വിശുദ്ധ ക്വുർആൻ: പ്രായോഗികം, മാനവികം
ഉസ്മാൻ പാലക്കാഴി
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

മനുഷ്യരാശിയെ സൻമാർഗത്തിലേക്ക് നയിക്കുവാനും പാരത്രിക വിജയത്തിന്റെ പാത ലോകത്തിന് പഠിപ്പിച്ചുകൊടുക്കുവാനുമായി പ്രപഞ്ച സ്രഷ്ടാവ് കാലാകാലങ്ങളായി അയച്ചുകൊണ്ടിരുന്ന ദുതൻമാരുടെ പരമ്പര അവസാനിക്കുന്നത് മുഹമ്മദ് നബിﷺയോടു കൂടിയാണ്. ദൈവിക മാർഗദർശനത്തിന്റെ ഏറ്റവും പൂർണമായ രൂപം മുഹമ്മദ് നബിﷺയിലൂടെ ലോകർക്ക് നൽകപ്പെട്ടു. ഇനി മനുഷ്യർക്ക് മാർഗദർശനത്തിനായി ഒരു ദൂതനും വരാനില്ല, വിശുദ്ധ ക്വുർആൻ അന്തിമ വേദഗ്രന്ഥമാണ്; മറ്റൊരു വേദഗ്രന്ഥം ഇനി അവതരിക്കാനുമില്ല എന്ന അടിസ്ഥാനപരവും സുപ്രധാനവുമായ അധ്യാപനം കൂടി മുഹമ്മദ് നബിﷺയിലൂടെ നൽകപ്പെട്ടിരിക്കുന്നു.
ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ അപരിഷ്‌കൃതരായ ജനസഞ്ചയത്തെ സംസ്‌കൃതചിത്തരും ഉൽകൃഷ്ട സ്വഭാവത്തിന്റെയും എല്ലാ മാനവിക ഗുണങ്ങളുടെയും വക്താക്കളുമാക്കി മാറ്റിയ വിശുദ്ധ ക്വുർആൻ അന്നുമുതൽ ഇന്നുവരെയുള്ള അതിന്റെ ജൈത്രയാത്രയിൽ തളർന്നു പോയിട്ടില്ല. ലോകത്തിന്റെ മുക്കുമൂലകളിൽ അത് എത്തിച്ചേർന്നു. അതിന്റെ വെളിച്ചം അറിവിന്റെയും അന്വേഷണങ്ങളുടെയും പഠനത്തിന്റെയും വിവിധ മേഖലകളിലേക്ക് ജനങ്ങളെ നയിച്ചു. അധർമത്തിന്റെയും ദൈവനിരാസത്തിന്റെയും ബഹുദൈവവാദത്തിന്റെയും അക്രമത്തിന്റെയും ഇരുട്ടുകളിൽനിന്ന് ക്വുർആൻ മനുഷ്യരെ മോചിപ്പിച്ചുകൊണ്ടിരുന്നു.
ക്വുർആനിന്റെ വെളിച്ചത്തെ ഊതിക്കെടുത്താനുള്ള ശ്രമം പ്രവാചകന്റെ കാലം മുതൽ തുടങ്ങിയതാണ്. ഇന്നും ആ ശ്രമം ലോക വ്യാപകമായി നടന്നുവരുന്നുണ്ട്. ആധുനിക വിവരസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇന്നത്തെ എതിരാളികൾ ക്വുർആൻ വിമർശനം നടത്തുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളൂ.
ലോകത്ത് ധാരാളം മതങ്ങൾ നിലവിലുണ്ട്. വേദഗ്രന്ഥമുള്ളവയും ഇല്ലാത്തവയും അതിലുണ്ട്. ഒട്ടനേകം പ്രത്യയശാസ്ത്രങ്ങളും ചിന്താധാരകളും ദാർശനിക-സാഹിത്യ ഗ്രന്ഥങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്; ഇപ്പോഴും നിലവിലുണ്ട്. എന്നാൽ ക്വുർആനിനെ പോലെ വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ഇരയായ മറ്റൊരു ഗ്രന്ഥവും ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടില്ല. ക്വുർആനിനെ പോലെ ജനകോടികൾ ജീവിതമാർഗദർശനമായി നെഞ്ചോടു ചേർത്ത മറ്റൊരു ഗ്രന്ഥവും കാണുവാൻ സാധ്യമല്ല.
എന്തുകൊണ്ട് ക്വുർആൻ?
ക്വുർആൻ തികച്ചും ദൈവപ്രോക്ത ഗ്രന്ഥമാണ്. ഈ സവിശേഷത മറ്റൊരു ഗ്രന്ഥത്തിനുമില്ല. അങ്ങനെ അവയൊന്നും അവകാശെപ്പടുന്നുമില്ല. ക്വുർആൻ തന്നെ പറയട്ടെ:
“തീർച്ചയായും ഇത് (ക്വുർആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു’’(26:192).
“ഈ ഗ്രന്ഥത്തിന്റെ അവതരണം സർവലോകരക്ഷിതാവിങ്കൽ നിന്നാകുന്നു. ഇതിൽ യാതൊരു സംശയവുമില്ല. അതല്ല, ഇത് അദ്ദേഹം കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? അല്ല, അത് നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു’’(32:2,3).
കാലപ്പഴക്കത്താൽ നശിച്ചുപോകുന്ന, ആശയങ്ങൾ അപ്രസക്തമായിത്തീരുന്ന, കാലത്തിനനുസരിച്ച് ഭാഷയിൽ മാറ്റം വരുന്നതിനാൽ വായിച്ച് ഗ്രഹിക്കാൻ സാധിക്കാത്ത ഗ്രന്ഥങ്ങളുണ്ട്. എന്നാൽ ക്വുർആൻ 1400 വർഷങ്ങൾക്ക് ശേഷവും ആശയത്തിലും അക്ഷരത്തിലും മാറ്റം വരാതെ നിലനിൽക്കുന്നു. ലോകാവസാനം വരെയും നിലനിൽക്കുകയും ചെയ്യും. കാരണം അതിന്റെ സംരക്ഷണച്ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്.
“തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (15:9).
അവതരണ രീതി

വിശുദ്ധ ക്വുർആൻ ഒറ്റത്തവണയായി ഒരു ഗ്രന്ഥരൂപത്തിലല്ല അവതരിക്കപ്പെട്ടത്; 23 വർഷത്തിനിടയിൽ അൽപാൽപമായാണ്.
“നീ ജനങ്ങൾക്ക് സാവകാശത്തിൽ ഓതിക്കൊടുക്കേണ്ടതിനായി ക്വുർആനിനെ നാം (പല ഭാഗങ്ങളായി) വേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു’’ (17:106).
“സത്യനിഷേധികൾ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുർആൻ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്...’’ (25:32).
ഇങ്ങനെ അവതരിപ്പിച്ചതിൽ മഹത്തായ യുക്തിയും ലക്ഷ്യവുമുണ്ട്. മനുഷ്യന്റെ സ്രഷ്ടാവായ അല്ലാഹുവിനാണല്ലോ മനുഷ്യനെക്കുറിച്ച് ഏറ്റവും നന്നായി അറിയുക. ദീർഘകാലമായി സമൂഹത്തിൽ നിലനിന്നുവരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അധാർമികതകളും ഒറ്റയടിക്ക് നിർത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമെ അവ നിർത്തൽ ചെയ്യാനാകൂ. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നൽകുന്നു.
ജനങ്ങളിൽനിന്നും ഉയർന്നുവരുന്ന സംശയങ്ങൾക്കും അപ്പപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾക്കും തദവസരത്തിൽതന്നെ പരിഹാരമുണ്ടാകുന്ന രീതിയിൽ ദൈവിക സന്ദേശങ്ങൾ ലഭിക്കുന്നത് പ്രബോധിത ജനതയിൽ കൂടുതൽ ഫലപ്രദമായ പരിവർത്തനങ്ങളുണ്ടാകുന്നതിന് നിമിത്തമാകും.
ഒറ്റ പ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിർദേശങ്ങളെല്ലാം ഉടനടി തന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂർണമായി സംസ്‌കരിക്കപ്പെട്ട ഒരു സമൂഹത്തെ വളർത്തിയെടുക്കുവാനും സാധിക്കും.
നിരക്ഷരനായ നബി(സ)ക്ക് ക്വുർആൻ പഠിക്കുവാനും മനഃപാഠമാക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നൽകുന്നു. മറവിയോ അബദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കുന്നു. അതുപോലെ പ്രവാചകന്റെ അനുയായികൾക്ക് ക്വുർആൻ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങൾ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും അൽപാൽപമായുള്ള അവതരണം വഴി സാധിക്കും.
വൈരുധ്യമുക്തമായ ഗ്രന്ഥം
ക്വുർആനിന്റെ സവിശേഷത അതിൽ അനേകം വിഷയങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. അതിൽ ചരിത്രകഥനങ്ങളുണ്ട്. ഉദ്‌ബോധനങ്ങളും ഉപദേശങ്ങളുമുണ്ട്. താക്കീതുകളും സന്തോഷവാർത്തകളുമുണ്ട്. സ്വർഗ-നരക വിവരണങ്ങളുണ്ട്. ശാസ്ത്രസൂചനകളുണ്ട്... വ്യത്യസ്ത വിഷയങ്ങൾ ഇടകലർന്ന് വരുന്നുണ്ടെങ്കിലും അവതരണകാലവും സ്ഥലവും വ്യത്യസ്തമാണെങ്കിലും വൈരുധ്യം ക്വുർആനിൽ കാണപ്പെടുന്നില്ല എന്നത് അതിന്റെ ദൈവികത വ്യക്തമാക്കുന്നു.
“അവർ ക്വുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു’’ (4:82).
വിമർശകർ ക്വുർആനിൽ വൈരുധ്യങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ കിണഞ്ഞ് ശ്രമിക്കാൻ തുടങ്ങിയിട്ട് കാലമേെറയായെങ്കിലും അതിൽ വിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. വൈരുധ്യം തെളിയിക്കാനായി അവർ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ അവ ഒന്നുകിൽ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അല്ലെങ്കിൽ വ്യത്യസ്ത സംഭവങ്ങളെ ഒരേ സംഭവങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അതുമല്ലെങ്കിൽ വിവരണങ്ങളെ കൃത്യമായി മനസ്സിലാക്കാതെയുള്ളതോ പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ളതോ ആയ വിമർശനം മാത്രമാണ്.
ദൈവിക ഗ്രന്ഥം
ക്വുർആനിന്റെ ദൈവികതയിൽ സംശയിക്കുന്നവരെ ക്വുർആൻ തന്നെ വെല്ലുവിളിച്ചത് 1400ൽപരം വർഷങ്ങൾക്ക് മുമ്പാണ്.
“അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപോലെയുള്ള പത്ത് അധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ’’ (11:13).
“നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റെത് പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ (അതാണല്ലോ വേണ്ടത്)’’(2:23).
“അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവർ പറയുന്നത്? (നബിയേ,) പറയുക: എന്നാൽ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങൾ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ’’ (10:38).
ഈ വെല്ലുവിളികൾക്കൊന്നും ലോകത്ത് എവിടെനിന്നും കൃത്യമായ പ്രത്യുത്തരമുണ്ടായിട്ടില്ല എന്നത് തന്നെ ക്വുർആനിന്റെ ദൈവികത വ്യക്തമാക്കുന്നു. മുന്ന് ചെറുസൂക്തങ്ങൾ മാത്രമുള്ള ‘അൽകൗസർ’ എന്ന അധ്യായത്തോട് കിടപിടിക്കുന്ന ഒന്ന് കൊണ്ടുവരാൻ പോലും ആർക്കും കഴിഞ്ഞിട്ടില്ല. അറബി സാഹിത്യത്തിൽ പ്രശസ്തരായ പലരും പ്രവാചകന്റെ കാലത്ത് തന്നെ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ചരിത്രമാണുള്ളത്.
ക്വുർആൻ വചനങ്ങളുടെ വിപുലവും വിശിഷ്ടവുമായ അർഥപുഷ്ടിയും ഹൃദയാവർജകമായ ശൈലിയും ഈടുറ്റ വാചകഘടനയും അക്ഷരങ്ങളുടെ താളാത്മകമായ ക്രമീകരണവുമെല്ലാം അനുകരിക്കാൻ കഴിയാത്തവിധം വേറിട്ടു നിൽക്കുന്നതാണ്.
അത്‌കൊണ്ടു തന്നെ ക്വുർആനിന്റെ ദൈവികത നിഷേധിച്ച സാഹിത്യനായകന്മാരടങ്ങുന്ന എതിർപക്ഷത്തോട്, നിങ്ങളെല്ലാവരും ഒത്തുചേർന്നിട്ട് ഇതുപോലെ ഒരു ഗ്രന്ഥം കൊണ്ടുവരാൻ കഴിയുമെങ്കിൽ കൊണ്ടുവരൂ എന്ന് ക്വുർആൻ വെല്ലുവിളിച്ചിട്ടും അവർക്ക് അതിന് സാധിച്ചില്ല.
“(നബിയേ,) പറയുക: ഈ ക്വുർആൻ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ട് വരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും’’(17:88).
ക്വുർആനിന്റെ സാഹിത്യഭംഗി

വിശുദ്ധ ക്വുർആൻ ഒരു സാഹിത്യ ഗ്രന്ഥമല്ല. എന്നാൽ ക്വുർആൻ പോലെ മികച്ച ഒരു സാഹിത്യ ഗ്രന്ഥം വേറെയില്ല. തുടക്കം മുതൽ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്നതാണ് ക്വുർആൻ. ക്വുർആൻ ഏതു വിഷയത്തെക്കുറിച്ച് പറയുമ്പോഴും അതിന്റെ രചനാസൗഷ്ടവം നിലനിർത്തുന്നു. മനുഷ്യനിർമിത സാഹിത്യ കൃതികളിൽ കളവുകളും ഭാവനകളും സ്വാഭാവികമാണ്. എന്നാൽ ക്വുർആൻ വചനങ്ങൾ ഉയർന്ന സാഹിത്യനിലവാരം പുലർത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലർത്തുന്നവയുമാണ്. അസത്യത്തിന്റെ ചെറിയൊരംശം പോലും അതിൽ കാണുക സാധ്യമല്ല.
സാഹിത്യകൃതികൾക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ക്വുർആനിൽ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലർത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ആയാസരഹിതമായി പാരായണം ചെയ്യുവാനും മനഃപാഠമാക്കുവാനും അനുയോജ്യമായ വിധത്തിലുള്ള വാചക ഘടനയാണ് ക്വുർആനിൽ നാം ദർശിക്കുക.
ക്വുർആനിലെ ചരിത്ര വിവരണങ്ങളും പ്രവചനങ്ങളും ശാസ്ത്ര സൂചനകളുമെല്ലാം അവയുടെ സത്യതയും കൃത്യതയും കൊണ്ട് ദൈവികമാണ് ക്വുർആൻ എന്ന് വിളിച്ചു പറയുന്നു.
വെളിച്ചത്തിലേക്ക് നയിക്കുന്നത്
ക്വുർആൻ വെറുതെ വായിച്ച് രസിക്കുവാനുള്ള ഗ്രന്ഥമല്ല. അത് മാനവരാശിയുടെ വഴികാട്ടിയാണ്. എല്ലാ രംഗത്തും മനുഷ്യന് സത്യപാത കാണിക്കുന്ന ഗ്രന്ഥം. അപഥ സഞ്ചാരമാർഗങ്ങളിൽ നിന്നും നേർപഥത്തിലേക്ക് ക്വുർആൻ ക്ഷണിക്കുന്നു:
“തീർച്ചയായും ഈ ക്വുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു’’ (17:9).
“അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’ (5:16).
ക്വുർആനിലെ വിധിവിലക്കുകളിൽ അക്രമത്തിനോ അനീതിക്കോ വേണ്ടിയുള്ള കൽപനകളൊന്നും ഉൾക്കൊള്ളുന്നില്ല. നീതി, ന്യായം, സത്യസന്ധത, ആദരവ്, അനുസരണം, നല്ല പെരുമാറ്റം തുടങ്ങി എല്ലാ സദ്ഗുണങ്ങളും ജീവിതത്തിൽ പകർത്തുവാനും കളവ്, വഞ്ചന, കാപട്യം, മദ്യപാനം, വ്യഭിചാരം, അഹങ്കാരം, അക്രമം, അനീതി തുടങ്ങി എല്ലാ അധർമങ്ങളും വെടിയുവാനുമാണ് ക്വുർആൻ കൽപിക്കുന്നത്.
ക്വുർആനിന്റെ സ്വാധീനം
സ്വഹീഹ് ബുഖാരിയിൽ ഇപ്രകാരം കാണാവുന്നതാണ്: “അബൂബക്ർ(റ) തന്റെ വീടിന്റെ മുറ്റത്ത് ഒരു മസ്ജിദ് നിർമിക്കുകയും ജനങ്ങളിൽനിന്ന് അകന്ന് അവിടെ നമസ്‌കരിക്കുകയും ക്വുർആൻ പാരായണം നടത്തുകയും ചെയ്യുമായിരുന്നു. ആ സമയം മുശ്‌രിക്കുകളായ സ്ത്രീകളും അവരുടെ കുട്ടികളും അവിടെ തടിച്ചുകൂടി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കുമായിരുന്നു. അബൂബക്ർ(റ) ക്വുർആൻ പാരായണം ചെയ്താൽ കരയുമായിരുന്നു. പാരായണം ചെയ്യുമ്പോൾ തന്റെ കണ്ണിൽനിന്ന് ഉതിർന്നുവീഴുന്ന കണ്ണുനീർ അദ്ദേഹത്തിന് അടക്കിനിർത്താനാകുമായിരുന്നില്ല. സത്യനിഷേധികളായ നേതാക്കന്മാരെ ഇത് ഭയപ്പെടുത്തിയിരുന്നു.’’
ക്വുർആനിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നത് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. സത്യനിഷേധികളായവർ അത്തരം ആളുകൾക്കിടയിൽനിന്ന് അകന്നുനിൽക്കുകയും വിശുദ്ധ ക്വുർആൻ പാരായണം ചെയ്യുന്നത് കേട്ടാൽ ഓടിയകലുകയും ചെയ്യുന്നില്ലായിരുന്നെങ്കിൽ, അവരെല്ലാം വിശുദ്ധ ക്വുർആനിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുമായിരുന്നു.
ഈയൊരു പ്രതിഭാസം മനുഷ്യമനസ്സുകളെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അസ്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ അസാധാരണമായ വിറ നമ്മുടെ അവയവങ്ങളെയോ മനസ്സിനെയോ മാത്രമല്ല സ്വാധീനിക്കുന്നത്. മറിച്ച്, അതിനെല്ലാം അപ്പുറമാണ് അതിന്റെ സ്വാധീനം. അത് നമ്മെ ഭൂമിയിൽ വിനയാന്വിതരാക്കുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങൾ ഇതിൽ (ക്വുർആനിൽ) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക. തീർച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നൽകപ്പെട്ടവരാരോ അവർക്ക് ഇത് വായിച്ചു കേൾപിക്കപ്പെട്ടാൽ അവർ പ്രണമിച്ചുകൊണ്ട് മുഖംകുത്തി വീഴുന്നതാണ്’’ (ക്വുർആൻ 17:107).
ജുബൈർ ബിൻ മുത്ഇം പറയുന്നു: “നബി(സ) മഗ്‌രിബ് നമസ്‌കാരത്തിൽ ക്വുർആനിലെ ‘ത്വൂർ’ എന്ന അധ്യായം ഓതുന്നത് ഞാൻ കേൾക്കുകയുണ്ടായി. ‘അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകൾ! അതല്ല, അവരാണോ അധികാരം നടത്തുന്നവർ?’ എന്ന വചനങ്ങളിൽ എത്തിയപ്പോൾ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി.’’
അല്ലാഹുവിന്റെ പ്രവാചകന്റെ മേൽ അവതീർണമായ വിശുദ്ധ ക്വുർആൻ അന്ന് മുശ്‌രിക്കായിരുന്ന ജുബൈർ ബിൻ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ഇത് ക്വുർആനിന്റെ ദൈവികതയുടെ അടയാളമാണ്.

അല്ലാഹു പറയുന്നു: “അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാർഗദർശനം. അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു. വല്ലവനെയും അവൻ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാൻ ആരും തന്നെയില്ല’’ (ക്വുർആൻ 39:23).
“റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവർ കേട്ടാൽ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നതായി നിനക്ക് കാണാം. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ’’ (ക്വുർആൻ 5:83).
ഇതാണ് വിശുദ്ധ ക്വുർആനിനെ ഇതര ഗ്രന്ഥങ്ങളിൽനിന്നും രചനകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. അല്ലാഹുവിന്റെ ദിവ്യവചനങ്ങൾ നമ്മെ വിറകൊള്ളിക്കുകയും ഹൃദയങ്ങളെ ചകിതമാക്കുകയും കരയിക്കുകയും ചെയ്യുന്നു.
ക്വുർആനിന്റെ കാലികപ്രസക്തി
‘ക്വുർആനിന്റെ സന്ദേശങ്ങൾ ആധുനിക കാലഘട്ടത്തിന് യോജിച്ചതല്ല, അതിൽ മാനവവിരുദ്ധമായ ആശയങ്ങളുണ്ട്. ക്വുർആൻ സ്ത്രീവിരുദ്ധമാണ്. പുരുഷപക്ഷത്തുനിന്നാണ് അത് സംസാരിക്കുന്നത്. ആയതിനാൽ ക്വുർആനിനെ കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതുണ്ട്. ഒന്നര സഹസ്രാബ്ദം മുമ്പുള്ള ക്വുർആനികാശയങ്ങൾ ആധുനിക മനുഷ്യൻ ഉൾക്കൊണ്ട് ജീവിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല..’ ചില ഭൗതികവാദികൾ ഇപ്രകാരം വാദിക്കാറുണ്ട്.
ഒരു ഭൗതികവാദി എഴുതിയത് കാണുക: “മുസ്‌ലിംകൾ പൊതുവെ വിശ്വസിക്കുന്നത് ഇസ്‌ലാം അവസാനത്തെ മതവും മുഹമ്മദ് അവസാനത്തെ പ്രവാചകനും ഖുർആൻ അവസാനത്തെ വേദഗ്രന്ഥവും ആണെന്നാണ.് (ആദിമ മനുഷ്യനായി സെമിറ്റിക് മതങ്ങൾ കരുതുന്ന ആദംതൊട്ട് ദൈവം ലോകത്തിനു നൽകിപ്പോന്നത് ഇസ്‌ലാം ആണെന്നും മുഹമ്മദ് നബിയിലൂടെ ആ മതം പൂർണമാക്കപ്പെടുകയാണ് ചെയ്തത് എന്ന വിശ്വാസവും മുസ്‌ലിംകൾക്കിടയിലുണ്ട്). ഈ വിശ്വാസത്തിന് പതിനാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ലോകത്തിനുള്ള അന്തിമ സന്ദേശം ദൈവം നൽകിയിട്ട് ഒന്നര സഹസ്രാബ്ദത്തോളമായി എന്ന് ചുരുക്കം. സുദീർഘമായ ഇൗ കാലയളവിൽ ലോകം അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്ക് വിധേയമാവുകയുണ്ടായി. ഒരുകാലത്ത് അസങ്കൽപനീയമായിരുന്ന ഒട്ടനവധി പരിവർത്തനങ്ങൾ സമൂഹത്തിൽ പിൽക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. മധ്യശതക ഗോത്ര സമൂഹങ്ങൾ അഭിമുഖീകരിച്ചതിനെക്കാൾ എത്രയോ സങ്കീർണമായ സമസ്യകൾ പിൽക്കാല സമൂഹങ്ങൾ അഭിമുഖീകരിച്ചു. ഇവയ്ക്കും ഇനി വരാനിരിക്കുന്ന അനേകം സമസ്യകൾക്കും ഉത്തരവും പരിഹാരവും നിർദേശിക്കാൻ ഇസ്‌ലാമിന്റെ വേദം പര്യാപ്തമാണെന്ന വിശ്വാസമാണ് പരമ്പരാഗത മുസ്‌ലിം പണ്ഡിതർ വച്ചുപുലർത്തിയത്. അവരുടെ അഭിപ്രായത്തിൽ ഖുർആൻ നൽകുന്ന ഉത്തരങ്ങൾ പിഴക്കില്ല. കാരണം അത് ദൈവികമാണ്’’ (ഹമീദ് ചേന്ദമംഗല്ലൂർ, പാഠഭേദം മാസിക, 2003 ഡിസംബർ, പേജ് 18).
ക്വുർആനികാശയങ്ങൾ പഴഞ്ചനായിത്തീർന്നിട്ടുണ്ടെന്നും ഇന്നത്തെ കാലത്ത് അതിന് യാതൊരു പ്രസക്തിയുമില്ലെന്നും അത്‌കൊണ്ടുതന്നെ കാലത്തിനനുസരിച്ച രൂപത്തിലുള്ള വ്യാഖ്യാനം നൽകി ക്വുർആനിനെ പുനർവ്യാഖ്യാനിക്കേണ്ടതുണ്ട് എന്നുമാണ് അദ്ദേഹം തന്റെ ലേഖനത്തിൽ പറയുന്നത്.
മുഹമ്മദ് നബി(സ)ക്കും ക്വുർആനിന്റെ അവതരണത്തിനും ശേഷം മാവരാശിക്ക് നൂതനമായ പല സമസ്യകളെയും നേരിടേണ്ടിവന്നിരിക്കാം. ഭൂമുഖത്ത് ആവിർഭവിക്കുന്ന എല്ലാ സമസ്യകൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം ക്വുർആനിലുണ്ട് എന്ന കണ്ണടച്ചുള്ള പ്രഖ്യാപനം ക്വുർആനിലില്ല. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെയും സ്രഷ്ടാവിന്റെ താൽപര്യങ്ങൾ ശരിയായി മനസ്സിലാക്കി മനുഷ്യജീവിതത്തെ അർഥവത്താക്കി മുന്നോട്ട് പോകുന്നതിന്റെയും രൂപരേഖയാണ് ക്വുർആൻ നൽകുന്നത്. മനുഷ്യൻ എത്ര പുരോഗമിച്ചാലും അവൻ സ്രഷ്ടാവിന്റെ സൃഷ്ടിയല്ലാതാവുകയോ അവൻ ദൈവവുമായുുള്ള ബന്ധത്തിന്റെയും ചുമതലകളുടെയും തലത്തിൽനിന്ന് മുക്തമാവുകയോ ചെയ്യുന്നില്ല. ആയതിനാൽ സാർവകാലികവും സാർവദേശീയവുമായ ഒരു വേദത്തിലൂടെ സൃഷ്ടി-സ്രഷ്ടാവ് ബന്ധത്തിന്റെ നിത്യനൂതനമായ മാർഗം മനുഷ്യർക്ക് നൽകുകയാണ് ക്വുർആൻ ചെയ്തിരിക്കുന്നത്. ഭൂമിശാസ്ത്രപരവും ആവാസവ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതും ശാസ്ത്രീയ-വൈജ്ഞാനിക സ്വഭാവമുള്ളതുമായ, മനുഷ്യജീവിതത്തിലെ ബാഹ്യഘടകങ്ങൾ ക്വുർആനിന്റെയും പ്രവാചകത്വത്തിന്റെയും പ്രമേയങ്ങളല്ല. മനുഷ്യരാശിയിൽ ഓരോ കാലത്തും ആവിർഭവിക്കുന്ന ഉപരിപ്ലവ പ്രശ്‌നങ്ങളുടെ പരിഹാര നിർദേശങ്ങൾ ക്വുർആനിൽ അന്വേഷിക്കണമെന്ന ചിന്താഗതി ഒരു കാലത്തും മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിട്ടുമില്ല.
ക്വുർആൻ വ്യാഖ്യാനത്തിന് കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. ക്വുർആനിലെ ഒരു പദത്തിനോ സൂക്തത്തിനോ ക്വുർആനികാശയങ്ങൾക്ക് വിരുദ്ധമായ അർഥവും വ്യാഖ്യാനവും എത്ര വലിയ പണ്ഡിതൻ നൽകിയാലും അത് മുസ്‌ലിംകളാൽ തന്നെ ചോദ്യം ചെയ്യപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യാറുണ്ട് എന്നത് അനിഷേധ്യമാണ്. ആയിരത്തി നാനൂറ് വർഷം മുമ്പ് അവതരിച്ച ഒരു ഗ്രന്ഥം ഇന്ന് അതേ രൂപത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, അതിലെ കൽപനാനിർദേശങ്ങൾ അന്നത്തെയാളുകൾ മനസ്സിലാക്കി പ്രാവർത്തികമാക്കിയതുപോലെ ഇന്നത്തെയാളുകളും പ്രാവർത്തികമാക്കുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നത് ആ ഗ്രന്ഥത്തിന്റെ ദൈവികതയും പ്രായോഗികതയുമാണ്.
അറേബ്യയിലെ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചല്ല പ്രവാചകൻﷺ ക്വുർആൻ വ്യാഖ്യാനിച്ചുകൊടുത്തത്; സ്രഷ്ടാവ് അറിയിച്ചുകൊടുത്തതനുസരിച്ചാണ്. കാലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് പലരും പലതും മനസ്സിലാക്കുന്നത് സ്വാഭാവികം. മൊബൈൽ ഫോണിനെക്കുറിച്ച് ക്വുർആനിൽ പറഞ്ഞിട്ടില്ല എന്നത് ക്വുർആനിന്റെ ദൈവികതയെ ചോദ്യം ചെയ്യാൻ മുസ്‌ലിം നാമധാരിയായ ഒരു ഭൗതികവാദി ആയുധമാക്കിയത് ഓർമവരുന്നു. ആറാം നൂറ്റാണ്ടിലെ പടച്ചവൻ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പടച്ചവൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യൻ മൊബൈൽ കണ്ടുപിടിക്കുമെന്ന അറിവ് സർവജ്ഞനായ അവന് ഇല്ലാതിരിക്കുകയുമില്ല. എന്നാൽ അതിനെക്കുറിച്ച് പറഞ്ഞില്ല എന്നതിലാണ് ക്വുർആനിന്റെ മഹത്ത്വം. കാരണം ക്വുർആൻ അന്ത്യനാൾ വരെയുള്ള മാനവരാശിക്കുള്ളതാണ്. ഏതാനും ദശകങ്ങൾ കഴിഞ്ഞാൽ അല്ലെങ്കിൽ അടുത്ത നൂറ്റാണ്ടിൽ മൊബൈൽ ഫോൺ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്? മൊബൈൽ എന്നല്ല എല്ലാ ആധുനിക ഉൽപന്നങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു. ഒന്ന് മറ്റൊന്നിന് വഴിമാറിക്കൊണ്ടേയിരിക്കുന്നു. അപ്പോൾ ഇതിൽ ഏതിനെക്കുറിച്ചാണ് ക്വുർആനിൽ പറയുക? അന്ത്യനാൾവരെയുള്ള മുഴുവൻ കണ്ടുപിടുത്തങ്ങളെക്കിറിച്ചും പറയേണ്ടിവരില്ലേ? ഇനി ഇരുപതാം നൂറ്റാണ്ടിൽ മൊബൈൽ ഫോൺ എന്ന സാധനം കണ്ടുപിടിക്കും എന്ന് ക്വുർആനിൽ പരാമർശമുണ്ടായി എന്നു സങ്കൽപിക്കുക. അടുത്ത നൂറ്റാണ്ടിൽ അല്ലെങ്കിൽ അതിനടുത്ത നൂറ്റാണ്ടിൽ മൊൈബൽ അപ്രത്യക്ഷമാകുന്നു. മൊൈബൽ ഫോൺ കണ്ടുപിടിക്കുമെന്നും പിന്നീട് അത് ഇല്ലാതായി മാറുമെന്നും എന്തുകൊണ്ട് പ്രവചിച്ചില്ല എന്നായിരിക്കില്ലേ അടുത്ത ചോദ്യം?
ക്വുർആനിലെ ഏതെങ്കിലും കൽപനകളും നിർദേശങ്ങളും വിധികളും വിലക്കുകളും അപ്രായോഗികമോ അമാനവികമോ ആണെന്ന് തെളിയിക്കുവാൻ ഒരു ഭൗതികവാദിക്കും ഇന്നേവരെ സാധിച്ചിട്ടില്ല. പകരം പുകമറകൾ സൃഷ്ടിച്ച് തെറ്റുധാരണകൾ പരത്തുവാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
“അവർ അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികൾക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തിയാക്കുന്നവനാകുന്നു’’ (ക്വുർആൻ 61:8).

