ഖാദർ കമ്മീഷൻ റിപ്പോർട്ട്: മികവുറ്റ വിദ്യാഭ്യാസം സാധ്യമോ?
മുജീബ് ഒട്ടുമ്മൽ
2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

സംസ്ഥാനത്തെ സാങ്കേതിക സർവകലാശാല ഫൈനൽ ബി. ടെക് പരീക്ഷാഫലം വന്നപ്പോൾ എഞ്ചിനിയറിംഗ് കോളേജുകൾ ദയനീയമായ പരാജയം ഏറ്റുവാങ്ങിയത് അതിശയത്തോടെയാണ് നാം കേട്ടത്. എഴുപത്തിയഞ്ച് ശതമാനത്തിലേറെ പരാജയമുള്ള കോളേജുകളും ഒരാൾ പോലും ജയിക്കാത്ത കോളേജും നമ്മുടെ കേരളത്തിലുണ്ടെന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്. കൂട്ടിയെഴുതാൻ അറിയാത്തവർക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം വിവാദമായത് ഓർക്കുന്നുണ്ടാകും. രാഷ്ട്രീയപരമായി ആരോപണ പ്രത്യാരോപണങ്ങൾക്കുള്ള അവസരമായാണ് പലരും ഈ പ്രസ്താവനയെ ഉപയോഗപ്പെടുത്തിയത്. എന്നാൽ അതിെന്റ ഗുണം ഉൾക്കൊണ്ടുകൊണ്ടുള്ള അവലോകനങ്ങളായിരുന്നു നടക്കേണ്ടിയിരുന്നത്.
പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ മികവിനെ ചോദ്യം ചെയ്യും വിധമുള്ള പഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏറ്റവും ആഴത്തിലുള്ള പഠനമാണ് Annual status of Education Report (ASER). 2022 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ 55.7% പേർക്ക് ഹരിക്കാൻ (Division) അറിയില്ല. ഇവരിൽ 28.5% വിദ്യാർഥികൾക്കും കുറയ്ക്കാനും (substraction) അറിയില്ലെന്ന് റിപ്പോർട്ട് വിശദമാക്കുന്നുണ്ട്.
സ്‌കൂൾ പഠനസമ്പ്രദായത്തിൽ പൊതുവായി നിലവാരത്തകർച്ചയുള്ളത് പോലെത്തന്നെ പൊതു-സ്വകാര്യ കരിക്കുലങ്ങളുടെ പഠനനിലവാരത്തിലും വലിയ അന്തരം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അർഹതപ്പെട്ടതിനെക്കാൾ മാർക്ക് കുട്ടികൾക്ക് നൽകുന്നതും എല്ലാവരെയും ജയിപ്പിച്ച് വിടുന്ന രീതിയും നിലവാരത്തകർച്ചയ്ക്ക് കാരണമായി പൊതു ചർച്ചയുമുണ്ട്. രാഷ്ട്രത്തിെന്റ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളിൽ ചെറിയ ഒരു വീഴ്ച പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. അതുകൊണ്ടാണ് പൂർവികരായ ഭരണാധികാരികളും വിദ്യാഭ്യാസ വിചക്ഷണരും ഈ രംഗത്ത് സൂക്ഷ്മത പുലർത്തിയത്. അവർ ദീർഘവീക്ഷണത്തോടുകൂടിയുള്ള പഠന റിപ്പോർട്ടുകൾ തയ്യാറാക്കി പ്രായോഗിക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൽ കലാം ആസാദ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതികൾ അത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആധുനിക സാങ്കേതിക കാലഘട്ടത്തിൽ ഇന്ത്യ പിന്നിലായിപ്പോകരുതെന്ന വീക്ഷണത്തോടെ വിദഗ്ധസമിതികളെ നിയോഗിച്ചുകൊണ്ടാണ് അതിന് അദ്ദേഹം അടിത്തറയിട്ടത്. ചില വിദഗ്ധസമിതികൾക്ക് സ്ഥിരമായി പ്രവർത്തിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കുകയും അതിലൂടെ ലഭിക്കുന്ന റിപ്പോർട്ടുകളിലെ ശാസ്ത്രീയ വശങ്ങൾ വിശകലനം നടത്തുകയും ചെയ്തിരുന്നു അദ്ദേഹം. വിദഗ്ധ റിപ്പോർട്ടുകൾക്കനുസരിച്ച് സാങ്കേതിക മേഖലകളിലടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ രാജ്യത്തുടനീളം സ്ഥാപിക്കാൻ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു. ഖരക്പൂരിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ടെക്‌നോളജി,’ ബംഗാളിലെ ‘ഈസ്റ്റേൺ ഹയർ ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്’ (സിഎസ്‌ഐആർ) എന്നിവ അവയിൽ ചിലതാണ്.

അനുനിമിഷം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിൽ വിദ്യാഭ്യാസ സംവിധാനങ്ങളും പരിഷ്‌കരണവഴിയിൽ ബഹുദൂരം മുന്നോട്ട് ഗമിക്കണം. എന്നാൽ കേരളത്തിലെ പ്രീ പ്രൈമറി മുതൽ യൂണിവേഴ്‌സിറ്റി തലംവരെയുള്ള വിദ്യാഭ്യാസ സംവിധാനം നവീകരണ കാലത്തോട് സംവദിക്കാനും വിദ്യാർഥികളെ ആഗോള കമ്പോളങ്ങളിൽ മത്സരിക്കാനും പ്രാപ്തമാക്കുന്നതാണോ എന്നും പരിശോധന നടത്തേണ്ടിയിരിക്കുന്നു.
പ്രൊഫ. ഖാദർ കമ്മീഷൻ റിപ്പോർട്ട്: ചില വിമർശനങ്ങൾ
‘വിദ്യാഭ്യാസ അവകാശ നിയമം’ സമഗ്രമായി നടപ്പാക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാനാണ് കേരള സർക്കാർ ഡോ. എം.എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഡൻ, ഡോ.സി.രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായി സമിതി രൂപീകരിച്ചത്. 2019 ജനുവരി 24 ന് ഖാദർ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് മുന്നിൽ സമർപ്പിച്ചു. ഫെബ്രുവരിയിൽ പ്രസ്തുത റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവുമിറക്കി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനുള്ള നിർദേശങ്ങളിൽ ഒരു സമഗ്രതയുമില്ലെന്ന വിമർശനം വ്യാപകമായുണ്ട്. ‘മികവിനായുളള വിദ്യാഭ്യാസം’ എന്നാണ് 160 പേജുള്ള പ്രസ്തുത റിപ്പോർട്ടിന് നൽകിയിരിക്കുന്ന പേര്. എന്നാൽ ‘മികവ്’ എന്നതിെൻറ നിർവചനം റിപ്പോർട്ടിൽ എവിടെയും കാണുന്നില്ലെന്നത് ഇതിെൻറ സമഗ്രതയെ ചോദ്യം ചെയ്യുന്നുണ്ട്. എല്ലാ കുട്ടികളെയും എങ്ങനെ ഒരുപോലെ മികവിലെത്തിക്കാം, വിദ്യാഭ്യാസത്തെ സാമൂഹികാവശ്യങ്ങളുമായി ബന്ധപ്പെടുത്തി കൂടുതൽ ജൈവികവും ഉപകാരപ്രദവും ജീവിത ഗന്ധിയുമാക്കാൻ എങ്ങനെ സാധിക്കും, പഠന സാമഗ്രികൾ, മറ്റു സ്‌കൂൾ വിഭവങ്ങൾ എന്നിവയെ എങ്ങനെ ശക്തിപ്പെടുത്താം, പരീക്ഷ-മൂല്യനിർണയം എന്നിവ എങ്ങനെ മെച്ചപ്പെടുത്താം, സ്‌കൂൾ അന്തരീക്ഷം എങ്ങനെ സൗഹൃദ പൂർണമാക്കാം എന്നിവയൊന്നും മികവിെൻറ വിശദികരണമായി റിപ്പോർട്ടിൽ സ്ഥാനം പിടിച്ചിട്ടില്ല. അതിനു പകരം സ്‌കൂൾ ഘടനയിലെ മാറ്റം, ഭരണപരമായ ഏകോപനം, തസ്തിക പുനർനാമകരണം എന്നിങ്ങനെ അധികാരഘടനയും അതിെൻറ പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കാണ് റിപ്പോർട്ട് പരിമിതപ്പെട്ടുപോയത്. അതുകൊണ്ടാണ് മികവിന്റെ നിർവചനവും അതിെൻറ ഘടകങ്ങളും ഇതിൽ പ്രതിപാദിക്കാതെ പോയത്. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുൻനിറുത്തി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ മാറ്റം മാത്രമാണ് ഇതിെൻറ പിന്നിലെ പ്രചോദനമെന്നും വിമർശനമുണ്ട്. ഈ താൽപര്യം അവതരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിച്ച മുഖംമൂടിയാണ് ‘മികവ്’ എന്ന വാക്ക് എന്നാണ് തിരിച്ചറിയാനാകുന്നത്.
പൊതുവെ ഒരു റിപ്പോർട്ട് അധികാരികളുടെ മുന്നിൽ സമർപ്പിക്കുമ്പോൾ അതിലെ നിഗമനങ്ങളിലേക്കെത്തിച്ചേർന്ന രീതി വിശദീകരിക്കാറുണ്ട്. എന്നാൽ ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ അത്തരം രീതികളെ പരാമർശിച്ചിട്ടില്ല. ഇത് വലിയ ഒരു അപരാധം തന്നെയാണ്. കാരണം വിദഗ്ധ സമിതി ഏത് മാർഗങ്ങളിലൂടെയാണ് തങ്ങളുടെ നിരീക്ഷണങ്ങളിലേക്കും നിഗമനങ്ങളിലേക്കും ശുപാർശകളിലേക്കും എത്തിച്ചേർന്നത് എന്നറിയാനുള്ള ജനാധിപത്യപരമായ അവകാശം കേരളത്തിലെ ഓരോ പൗരനുമുണ്ട്. ജനാധിപത്യം, സാമൂഹിക നീതി തുടങ്ങിയ പുരോഗമന ലക്ഷ്യങ്ങളെ കുറിച്ച് വാചാലമാകുന്ന ഒരു റിപ്പോർട്ടിന്റെ പ്രാഥമികമായ ധാർമിക ഉത്തരവാദിത്തമായിരുന്നു ഇത് വിശദീകരിക്കുകയെന്നത്.
ലയനവും അധികാര കേന്ദ്രീകരണവും
‘വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രവർത്തന ഘടകം സ്‌കൂളുകളാണ്. ഒരു സ്‌കൂളിന് ഒരു സ്ഥാപന മേധാവി മാത്രമെ ഉണ്ടാകാവൂ. പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവ നിലവിലുള്ള സ്‌കൂളുകളിൽ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് ഒരു സ്ഥാപന മേധാവിയുടെ കീഴിൽ കൊണ്ടുവരിക’ എന്നതാണ് റിപ്പോർട്ടിലെ വിമർശന വിധേയമാകുന്ന മറ്റൊരു ശുപാർശ.
പഞ്ചായത്തുകളും തദ്ദേശസ്ഥാപനങ്ങളും മറ്റും സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നതിൽ കാട്ടുന്ന കഴിവുകേടിനുളള പ്രതിവിധിയെന്നോണമാണ് അധികാര കേന്ദ്രീകരണം ഖാദർ കമ്മറ്റി ശുപാർശ ചെയ്യുന്നത്. പദ്ധതികൾ നടപ്പിലാക്കാനുള്ള ഇംപ്ലിമെന്റ് ഓഫീസർമാരില്ലെന്നതാണത്രെ ഇതിനുകാരണം. ഘടനാമാറ്റം, ഇംപ്ലിമെന്റ് ഓഫീസർ എന്നീ രണ്ട് പദങ്ങളാണ് റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആവർത്തിച്ചത്. അധികാര കേന്ദ്രീകരണം വിദ്യാഭ്യാസ മികവിന് എങ്ങനെ ഉപയോഗപ്പെടും എന്ന് വിശദീകരിക്കുന്നതിനു പകരം ബാലിശമായ വാദങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നവരെന്ന നിലയിൽ അധികാരം വികേന്ദ്രീകരിച്ചതിെൻറ ഗുണങ്ങൾ അനുഭവിക്കുന്നവരാണ് നാം. ലോകസഭയും നിയമസഭയും ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളും മുൻസിപ്പാലിറ്റികളും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുമെല്ലാമായി സാധാരണക്കാരന്റെ ജീവിതത്തിന് ഉപകാരപ്പെടും വിധം അധികാരം വിഭജിച്ചുനൽകിയ നാട്ടിലാണ് അധികാര കേന്ദ്രീകരണത്തിെൻറ മേൻമ അവകാശപ്പെടുന്നത്.

ഇത്തരം റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയ ഇടതുപക്ഷ സർക്കാരിെൻറ വിദ്യാഭ്യാസ വകുപ്പ് വിഭജിച്ചതുതന്നെ അത്തരം ഒരു ജനാധിപത്യ പ്രക്രിയ എന്ന നിലയിലാണ്. കേരളം രൂപീകൃതമായതിന് ശേഷമുള്ള എല്ലാ സർക്കാറുകളിലും വിദ്യാഭ്യാസ വകുപ്പ്
ഒന്നായിരുന്നു. എന്നാൽ അത് വിഭജിച്ച് ചുമതല രണ്ടുപേർക്ക് നൽകിയതിലൂടെ കുറച്ചുകൂടി സുഗമമായ നടത്തിപ്പിനും പദ്ധതികളുടെ ആസൂത്രണത്തിനും സാധ്യമായി എന്നതായിരുന്നില്ലേ യാഥാർഥ്യം?
യഥാർഥത്തിൽ ഇവിടെ റിപ്പോർട്ടിൽ നിർദേശിക്കുന്നതുപോലെ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഒരു പ്രിൻസിപ്പൽ വരുമ്പോൾ വിദ്യാർഥികൾക്ക് സ്ഥാപനാധികാരിയിലേക്കുള്ള ദൂരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അധ്യാപകരെയും അവരുടെ കഴിവുകളെയും പരിപോഷിപ്പിക്കുന്നതിനും വിദ്യാലയത്തിെൻറ മികവിന് ഉപയോഗപ്പെടുത്തുന്നതിനുമുള്ള സാഹചര്യങ്ങൾ കുറയുകയാണ് ചെയ്യുന്നത്. തിരക്കുള്ള ഓഫീസിൽ ഇരിക്കുന്ന സ്ഥാപന മേധാവിയെ അക്കാദമികതയിൽനിന്ന് അകറ്റി ഭരണാധികാരിയായി പരിമിതപ്പെടുത്തുകയും ചെയ്യും. അധികാരത്തിന്റെ എല്ലാ ദൂഷ്യഫലങ്ങളും വിദ്യാലയത്തിലും വിദ്യാർഥികളിലും അധ്യാപകരിലും പ്രതിഫലിക്കുകയും ചെയ്യും. കേന്ദ്രീകൃത പരീക്ഷാസമ്പ്രദായത്തിലൂടെ യൂണിവേഴ്‌സിറ്റികൾ കുത്തഴിഞ്ഞ് തകർന്നടിഞ്ഞതുപോലെ കേന്ദ്രീകൃത അധികാരവും നാശത്തിലേക്ക് ആപതിക്കുമെന്നത് തീർച്ചയാണ്. അധികാരഘടന ശക്തമായ സ്ഥാപനാന്തരീക്ഷം നിർമിക്കുകയും അതിലെ അധികാരകേന്ദ്രമെന്ന നിലയിൽ സ്ഥാപന മേധാവി ആദരിക്കപ്പെടുന്ന വ്യക്തിയായി പ്രതിഷ്ഠിക്കപ്പെടുകയുമായിരിക്കും ഖാദർ കമ്മീഷൻ നിർദേശിക്കുന്ന കേന്ദ്രീകരണത്തിെൻറ അനന്തരഫലം.
കൗമാര വിദ്യാഭ്യാസം അതിലൂടെ അരികുവൽകരിക്കപ്പെടും. പ്രായപൂർത്തിയിലേക്കെത്തുന്ന കൗമാരക്കാരുടെ മാനസിക സംഘർഷങ്ങളും അവരുടെ പ്രശ്‌നങ്ങളും പ്രത്യേകം പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് മനഃശാസ്ത്ര ലോകം അവകാശപ്പെടുന്നുണ്ട്. ഏകീകരണത്തിലൂടെ അത്തരം കാര്യങ്ങൾ വിസ്മരിക്കപ്പെടും. കേരളാ കരിക്കുലം ഫ്രെയിംവർക്കിലൂടെ തയ്യാറാക്കിയ പാഠഭാഗങ്ങൾ ഇംപ്ലിമെന്റ് ചെയ്യുന്നതിൽ അവസരം ഇല്ലാതാകും. ലഹരി ഉപയോഗമടക്കമുള്ള പ്രശ്‌നങ്ങളിൽനിന്ന് വിദ്യാർഥികളുടെ സുരക്ഷയൊരുക്കുന്നതിൽ സ്ഥാപന മേധാവികൾ പ്രയാസപ്പെടും. സുഗമവും സൗഹൃദപൂർണവുമായ വിദ്യാലയാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പ്രതിസന്ധികളുണ്ടാകും. ഒരേ കാമ്പസിൽ വ്യത്യസ്ത അധികാരികൾ വരുന്നത് ദോഷം ചെയ്യുമെന്ന് സമർഥിക്കാൻ വിഭവങ്ങളുടെ ഉപയോഗത്തെ കുറിച്ച് വ്യാകുലപ്പെടുന്നുണ്ട്.
മാനസിക-ശാരീരിക വളർച്ചകൾക്കും വൈവിധ്യങ്ങൾക്കുമനുസരിച്ചുള്ള പഠനവിഭവങ്ങളൊരുക്കാനാണ് ശ്രമിക്കേണ്ടത്. വൈവിധ്യങ്ങളെ ഉൾകൊള്ളാതെ വിഭവങ്ങളും ഏകീകരിക്കപ്പെട്ടാൽ പിന്നെ ബൗദ്ധിക വളർച്ച എങ്ങനെയാകുമെന്ന് കണ്ടറിയേണ്ടിരിയിരിക്കുന്നു. ക്ലാസ്‌റൂമുകളും മൈതാനങ്ങളുമെല്ലാം അത്തരം വൈവിധ്യങ്ങളെ ഉൾകൊള്ളേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തിലൂടെ കൂടുതൽ ശ്രദ്ധിക്കാനും വിഭവങ്ങളൊരുക്കാനും സാധ്യമാകും.
റിപ്പോർട്ടിലെ നിർദേശങ്ങളിൽ അവ്യക്തതയുണ്ട്
ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ നവീകരിക്കാൻ 1964ൽ രൂപീകരിക്കപ്പെട്ട കോത്താരി കമ്മീഷന്റെ റിപ്പോർട്ടിലെ വിജയകരമായ ഘടനയെ പൊളിച്ചെഴുതുമ്പോൾ പ്രായോഗികമായ ഒരു ഘടനാപരതയെ നിർദേശിക്കാൻ സാധിച്ചില്ലെന്നതാണ് ഖാദർ കമ്മീഷന്റെ ഒരു ന്യൂനത. യു.കെ, യു.എസ്.എ, ജപ്പാൻ, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള; വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരായിരുന്ന 20 വിദേശ കൺസൾട്ടന്റുകളുടെ പാനലുമായി കോത്താരി കമ്മീഷൻ കൂടിയാലോചന നടത്തിയിരുന്നു. പ്രസ്തുത കമ്മീഷനിൽ 19 വർക്കിംഗ് ഗ്രൂപ്പുകളോ ടാസ്‌ക് ഫോഴ്‌സുകളോ ഉണ്ടായിരുന്നു .21 മാസത്തിനുള്ളിൽ പണ്ഡിതൻമാരും അധ്യാപകരും ശാസ്ത്രജ്ഞരുമായ 9000 പേരുമായി കമ്മീഷൻ അഭിമുഖം നടത്തിയിരുന്നു. അങ്ങനെയുള്ള കമ്മീഷൻ നിർദേശിച്ച ഘടനകളെ പൊളിച്ചെഴുതുമ്പോൾ വ്യക്തമായ പഠനങ്ങളും അന്വേഷണങ്ങളും ഗവേഷണങ്ങളും നടന്നതായി ബോധ്യപ്പെടുത്തേണ്ടിയിരുന്നു. അതിലുപരിയായി അതിന്റെ പ്രായോഗികത വസ്തുനിഷ്ഠമായി വിശദീകരിക്കാൻ കമ്മീഷന് കഴിയണമായിരുന്നു.

എന്നാൽ ഖാദർ കമ്മീഷൻ ഒരു വർഷക്കാലം നിഷ്‌ക്രിയമാവുകയും പിന്നീട് ടേംസ് ഓഫ് റഫറൻസ് മാറ്റി 12ാം ക്ലാസുവരെ ഉൾപ്പെടുത്തുകയുമായിരുന്നു. കേവലം നാലുമാസക്കാലം കൊണ്ടാണ് റിപ്പോർട്ട് സർക്കാറിന് മുന്നിൽ വെച്ചത് എന്നത് എത്രമാത്രം പ്രഹസനമായിരുന്നുവെന്ന് തെളിയിക്കുന്നു. അതും ഗൗരവമുള്ള വിമർശനമായി കാണേണ്ടിയിരിക്കുന്നു.
ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ ഒന്നാമത്തെ അധ്യായത്തിന് ‘സമീപനം’ എന്നാണ് തലക്കെട്ട്. സമീപനം എന്നു പറഞ്ഞ് അവതരിപ്പിക്കുന്നത് പുരോഗമന വിദ്യാഭ്യാസ സമീപനം വെച്ചുപുലർത്തുന്ന ആർക്കും എതിപ്പുണ്ടാവാൻ സാധ്യതയില്ലാത്ത കാര്യങ്ങളാണ്. ആ സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന ധാരണയിൽ രണ്ടാമത്തെ അധ്യായം തുറന്നാൽ കൂടുതൽ സങ്കീർണതയിലേക്കാണ് നയിക്കപ്പെടുന്നത്. കാരണം, രണ്ടാം അധ്യായത്തിൽ ‘എന്തായിരിക്കണം വിദ്യാഭ്യാസം’ എന്ന തലക്കെട്ടോടുകൂടിയുള്ള മറ്റൊരു സമീപനമാണ്. അതിലും ഉൾപ്പെടുത്തിയിരിക്കുന്നത് ഉദാത്തമായ കാര്യം തന്നെയാണ്, അതിലൂടെ എന്താണ് സമീപനം എന്ന കാര്യത്തിൽ സമിതിക്ക് അവ്യക്തതയുണ്ടെന്ന് മനസ്സിലാക്കാനാകും. അഥവാ ഒന്നാമത്തെ അധ്യായത്തിൽ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പുസ്തകങ്ങളിലും മറ്റും കാണുന്ന കുറച്ച് കാര്യങ്ങളാണെങ്കിൽ രണ്ടാമത്തെ അധ്യായത്തിൽ ബാസ്‌കറ്റ് സമീപനങ്ങളാണ് അവതരിപ്പിക്കുന്നത്. അതിലൂടെ സമീപനങ്ങളിൽ ആശയക്കുഴപ്പത്തിലാണെന്ന് മനസ്സിലാക്കാനാകും. ചിലയിടങ്ങളിൽ കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാണെന്ന് പറയുകയും ചിലയിടങ്ങളിൽ കേരളവും ദേശീയ പാറ്റേൺ തുടരണമെന്ന് ആണയിടുകയും ചെയ്യുന്നു! നാഷണൽ സ്‌കിൽ ഫ്രെയിംവർക്ക് പിന്തുടരണമെന്ന് ശക്തമായി വാദിക്കുന്ന റിപ്പോർട്ട് മറ്റൊരുഭാഗത്ത് ദേശീയതലത്തിൽനിന്ന് വ്യത്യസ്തമായി എട്ടാം ക്ലാസ് സെക്കന്ററിയിലാകണമെന്നും വാദിക്കുന്നു.
ജനാധിപത്യ വിരുദ്ധം
ഖാദർ കമ്മീഷൻ റിപ്പോർട്ട് ജനാധിപത്യപരമായ ചർച്ചയ്ക്ക് വിധേയമായിട്ടില്ലെന്ന വിമർശനവുമുണ്ട്. നിയമസഭയിൽ ഇതേകുറിച്ചുള്ള ചർച്ച നടന്നിട്ടില്ല. റിപ്പോർട്ട് സംബന്ധമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ വകുപ്പ് മന്ത്രിമാർക്ക് സാധിച്ചിട്ടില്ലെന്നതും ഗൗരവമുള്ള കാര്യമാണ്. കേരളത്തിൽ തന്നെ വിദ്യാഭ്യാസ വിചക്ഷണൻമാർ, അധ്യാപക സംഘടനകൾ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവരുമായുള്ള ചർച്ചകളും എവിടെയും കണ്ടില്ല. പ്രതികരണങ്ങൾക്ക് ശ്രദ്ധകൊടുക്കാതെയും നിർദേശങ്ങളെ അവഗണിച്ചും അധികൃതർ മുന്നോട്ട് പോകുന്നതിൽ വിദ്യാഭ്യാസ മികവിന് എത്രമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്ന ചോദ്യവും പ്രസക്തമാണ്.
റിപ്പോർട്ട് പൂർണമാകുന്നതിന് മുമ്പുതന്നെ ഏകീകരണ നടപടികൾ തുടങ്ങിയെന്നതും ജനാധിപത്യവിരുദ്ധമാണെന്നതിന് തെളിവാണ്. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റുകൾ ഇല്ലാതാക്കി ഡിജിഇ രൂപീകരിച്ചു. അനാവശ്യമായ ധൃതിയും സമീപനങ്ങളും ഒളിയജണ്ടകൾക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടും. ഏറെ വിമർശനങ്ങൾക്ക് വിധേയമായ ദേശീയ വിദ്യാഭ്യാസ നയത്തെ അതേപോലെ തന്നെ നടപ്പിലാക്കാനുള്ള നിർദേശങ്ങളാണ് ഈ റിപ്പോർട്ടിലടങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അപകടങ്ങൾ പതിയിരിക്കുന്ന റിപ്പോർട്ട്
കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ നിർദേശിച്ച ഘടനയെ മാറ്റിയെഴുതുമ്പോൾ കുട്ടികളുടെ ശാരീരിക-മാനസിക തലങ്ങളെ അഭിസംബോധന ചെയ്യേണ്ടിയിരുന്നു. എവിടെയും അത്തരമൊരു ചർച്ചയോ നിഗമനങ്ങളോ കാണാൻ സാധിച്ചില്ലയെന്നതാണ് ഈ റിപ്പോർട്ടിെൻറ അപാകതയായി ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസനയങ്ങളിലെ ഏതൊരംശവും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർഥികളുടെ ബോധമണ്ഡലങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വലിയ ചർച്ചയാകാറുണ്ട്. വിദ്യാലയവും അതിെൻറ ഘടനയും അധ്യാപകരും അവരുടെ ശാക്തീകരണവും സാഹചര്യങ്ങളുമെല്ലാം വിദ്യാർഥികേന്ദ്രീകൃതമാകണമെന്നതാണല്ലോ നമ്മുടെ നയം. അതിനെ പൊളിച്ചെഴുതുന്ന രീതിയെ എങ്ങനെ ന്യായീകരിക്കുമെന്നതും ഏറെ പ്രസക്തമായതാണ്.
8 മുതൽ 12 വരെയുള്ള ഒരു ഘടനയിൽ രണ്ട് പൊതുപരീക്ഷയെന്നത് എങ്ങനെ സാധ്യമാകും, ഒരു സ്‌കൂളിൽതന്നെ തുടരാൻ കുട്ടികൾക്ക് എങ്ങനെ കഴിയും, പത്താം ക്ലാസിൽനിന്ന് ജയിക്കുന്ന എല്ലാ വിദ്യാർഥികളെയും അതാത് സ്‌കൂളിൽതന്നെയുളള പ്‌ളസ് വൺ ക്ലാസിൽ എങ്ങനെയാണ് ഉൾകൊള്ളാനാവുക തുടങ്ങിയ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം റിപ്പോർട്ടിൽ കാണാൻ സാധ്യമല്ല. കേരളമല്ലാത്ത മറ്റു സംസ്ഥാനങ്ങളിലും ഘടനാമാറ്റമുണ്ട് എന്ന് വാദിക്കുന്നുവെങ്കിൽ കേരളത്തിലെ നിർദേശിക്കപ്പെട്ട 8-12 എന്ന ഘടന ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നത് തിരിച്ചറിയാതെ പോവുകയാണ്. ഭാഷാവൈവിധ്യങ്ങളെയും സാരമായി ബാധിക്കുന്ന വിധമാണ് റിപ്പോർട്ടിലെ നിർദേശങ്ങളുള്ളത്. നിലവിൽ നാല് ഉപഭാഷകളാണ് ഹയർസെക്കന്ററിയിൽ ഉണ്ടായിരുന്നത്. ഖാദർ കമ്മീഷൻ റിപ്പോർട്ടിലെ ഒന്നാം ഭാഗം സമർപ്പിച്ചതോടുകൂടി ഈ സൗകര്യം ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഭാഷയിൽ പരിമിതപ്പെടുത്തി ഭാഷാ വൈവിധ്യങ്ങളെ നിരാകരിക്കുന്ന സമീപനമാണ് നാം കാണുന്നത്. ദേശീയ വിദ്യാഭ്യാസ പോളിസിയിലെ വിമർശന വിധേയമായ ഈ സമീപനത്തെ കേരളത്തിൽ നടപ്പാക്കുകയാണെന്ന് എത്ര പേർക്കറിയാം? അറബി, ഉറുദു, ഹിന്ദി പോലുള്ള ഭാഷകളിലെ അധ്യാപനം പലയിടങ്ങളിലും പ്രതിസന്ധിയിലാകും.
മറ്റൊന്ന് വിഷയ വൈവിധ്യങ്ങളുടെ നിരാകരണമാണ്. കേരളത്തിൽ 46 വിഷയ കോമ്പിനേഷനുകളാണ് നിലവിൽ ഹയർ സെക്കന്ററി മേഖലയിലുള്ളത്. ഇതര സംസ്ഥാനങ്ങളിലാകട്ടെ പഴയകാലത്തെ പ്രീഡിഗ്രി വിഷയഘടനയുമാണ്. നമുടെ കുട്ടികൾക്ക് വിവിധ വിഷയങ്ങളെ പരിചയപ്പെടാൻ കഴിയുന്നതും വിവിധ മേഖലകളിലെ പഠന സാധ്യതകളിലേക്കും ഗവേഷണങ്ങൾക്കും ഉപകാരപ്പെടുന്നതുമായിരുന്നു വിഷയ വൈവിധ്യങ്ങൾ. അന്താരാഷ്ട്ര മേഖലയിൽ വൈജ്ഞാനിക മുന്നേറ്റത്തിന് സാധ്യമാക്കും വിധമുള്ള അടിത്തറ പാകാൻ വിഷയ കോമ്പിനേഷനുകൾക്ക് സാധിക്കുമായിരുന്നു. ഹയർ സെക്കന്ററി മേഖലയിലെ സീറ്റുകളുടെ പരിമിതിയെ കുറിച്ച് പഠിക്കാനും പരിഹാരം കാണാനുമായി സർക്കാർ നിയോഗിച്ച പ്രൊഫ. കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദേശപ്രകാരം തസ്തികകൾ വെട്ടിച്ചുരുക്കാനുള്ള മാർഗമാണ് തേടിയത്. അതിലൂടെ സർക്കാറിന് സാമ്പത്തികലാഭം ഉണ്ടാക്കുവാനാകുമെന്ന താൽപര്യം മാത്രം ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. അതിനു വേണ്ടി നാഷണൽ എജുക്കേഷൻ പോളിസിയെ അനുകരിക്കാൻ തയ്യാറാവുകയായിരുന്നു. അതിെൻറ ഫലമായി ധാരാളം വിഷയങ്ങൾ ഈ മേഖലയിൽനിന്ന് ഇല്ലാതാകും. കാർത്തികേയൻ നായർ റിപ്പോർട്ട് പ്രകാരം നാല് കോർ വിഷയങ്ങളും രണ്ട് ഉപഭാഷകളുമായി കോമ്പിനേഷൻ പരിമിതപ്പെടുത്തും. അഥവാ നിലവിലെ നാലിലധികം വരുന്ന കോർവിഷയങ്ങൾ ഒപ്ഷണലാക്കുകയും ചെയ്യും. പ്രസ്തുത വിഷയങ്ങളിലെ അധ്യാപകർ വിരമിച്ചാൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതോടുകൂടി പഠന സാഹചര്യങ്ങൾ മനസ്സിലാക്കി വിദ്യാർഥികൾ ആ വിഷയം തെരെഞ്ഞെടുക്കാതെയാകും. അതോടെ ആ തസ്തിക അവിടെ ഇല്ലാതായിക്കിട്ടും. ഒരു അധ്യാപകൻ കുറഞ്ഞാൽ അത്രയും ലാഭം സർക്കാറിന് എന്ന താൽപര്യം യാഥാർഥ്യമാകും. വിദ്യാഭ്യാസത്തിന്റെ മികവിനെയോ വിദ്യാർഥികളുടെ ബൗദ്ധിക-വൈജ്ഞാനിക വളർച്ചയെയോ അല്ല ലക്ഷ്യമാക്കുന്നതെന്ന് ഈ റിപ്പോർട്ടുകൾ നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നർഥം.
എയ്ഡഡ് മേഖലയിലും പ്രതിസന്ധി
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതോടുകൂടി എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ നടത്തിപ്പ് ചുമതലയേൽക്കണമെന്നതാണ് അതിെൻറ നയം. അങ്ങനെയെങ്കിൽ നിയമനങ്ങൾ കരാർ വ്യവസ്ഥയിൽ വ്യാപകമാകാനാണ് സാധ്യത. അപ്പോൾ എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ അനിശ്ചിതത്തിലാകും. സർക്കാർ നിയമനങ്ങളിൽ നിന്ന് പിൻവാങ്ങാനും എളുപ്പം സാധിക്കും. അധ്യാപക-അനധ്യാപക പ്രൊമോഷനുകളും നിയമന കുരുക്കിലാകുകയും ചെയ്യും.
അതിനാൽ കേവലം സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെയും പ്രതീക്ഷകളെയും തകർക്കുന്നവിധം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെ ഗൗരവത്തോടെ കാണാൻ സമൂഹം തയ്യാറാകണം. മാനവ വിഭവശേഷിയെ പരിപോഷിപ്പിക്കുന്ന, ധൈഷണിക വളർച്ചയ്ക്ക് നിദാനമാകുന്ന, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസത്തോട് മൽസരിക്കാവുന്നവിധം നയം മാറ്റിയെടുക്കാൻ ബന്ധപ്പെട്ടവർ മനസ്സു കാണിക്കണം.
സ്കൂൾ സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്‌ക്ക് ഒരുമണി വരെയെന്നാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. സമയമാറ്റം കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന നിരീക്ഷണമുണ്ട്. കാരണം രക്ഷിതാക്കൾ രണ്ട് പേരും തൊഴിലാളികളോ ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർ വീട്ടിലെത്തുന്നത് നിലവിലെ തൊഴിൽ സമയമനുസരിച്ച് വൈകുന്നേരമായിരിക്കും. അതിനാൽ കുട്ടികളുടെ സുരക്ഷയെ ബാധിക്കും.

