്കമുള്ള വേറെയും ധാരാളം വിഷയങ്ങൾ ഇവർ ധൃതിപിടിച്ച് നടപ്പാക്കിയെന്ന് വരുത്താൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം വെവ്വേറെയെടുത്ത് പ്രത്യേക സമരം നയിക്കുക എന്നതിനെക്കാൾ പ്രസക്തമായുള്ളത് ഈ ഭരണം മാറാനുള്ള കൂട്ടായ ശ്രമം നടത്തുക എന്നതാണ്. ഭരണം മാറിയാൽ അവർ കൊണ്ടുവന്ന വിഭാഗീയ നിയമങ്ങളെല്ലാം മരവിപ്പിക്കാനോ മാറ്റിവെക്കാനോ സാധിക്കും.

? പാർശ്വവൽക്കരിക്കപ്പെട്ട ജനാധിപത്യ സംവിധാനങ്ങളിലൂടെയാണ് കുറച്ച് കാലമായി നാം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ജൂൺ 4ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതിന് ശേഷമുള്ള ഇന്ത്യയെ കുറിച്ച് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രതീക്ഷകൾ?

! റിസൾട്ട് വന്നതിനുശേഷമുള്ള ഇന്ത്യയെക്കുറിച്ച് കൃത്യമായി വിലയിരുത്താൻ കഴിയണമെങ്കിൽ ഇലക്ഷൻ ഫലം പുറത്തുവരികതന്നെ വേണം. അതിനുമുമ്പ് നാം നിരീക്ഷിക്കുന്ന ഏതൊരു നിരീക്ഷണവും അപക്വമായിരിക്കും. ഇപ്രാവശ്യം ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് അത്യന്തം ആശയക്കുഴപ്പമുള്ള വിഷയമാണ്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തലിൽ പോലും ആശയക്കുഴപ്പും നിഴലിച്ചുകാണുന്നുണ്ട്.

ഇന്ത്യയെ മൊത്തത്തിൽ സ്വാധീനിക്കുന്ന ഒരു ദേശീയ അജണ്ട ഭരണപക്ഷത്തിന് ഏതായാലും മുന്നോട്ടുവെക്കാൻ ഇപ്രാവശ്യം സാധിച്ചിട്ടില്ല. അതേസമയം ഇപ്പോഴത്തെ ഭരണം തുടർന്നാൽ ഇതൊരു ഹിന്ദുത്വ രാജ്യമാകാൻ സാധ്യതയുണ്ടെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് പോലും ഇന്ത്യയിൽ ഉണ്ടാകാനിടയിെല്ലന്നുമുള്ള പൊതുവികാരം ദേശീയ അടിസ്ഥാനത്തിൽ ഉയർന്നുവന്നിട്ടുമുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകൾ ബിജെപിക്ക് ഇപ്രാവശ്യം ലഭിക്കാൻ ഇടയില്ല. ഇപ്രാവശ്യം അവർക്ക് ഭരണം കിട്ടിയാൽ പോലും ശക്തമായ പ്രതിപക്ഷത്തെ നേരിട്ടുകൊണ്ടല്ലാതെ മുന്നോട്ടു പോകാനാവില്ല എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ഇനിയുള്ള കാലവും ഇന്ത്യ ഇന്ത്യയായി നിലനിൽക്കും എന്നുതന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. ഗോഡി മീഡിയ എന്ന പേരിൽ കുപ്രസിദ്ധ നേടിയ ദേശീയ മാധ്യമങ്ങളിലും ഭരണകൂടവിരുദ്ധ വാർത്തകളും വിശകലനങ്ങളും കണ്ടുതുടങ്ങിയത് ബിജെപിയുടെ അടിത്തറയിൽ വിള്ളൽ വീണതിന്റെ അടയാളമാണ്.

? ഉത്തരേന്ത്യയിൽ മൗലാനമാരെ വിലയ്ക്കു വാങ്ങി സമുദായാംഗങ്ങളുടെ പിന്തുണ നേടിയെടുക്കുന്ന പണി സംഘപരിവാർ ചെയ്യുന്നുണ്ട്. കേരളത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ അത് നടക്കുന്നുണ്ടോ? റഹ്‌മത്തുല്ല ഖാസിമിയുടെ പുതിയ ചില പ്രസ്താവനകൾ അതിലേക്ക് സൂചന നൽകുന്നുണ്ടോ?

! റഹ്‌മത്തുല്ല ഖാസിമിയുടെ പ്രസംഗങ്ങളും നിലപാടുകളും ഏതുസമയത്തും മാറിമറിയാം. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ജല്പനങ്ങളെ നാം അർഹിക്കുന്ന രീതിയിൽ തള്ളിക്കളയുകയാണ് വേണ്ടത്. കേന്ദ്രസർക്കാർ ഒരുഭാഗത്ത് ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിം സമുദായത്തെ അങ്ങേയറ്റം മുറിവേൽപിക്കുന്ന നിലപാടുകൾ സ്വീകരിക്കും. മറുഭാഗത്ത്, സമുദായ നാമത്തിൽ അറിയപ്പെടുന്ന സ്വാർഥ താല്പര്യക്കാരെ കൂട്ടിക്കെട്ടി കൂട്ടായ്മകൾ ഉണ്ടാക്കുകയും ഞങ്ങൾ മുസ്‌ലിം സമുദായത്തെ ചേർത്തുപിടിക്കുന്നവരാണെന്ന് വലിയ വായിൽ പ്രസംഗിക്കുകയും ചെയ്യും.

ഇരകളിൽനിന്നുതന്നെ തങ്ങളുടെ കോടാലിക്ക് പിടികളെ കണ്ടെത്തിയപ്പോഴാണ് ചരിത്രത്തിലെ എല്ലാ വേട്ടകളും വിജയിച്ചിട്ടുള്ളത്. മുസ്‌ലിം സമുദായത്തിന്റെ സംഘശക്തിയെ തകർക്കുക എന്നതാണ് വേട്ടയുടെ ആദ്യഘട്ടം. അതിനുവേണ്ടിയാണ് അവരിൽനിന്നുള്ളവർക്ക് ചില എച്ചിലുകൾ എറിഞ്ഞുകൊടുത്തു കൂടെക്കൂട്ടുന്നത്. സമുദായത്തിന്റെ ഭദ്രത തകർന്നു എന്ന് ഉറപ്പായാൽ നേരത്തെ കാൽക്കീഴിലാക്കിയവരെ ചവിട്ടിയരക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

കേരളത്തിൽ ക്രൈസ്തവ-മുസ്‌ലിം ന്യൂനപക്ഷങ്ങൾ ഒന്നിച്ചുനിന്നാൽ വർഗീയശക്തികൾക്ക് വളരാനാവില്ല. അവരെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ‘കേരള സ്റ്റോറി’ പോലുള്ള സിനിമകളെ പ്രമോട്ട് ചെയ്യുന്നതിലൂടെ നടത്തിയത്. മണിപ്പൂരിൽ നടത്തിയ നരനായാട്ടും ക്രൈസ്തവ സഭകളുടെ സാമ്പത്തിക സ്രോതസ്സുകളെ മരവിപ്പിച്ചതും അവരുടെ പ്രബോധകർക്ക് നേരെ ഉണ്ടായ ആക്രമണങ്ങളും എല്ലാമായപ്പോൾ ക്രൈസ്തവരെ കൂടെനിർത്താൻ അവർക്ക് സാധിച്ചിട്ടില്ല. ഒന്നുകിൽ ക്രൈസ്തവ-മുസ്‌ലിം സമുദായങ്ങളെ തമ്മിൽ അകറ്റുക; അല്ലെങ്കിൽ രണ്ട് സമുദായങ്ങളിനിന്നും ചില വിറകുകൊള്ളികളെ കൂട്ടുപിടിച്ച് ആഭ്യന്തര ശൈഥില്യം ഉണ്ടാക്കുക, ഇതാണ് അവരുടെ അജണ്ട. അതിന് ഭീഷണിയും പീഡനവും തരാതരം ഉപയോഗിക്കുകയും ചെയ്യും. ഇതു തിരിച്ചറിഞ്ഞ് നിലകൊള്ളാൻ കേരളത്തിലെ മുസ്‌ലിംമനസ്സ് പ്രബുദ്ധമാണെന്നാണ് നമ്മുടെ നിരീക്ഷണം. ഒരുവേള സമുദായ നേതാക്കളായി അറിയപ്പെടുന്ന ചിലർ ഫാസിസത്തിന് വഴങ്ങിയാലും അണികളെ അവർക്ക് ലഭിക്കുകയില്ല.

? മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഉന്നമനത്തിനുവേണ്ടിയുള്ള വിസ്ഡം ഇസ്‌ലാമിക് ഓർഗസൈഷന്റെ ഇടപെടലുകൾ വിശദീകരിക്കാമോ?

! വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ-ആചാര മേഖലകളിലെ ഉന്നമനത്തിനാണ് പ്രഥമ പരിഗണന നൽകിപ്പോരുന്നത്. ‘നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതർ’ എന്ന വിശുദ്ധ ക്വുർആനിന്റെ പ്രഖ്യാപനം അക്ഷരംപ്രതി ഉൾക്കൊണ്ടുകൊണ്ടാണ് വിസ്ഡം അതിന്റെ അജണ്ടകൾ ക്രമീകരിക്കാറുള്ളത്. വിശ്വാസരംഗത്ത് വിശുദ്ധിയില്ലാതെ ഭൗതിക വിദ്യാഭ്യാസ മേഖലകളിലെല്ലാം ഉയർന്നുപോയിട്ട് പ്രത്യേകിച്ച് പ്രയോജനമില്ല.

ഒരു നൂറ്റാണ്ടു മുമ്പ് മുജാഹിദ് പ്രസ്ഥാനം ഇവിടെ കടന്നുവരുമ്പോൾ വിശ്വാസപരമായും വിദ്യാഭ്യാസപരമായും ചികിത്സാരംഗത്തുമെല്ലാം മുസ്‌ലിം സമുദായം അങ്ങേയറ്റം പിറകിലായിരുന്നു. മുൻഗാമികളുടെ കഠിനാധ്വാനത്തിലൂടെ വലിയ മാറ്റങ്ങൾ സമുദായത്തിലുണ്ടായിയെങ്കിലും വിശ്വാസരംഗത്ത് അടിസ്ഥാനപരമായ മാറ്റത്തിന് ഇപ്പോഴും പൗരോഹിത്യം തയ്യാറായിട്ടില്ല. ഭൗതിക വിദ്യാഭ്യാസത്തിലും ഭൗതിക സൗകര്യങ്ങളിലുമെല്ലാം ഏറെ മുന്നറാൻ സാധിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ഇപ്പോഴും അധ്വാനം കൂടുതൽ വേണ്ടത് വിശ്വാസരംഗത്തുതന്നെയാണ്. ഇതേസമയത്താണ് സമുദായത്തിലെ പുതുതലമുറയെ ലിബറലിസത്തിലേക്ക് കൊണ്ടുപോകാനുള്ള ഒളിയജണ്ടകൾ ശക്തമായി രംഗത്തുവരുന്നത്. അതുകൊണ്ട് വിസ്ഡം ഈ രണ്ടു വെല്ലുവിളികളെയും ഒരേസമയം അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ലിബറൽ ചിന്തകൾ കുടുംബത്തിലേക്ക് കടന്നുവരുന്നതിനെ ചെറുക്കാനായി കേരളത്തിൽ ഒരു പടയോട്ടംതന്നെ സംഘടന നടത്തി. ഫാമിലി കോൺഫറൻസുകൾ അതിൽ വലിയ ഫലങ്ങൾ ഉണ്ടാക്കിയതാണ്. 13 ജില്ലകളിൽ ഇതിനകം വലിയ ജനപങ്കാളിത്തത്തോടെയാണ് ഫാമിലി കോൺഫറൻസുകൾ നടന്നത്.

വിസ്ഡം പോഷക ഘടകങ്ങൾ നടത്തുന്ന വ്യത്യസ്തതരം പ്രോഗ്രാമുകളും പുതുതലമുറയിൽ ലിബറൽ ചിന്തകളെ പിഴുതുമാറ്റാൻ കരുത്തു പകരുന്നതാണ്. ഇതേസമയത്തുതന്നെ, ആദർശ സമ്മേളനങ്ങളും നടന്നുവരുന്നു. വിസ്ഡം യൂത്തിന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘തസ്ഫിയ ആദർശ സമ്മേളനങ്ങൾ’ പുതിയ പ്രദേശങ്ങളിൽ തൗഹീദ് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതോടൊപ്പം മതപഠനത്തിൽ ആഴത്തിൽ അറിവുള്ള തലമുറയുടെ സൃഷ്ടിപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ജാമിഅ അൽഹിന്ദിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക കോഴ്‌സുകൾ നൽകിവരുന്നു. നൂറുകണക്കിന് വിദ്യാർഥി-വിദ്യാർഥിനികൾ താമസിച്ചു പഠിക്കുന്ന ജാമിഅ ക്യാമ്പസ് മതവിദ്യാഭ്യാസ രംഗത്ത് വേറിട്ട വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നുണ്ട്.

ഭൗതിക വിദ്യാഭ്യാസവും ധാർമിക ശിക്ഷണവും ഉറപ്പുവരുത്തുന്ന ‘ഗ്രീൻ ഹോം’ എന്ന സ്ഥാപനം മുക്കം ഗ്രീൻവാലി ക്യാമ്പസിലും പ്രവർത്തനനിരതമാണ്. ജാമിഅയുടെ കീഴിലുള്ള ‘സ്‌കൂൾ ഓഫ് ക്വുർആൻ’ കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യംവെച്ച്, ചെറുപ്രായത്തിൽ തന്നെ അവർക്ക് പ്രായോഗിക ദിശാബോധം നൽകിവരുന്നു. മാറ്റത്തിന്റെ ചാലകശക്തി മഹല്ലുകളാണെന്നു തിരിച്ചറിഞ്ഞ് മഹല്ല് ശാക്തീകരണം ലക്ഷ്യം വെച്ചുള്ള മഹല്ല് സമ്മേളനങ്ങൾക്ക് ഇപ്പോൾ തുടക്കം കുറിച്ചിട്ടുണ്ട്.